നന്മയിൽ നിന്നു സന്തോഷം

helping
SHARE

ഓസ്കർ വൈൽഡിന്റെ കൃതികൾ വിശ്വപ്രസിദ്ധമാണല്ലോ. ‘സന്തോഷവാനായ രാജകുമാരൻ’ എന്ന കഥ ചിന്തോദ്ദീപകമാണ്. സന്തോഷവാനായ രാജകുമാരന്റെ മരണശേഷം, ജനങ്ങൾ അദ്ദേഹത്തിന്റെ പ്രതിമ നഗരമധ്യത്തിൽ പ്രതിഷ്ഠിച്ചു. സ്വർണപ്പാളികൾകൊണ്ടു തീർത്ത ഇന്ദ്രനീലക്കല്ലുകൾ കൊണ്ടുള്ളതായിരുന്നു അത്. കയ്യിലെ വാളിന്റെ പിടിയിൽ പത്മരാഗക്കല്ലുകൾ പതിച്ചിരുന്നു. യൂറോപ്പിൽ തണുപ്പുകാലം തുടങ്ങി. മീവൽപക്ഷികൾ കൂട്ടംകൂട്ടമായി ഈജിപ്തിലേക്കു പറന്നു. പക്ഷേ, ഒരു മീവൽപക്ഷി മാത്രം പോയില്ല. അതു സന്തോഷവാനായ രാജകുമാരന്റെ തോളിലിരുന്നു. മഞ്ഞിൽ പൊതിഞ്ഞ രാത്രി. ആ കൊച്ചു പക്ഷി മയങ്ങിയപ്പോൾ ദേഹത്തു വെള്ളം വീഴുന്നു. മഴയെന്നു കരുതി ഉണർന്നു നോക്കിയ മീവൽപക്ഷി കണ്ടത് സദാ സന്തോഷവാനായിരുന്ന രാജകുമാരന്റെ പ്രതിമ കരയുന്നതാണ്. കണ്ണുകളിൽനിന്നു കണ്ണീർക്കണങ്ങൾ അടർന്നു വീഴുന്നു. മീവൽപക്ഷി രാജകുമാരന്റെ ദുഃഖകാരണം തിരക്കി.

പ്രതിമ പറഞ്ഞു: ‘ഞാൻ ജീവിച്ച കാലത്ത് ദുഃഖമെന്തെന്ന് അറിഞ്ഞില്ല. മരിച്ചപ്പോൾ, സന്തോഷവാനായ രാജകുമാരനായ എന്റെ ഓർമ ആചരിക്കാൻ എന്റെ പ്രതിമ ഇവിടെ സ്ഥാപിച്ചു. ഇപ്പോൾ എനിക്കു നഗരം മുഴുവൻ കാണാം. ജനങ്ങളുടെ ദുഃഖങ്ങളും ദുരിതങ്ങളും ദർശിക്കാം... എനിക്കിതു സഹിക്കാൻ കഴിയുന്നില്ല.’

പക്ഷി സാകൂതം ശ്രവിച്ചു. രാജകുമാരൻ തുടർന്നു: ‘‘നോക്കൂ മീവൽപക്ഷീ, ആ ജീർണിച്ച കുടിലിൽ ഒരു പാവപ്പെട്ട സ്ത്രീ ഉറക്കിളച്ചിരുന്നു തുന്നുന്നു. അവളുടെ കൈവിരലുകളിൽ തുന്നൽപാടുകൾ വീണിട്ടുണ്ട്. അവളുടെ മകൻ പനിപിടിച്ചു തളർന്നു കിടക്കുന്നു. അവനു കൊടുക്കാൻ പച്ചവെള്ളമല്ലാതെ മറ്റൊന്നും അവൾക്കില്ല. രാജ്ഞിയുടെ നൃത്തസദസ്സിലെ നർത്തകിക്കു ധരിക്കാനുള്ള പട്ടുടുപ്പിന് അവൾ പൂക്കൾ തയ്ക്കുകയാണ്. പനിപിടിച്ചു കിടക്കുന്ന അവളുടെ ഓമനമകൻ ഓറഞ്ചു സ്വപ്നംകണ്ടു മയങ്ങുന്നു. മീവൽപക്ഷീ, എന്റെ വാളിന്റെ പിടിയിലുള്ള ചുവന്ന രത്നക്കല്ലുകൾ കൊത്തിയെടുത്ത് അവൾക്കു കൊണ്ടുപോയി കൊടുക്കൂ.’’

