മറവി അനുഗ്രഹമോ?

innathe-chintha-vishayam-what-does-it-mean-to-forgive-and-forget
Representative Image. Photo Credit : etonastenka / Shutterstock.com
SHARE

ഇന്നു വ്യക്തികളിൽ മറവിരോഗം – ഡിമെൻഷ്യ, അൽസ്ഹൈമേഴ്സ് – വർധിച്ചുവരികയാണ്. പാശ്ചാത്യ സമൂഹങ്ങളിൽ താരതമ്യേന കൂടുതലുമാണ്. ശാരീരിക അസ്വസ്ഥതകൾ ഒന്നുമില്ലാതെ നാഡീവൈകല്യം നിമിത്തം മറവി കടന്നെത്താം. അതു ക്രമേണയാണ് മൂർധന്യത്തിലെത്തുന്നത്. ഈ അവസ്ഥ രോഗിക്കും കൂടെയുള്ളവർക്കും വളരെ പ്രയാസങ്ങൾ ഉളവാക്കും. ഈ രോഗത്തിനു പ്രതിവിധി ഒന്നും കണ്ടെത്തിയിട്ടുമില്ല.

ഇവിടെ പ്രതിപാദിക്കുന്നത് സാധാരണക്കാരായ ആർക്കും അനുദിന ജീവിതത്തിൽ സംഭവിച്ചുപോകുന്ന മറവികളെക്കുറിച്ചാണ്. ഓർമശക്തിയെപ്പറ്റി നാം വളരെ പ്രശംസിച്ചു പറയാറുണ്ട്. അതുള്ള വ്യക്തി വളരെ അനുഗൃഹീതനാണെന്നു നാം വിലയിരുത്തും. പ്രായോഗിക ജീവിതത്തിൽ ഓർമശക്തി നമുക്കു വലിയ അനുഗ്രഹമായി അനുഭവപ്പെടുന്നു. 

ഓർമിക്കാനുള്ള കഴിവ് വലിയ അനുഗ്രഹമാണെന്നതുപോലെ മറക്കാനുള്ള കഴിവും അനുഗ്രഹമായിത്തീരാം. മറക്കുന്നതോടു കൂടി പൊറുക്കാനുള്ള സന്നദ്ധതയും ചേരുമ്പോൾ കുടുംബജീവിതത്തിലും സാമൂഹിക ബന്ധങ്ങളിലും എത്ര ഹൃദ്യമായ അനുഭവമാണ് കൈവരുന്നത്. ചിലർ ചില ദുരന്തസംഭവങ്ങൾ വരുത്തിയ വൈഷമ്യങ്ങളെ ഓർത്തു ജീവിതം മുഴുവൻ നിരാശയുടെ കയ്പുമായി കഴിയുന്നു. ചിലർ പങ്കാളിയുടെ വേർപാടിന്റെ ആഘാതത്തിൽ ശിഷ്ടായുസ്സു മുഴുവൻ ദുഃഖത്തിലും നിരാശയിലും കഴിഞ്ഞെന്നുവരാം.

ഒരു ഉദ്യോഗാർഥിയുടെ കഥ ഓർക്കുന്നു. അയാൾ ഉദ്യോഗത്തിനായി ഒരു ഉന്നതവ്യക്തിയുടെ കത്തും കൊണ്ട് വലിയൊരു ഉദ്യോഗസ്ഥനെ സമീപിക്കുകയുണ്ടായി. എഴുത്തു വായിച്ചശേഷം കഴിവതും ശ്രമിക്കാമെന്നു വാക്കു കൊടുക്കുകയും ചെയ്തു. ആ ഉദ്യോഗത്തിനു മറ്റു പല അപേക്ഷകരുമുണ്ടായിരുന്നു. അതെല്ലാം സൂക്ഷ്മപരിശോധന നടത്തിയപ്പോൾ കൂടുതൽ യോഗ്യത മറ്റൊരാൾക്കായിരുന്നു. അതനുസരിച്ച് ആ ജോലി ആ വ്യക്തിക്കു കൊടുത്തു. 

ആദ്യം പറഞ്ഞ ആളെ അതു നിരാശനാക്കി. പിന്നീട് ആ ഉന്നത ഉദ്യോഗസ്ഥനെ ഏറ്റവും വലിയ ശത്രുവായി ഉദ്യോഗാർഥി കണ്ടു. നിർഗുണനെന്നും സ്വാർഥമതിയെന്നും മറ്റും വിലയിരുത്തി. കാണുന്നവരോടൊക്കെ ആ ഉദ്യോഗസ്ഥനെപ്പറ്റി മോശമായി സംസാരിച്ചു. ആ സംഭവം കഴിഞ്ഞു രണ്ടു ദശകത്തിലേറെയായെങ്കിലും, ഇപ്പോഴും ആ നിരാശയാൽ നാവിൽനിന്ന് പരിഹാസവാക്കുകൾ മാത്രമേ ഉയരുന്നുള്ളൂ. എന്തൊരു മനഃസ്ഥിതിയാണെന്നു നാം അതിശയിച്ചുപോകും. മേൽപറഞ്ഞ ഉദ്യോഗസ്ഥനാകട്ടെ, ഈ സംഭവം മറന്നുകഴിഞ്ഞിരുന്നു. ഇങ്ങനെ പക വച്ചുകൊണ്ട് കഴിയുന്നവർ അവനവനുതന്നെ കൂടുതൽ ദോഷം വരുത്തിവയ്ക്കുകയാണ്. 

