തോൽപ്പിക്കാനാവില്ല മക്കളേ; ചെറുകിട കച്ചവടക്കാരുടെ 'സ്മാർട്ട് ഐഡിയ'യും പരസ്യമായ 'രഹസ്യ'വും

business-boom
Image Credits: VTT Studio/istockphoto.com
SHARE

ബഡാ മാളിൽ ഷർട്ടിന് 50% ഡിസ്ക്കൗണ്ട്! 3000 രൂപയുടെ ബ്രാൻഡഡ് ഷർട്ടിന് 1500 രൂപ മാത്രം. അപ്പോൾ ചെറുകിട തുണിക്കടക്കാരൻ ആലോചിച്ചു– പാതി വിലയ്ക്ക് കിട്ടുന്ന ഷർട്ടുകൾ വാങ്ങിക്കൊണ്ടു വന്ന് 2500 രൂപയ്ക്കോ മറ്റോ വിറ്റാലോ..!!! ആലോചിക്കുക മാത്രമല്ല പലരും നടപ്പാക്കുകയും ചെയ്തു. പാതിരായ്ക്കും മാളിലെ തിരക്കിനു പിന്നിൽ ഈ സ്മാർട്ട് ഐഡിയയുമായെത്തിയ ചെറുകിട കച്ചവടക്കാരുമുണ്ടായിരുന്നു.

ഇങ്ങനെയൊരു പരിപാടി മിടുക്കൻമാരായ കടക്കാരൊക്കെ നടത്തുന്നുണ്ടെന്നത് പരസ്യമായ രഹസ്യമാണ്. അഖിലേന്ത്യാ സൂപ്പർ മാർക്കറ്റ് ചെയിൻ ചില പച്ചക്കറികൾക്കു വില കുറച്ചു കൊടുക്കുന്നു. ഉപഭോക്താക്കളെ ചൂണ്ടയിട്ടു പിടിക്കാനാണ്. അതറിയുന്നയുടൻ അടുത്തുള്ള ചെറുകിട പച്ചക്കറിക്കാരൻ കുറേ കിലോ വാങ്ങി സ്വന്തം കടയിൽ വില കൂട്ടി വിൽക്കുന്നു. ഇപ്പോൾ ആരാ മിടുക്കൻ?

നമ്മൾ ഇന്ത്യാക്കാരുടെ അതിജീവന ശേഷി അപാരമാണെന്നു അമേരിക്കൻ സായിപ്പ് അനുഭവിച്ചറിഞ്ഞു സമ്മതിച്ചത്രെ. അവിടെ ഗ്യാസ് സ്റ്റേഷനിൽ (ച്ചാൽ നമ്മുടെ പെട്രോൾ പമ്പ്) കൺവീനിയൻസ് സ്റ്റോറുകളുണ്ടല്ലോ. സകലമാന സാധനങ്ങളും കിട്ടുന്ന കടകൾ. അവിടെ പാല് വില കുറച്ചു വിൽക്കും. 4 ഡോളറിന്റെ പാൽ ടെട്രാപാക്കിന് രണ്ടര ഡോളർ. പാലിന്റെ വിലക്കുറവ് കണ്ട് ആള് കേറുമ്പോൾ മറ്റു സാധനങ്ങളും വാങ്ങുമല്ലോ. അതിൽ മുതലാക്കാം. വാർത്ത പരന്നപ്പോൾ ഇന്ത്യാക്കാരുടെ ക്യൂ. റാക്കുകളിലുള്ള പാല് മുഴുവൻ ക്യൂ നിന്ന് വാങ്ങിക്കൊണ്ടു പോകുന്നു. എന്തിനാ? 

പാലുകുടിച്ച് തടി നന്നാക്കാനല്ല. കുറച്ച് അപ്പുറമുള്ള ഇന്ത്യൻ സ്റ്റോറിൽ ഇതേ പാൽ 4 ഡോളറിനു വിൽക്കാനാണ്. അതറി‍ഞ്ഞ സായിപ്പ് ആയുധംവച്ചു കീഴടങ്ങി ഇന്ത്യാക്കാർക്ക് കട വിറ്റിട്ട് തടി കയിച്ചിലാക്കിയത്രെ!

നമ്മുടെ വ്യാപാരികൾ പണ്ട് ചൈനയിലേക്ക് തേനീച്ച പ്രയാണം നടത്തുമായിരുന്നു. ചെറിയ വിലയ്ക്ക് വസ്ത്രങ്ങളും പ്ളാസ്റ്റിക് സാധനങ്ങളും സർവ ലൊട്ടുലൊടുക്കുകളും തിരഞ്ഞെടുത്ത് കണ്ടെയ്നറിൽ കയറ്റിവിടാൻ ഏർപ്പാട് ചെയ്തിട്ടു വരും. ഇവിടെ വില കുറച്ചുവിൽക്കുമ്പോൾ ജനം ഇടിച്ചുകയറും. പക്ഷേ ഡോളറിന് 80 രൂപ കവിയുകയും കോവിഡ് മൂലം കപ്പൽ ചരക്കുകൂലി നാലിരട്ടിയാവുകയും ചെയ്തതോടെ സകലരും ചൈന വിട്ടുപിടിച്ചു.

ഇപ്പോൾ എന്തു ചെയ്യുന്നു? ഓ..അത്ര ദൂരെയൊന്നും പോണ്ടാന്നേ...ഡൽഹി വരെ പോലും പോണ്ട. ചെന്നൈ, ബെംഗളൂരു, പരമാവധി മുംബൈ... അവിടെല്ലാം കിട്ടത്തില്ലിയോ... ചൈനയേക്കാളും വിലക്കുറവും!

ഒടുവിലാൻ∙ ജയലളിത ഭരണകാലത്ത് അമ്മ കാന്റീനുകൾ നാടാകെ വന്നപ്പോൾ അവിടെ നിന്നു രാവിലെ ഇഡ്ഡലി ഒരു രൂപയ്ക്കു വാങ്ങി സ്വന്തം ചായക്കടയിൽ കൊണ്ടു പോയി 10 രൂപയ്ക്കു വിറ്റ വിദ്വാൻമാരുണ്ട്. അമ്മ കാന്റീനിൽ വേഗം ഇഡ്ഡലി തീരും. പിന്നെ വരുന്നവരോട് ശൊല്ലും–എല്ലാമേ മുടിഞ്ചാച്ച്.

Content Summary: Business Boom Column by P Kishore about Smart Idea of Small Scale Businessman

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS