ചക്കവില കിലോ 100 രൂപയെന്നു കേട്ടപ്പോഴേ കൂഴയാണെന്നു സംശയിക്കണമായിരുന്നു...

HIGHLIGHTS
  • ബ്രോയിലർ കുഞ്ഞുങ്ങളായി വളർന്നവർക്ക് വിലകളെക്കുറിച്ചു ബോധമില്ല
  • എന്തും ഓൺലൈനിൽ തർക്കിക്കാതെ വാങ്ങിയ ശീലം വഴിവക്കിൽ വാങ്ങുമ്പോഴും തുടരുന്നു
business-boom-the-psychology-of-bargain-shopping-jackfruit
SHARE

കാറോടുമ്പോൾ വഴിവക്കിൽ ചക്ക! കാർ താനെ സ്റ്റോപ്പായി. ചക്കയ്ക്കെന്തുവില? കിലോ 100 രൂപ..!

വരിക്കയോ കൂഴയോ? സൂപ്പർ വരിക്ക സാറേ...

കാറിൽ വന്ന മാന്യൻ വരിക്കച്ചക്കയുടെ രുചിയോർത്ത് വിലപേശാതെ ചക്ക തൂക്കി 160 രൂപ കൊടുത്തു വാങ്ങി താങ്ങിയെടുത്ത് കാറിലിട്ട് വീട്ടിൽ കൊണ്ടു പോയി. സ്വർഗത്തിന്റെ ഒരു കഷണം എന്നു വരെ സാഹിത്യഭാഷയിൽ ചിന്തിച്ചു. കാത്തിരുന്നു ചക്ക പഴുത്തപ്പോൾ മുറിച്ചു.  ഛായ് കൂഴച്ചക്ക.!!

നമ്മുടെ വിഷയം വരിക്കയും കൂഴയുമല്ല. എന്തുകൊണ്ട് വില പേശിയില്ല എന്നതാണ്. ഇക്കാലത്താരും എന്തും വാങ്ങാൻ വഴിവക്കിൽ നിന്നോ ചന്തയിലോ ആയാലും വിലപേശുന്നതായി കാണുന്നില്ല. പറയുന്ന വിലയ്ക്ക് വാങ്ങിക്കും. മീൻ വിൽക്കാൻ നാട്ടിലാകെ സ്റ്റീൽ തട്ടുകളാണ്. വില മീനിന്റെ മുന്നിൽ എഴുതി വച്ചിരിക്കും. കിലോ മത്തി 200, അയല 360, പരവ 400, നെത്തോലി–420, നെയ്മീൻ 1350. ആർക്കും തർക്കിക്കേണ്ട. മിണ്ടാതെ വാങ്ങി സ്ഥലം കാലിയാക്കുന്നു.

Jack Fruit

വഴിവക്കിലെ ചീര പിടിക്ക് 20, 30 രൂപ. ഓറഞ്ചിന് 70. വിലപേശലില്ല. എന്തുകൊണ്ട് വിലപേശൽ ഇല്ലാതായിരിക്കുന്നു? പഴയ കാലത്ത് സകലതും വില തർക്കിച്ചല്ലേ വാങ്ങിയിരുന്നത്? തേങ്ങയുടെ വിലയ്ക്കായിരുന്നു ഏറ്റവും സമയമെടുത്ത് തർക്കം. മുക്കാൽ മണിക്കൂർ തർക്കിക്കും 100 തേങ്ങയുടെ വില നിശ്ചയിക്കാൻ. തേങ്ങയ്ക്കു വില പറയും പോലെ എന്ന ചൊല്ലു തന്നെ ഉണ്ടായിരുന്നു.

വിലപേശൽ ഇല്ലാതാവാൻ (പൂർണമായി ഇല്ലാതായെന്നല്ല.) പലതരം കാരണങ്ങളുണ്ടെന്ന് സൂര്യനു താഴെയുള്ള സകലതിലും വിദഗ്ധരായവർ പറയുന്നു. ഓൺലൈനിൽ സാധനം വാങ്ങുന്ന സ്ഥിതി വന്നതോടെ വിലകൾ കുറഞ്ഞ് വിലപേശൽ ആവശ്യമില്ലാതാക്കി എന്നൊരു ന്യായം. എന്തും ഓൺലൈനിൽ തർക്കിക്കാതെ വാങ്ങിയ ശീലം വഴിവക്കിൽ വാങ്ങുമ്പോഴും തുടരുന്നു. പോയിന്റ്!

illustration-business-boom-shopping-bargain-p-kishore-column

വേറേ ന്യായം എന്തുണ്ട്? ജനത്തിന്റെ മുൻഗണനകൾ മാറി. വില തർക്കിച്ചു നേരം കളയാൻ താൽപ്പര്യമില്ല, വേറേ പണിയുണ്ട്. ബ്രോയിലർ കുഞ്ഞുങ്ങളായി വളർന്നവർക്ക് വിലകളെക്കുറിച്ചു ബോധമില്ല. തർക്കിച്ചു വാങ്ങാൻ അറിയത്തില്ല. കറക്ട്. വേറേ? ജനത്തിന്റെ പോക്കറ്റുകളിൽ കാശുണ്ട്. വിലയൊരു പ്രശ്നമല്ല. 2 രൂപയോ 5 രൂപയോ കുറപ്പിക്കേണ്ട കാര്യമില്ല. അതും ശരി. വിലപേശൽ കാണണമെങ്കിൽ ഡൽഹി സരോജിനി മാർക്കറ്റിൽ വാ. കേരളത്തിലൊക്കെ എന്തോന്ന് ബാർഗെയിനിംഗ് എന്നൊരു ദില്ലിവാലാ. 

സൂപ്പർമാർക്കറ്റുകളിൽ നിന്നു വാങ്ങരുത്, വഴിവക്കിൽ പാവങ്ങളുടെ കയ്യിൽ നിന്നു വാങ്ങൂ,  വില തർക്കിക്കാതിരിക്കൂ, അവർക്ക് വല്ലതും കിട്ടിക്കോട്ടെ എന്നൊരു പ്രചാരണവും നടന്നിരുന്നു. അതിന്റെ സ്വാധീനവുമാകാം.

ഒടുവിലാൻ∙ ചക്കവില കിലോ 100 രൂപയെന്നു കേട്ടപ്പോഴേ കൂഴയാണെന്നു സംശയിക്കണമായിരുന്നെന്നാണ് വിദഗ്ധാഭിപ്രായം. വരിക്ക 100നു കിട്ടില്ല. പോയതു പോയി, ഇനി പറഞ്ഞിട്ടു കാര്യമില്ല.

Content Summary : Business Boom Column - The psychology of bargain shopping

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.