അനുകരണച്ചാട്ടം പിഴയ്ക്കാം, പൊട്ടാം

HIGHLIGHTS
  • ചില പട്ടണങ്ങളിൽ റോഡിന്റെ ഇരുവശവും നീളത്തിൽ മീൻ കടകളാണ്
  • ഡസൻകണക്കിന് എൽഇഡി ബൾബുകളിട്ട് കടയാകെ പ്രകാശപൂരിതമാക്കും
business-boom-business-model-imitation
SHARE

കോവിഡ് കാലത്തു പൂട്ടിപ്പോകുമെന്ന സ്ഥിതിയിലായ പല ബിസിനസുകളും ഭക്ഷണത്തിലേക്കു തിരിഞ്ഞു. കറികളും ബിരിയാണിയും മറ്റുമുണ്ടാക്കി വിൽക്കുന്നവർ കാശു വാരുന്നതു കണ്ടിട്ടാണിത്. ഭക്ഷണ ബിസിനസിലെ ലാഭം കൊണ്ടു പലരും വാങ്ങാൻ സ്ഥലം നോക്കുന്ന സ്ഥിതി വരെ എത്തി. പൂട്ടിയ ബിസിനസിലെ ജീവനക്കാർ സംഘം ചേർന്നു സ്വന്തമായി ബിരിയാണി ബിസിനസ് തുടങ്ങിയ കേസുകളുണ്ട്. പക്ഷേ മറ്റാരെങ്കിലും ചെയ്തു വിജയച്ചത് അനുകരിക്കാൻ ശ്രമിക്കുന്നതു മിക്കപ്പോഴും നഷ്ടക്കച്ചവടത്തിലാണു കലാശിക്കുന്നത്.

മീൻ കട ഉദാഹരണം. നാടുമുഴുക്കെ സ്റ്റൈലൻ മീൻ കടകളാകുന്നു. ഒരു ദിവസം ഇരുന്നാൽ ചീത്തയാകുന്ന സാധനം വിൽക്കാൻ ദിവസം 2000 രൂപ വരെ തറവാടക കൊടുത്ത് സ്ഥലമോ കടയോ എടുക്കുന്നു. എങ്ങനെ മുതലാകാനാണ്?. ചില പട്ടണങ്ങളിൽ റോഡിന്റെ ഇരുവശവും നീളത്തിൽ മീൻ കടകളാണ്. പോഷ് പേരുകളിട്ട്, യൂണിഫോം ടീഷർട്ടിട്ട പയ്യൻമാരെയും ഇറക്കിയാൽ കാശുവാരാമെന്ന കണക്കു കൂട്ടൽ വേഗം ചീയുന്നു.

മൽസരം മൂലം പൂട്ടിപ്പോയതുണ്ട്. സർവീസ് മോശമാകുമ്പോൾ ജനം പിരിയുന്ന കേസുകളുമുണ്ട്. ആരു വാങ്ങിയ മീനാണു വെട്ടുന്നതെന്ന് പയ്യൻമാർക്ക് അറിയില്ല. ഓർഡർ ചെയ്തു വില കൊടുത്ത മീനല്ല വീട്ടിലെത്തുന്നത്. ചെമ്പല്ലി ഓർഡർ ചെയ്തവർക്ക് വേറൊരു ചുവപ്പനായ നവര എത്തിക്കുന്നു. ചെമ്പല്ലി വേറേ ആർക്കോ കിട്ടി. വലിയ മീൻ ചൂണ്ടിക്കാണിച്ചു കൊടുത്തത് വീട്ടിലെത്തിയപ്പോൾ ചെറിയ മീനായിപ്പോയെന്നു കൊച്ചമ്മ വിളിച്ചു പരാതി പറയുന്നു. ആകെ തൊന്തരവാണ്. ചേട്ടന് ഇതേപ്പറ്റി വലിയ ധാരണ ഇല്ലല്ലേ എന്നു മുതലാളിയോടു ചോദിക്കാം. നാട്ടിലാകെ മീൻ കട കണ്ടിട്ട് എടുത്തു ചാടിയതാണേ...

business-boom-fish-business-sales-at-covid-19-times

ഡ്രൈഫ്രൂട്ട്സ്, സ്പൈസസ് കട തുടങ്ങുന്നതാകുന്നു വേറൊരു തമാശ. ജനം ബദാമും കശുവണ്ടിയും ഈന്തപ്പഴവും പീസ്തയും തിന്നാണു ജീവിക്കുന്നതെന്നു തോന്നും. വലിയ ഗ്ളാസ് ഭരണികൾ വാങ്ങി അതിൽ നിറയെ ബദാമും ആപ്രിക്കോട്ടും  വാൽനട്ടും മറ്റും നിറച്ചു വയ്ക്കും. ഡസൻകണക്കിന് എൽഇഡി ബൾബുകളിട്ട് കടയാകെ പ്രകാശപൂരിതമാക്കും. കപ്പലണ്ടി വാങ്ങും പോലെ ജനം കേറി ഇത്യാദികൾ വാങ്ങുമെന്നാണു വിചാരം. 

സംഭവിക്കുന്നതെന്താ? വലിയ ഗ്ളാസ് ഭരണിയിലിട്ടു വച്ച സാധനങ്ങൾ ഒന്നോ രണ്ടോ ആഴ്ചയ്ക്കകം വിറ്റില്ലെങ്കിൽ പൂപ്പലാകും. ബദാമിലും വാൽനട്ടിലും മറ്റും ചെള്ള് കേറും. അണ്ടിപ്പരിപ്പ് ഉലുത്തുപോകും. പുഴു കയറുന്ന ഇനങ്ങളുമുണ്ട്. വിലയേറിയ സാധനങ്ങളുടെ സ്റ്റോക്ക് ആയതിനാൽ നഷ്ടവും അതനുസരിച്ചു കേറും. പകിടി കൊടുത്തെടുത്ത് വാടകയുള്ള കടയാണോ? ഹാ കഷ്ടം. ലക്ഷങ്ങളുടെ ബാങ്ക് വായ്പയുണ്ടോ? കഷ്ടാൽ കഷ്ടം!

ഒടുവിലാൻ∙ തുടങ്ങി ആറു മാസത്തിനകം പൂട്ടിപ്പോകുന്നൊരു ബിസിനസുണ്ട്. ബൂട്ടീക്! ജനത്തിന് അണിഞ്ഞൊരുങ്ങി പോകാൻ കല്യാണം പോലുമില്ല പിന്നാ!

English Summary : Buisness Boom - Why copying successful firms can make you worse off

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.