ഈശ്വരനുമായി നേരിട്ട്

prayer
SHARE

റെനെ തിയഡോർ ലെനെക് ആധുനിക വൈദ്യശാസ്ത്രത്തിലെ അഗ്രഗണ്യനാണ്. അദ്ദേഹമാണ് ഡോക്ടർ മാരുടെ കഴുത്തിലോ തോളിലോ തൂങ്ങിക്കിടക്കുന്നതായി നാം കാണുന്ന സ്റ്റെതസ്കോപ് അഥവാ ഹൃദയസ്പന്ദനമാപിനി കണ്ടുപിടിച്ചത്. ഹൃദയം, ശ്വാസകോശം, രക്തചംക്രമണം തുടങ്ങിയവയെ ക്കുറിച്ചു പ്രധാനപ്പെട്ട ചില വിവരങ്ങൾ ലഭിക്കാൻ ഈ ഉപകരണം സഹായിക്കുന്നുവെന്നും ആധുനിക ഭിഷഗ്വരന്മാരുടെ മൗലികോപകരണമാണ് ഇതെന്നും നമുക്കറിയാം.

സ്റ്റെതസ്കോപ് കണ്ടുപിടിച്ചതിനു പിന്നിൽ രസകരമായൊരു കഥയുണ്ട്. പാരിസിൽ പഠിച്ചു ഡോക്ടർ ബിരുദം സമ്പാദിച്ച ലെനെക് 1816 മുതൽ ജോലി ചെയ്തതു പ്രസിദ്ധമായ നെക്കർ ഹോസ്പിറ്റലിലാണ്. ഒരിക്കൽ ആശുപത്രിയിൽ ഹൃദയസംബന്ധമായ രോഗമുള്ള സ്ത്രീയെ കൊണ്ടുവന്നു. ഹൃദയത്തിന്റെ പ്രവർത്തനം എങ്ങനെയുണ്ടെന്നറിയണം. ഡോക്ടർമാർ രോഗിയുടെ നെഞ്ചിനടുത്തു ചെവി ചേർത്തു പിടിച്ചുകൊണ്ടാണ് അക്കാലത്തു ഹൃദയസ്പന്ദനം മനസ്സിലാക്കിയിരുന്നത്. ഡോക്ടർ ലെനെക് അതിനു മുതിർന്നപ്പോൾ രോഗിണിക്കു വല്ലാത്ത വീർപ്പുമുട്ടൽ. തന്റെ നെഞ്ചിനടുത്ത് ഒരു പുരുഷൻ ചെവി ചേർത്തുപിടിക്കുന്നത് അവർക്കു ചിന്തിക്കാൻ കൂടി വയ്യ.

എന്തു ചെയ്യണമെന്നറിയാതെ ഡോക്ടർ ലെനെക് കുഴങ്ങി. എന്തോ തീരുമാനിച്ചുറച്ചു. ഒരു കടലാസു കഷണം തറയിൽ കിടക്കുന്നതു കണ്ടു. അതു ചുരുട്ടി കുഴൽരൂപത്തിലാക്കി. അതിന്റെ ഒരഗ്രം സ്വന്തം ചെവിയിലും മറ്റേ അഗ്രം രോഗിയുടെ നെഞ്ചിലും ചേർ ത്തുവച്ചു. ആ കടലാസുകുഴലിലൂടെ നെഞ്ചിടിപ്പു മനസ്സിലാക്കാൻ ഡോക്ടർ ലെനെക്കിനു കഴിഞ്ഞു. സാന്ദർഭികമായി ചെയ്ത ഈ വിദ്യ ലെനെക്കിനെ സംബന്ധിച്ചിടത്തോളം വലിയ നേട്ടത്തിന്റെ നാന്ദിയായിരുന്നു. അന്നത്തെ കടലാസുകുഴലിൽ നിന്നാണു ഹൃദയസ്പന്ദനമാപിനിയുടെ കണ്ടുപിടിത്തത്തിൽ അദ്ദേഹം എത്തിച്ചേർന്നത്.

സ്റ്റെതസ്കോപ്പിലൂടെ ഹൃദയചലനങ്ങൾ നാം മനസ്സിലാക്കുന്നു. രോഗിയുടെ ഹൃദയസ്പന്ദനങ്ങൾ പരിശോധകന്റെ ചെവിയിലെത്തിക്കുക എന്നതാണ് ആ ഉപകരണത്തിന്റെ ധർമം. ഹൃദയത്തിന്റെ നേരിയ സ്പന്ദനങ്ങൾ ബാഹ്യശബ്ദങ്ങളുമായി കലരാതെ പരിശോധകന്റെ ചെവിയിലേക്കു പോകുന്നു. അന്തരീക്ഷത്തിലെ മറ്റു ശബ്ദകോലാഹലങ്ങളിൽനിന്നു വേർതിരിച്ച് ഹൃദയമിടിപ്പിനെ തനിമയിൽ പരിശോധകന്റെ ചെവിയിൽ എത്തിക്കുക എന്നതാണ് രണ്ടറ്റങ്ങളും തമ്മിൽ ബന്ധിപ്പിക്കുന്ന കുഴലിന്റെ ധർമം.

പ്രാർഥിക്കുമ്പോൾ നാം ശബ്ദായമാനമായ അന്തരീക്ഷത്തിൽനിന്നു മാറിനിൽക്കുന്നു. നമ്മുടെ ഹൃദയസ്പന്ദ നങ്ങൾ ഏകാഗ്രതയെന്ന സ്റ്റെതസ്കോപ്പിലൂടെ ഈശ്വരന്റെ കാതുകളിലേക്കു പോകുന്നു. ഫിലഡൽഫിയ യിലെ മെത്രാപ്പൊലീത്തയായിരുന്ന തിയോലെപ്തസ് ഒരു യഥാർഥ ആധ്യാത്മിക ജ്യോതിസ്സായിരുന്നു. അദ്ദേഹം ഈശ്വരധ്യാനത്തെക്കുറിച്ചും ഏകാഗ്രതയെക്കുറിച്ചും വിശിഷ്ടമായ ഉപദേശങ്ങൾ നൽകുന്നുണ്ട്. 

