അംഗീകാരത്തിനുള്ള അത്യാഗ്രഹം

healping
പ്രതീകാത്മക ചിത്രം
SHARE

എന്തെങ്കിലും നല്ല പ്രവൃത്തി ചെയ്യുമ്പോൾ മറ്റുള്ളവർ അതിനെ പ്രശംസിച്ചു പറയുന്നതു കേൾക്കാൻ പലർക്കും ഇഷ്ടമുണ്ടായെന്നുവരും. ഇൗ മനോഭാവം ആക്ഷേപാർഹമാണെന്നു പറഞ്ഞുകൂടാ. തന്റെ പ്രവൃത്തിയിൽ മറ്റുള്ളവർ അഭിനന്ദിക്കുകയും സന്തോഷം പ്രകടിപ്പിക്കുകയും ചെയ്യുമ്പോൾ ആർക്കാണ് ആനന്ദം തോന്നാതിരിക്കുക? എന്നാൽ, മറ്റുള്ളവരുടെ പ്രീതിയും പ്രശംസയും പിടിച്ചുപറ്റാനായി മാത്രം കാണിച്ചുകൂട്ടുന്ന ‘സൽപ്രവൃത്തികൾ’ അപഹാസ്യമാണ്. ചെയ്യുന്ന പ്രവൃത്തി നല്ലതാണെങ്കിലും അതെക്കുറിച്ചു പത്രങ്ങളിൽ കാണാതിരിക്കുകയോ മറ്റുള്ളവർ പുകഴ്ത്താതിരിക്കുകയോ ചെയ്യുമ്പോൾ എന്തിനാണ് ഞാനിതു ചെയ്യുന്നത്; ഇതു കാണാൻ ആരുമില്ല എന്ന നൈരാശ്യത്തോടെ ആവലാതിപ്പെടുന്നവരുണ്ട്.

‌ഇവരിൽനിന്നു വ്യത്യസ്തരാണ് പ്രശംസയ്ക്കു കൊതിക്കുകയോ അംഗീകാരം ആഗ്രഹിക്കുകയോ ചെയ്യാതെ, ആരെയും അറിയിക്കാതെ മറ്റുള്ളവർക്കു സഹായകരമായ നല്ല കാര്യങ്ങൾ ചെയ്യാൻ മുതിരുന്നവർ. അവരുടെ എണ്ണം കുറവായിരിക്കും. എന്നാൽ, അത്തരം വ്യക്തികളെ എല്ലാവരും അത്യധികം ബഹുമാനിക്കാതിരിക്കുകയില്ല.

വലിയൊരു ആശുപത്രിയിൽ വന്ന് സൗജന്യമായി ജോലി ചെയ്തിരുന്ന ഒരാളെപ്പറ്റി അവിടത്തെ സൂപ്രണ്ട് അനുസ്മരിക്കുന്നത് ആവേശകരമാണ്: അടിച്ചുവാരുക, മുഷിഞ്ഞ വസ്ത്രങ്ങൾ കഴുകി ഉണക്കുക, കിടക്ക വിരിച്ചു തയാറാക്കുക തുടങ്ങിയ പല ജോലികളും ആശുപത്രിയിൽ ചെയ്യേണ്ടതുണ്ടാവും. ശമ്പളക്കാർ ചെയ്യുന്നതുകൊണ്ടു മാത്രം പലപ്പോഴും ജോലികൾ പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നില്ല. 60 വയസ്സായ ഒരു അപരിചിതൻ ഇത്തരം പണികളിൽ സ്വയം സഹായിക്കാൻ സന്നദ്ധത പ്രകടിപ്പിച്ച് സൂപ്രണ്ടിനെ സമീപിച്ചു. ദിവസേന കൃത്യസമയത്തു വന്ന് തന്നെ ഏൽപിച്ച ജോലികളെല്ലാം അദ്ദേഹം ചെയ്തുതീർക്കും. കൂടുതൽ വല്ല ജോലിയും ചെയ്യാൻ ആവശ്യപ്പെട്ടാൽ അതും സന്തോഷത്തോടെ ഏറ്റെടുക്കും. ഇതിനു പുറമേ രോഗികളുടെ അടുത്തുചെന്ന് അവരെ ആശ്വസിപ്പിക്കുകയും ധൈര്യപ്പെടുത്തുകയും ചെയ്യുന്നതും പതിവാക്കി.