പക്ഷി പറ‍ഞ്ഞു: എനിക്കു സമയമില്ല. എത്രയും വേഗം ഈജിപ്തിലെത്തണം. കൂട്ടുകാർ അവിടെയെത്തിക്കഴിഞ്ഞു. നാളെ അവർ നൈൽ നദിയുടെ മുകളിലൂടെ ഉയർന്നു പറക്കും. താണിറങ്ങി താമരപ്പൂക്കളിൽ വിശ്രമിക്കുകയും പഴയ രാജാക്കന്മാരുടെ കല്ലറകളിൽ സുഖമായി ഉറങ്ങുകയും ചെയ്യും. ഞാൻ പോകട്ടെ.

‘‘എന്റെ കൊച്ചുപക്ഷിയല്ലേ. നീയെന്നെ സഹായിക്കൂ. എന്നെ അവർ ഇവിടെ നിർത്തിയിരിക്കുകയാണ്. എനിക്കു നീങ്ങാനാവില്ല... അതാ നെയ്ത്തുകാരിയുടെ കുട്ടി ഓറഞ്ചിനു വേണ്ടി കരയുന്നു.’’ പക്ഷിയുടെ ഹൃദയമലിഞ്ഞു. വാളിന്റെ പിടിയിൽനിന്നു വിലയേറിയ രത്നം കൊത്തിയെടുത്ത് അതു കുടിലിലേക്കു പറന്നു.

രാജകൊട്ടാരത്തിനു മുകളിലൂടെ പറക്കുമ്പോൾ രാജനർത്തകിയും അവളുടെ കാമുകനും സല്ലപിക്കുന്നതു പക്ഷി കണ്ടു. കാമുകൻ പറഞ്ഞു: ‘‘ഈ നക്ഷത്രങ്ങൾ എത്ര മനോഹരങ്ങളാണ്. അതുപോലെ നിന്റെ പ്രേമവും.’’

അവൾ പറഞ്ഞു: ‘‘എനിക്കു നാളെ നൃത്തമുണ്ട്. നൃത്തത്തിനു ധരിക്കാനുള്ള ഉടുപ്പിൽ പൂക്കൾ തുന്നുന്നതിന് ആ തുന്നൽക്കാരിയെ ഏൽപിച്ചിരിക്കുന്നു. ആ നശിച്ചവൾ അതു തീർത്തു തരുമോ ആവോ?’’

താൻ അന്വേഷിച്ചു പോകുന്ന തുന്നൽക്കാരിയെക്കുറിച്ചാണ് അവൾ ഈർഷ്യയോടെ സംസാരിക്കുന്നതെന്നു പക്ഷി മനസ്സിലാക്കി. പക്ഷി വേഗം തയ്യൽക്കാരിയുടെ കുടിലിലെത്തി. അവൾ തളർന്ന് കൈകളിൽ തല താങ്ങി മയങ്ങുകയായിരുന്നു. അവളുടെ മകൻ പനിയുടെ കാഠിന്യത്താൽ പിടയുന്നു.

