ADVERTISEMENT

ഓൺലൈനിൽ ഭക്ഷണം ഓർഡർ ചെയ്യുമ്പോഴും കുറെ വിഭവങ്ങൾ ‘ബെസ്റ്റ് സെല്ലർ’ എന്നു കാണിക്കും. ക‍ഞ്ഞിയും ബെസ്റ്റ് സെല്ലറാണ്. ഈ വാക്ക് ഉണ്ടായിട്ടു നൂറ്റാണ്ടിലേറെയായി. പുസ്തകങ്ങൾക്കാണ് ബെസ്റ്റ് സെല്ലർ ലേബൽ ആദ്യം വന്നത്. ന്യൂയോർക്ക് ടൈംസ് ബെസ്റ്റ് സെല്ലർ ആയാൽ സ്വർഗം കിട്ടിയ പോലാണ്. ലക്ഷക്കണക്കിനു കോപ്പികളാണു വിൽക്കുക, കോടികളാണ് ബാങ്കിൽ വീഴുക.

എങ്ങനെ ബെസ്റ്റ് സെല്ലർ ഉണ്ടാകുന്നു എന്നതിനെക്കുറിച്ച് യുഎസിലെ നോർത്ത് വെസ്റ്റേൺ സർവകലാശാലയിലെ കുറെ വിദ്യാർഥികൾ ഗവേഷണം നടത്തി. പ്രത്യേകിച്ചു ഫോർമുലയൊന്നും കണ്ടുപിടിച്ചില്ലെങ്കിലും നമുക്കെല്ലാം അറിയാവുന്ന ചില കാര്യങ്ങൾ കണ്ടെത്തി– വായനക്കാരൻ അറിയാതെ പേജുകൾ മറിയണം. ബോറടിക്കരുത്. ഫിക്‌ഷനാണ് നോൺ ഫിക്‌ഷനെക്കാൾ വിൽക്കുന്നത്. ത്രില്ലറുകളും പ്രേമകഥകളും. മലയാളി ഡോക്ടർ ഏബ്രഹാം വർഗീസ് എഴുതിയ ‘ ദ് കവ്നന്റ് ഓഫ് വാട്ടർ’ ന്യൂയോർക്ക് ടൈംസിന്റെ 10 ബെസ്റ്റ് സെല്ലർ ലിസ്റ്റിലെ ഏക സാഹിത്യകൃതിയായിരുന്നു.

മലയാളത്തിൽ വരുമ്പോൾ നേരെ മറിച്ചാണ്. സാഹിത്യകൃതികളാണു കൂടുതൽ വിൽക്കുക. ജനപ്രിയ നോവലുകൾ പുസ്തകമായാൽ അത്രയ്ക്കു വിൽക്കുന്നില്ല. പക്ഷേ ക്രൈം ത്രില്ലറുകൾ കാര്യമായി വിൽക്കുന്നു. പഴയ ഡിറ്റക്ടീവ് നോവലുകളുടെ പുതിയ പതിപ്പാണിത്. പണ്ട് ഇതിനൊരു മതിപ്പില്ലായിരുന്നു, ഇപ്പോൾ ഭയങ്കര മതിപ്പാണ്.

പുസ്തക ബിസിനസിൽ ഇംഗ്ലിഷിലെ പോലെ തന്നെ ഓർമകളാണ് മലയാളത്തിലും കോപ്പികൾ പറത്തുന്നത്. ഓട്ടോ ഫിക്‌ഷൻ! എന്നുവച്ചാൽ യഥാർഥ സംഭവങ്ങൾ കുറച്ചു ഭാവനയും ചേർത്ത് എഴുതിയത്. ആത്മകഥാംശമുള്ള നോവലുകളും അതിൽപെടും. വിലാസിനിയുടെ അവകാശികൾ മലയാളത്തിലെ എണ്ണപ്പെട്ട ഓട്ടോ ഫിക്‌ഷൻ നോവൽ. ബോധധാരാ സമ്പ്രദായം എന്നൊരു പേരും അവകാശികൾ കേൾപ്പിച്ചു. ന്യൂജൻ കാലത്ത് ബോധധാരയുടെ കൂമ്പടഞ്ഞ പോലാണ്.

ആത്മകഥ ആർക്കും എഴുതാം. പഴയ പോലെ വലിയ വ്യക്തിത്വം ആയാലേ ആത്മകഥ എഴുതാൻ യോഗ്യനാവൂ എന്നൊന്നുമില്ല. ചെറുകിട നടീനടൻമാരും ഡബ്ബിങ് ആർട്ടിസ്റ്റും സൗണ്ട് ആർട്ടിസ്റ്റുമൊക്കെ ആത്മകഥകളോ ഓട്ടോ ഫിക്‌ഷനോ എഴുതുന്നുണ്ട്. പാതി പുളു ആയാലും പ്രശ്നമില്ല.

പക്ഷേ ഈ ബിസിനസിൽ വിവാദ ഓർമകളാണ് ബെസ്റ്റ് സെല്ലറുകൾ! നമ്പി നാരായണൻ, സ്വപ്ന, സരിത, ജേക്കബ് തോമസ്... അങ്ങനെ. കള്ളന്റെ കഥകളും കച്ചവടമാകും. തസ്കരനും ആട് ആന്റണിയുടെ ആത്മകഥയും ഉദാഹരണം. വിവാദമാക്കാൻ പറ്റിയ കഥയുള്ള ആരുണ്ട്, എന്നു വിരമിക്കും, എന്നത്തേക്ക് എഴുതിക്കാൻ പാകമാകും എന്നു കണ്ടുപിടിക്കുന്നതാണ് ഈ ബിസിനസിലെ മിടുക്ക്.

ഒടുവിലാൻ∙ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ വായനയിൽ കറന്റാണ്. പാമുക്കും കുന്ദേരയും വായിച്ചതു പോലും കാണാതെ പറയും. സാറാ ജോസഫിന്റെ ലേറ്റസ്റ്റ് നോവൽ കറ വരെ കറന്റാണ്.

English Summary:

Unveiling the fascinating world of bestselling books

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com