ആരാണ് ഇദ്ദേഹമെന്നു സൂപ്രണ്ട് അറിഞ്ഞിരുന്നില്ല. ചോദിച്ചാൽ ഒരു ചെറുപുഞ്ചിരിയോടെ ഒഴിഞ്ഞുമാറും. അങ്ങനെ മാസങ്ങൾ പലതു കഴിഞ്ഞു. പിന്നീടാണ് സൂപ്രണ്ടിന് ആളെ മനസ്സിലായത്. അദ്ദേഹം വലിയൊരു കമ്പനിയിൽ ഡയറക്ടറായി വിരമിച്ച വ്യക്തിയായിരുന്നു. വേണ്ടുവോളം പണമുണ്ട്. ജീവിതപങ്കാളി മരിച്ചു. കുറെക്കാലം ആ ദുഃഖത്തിൽ കഴിയുകയായിരുന്നു. ആ ജീവിതത്തിന് ഒരു മാറ്റം വരുത്തണമെന്നു നിശ്ചയിച്ചു. എന്തു വേണമെന്ന് ഗാഢമായി ചിന്തിച്ചു. എന്തെങ്കിലും നിസ്വാർഥ സേവനത്തിലേർപ്പെട്ട് മനസ്സിന് ആശ്വാസം വരുത്തുക എന്ന തീരുമാനത്തിലെത്തി. അപ്പോഴാണ് തന്റെ വീട്ടിൽനിന്ന് അധികം അകലെയല്ലാത്ത ആശുപത്രി സേവനരംഗമായി തീർന്നത്. മറ്റുള്ളവരുടെ സംതൃപ്തി അദ്ദേഹത്തെ ഉന്മേഷവാനാക്കി.

നിസ്വാർഥ സേവനത്തെപ്പറ്റി നാം ഒട്ടേറെ കേൾക്കാറുണ്ട്. എന്നാൽ, അങ്ങനെ ചെയ്യുന്നവർക്കുപോലും ആ സേവനത്തെപ്പറ്റി മറ്റുള്ളവർ അറിഞ്ഞിരിക്കണമെന്ന ആഗ്രഹം കാണും. അംഗീകാരത്തിനുള്ള ദാഹം മനുഷ്യന്റെ കൂടെപ്പിറവിയാണ്. യഥാർഥ നിസ്വാർഥ സേവനം പരിശീലനം കൊണ്ടേ പൂർത്തിയാക്കാൻ കഴിയൂ. മറ്റുള്ളവർ സത്കൃത്യങ്ങളെ പ്രശംസിച്ചില്ലെങ്കിൽ, പ്രശംസ നേടാൻ പല മാർഗങ്ങളും ആരായുക പതിവാണ്. ഇൗ പരിശ്രമം പലപ്പോഴും നമ്മുടെ സൽപ്രവൃത്തിയുടെ വില കുറയ്ക്കുമെന്ന് പലരും അറിയാതെ പോകുന്നു. 

ശുശ്രൂഷ ചെയ്യാനും മറ്റുള്ളവർക്കുവേണ്ടി സ്വജീവൻ അർപ്പിക്കാനും വന്ന ക്രിസ്തു പ്രസ്താവിച്ചത് ഇവിടെ ഓർക്കേണ്ടതാണ്: ‘‘നിങ്ങളുടെ വലതുകൈ ചെയ്യുന്നത് എന്താണെന്ന് ഇടതുകൈ അറിയാതിരിക്കട്ടെ.’’ നല്ല സമരിയക്കാരന്റെ ഉപമ അവിടുന്നു പ്രസ്താവിച്ചതു സേവനം നൽകുന്നതിന്റെ മഹത്തായ മാതൃകയും ആദർശവും വെളിപ്പെടുത്താനായിരുന്നു.

കൊട്ടിഘോഷിക്കാത്ത നിസ്വാർഥ സേവനംകൊണ്ട് ഉണ്ടാകാനിടയുള്ള മനഃസംതൃപ്തിയും ആനന്ദവും കൃതാർഥതയും ഒന്നു വേറെയാണ്. പ്രവൃത്തി നല്ലതാണോ, അതു മറ്റുള്ളവർക്ക് ആശ്വാസവും സന്തോഷവും ഉണ്ടാക്കുമോ എന്നുമാത്രം ഓർത്ത് അതിൽ ഏർപ്പെട്ടാൽ ഫലപ്രദമായ കാര്യങ്ങൾ നമുക്കു ചെയ്തുതീർക്കാം. നിർഭാഗ്യവാന്മാർ നിറഞ്ഞ ഇൗ ലോകത്തിൽ, പ്രയാസങ്ങളും പ്രതിസന്ധികളും അഭിമുഖീകരിച്ചു ജീവിക്കുന്നവരുടെ ഹൃദയഭാരം ലഘൂകരിക്കാനും ആശ്വാസം പകരാനും ചെയ്യുന്ന ഏതു പ്രവൃത്തിയും അതിന്റെ കർത്താവിന് ആനന്ദമുണ്ടാക്കാതിരിക്കുകയില്ല. നിസ്വാർഥതയിലേക്കും പരസ്നേഹത്തിലേക്കുമുള്ള നമ്മുടെ സംരംഭങ്ങൾ ധാർമികവും ആത്മീയവുമായ പുരോഗതിയിലേക്കു നമ്മെ നയിക്കും.

English Summary : Selfless service

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.