അദ്ദേഹമെഴുതി: ‘നിന്റെ ഏകാന്തമായ പാർപ്പിടത്തിലിരുന്നുകൊണ്ട് ഈശ്വരനെ സ്മരിക്കുക. കൂടാതെ മനസ്സിനെ മറ്റെല്ലാക്കാര്യങ്ങളിൽ നിന്നും ശബ്ദകോലാഹലങ്ങളിൽനിന്നും പിൻവലിച്ച് ഈശ്വരസമക്ഷം സമർപ്പിക്കണം. നിന്റെ ഹൃദയം അവിടുത്തെ നേർക്ക് ഒഴുകട്ടെ. സ്നേഹത്തോടെ അവിടുത്തോടു പറ്റിച്ചേർന്നു നിൽക്കുക. ഈശ്വരസ്മൃതിയെന്നാൽ ഈശ്വരധ്യാനമാണ്. മനസ്സിന്റെ വ്യാകുലതയും ദൃഷ്ടിയും തന്നിലേക്കാകർഷിച്ച് അതിനെ തന്റെ പ്രകാശത്താൽ അവിടുന്നു പ്രകാശമാനമാക്കുന്നു.’

ഒരു ഹൃദയസ്പന്ദനമാപിനി വഴി രോഗിയുടെ ഹൃദയചലനങ്ങൾ ഏകാഗ്രതയോടെ ഡോക്ടർ ശ്രദ്ധിക്കുന്നു. യഥാർഥമായ പ്രാർഥനാത്മാവു പുലർത്തുന്നയാൾ ഇതുപോലെ ഈശ്വരനുമായി ബന്ധപ്പെട്ടിരിക്കുന്നു. ആ ബന്ധത്തിൽ പ്രേമഭിന്നമായ ഒന്നിനും പ്രവേശനമില്ല. ഈശ്വരനിലേക്കു ഹൃദയം നിറഞ്ഞുകവിഞ്ഞൊഴുകുന്നു. ഈശ്വരന്റെ സ്നേഹം ഭക്തന്റെ ഹൃദയത്തിലേക്കും പ്രവഹിക്കുന്നു. അപ്പോൾ ആത്മവിശ്രാന്തി അനുഭവവേദ്യമാവുകയും ചെയ്യും.

യഥാർഥ പ്രാർഥനാനുഭവം ഹൃദയവേഴ്ചയാണ്. ഈശ്വരനിൽ ഹൃദയം സമർപ്പിക്കുന്നവൻ ബാഹ്യകോലാഹ ലങ്ങളിൽനിന്ന് ഒഴിഞ്ഞുനിൽക്കണം. ദേവാലയത്തിൽ പ്രാർഥിക്കാൻ എത്തിയ ഒരു സ്ത്രീയുടെ ചുണ്ടുകൾ മാത്രം ചലിച്ചുകൊണ്ടിരുന്നു. അതു കണ്ടയാൾ ധരിച്ചത് അവൾ മദ്യപിച്ചിരിക്കുമെന്നായിരുന്നു.  പക്ഷേ, അവൾ വെളിപ്പെടുത്തി: ‘‘ഞാൻ യഹോവയുടെ മുൻപിൽ എന്റെ ഹൃദയം പകരുകയായിരുന്നു.’’ ബാഹ്യകാര്യങ്ങളിൽനിന്ന് ഒഴിഞ്ഞുവേണം പ്രാർഥന നടത്തേണ്ടതെന്ന് യേശു സ്വന്തം മാതൃകയിലൂടെയും ഉപദേശങ്ങളിലൂടെയും വ്യക്തമാക്കിയിട്ടുണ്ട്.

‘‘നിങ്ങൾ പ്രാർഥിക്കുമ്പോൾ സ്വന്തം മുറിയിൽ പ്രവേശിച്ചു കതകുകൾ അടച്ചു രഹസ്യമായി നിങ്ങളുടെ പിതാവിനോടു നിങ്ങളുടെ ഹൃദയാഭിലാഷം അറിയിക്കുക’’– എന്നത്രേ യേശുവിന്റെ ഉപദേശം. രാത്രിയാമ ങ്ങളിൽ വിജന പ്രദേശങ്ങ   ളിൽ ഏകനായിരുന്ന് പുലർച്ചയോളം പ്രാർഥിക്കുന്ന യേശുവിനെ നാം സുവിശേഷ ങ്ങളിൽ ദർശിക്കുകയും ചെയ്യുന്നു.

ഹൃദയസമാധാനം നാം അഭിലഷിക്കുന്നുണ്ടോ? എങ്കിൽ ഹൃദയത്തിലേക്കു മടങ്ങുക. ബാഹ്യേന്ദ്രിയങ്ങളുടെ വാതിലുകൾ ഭദ്രമായി അടയ്ക്കുക. ഹൃദയമാകുന്ന മുറിയിൽ പ്രവേശിച്ച് ഈശ്വരനുമായി സ്നേഹഭാഷണം നടത്തുക. ഈശ്വരന്റെ സ്നേഹപ്രവാഹം അപ്പോൾ നമ്മുടെ ഹൃദയത്തെ നിർഭരമാക്കും. യഥാർഥ ഹൃദയസമാധാനം അപ്പോൾ നാം അനുഭവിക്കുകയും ചെയ്യും.

English Summary : Can We Have Direct Communication With God

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA