നാടിനു വേണ്ടി ഒറ്റക്കെട്ടാകാം

flag
SHARE

നമ്മുടെ രാജ്യത്തിന്റെ 73–ാം സ്വാതന്ത്ര്യ ദിനാചരണം സംഘർഷം നിറഞ്ഞൊരു സാഹചര്യത്തിലാണു വന്നെത്തിയിരിക്കുന്നത്. മുൻപ് വിജയോത്സവത്തിന്റെ ദിവസമായി,ആഹ്ലാദത്തിന്റെ അവസരമായി, അതിനു ചേർന്ന പരിപാടികളുമായി ആഘോഷിച്ചിരുന്നു. എന്നാൽ, ഈ വർഷം സ്വാതന്ത്ര്യദിനം എത്തുന്നത് ജനം ഒരു മഹാമാരിയുടെ തേർവാഴ്ചയിൽ ആശയറ്റവരും ആശ്വാസരഹിതരുമായിരിക്കുന്ന അവസ്ഥയിലാണ്.

ഇതിനോടകം നമ്മുടെ നാട്ടിൽത്തന്നെ പതിനായിരങ്ങൾ മൺമറഞ്ഞു. ലക്ഷക്കണക്കിനു പേർ തൊഴിൽ നഷ്ടപ്പെട്ട് ഉപജീവനത്തിനു വഴിയില്ലാത്തവരായി മാറിയിരിക്കുന്നു. കുടുംബങ്ങൾ അനാഥത്വത്തിലേക്കും നിരാശാ ഗർത്തത്തിലേക്കും വീണിരിക്കുന്നു.

കൂനിന്മേൽകുരു എന്നവണ്ണം, അതിർത്തിയിൽ കടന്നാക്രമണത്തിന്റെ വെല്ലുവിളികളുയർത്തി ചൈനയും അവരുടെ പിന്തുണയോടും പ്രേരണയോടും പാക്കിസ്ഥാനും നേപ്പാളും അതിർത്തിപ്രശ്നവുമായും രംഗത്തു വന്നിരിക്കുന്നു. നമുക്കു കുറെ ധീരജവാന്മാരെ നഷ്ടപ്പെടുകയുമുണ്ടായി. സമാധാന സംഭാഷണങ്ങൾക്ക് അവസരമൊരുക്കി പല തലങ്ങളിൽ നാം പരിശ്രമിക്കുന്നു. പക്ഷേ, ചൈന വെല്ലുവിളിയുയർത്തി കഴിയുകയാണ്.

ഈ അസ്വസ്ഥതയ്ക്ക് എപ്പോൾ, എങ്ങനെ അവസാനമുണ്ടാകുമെന്നുള്ള കടുത്ത ആശങ്കയിലും ഭീതിയിലുമാണ് സകലരും കഴിയുന്നത്. രോഗഭീതി നീങ്ങിയാലും രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി, തൊഴിലില്ലായ്മയുടെ ഭീകര യാഥാർഥ്യം, അനേകായിരം കുടുംബങ്ങളുടെ അനാഥത്വം തുടങ്ങിയ പ്രശ്നങ്ങൾ നമ്മെ തുറിച്ചുനോക്കുന്നു. പ്രവാസികളുടെ പ്രശ്നങ്ങളും മുന്നിലുണ്ട്. അതു നമ്മുടെ സാമ്പത്തികമേഖലയെ സാരമായി ബാധിക്കും. വിഭാഗീയതകളും വിവേചനങ്ങളും എല്ലാം മാറ്റിവച്ച് ഇന്നത്തെ ദുഃസ്ഥിതി ഒറ്റക്കെട്ടായി നാം നേരിടണം. തകർന്നടിഞ്ഞ നമ്മുടെ സാമ്പത്തികനില കെട്ടിപ്പടുക്കുവാനും സഹകരണ മനോഭാവത്തോടെ, ജനാധിപത്യ തത്വങ്ങളിൽ വേരൂന്നി മുന്നേറാനും കഴിയണം. സ്വാതന്ത്ര്യം എന്നതു വിദേശാധിപത്യത്തിൽ നിന്നുള്ള മോചനം എന്ന അർഥത്തിൽ മാത്രം കണ്ടാൽ പോരാ.

മുൻ ബ്രിട്ടിഷ് പ്രധാനമന്ത്രി വിൻസ്റ്റൺ ചർച്ചിൽ സ്വാതന്ത്ര്യത്തെപ്പറ്റി ഉന്നയിച്ച അഭിപ്രായങ്ങളിലേക്കു ശ്രദ്ധ ക്ഷണിക്കുകയാണ്. ഏഴു പ്രധാന സംഗതികളാണ് സ്വാതന്ത്ര്യത്തിന്റെ കാതലായി അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്.

