മടങ്ങി വരുമോ മനോജ്ഞകാലം

HIGHLIGHTS
  • കംപ്യൂട്ടറിനു ഗ്ളിച്ച് വന്നാൽ നന്നാക്കുന്നത് മോറ്റ്ഴയിൽ നിന്നോ ബോഡിയിൽ നിന്നോ ആവാം
  • നാട്ടിൻപുറത്തെ മുറുക്കാൻ കടകളിലും കേക്ക് മിക്സ്, മയണീസ് തുടങ്ങിയ സാധനങ്ങൾ വേണമെന്നായി
AUSTRIA-LABOUR-FEATURE
വർക്ക് ഫ്രം ഹോം പ്രതീകാത്മക ചിത്രം : മനോരമ
SHARE

തമിഴ്നാട്ടിൽ ബോഡിനായ്ക്കന്നൂരിലെ ഒരു സുഗ്രാമത്തിൽ (കുഗ്രാമം എന്ന് അപമാനിക്കരുത്) ആലിൻമൂട്ടിൽ നിൽക്കുന്ന പയ്യനെ കണ്ടാൽ കന്നാലി അടിച്ചു നടക്കുകയാണെന്നേ തോന്നൂ. ചെറുതായി പരിചയപ്പെട്ടപ്പോൾ പയ്യൻ പറഞ്ഞു: സിംഗപ്പൂരിൽ ബഹുരാഷ്ട്ര കമ്പനിയിലാണു ജോലി. അപ്പോൾ ഇവിടെ? വർക്ക് ഫ്രം ഹോം. ഇവിടെ നെറ്റ് കിട്ടുമോ? പയ്യൻ ആകാശത്തേക്കു നോക്കിയ ദിശയിലേക്കു നോക്കിയപ്പോൾ ദേ നിൽക്കുന്നു യമണ്ടൻ മൊബൈൽ ടവർ. നല്ല കവറേജാണത്രെ.

SINGAPORE-ASIA-ECONOMY-OUTLOOK
സിംഗപ്പൂർ നഗരം. ചിത്രം: എഎഫ്പി

മാ​​ഞ്ചസ്റ്ററിലെ ഒരു ബാങ്കിലെ ഐടി സെക്‌ഷനിൽ ജോലി ചെയ്യുന്ന മലയാളി കംപ്യൂട്ടറിന് എന്തോ ബഗ് വന്നപ്പോൾ കൺസൽറ്റൻസി കമ്പനിക്കാരെ വിളിച്ചു. ഉടൻ ശരിയാക്കിയിട്ടുണ്ടെന്നു മറുപടി പറഞ്ഞ ശബ്ദത്തിന് ഒരു മലയാളി ടച്ച്. നാട്ടിൽ എവിടെയാ എന്ന സ്ഥിരം ചോദ്യം. മൂവാറ്റുപുഴ! മോറ്റ്ഴയിൽ എവിടെ എന്നു മൂവാറ്റുപുഴക്കാരൻ തന്നെയായ മലയാളി തനതു ഭാഷയിൽ ചോദിച്ചപ്പോൾ മലമുകളിലുള്ള സുഗ്രാമത്തിന്റെ പേരാണു പറഞ്ഞത്. അതായത് മാഞ്ചസ്റ്റർ ബാങ്കിലെ കംപ്യൂട്ടറിനു ഗ്ളിച്ച് വന്നാൽ നന്നാക്കുന്നത് മോറ്റ്ഴയിൽ നിന്നോ ബോഡിയിൽ നിന്നോ ആവാം.

ബെംഗളൂരു, ഇൻഫോപാർക്ക്, ടെക്നോപാർക്ക് തുടങ്ങിയ ഇടങ്ങളിൽ നിന്നൊക്കെ ടെക്കികൾ കെട്ടിപ്പെറുക്കി പോയിട്ടു കാലം കുറച്ചായി. വാടക ഫ്ളാറ്റുകളും പിജി പാർക്കലും വിട്ടു. നാട്ടിലെ വീട്ടിൽ ഇന്റർനെറ്റ് ഏർപ്പെടുത്തി കുട്ടികളെ അവിടെ ചേർത്തു. ഇവിടെ നിന്നു കൊണ്ടു പോയ ശീലങ്ങൾ അവിടെ ഇറക്കുന്നതു മൂലം നാട്ടിൻപുറത്തെ മുറുക്കാൻ കടകളിലും കേക്ക് മിക്സ്, ചീസ്, മർമലൈഡ്, മയണീസ് തുടങ്ങിയ സാധനങ്ങൾ വേണമെന്നായി. 

online-class-business-boom-column
വർക്ക് ഫ്രം ഹോം പ്രതീകാത്മക ചിത്രം : മനോരമ

ഉപഭോക്തൃ ഉൽപന്ന രംഗത്തെ വൻകിട കോർപ്പറേറ്റ് കമ്പനികളിലെ എക്സിക്കുട്ടൻമാർക്ക് മാസം തോറും റിവ്യൂ യോഗങ്ങളുണ്ടായിരുന്നു. ഇന്ത്യയാകെനിന്നു പറന്നെത്തി പഞ്ചനക്ഷത്ര ഹോട്ടലിലോ റിസോർട്ടിലോ താമസിച്ച് അർമാദിക്കൽ. 3 മാസം കൂടുമ്പോൾ അതിലും വലിയ ആഘോഷയോഗം. ബ്രെയിൻ സ്റ്റോമിങ്! അതൊക്കെ പഴങ്കഥയായി. ഓൺലൈനിൽ മാത്രമാണ് യോഗങ്ങൾ.

ഡീലർമാരെയും കൊണ്ട് വിദേശത്തു പോക്കായിരുന്നു മറ്റൊരു കോള്. അഖിലേന്ത്യാ തലത്തിൽ വിൽപന ടാർഗറ്റ് തികച്ച ഡീലർമാർക്ക് ആവേശം പകരാൻ (ഇൻസെന്റീവ്) സിംഗപ്പൂരിലോ തായ്‌ലൻഡിലോ യൂറോപ്പിലോ കൊണ്ടു പോകും. അവരുടെ കൂടെപ്പോയി ഉല്ലാസപ്പൂത്തിരികൾ കത്തിക്കണം. അങ്ങനെ പത്തും പതിനഞ്ചും തവണ പല  രാജ്യങ്ങളിൽ പോയി മടുത്തവരുണ്ട്. എല്ലാവരും ഇപ്പോൾ വീട്ടിലിരുന്നു മടുക്കുന്നു! 

മാഞ്ഞുപോയ ആ മധുര മനോജ്ഞ കാലം ഇനി എന്നു വരും...!

ഒടുവിലാൻ∙ഇൻ‌സന്റീവ് ടൂറിസത്തിന്റെ ഭാഗമായി കേരളത്തിലേക്കും കമ്പനി സംഘങ്ങൾ എത്തിയിരുന്നു. ഉത്തരേന്ത്യൻ പാചകക്കാരുമായിട്ടാണു വരവ്. റിസോർട്ട് മുഴുവൻ ബുക്ക് ചെയ്ത് അടുക്കള അവർ കയ്യേറി വിഭവങ്ങളുണ്ടാക്കും. തീറ്റയും കുടിയുമില്ലാതെ എന്താഘോഷം!


Content Summary : Business Boom  - COVID 19 - When will things get back to normal

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.