മറവി തീർച്ചയായും ദൈവം നമുക്കു നൽകിയിട്ടുള്ള വലിയ ഒരനുഗ്രഹമാണ്. നിന്ദ്യവും നീചവും വേദനാജനകവുമായ എന്തെല്ലാം കാര്യങ്ങൾ നമ്മുടെ ജീവിതത്തിൽ സംഭവിച്ചിട്ടുണ്ടാകും. അവയുടെ സ്മരണ നിലനിർത്തിയാൽ ജീവിതം നരകീയാനുഭവമായി മാറും.

മറക്കേണ്ടതിനെപ്പറ്റി അറിഞ്ഞിരിക്കേണ്ടതും ശ്രദ്ധിക്കേണ്ടതുമായ ചില കാര്യങ്ങളുണ്ട്. മറ്റുള്ളവരെപ്പറ്റി ആരെങ്കിലും അപവാദം പറയുകയാണെങ്കിൽ നാമതു മറക്കാൻ ശ്രമിക്കണം. ആരോടും അതെപ്പറ്റി പറയുകയുമരുത്. മറ്റൊരാൾ അറിഞ്ഞോ അറിയാതെയോ ആലോചന കൂടാതെയോ നമ്മെ വേദനപ്പെടുത്തുന്ന വല്ലതും പറഞ്ഞിട്ടുണ്ടെങ്കിൽ അത് ഓർമയിൽ വയ്ക്കരുത്. ആരെങ്കിലുമായി ഇടർച്ച ഉണ്ടാവുകയോ സംഘർഷം ഉണ്ടാവുകയോ ചെയ്തേക്കാം. അതെപ്പറ്റിയും കഴിയും വേഗം മറക്കാൻ ശ്രമിക്കുക.

പലതരത്തിലുള്ള ഭാവങ്ങളും ദുരിതങ്ങളും നിരാശ ഉണർത്തുന്ന സംഭവങ്ങളും നമ്മുടെ സ്മരണയിൽ ഉയർന്നുവരും. അവയെ വിസ്മരിക്കാനുള്ള ഏകമാർഗം ദൈവം നമുക്കു തന്ന സന്തോഷകരവും അനുഗ്രഹപ്രദവുമായ കാര്യങ്ങൾ അയവിറക്കുക എന്നതാണ്. ഒരു നാട്ടുചൊല്ലുണ്ട്: ‘‘വന്ന വഴി മറക്കരുത്.’’ അതിന്റെ അർഥം, കഴിഞ്ഞ ജീവിതത്തിൽ എന്തെല്ലാം പ്രതിസന്ധികളും പ്രതിബന്ധങ്ങളും ഉണ്ടായിരുന്നു; അവയെ തരണം ചെയ്യാൻ ഈശ്വരൻ ചെയ്ത കൃപകളും മറ്റു സഹോദരങ്ങൾ ചെയ്ത സേവനങ്ങളും വിസ്മരിക്കരുത് എന്നാണ്. സങ്കീർത്തകൻ അതാണു ചെയ്യുന്നത്. ‘‘എൻ മനമേ യഹോവയെ വാഴ്ത്തുക; എന്റെ സർവാന്തരംഗവുമേ അവിടുത്തെ വിശുദ്ധ നാമത്തെ വാഴ്ത്തുക... അവന്റെ ഉപകാരങ്ങൾ ഒന്നും മറക്കരുത്’’ (സങ്കീ. 103:1).

ചിലർ എപ്പോഴും നഷ്‌ടപ്പെട്ട അവസരങ്ങളെയോർത്തു ദുഃഖിച്ചുകൊണ്ടിരിക്കും. ഉപയോഗപ്പെടുത്താതെ വിട്ടുപോയ നല്ല അവസരങ്ങൾ ഓർമയിൽ എത്തിയെന്നുവരാം. അവയെപ്പറ്റി ചിന്തിച്ച് ഹൃദയം നീറിയതുകൊണ്ടു പ്രയോജനമില്ല. അതെല്ലാം മറന്ന് മേലിൽ അത്തരം തെറ്റുകൾ വരുത്തില്ല എന്ന നിശ്ചയത്തോടെ ഭാവി നിയന്ത്രിക്കാൻ ശ്രമിക്കണം. അനുഭവമാണല്ലോ നമ്മുടെ ആചാര്യൻ!

English Summary : Innathe Chintha Vishayam column by TJJ - What does it mean to forgive and forget?

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.