(1) പൗരനു സ്വന്തം അഭിപ്രായം തുറന്നു പ്രകടിപ്പിക്കാൻ അവസരം ലഭിക്കുന്നുണ്ടോ? അധികാരത്തിലിരിക്കുന്ന സർക്കാരിനെ നിർഭയം വിമർശിക്കാനും എതിർക്കാനും അയാൾക്കു സാധിക്കുമോ?

(2) തങ്ങൾക്കിഷ്ടമില്ലാത്ത ഗവൺമെന്റിനെ അധികാരത്തിൽനിന്നു നീക്കാൻ ജനങ്ങൾക്കു കഴിയുമോ? ഇക്കാര്യത്തിലുള്ള ജനഹിതം വ്യക്തമാക്കാൻ ഭരണഘടനയിൽ വ്യവസ്ഥ ചെയ്തിട്ടുണ്ടോ?

(3) ഭരണാധികാരികളിൽ നിന്നുള്ള ഇടപെടൽ ഇല്ലാതെ നീതിന്യായ കോടതികൾക്കു നിഷ്പക്ഷമായി നീതിന്യായം കൈകാര്യം ചെയ്യുവാൻ കഴിയുമോ? ജനക്കൂട്ടത്തിന്റെ ഭീഷണിയിൽനിന്നും ആക്രമണത്തിൽ നിന്നും ഏതു തരത്തിലുള്ള രാഷ്‌ട്രീയ കക്ഷികളുടെ സമ്മർദത്തിൽ നിന്നും കോടതികൾ മുക്തമാണോ?

(4) നീതിക്കും ലോകമര്യാദയ്ക്കും നിരക്കുന്ന തത്വങ്ങൾക്കനുസരിച്ചു നിർമിച്ചതെന്നു ബഹുജനങ്ങൾ വിശ്വസിക്കുന്ന നിയമങ്ങൾ മുഖേന കോടതികൾ പരസ്യമായി നീതിന്യായം പരിപാലിക്കുന്നുണ്ടോ?

(5) പാവങ്ങളെന്നോ പണക്കാരെന്നോ വ്യത്യാസമില്ലാതെ എല്ലാവർക്കും നീതി ലഭിക്കുന്നുണ്ടോ?

(6) രാജ്യത്തോടുള്ള കടമകൾക്കും ബാധ്യതകൾക്കും വിധേയമായി വ്യക്തിയുടെ അവകാശങ്ങൾ മാനിക്കപ്പെടുകയും പ്രകടിപ്പിക്കാൻ അനുവദിക്കുകയും അതിന്റെ മഹത്വം ഉയർത്തിപ്പിടിക്കുകയും ചെയ്യുന്നുണ്ടോ?

(7) ദൈനംദിന ജോലികൊണ്ടു കുടുംബം പുലർത്താൻ വെമ്പുന്ന കർഷകനോ തൊഴിലാളിക്കോ, പൊലീസ് തന്നെ എപ്പോഴാണു പിടിച്ചുകൊണ്ടുപോയി ഉപദ്രവിക്കുകയോ വിചാരണ കൂടാതെ തടങ്കലിൽ വയ്ക്കുകയോ ചെയ്യുക എന്ന ഭയം കൂടാതെ ജീവിക്കാൻ കഴിയുന്നുണ്ടോ?

ഈ ചോദ്യങ്ങൾക്കു നിഷേധരൂപത്തിലല്ലാതെ മറുപടി കിട്ടുന്ന രാജ്യത്തു ജനതയ്ക്കു സ്വാതന്ത്ര്യമുണ്ടെന്നു പറയാം. അപ്രകാരമുള്ള ഒരു അവസ്ഥാവിശേഷം നമ്മുടെ രാജ്യത്ത് ഇന്നു നിലനിൽക്കുന്നുണ്ടോ എന്ന് ജനങ്ങളും ഭരണകർത്താക്കളും ഈ സ്വാതന്ത്ര്യദിനത്തിൽ ആത്മപരിശോധന നടത്തുന്നത് അനുഗ്രഹപ്രദമായിരിക്കുമെന്ന് അനുസ്മരിക്കുന്നു. ഇന്നത്തെ ശോകാർദ്രമായ അവസ്ഥയിൽനിന്ന് എത്രയും വേഗം നമ്മുടെ രാജ്യം മുക്തമാകട്ടെ എന്നു പ്രാർഥിക്കുന്നു.

English Summary: Thoughts of the day column written by T.J.J, India celebrates 73rd Independence Day 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.