എല്ലാം ‘വിറ്റു തുലച്ചു’ ഹാപ്പിയായി നടക്കുന്നവർ; 330 കോടിക്ക് വിറ്റത് 2000 കോടിയുടെ ബ്രാൻഡാകുന്ന കഥ

HIGHLIGHTS
  • ചെറുകിടക്കാരല്ല ടാറ്റ പോലും എത്രയോ കമ്പനികൾ വിറ്റു മാറിയിരിക്കുന്നു
  • രക്ഷപ്പെടാത്ത പൊതുമേഖലാ കമ്പനികളെ പണ്ടേ കയ്യടിക്കേണ്ടതല്ലേ?
business-boom-thums-up-brand-story-article-image
തംസ്അപ്പ് Photo Credit: Thums Up Official Site
SHARE

കാണികളുടെ ‘സെന്റിമെന്റ്സ് വർക്കൗട്ട്’ ആവണം എന്നാണ് സർവ സിനിമക്കാരും സീരിയലുകാരും മുറി ഇംഗ്ളീഷിൽ പറയുന്നത്. എന്നുവച്ചാൽ പടം കണ്ട് ജനത്തിന്റെ മൃദുല വികാരങ്ങൾ ഇളകണം. കരച്ചിൽ വരണം. ഇത്തരം ‘സെന്റിമെന്റ്സ്’ ബിസിനസിലും ആവശ്യമാണോ?

വളർത്തി വലുതാക്കിയ ബിസിനസ് ‘പാച്ചു ആൻഡ് സൺസ്’ മക്കളെ ഏൽപ്പിച്ച് അവർ ഭംഗിയായി നടത്തുന്നതും ‘ഫ്ളറിഷ്’ ചെയ്യുന്നതും കണ്ട് സംതൃപ്തനായി കുഴിയിലോട്ടു പോണോ? പഴയ കാലത്ത് ഈ ചിന്താഗതിയുണ്ടായിരുന്നു. ഇന്നതു മാറിയ മട്ടാണ്. ചെറുകിടക്കാരല്ല ടാറ്റ പോലും എത്രയോ കമ്പനികൾ വിറ്റു മാറിയിരിക്കുന്നു. സ്റ്റാർട്ടപ് എന്നും പറഞ്ഞു നടക്കുന്ന പിള്ളാരുടെ തുടക്കത്തിലേയുള്ള ഉന്നം തന്നെ ‘വൻ വാല്യുവേഷൻ’ കാണിച്ച് ഏതെങ്കിലും സായിപ്പിനെ ചാക്കിലാക്കി  കമ്പനി വിറ്റ് കിട്ടുന്ന മില്യണുകൾ ചെലവാക്കി അടിച്ചുപൊളിച്ച് ജീവിക്കണം എന്നാണ്. കമ്പനി ഉടമകളായി തുടരാൻ താൽപ്പര്യമേയില്ല.

തംസ്അപ്പും ലിംകയുമൊക്കെ പഴയ തലമുറയുടെ നൊസ്റ്റാൾജിയയുടെ ഭാഗമാണെങ്കിലും അതുണ്ടാക്കി ‘ടേസ്റ്റ് ദ തണ്ടർ’ എന്ന പേരിൽ വിപണനം ചെയ്ത പാർലെ ഗ്രൂപ്പിന്റെ രമേഷ്–പ്രകാശ് ചൗഹാൻ സഹോദരൻമാർക്ക് അങ്ങനെയൊന്നും തോന്നിയില്ല. ഉദാരവൽക്കരണത്തിന്റെ ഭാഗമായി കോക്കക്കോള വന്നപ്പോൾ ഈ ബ്രാൻഡുകളെയെല്ലാം കയ്യടിച്ചു. (വിറ്റു എന്നതിന് പണ്ട് ഉപയോഗിച്ചിരുന്ന പ്രയോഗമാണ്– കയ്യടിച്ചു.) കോക്കക്കോള കമ്പനിക്കു തന്നെയാണു 150 കോടിക്കു വിറ്റത്. തൊണ്ണൂറുകളിലെ 150 കോടിയാണേ! അന്ന് ഇന്ത്യയിലെല്ലാവരും ചൗഹാൻമാരെ ചീത്ത പറഞ്ഞു.

പിന്നീട് പാർലെ അഗ്രൊ തുടങ്ങി ഫ്രൂട്ടിയും ആപ്പിയും പോലെ പല ജ്യൂസുകളും ഇറക്കി വിജയിച്ചു. ഇന്ന് 2800 കോടിയുടെ വിറ്റുവരവുണ്ട്. രമേഷ് ചൗഹാൻ മൂന്നു പെൺമക്കളെയും ബിസിനസിലേക്കു കൊണ്ടുവന്നതും കോർപ്പറേറ്റ് ചരിത്രമായി.

business-boom-team-parle-agro-corporate-leadership
പാർലെ അഗ്രൊ സാരഥികൾ : പ്രകാശ് ജയന്തിലാൽ ചൗഹാൻ, നാദിയ ചൗഹാൻ, ഷോണ ചൗഹാൻ, അലീഷ ചൗഹാൻ. Photo Credit : Parle Agro Official Site

മുംബൈയിൽ തൈറോകെയർ എന്ന തൈറോയ്ഡ് ടെസ്റ്റിംഗ് ലാബുകളുണ്ടാക്കി 26 കൊല്ലം വളർത്തി ഒടുവിൽ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്ത തമിഴൻ വേലുമണി 5000 കോടി രൂപയ്ക്ക് എല്ലാം ‘വിറ്റു തുലച്ചു’ ഹാപ്പിയായി നടക്കുന്നു. 

കണ്ണൂരിലെ മോസൺസ് ഗ്രൂപ്പ് 2009ൽ ഒ.ചന്തുമേനോന്റെ ഇന്ദുലേഖയുടെ പേരിട്ട് തലയിൽ തേക്കാനുള്ള എണ്ണ വിപണിയിലെത്തിച്ചു. 7 കൊല്ലം നടത്തിയപ്പോൾ അതു വാങ്ങാൻ വമ്പൻ കമ്പനികളുടെ ഇടിയായിരുന്നു. 330 കോടിക്ക് 2016ൽ ഹിന്ദുസ്ഥാൻ ലീവറിനു കയ്യടിച്ചു. ഇന്ദുലേഖ അവരുടെ കയ്യിൽ 2000 കോടിയുടെ ബ്രാൻഡായി.

business-booom-goodknight-r-mohan-brand-stroy
ആർ. മോഹൻ Photo Credit : Roots Farm Official Web Site

കമ്പനികൾ ലാഭമായാലും നഷ്ടമായാലും വിൽക്കാം. കടലിൽ കായംകലക്കും പോലെ കോടികൾ കലക്കിയാലും രക്ഷപ്പെടാത്ത പൊതുമേഖലാ കമ്പനികളെ പണ്ടേ കയ്യടിക്കേണ്ടതല്ലേ?

ഒടുവിലാൻ∙ ഗുഡ്നൈറ്റ് കൊതുക് സംഹാരി പണ്ടേ ഗോദ്റേഡിനു വിറ്റു. ചന്ദ്രിക സോപ്പോ? നമ്മളെല്ലാം ബ്രിട്ടിഷുകാരുടെ കാലംതൊട്ടു കൊതിച്ചിരുന്ന യാഡ്‌ലി സുഗന്ധങ്ങളോ? വിപ്രോയുടെ സ്വന്തമാണു രണ്ടും.

Content Summary : Business Boom - How effective is emotional marketing?

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS