ആർദ്രതയാൽ ജ്വലിക്കും സ്നേഹവും സേവനവും

innathe-chintha-vishayam-mother-teresa
SHARE

ആർദ്രത, സ്നേഹം, സേവനം എന്നിവയുടെ ആൾരൂപമായിരുന്നു വിശുദ്ധ മദർ തെരേസ. കൊൽക്കത്തയിൽ ഹൈസ്കൂൾ അധ്യാപികയായി ഇന്ത്യയിൽ സേവനമാരംഭിച്ച ആ സന്യാസിനി, തെരുവോരങ്ങളിൽ നിരാലംബരായി കഴിയുന്ന കുഷ്ഠരോഗികളെയും അംഗപരിമിതരെയും പട്ടിണിപ്പാവങ്ങളെയും കണ്ടു മനസ്സലിഞ്ഞ് അധ്യാപനവൃത്തി ഉപേക്ഷിച്ചു. കോൺവന്റിന്റെ മതിൽക്കെട്ടിനു പുറത്തേക്കു വന്ന്, തെരുവിലെ രോഗികളുടെയും നിസ്സഹായരുടെയും സംരക്ഷണത്തിനും ശുശ്രൂഷയ്ക്കുമായി സ്വയം സമർപ്പിച്ചു. 1950ൽ മിഷനറീസ് ഓഫ് ചാരിറ്റി എന്ന സംഘടന സ്ഥാപിച്ച് പ്രവർത്തനം ശക്തമാക്കി. അവരുടെ പ്രവർത്തനം ഭാരതത്തിൽ മാത്രമായി പരിമിതപ്പെടാതെ, ലോകമെമ്പാടും പടർന്നു.

പ്രാരംഭകാലത്ത് ഒരിക്കൽ മദർ തെരേസ കൊൽക്കത്തയിലെ ഒരു വ്യാപാരിയുടെ അടുക്കൽ ചെന്ന് തന്റെ പ്രവർത്തനങ്ങൾക്കു സാമ്പത്തികസഹായം അഭ്യർഥിച്ചു കൈനീട്ടി. അയാൾ മദറിന്റെ കയ്യിൽ തുപ്പിക്കൊണ്ടു പ്രതികരിച്ചു. അപ്പോൾ മദർ എങ്ങനെ പെരുമാറി എന്നതാണ് ശ്രദ്ധേയമായ വസ്തുത. മദർ പുഞ്ചിരിച്ചുകൊണ്ട്, തൂവാലയെടുത്തു കൈ തുടച്ചു. എന്നിട്ടു പറഞ്ഞു: ‘‘എനിക്കുള്ളതു നിങ്ങൾ തന്നു. ഞാനതു സ്വീകരിച്ചു. ഇനി കഷ്ടപ്പെടുന്ന, നിരാശ്രയരായ എന്റെ സഹോദരങ്ങൾക്കു വേണ്ടിയുള്ളതു തന്നാലും!‌’’ അദ്ദേഹത്തിന്റെ ഹൃദയമുരുകി. അത്തരമൊരു പ്രതികരണം അദ്ദേഹം ഒരിക്കലും പ്രതീക്ഷിച്ചില്ല. അദ്ദേഹം ക്ഷമാപണം നടത്തി, സഹായം നൽകി. തുടർന്നു വർഷംതോറും സംഭാവന നൽകിക്കൊണ്ടിരുന്നു.

കഷ്ടപ്പെടുന്ന നിരാശ്രയരോട് ആർദ്രതയും സ്നേഹവും പുലർത്തിയ മദർ പറയുമായിരുന്നു: ‘‘വാക്കിനെക്കാൾ പ്രധാനം പ്രവൃത്തിയാണ്. സ്നേഹത്തെക്കുറിച്ചും കരുണയെക്കുറിച്ചുമൊക്കെ ഹൃദ്യമായും വാചാലമായും പറയാൻ എളുപ്പമാണ്. അതു പ്രവൃത്തിയിൽ വരുത്തുകയാണു വേണ്ടത്.’’ സ്നേഹത്തിന്റെ നിറവിൽ ചെയ്യുന്ന സേവനമാണ് അഭിലഷണീയം. ശക്തികൊണ്ടു സാധിക്കാത്തത് ആർദ്രതയുടെ നിറവിൽ സഫലമായിത്തീരുന്നു.

