എൽപിജിയും പൊട്ടിയ കമ്പനികളും

HIGHLIGHTS
  • കാലഹരണപ്പെട്ടാൽ പൂട്ടുക അല്ലെങ്കിൽ പുതിയ ഉൽപന്നങ്ങളിലേക്കു മാറുക
  • പഴയ നിലയ്ക്കു തന്നെ തുടരണമെന്നു വാശിപിടിച്ചാൽ തുരുമ്പെടുത്തു പോകും
business-boom-indian-economy-industires-closure
Representative Image. Photo Credit : Rastrajeet Rana / Shutterstock.com
SHARE

ഏത് ബിസിനസ് തുടങ്ങിയാലും ആചന്ദ്രതാരം നിലനിൽക്കുമോ? കമ്പനികൾക്കും ഉൽപന്നങ്ങൾക്കും കാലപരിധിയും കാലഹരണപ്പെടലും ഇല്ലേ? 

അംബാസഡർ, ഫിയറ്റ്, ബജാജ് ചേതക്ക് ഉദാഹരണങ്ങൾ മാത്രം നോക്കുക. അംബാസഡറും ഫിയറ്റും ചേതക്കും വാങ്ങാൻ 3 വർഷത്തിലേറെ വെയ്റ്റ് ലിസ്റ്റ് ഉണ്ടായിരുന്നു എഴുപതുകളിൽ. പുതിയ വണ്ടി ഷോറൂമിൽനിന്ന് ഇറക്കുമ്പോൾ തന്നെ അടുത്തതു ബുക്ക് ചെയ്യും. അന്ന് ബുക്ക് ചെയ്ത വണ്ടി 3 വർഷം കഴിഞ്ഞ് കിട്ടുമ്പോൾ 3 വർഷം ഉപയോഗിച്ച വണ്ടി  വിറ്റാൽ പുത്തൻ വണ്ടിയെക്കാൾ കൂടിയ വില കിട്ടും!!

INDIA-AUTO-AMBASSADOR-FILES
അംബാസഡർ കാർ

എന്നിട്ടെന്തായി? ആദ്യം ഈ വണ്ടികളൊക്കെ ഉൽപാദനം നിലച്ച് റോഡുകളിൽ നിന്ന് അപ്രത്യക്ഷമായി. കമ്പനികൾ പൂട്ടി. ബജാജ് സ്കൂട്ടർ ബിസിനസ് തന്നെ അവസാനിപ്പിച്ചു. ബൈക്കിലേക്കു ചേക്കേറി വൻ വിജയമായി.

കാലഹരണപ്പെട്ടാൽ പൂട്ടുക അല്ലെങ്കിൽ പുതിയ ഉൽപന്നങ്ങളിലേക്കു മാറുക. പഴയ നിലയ്ക്കു തന്നെ തുടരണമെന്നു വാശിപിടിച്ചാൽ തുരുമ്പെടുത്തു പോകും. ഇതുപറയാൻ കാരണം തൊഴിൽ സമരം മൂലം പൂട്ടിയ കമ്പനികൾ എന്ന പേരിൽ 52 കമ്പനികളുടെ ലിസ്റ്റ് ഇറങ്ങിയതാണ്. ലിസ്റ്റിലുള്ള ഡസനിലേറെ കമ്പനികൾ ഇപ്പോഴും സുഖമായി പ്രവർത്തിക്കുന്നുണ്ട്. ട്രാവൻകൂർ സിമന്റ്സ് ഉദാഹരണം. പക്ഷേ മറ്റുള്ളതു മിക്കതും പൂട്ടിയത് കാലഹരണപ്പെട്ടതുകൊണ്ടാണ്. സമരങ്ങളും മറ്റും അന്ത്യത്തിന് ആക്കം കൂട്ടിയെന്നു മാത്രം.

അക്കാലത്താണു മുതലാളി ഉണ്ടായിരുന്നത്. ഭീകര സത്വമായിട്ടാണു മുതലാളിയെ കാണ്ടിരുന്നത്. അരിയും ഗോതമ്പും  പൊടിക്കുന്ന മില്ല് നടത്തുന്ന പാവത്തിനെയും മുതലാളി എന്നു വിളിച്ചിരുന്നു. ബിസിനസ് പൊളിയുന്നെന്നു മനസ്സിലാക്കി ചില മുതലാളിമാരും സമരം സ്പോൺസർ ചെയ്തിരുന്നു. 4 മാസത്തെ ശമ്പളം ബോണസായി വേണമെന്നു പറഞ്ഞു തുടങ്ങുന്ന സമരം ഓണം കഴിഞ്ഞിട്ടും അനന്തമായി നീളുമ്പോൾ ലോക്ഡൗൺ! 

മിക്ക കമ്പനികളുടെയും ഉൽപന്നവും സാങ്കേതികവിദ്യയും മെഷിനറിയും മാനേജ്മെന്റും എല്ലാം കാലഹരണപ്പെട്ട് അവസാനിക്കാറായിരിക്കുമ്പോഴാണ് 91ൽ എൽപിജി വന്നു വീണത്! എൽപിജി– ലിബറലൈസേഷൻ, പ്രൈവറ്റൈസേഷൻ, ഗ്ളോബലൈസേഷൻ...!!! ലോകമാകെനിന്ന് നിലവാരം കൂടിയ ഉത്പന്നങ്ങൾ വന്നുമറിഞ്ഞപ്പോൾ ഇവിടുത്തെ പഴഞ്ചൻ ടെക്നോളജി കൊണ്ടുണ്ടാക്കുന്ന ഉൽപന്നങ്ങൾക്കു പിടിച്ചു നിൽക്കാൻ പറ്റാതായി. 

INDIA-TRANSPORT-TAXI-ENVIRONMENT-POLLUTION
പ്രീമിയർ പദ്മിനി

ടാറ്റ പോലും ഓയിൽ മിൽ പോലെ പല കമ്പനികളും പൂട്ടി. ബിപിഎൽ പോലുള്ള മികച്ച സ്വകാര്യ കമ്പനികളും മൽസരത്തിനു കീഴടങ്ങി. മറ്റുള്ളവർ വിദേശ കമ്പനികളുമായി ടെകനോളജി കരാറുണ്ടാക്കി ഹൈടെക്കായി. ഇന്ത്യൻ വ്യവസായഉൽപന്നങ്ങൾക്കു നിലവാരം കൂടി, ആഗോള തലത്തിൽ മൽസരിക്കാൻ പഠിച്ചു. എൽപിജിയുടെ ഗുണം!

business-boom-bajaj-scooter
ബജാജ് ചേതക്ക് സ്കൂട്ടർ

ഒടുവിലാൻ∙ബജാജും ടിവിഎസും ആഫ്രിക്കൻ രാജ്യങ്ങളിൽ ബൈക്കുകൾ കൊണ്ടിറക്കി ചൈനീസ് ബ്രാൻഡുകളെ പറപ്പിച്ചു. അവിടെ ബൈക്കുകൾ ടാക്സിയായിട്ടാണ് ഓടുന്നത്. ‌

Content Summary : Business Boom - How Liberalisation Privatisation and Globalisation has impact on Indian economy?

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.