പക്ഷി രത്നം അവളുടെ കൈകളിൽ വച്ചു. മകന്റെ ചുറ്റും ചിറകുവീശി ഒന്നു വട്ടമിട്ടു പറന്നു. പിന്നീട് അതു പ്രതിമയുടെ അടുത്തെത്തി സംഭവമെല്ലാം വിവരിച്ചു. ‘‘രാജകുമാരാ, ഇതു തണുപ്പുള്ള രാത്രിയാണെങ്കിലും എനിക്ക് ഒട്ടും തണുപ്പു തോന്നുന്നില്ല.’’ പ്രതിമ പറഞ്ഞു: ‘‘നീയൊരു നല്ല പ്രവൃത്തി ചെയ്തതുകൊണ്ടാണ് നിനക്കു തണുപ്പു തോന്നാത്തത്.’’ സഹജീവികളുടെ ദുഃഖം മാറ്റാൻ ശ്രമിക്കുമ്പോഴാണ് യഥാർഥത്തിൽ നമുക്ക് ആനന്ദവും സംതൃപ്തിയും ഉണ്ടാകുന്നത് എന്നത്രേ കഥാകൃത്ത് വ്യക്തമാക്കുന്നത്.

ആ നഗരത്തിൽ വേദനയും ദുരിതവും അനുഭവിക്കുന്ന ഓരോ വ്യക്തിയെയും രാജകുമാരൻ കാണുന്നു. അവരുടെ ദുഃഖത്തിൽനിന്ന് അവരെ രക്ഷിക്കാൻ തന്നിൽപതിച്ച സ്വർണപ്പാളികളും കണ്ണുകളിലെ ഇന്ദ്രനീലക്കല്ലും കൊത്തിയടർത്തി അവർക്കു കൊടുക്കാൻ രാജകുമാരൻ പക്ഷിയെ നിർബന്ധിക്കുന്നു. ആ മഞ്ഞുകാലം കഠിനമാകുവോളം ഒറ്റയ്ക്കു താമസിച്ച് പ്രതിമയുടെ നിർദേശങ്ങൾ അനുസരിച്ച പക്ഷി, ഒരു രാത്രി ആ പ്രതിമയുടെ കാൽച്ചുവട്ടിൽ ചത്തുവീണു. പ്രതിമയുടെ ഉള്ളിൽ എന്തോ ശക്തമായി പൊട്ടിത്തെറിച്ചു. ഹൃദയം രണ്ടായി പിളർന്നുപോയ ശബ്ദമായിരുന്നു അത്.

ഇങ്ങനെയാണ് ഓസ്കാർ വൈൽഡ് കഥ അവസാനിപ്പിക്കുന്നത്. അടുത്ത ദിവസം ആ നഗരത്തിലെ ഏറ്റവും വിലപ്പെട്ട സാധനങ്ങൾ എടുത്തുകൊണ്ടു വരാൻ സ്വർഗത്തിലിരുന്നു ദൈവം ദൂതനോടു കൽപിച്ചു. ദൂതൻ മാടപ്പിറാവിനെപ്പോലെ വെള്ളച്ചിറകും വിരിച്ച് ഭൂമിയിലെത്തി. ആ ദൂതൻ എടുത്തുകൊണ്ടു പോയത് പ്രതിമയുടെ പൊട്ടിയ ഹൃദയവും മീവൽപക്ഷിയുടെ ശരീരവുമായിരുന്നു.

ദുരിതമനുഭവിക്കുന്നവരുടെ സംഖ്യ വർധിച്ചിരിക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ ഈ കഥ നമുക്ക് വലിയൊരു സന്ദേശം നൽകുന്നില്ലേ? നിശ്ചലനായി നിൽക്കുന്ന പ്രതിമയ്ക്കുപോലും ദുരിതമനുഭവിക്കുന്നവരെപ്പറ്റി ഉത്കണ്ഠയും കരുതലുമുണ്ട്. ചെറിയ മീവൽപക്ഷിക്ക്, കൂട്ടംവിട്ട അവസ്ഥയിലും, സേവനത്തിന്റെ ചിറകു വിടർത്താൻ കഴിയുന്നു.

‘നന്മ ചെയ്യുന്നവരുടെ പാദങ്ങൾ എത്ര സുന്ദരങ്ങൾ.’ വേദനിക്കുന്നവർക്കു നന്മ ചെയ്യുമ്പോൾ ഉണ്ടാകുന്നതിലേറെ സന്തോഷം മറ്റൊന്നുകൊണ്ടും നമുക്കുണ്ടാവുകയില്ല.

English Summary: Thoughts of the day column written by T.J.J, Happiness is helping others

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.