ചിന്തകനും എഴുത്തുകാരനും മനുഷ്യസ്നേഹിയുമായിരുന്ന ആൽഡസ് ഹക്സിലി മരണക്കിടക്കയിൽ ആയിരിക്കെ, ലോകത്തിന് എന്തു സന്ദേശം നൽകാനുണ്ടെന്നു ചോദിച്ചപ്പോൾ മന്ദസ്വരത്തിൽ പറഞ്ഞു: ‘നമുക്കു ചെയ്യാവുന്നത്, പരസ്പരമുള്ള ബന്ധത്തിൽ കൂടുതൽ ആർദ്രത പ്രകടിപ്പിക്കുക എന്നതാണ്.’ അക്രമവും ക്രൂരതയും അരങ്ങുവാഴുന്ന ഇന്നത്തെ സമൂഹത്തിൽ ആർദ്രതയ്ക്കും അതിൽനിന്ന് ഉളവാകുന്ന സ്നേഹപ്രവൃത്തികൾക്കും ഏറെ പ്രസക്തിയുണ്ട്. ആർദ്രത എന്നത് മാനവികധർമമായി കാണണം. സമൂഹത്തിൽ അദ്ഭുതകരമായ വ്യതിയാനങ്ങൾ വരുത്താൻ കഴിവുള്ള ശ്രേഷ്ഠ വികാരമാണ് ആർദ്രത. ക്രിസ്തുവിന്റെ വാക്കിലും പ്രവൃത്തിയിലും ആർദ്രത നിറ‍ഞ്ഞുനിന്നു. അവിടുത്തെ ലാവണ്യ വാക്കുകൾ ഹൃദയത്തിനു കുളിർമയും ആശ്വാസവും പകരുന്നതായിരുന്നു. അവിടുന്നു പ്രഖ്യാപിച്ചു: ‘‘കരുണയുള്ളവർ ഭാഗ്യവാന്മാർ; അവരുടെമേൽ കരുണയുണ്ടാകും.’’ സുവിശേഷങ്ങളിൽ യേശുവിനെപ്പറ്റിയുള്ള പരാമർശങ്ങളിൽ പത്തിലധികം പ്രാവശ്യം ‘മനസ്സലിഞ്ഞു’ എന്ന വിശേഷണമുണ്ട്. അതുകൊണ്ട് പൗലോസ് ഉദ്ബോധിപ്പിക്കുന്നു: ‘‘ക്രിസ്തുവിന്റെ മനസ്സുള്ളവരാകുവിൻ.’’ – സ്നേഹത്തിന്റെയും ആർദ്രതയുടെയും ശുശ്രൂഷയുടെയും മനസ്സ്. ക്രിസ്തു തന്നെ പ്രഖ്യാപിച്ചു: ‘‘മനുഷ്യപുത്രൻ ശുശ്രൂഷിക്കപ്പെടാനല്ല, ശുശ്രൂഷിക്കാനും അനേകർക്കുവേണ്ടി തന്റെ ജീവൻ മറുവിലയായി കൊടുക്കാനുമത്രേ വന്നത്.’’

ഹൃദ്യമായി സംസാരിക്കുകയും സഹായത്തിന്റെ കരം നീട്ടാൻ വൈമുഖ്യം കാട്ടുകയും ചെയ്യുന്നവരെ യാക്കോബ് ശ്ലീഹാ നിശിതമായ ഭാഷയിൽ വിമർശിച്ചിരിക്കുന്നു: ‘‘ഒരു സഹോദരനോ സഹോദരിയോ നഗ്നനും അഹോവൃത്തിക്കു വകയില്ലാതെയുമിരിക്കെ, നിങ്ങളിൽ ഒരുത്തൻ അവരോട് സമാധാനത്തോടെ പോയി തീ കായുകയും വിശപ്പടക്കുകയും ചെയ്യുവിൻ എന്നു പറയുന്നതല്ലാതെ, ദേഹരക്ഷയ്ക്കാവശ്യമുള്ളത് അവർക്കു കൊടുക്കാതിരുന്നാൽ ഉപകാരമെന്ത്? അങ്ങനെ വിശ്വാസം പ്രവൃത്തിയിൽകൂടെ കാണിച്ചുതരിക.’’ ഈ എഴുത്തുകാരൻ തന്നെ പ്രസ്താവിക്കുന്നു: ‘‘പ്രവൃത്തിയില്ലാത്ത വിശ്വാസം നിർജീവമാകുന്നു.’’ ഈ ആശയം തന്നെ വേറൊരാൾ പ്രസ്താവിക്കുന്നു: "What you do speaks to loud, I can't hear which you say. നിങ്ങൾ പറയുന്നതു കേൾക്കാൻ കഴിയാത്തവണ്ണം നിങ്ങളുടെ പ്രവൃത്തി ഉച്ചത്തിൽ സംസാരിക്കുന്നു.’’

ആർദ്രത വാക്കിൽ പരിമിതപ്പെടുത്താവുന്നതല്ല. പ്രവൃത്തിയിൽ പ്രകടിതമാകുന്നതാണ്. സുകൃതങ്ങളിൽ ഉന്നതമായ സ്ഥാനം ആർദ്രതയ്ക്കുണ്ട്. കാരണം, അതിന്റെ ഉത്തേജനമാണ് സ്നേഹപൂർവമായ സേവനത്തിന്റെ പിന്നിലുള്ളത്. മനുഷ്യബന്ധങ്ങളെ ദൃഢപ്പെടുത്തുന്നതിനും സ്നേഹവും കൃതജ്ഞതയും ശക്തിപ്പെടുത്തുന്നതിനും അതു പ്രേരകമായിത്തീരുന്നു. ആ സുകൃതം നമ്മിൽ വളർത്തിയെടുക്കാനും അനുദിന ജീവിതത്തിൽ ലഭിക്കുന്ന അവസരങ്ങളിലൊക്കെ പ്രകടമാക്കാനും ശ്രമിക്കാം.

English Summary : Innathe Chintha Vishayam : How does kindness affect the world?

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.