നേർവഴി കാട്ടാം, മാതൃകയാകാം

innathe-chintha-vishayam-being-a-role-model-for-your-child
Representative Image. Photo Credit : akids.photo.graphy/ Shutterstock.com
SHARE

മക്കളുടെ വളർച്ചയ്ക്കും ഉയർച്ചയ്ക്കും വേണ്ടി അക്ഷീണം പ്രയത്നിക്കുന്നവരാണു മാതാപിതാക്കൾ. മക്കൾക്കുവേണ്ടി എല്ലാം മറന്ന് അവർ അത്യധ്വാനം ചെയ്യുന്നു. കുഞ്ഞുങ്ങൾക്കു നല്ല ഭക്ഷണം, നല്ല വിദ്യാഭ്യാസം, നല്ല ജോലി, നല്ല ജീവിതസാഹചര്യങ്ങൾ എന്നിവ ഉണ്ടാക്കിക്കൊടുക്കാൻ അവർ ആഗ്രഹിക്കുന്നു. അതിനുവേണ്ടിയുള്ള കഷ്ടപ്പാടുകളെല്ലാം അവർക്കു നിസ്സാരമാണ്. മേൽപറഞ്ഞ സൗകര്യങ്ങളെല്ലാം മക്കൾക്കു കൊടുത്താൽ എല്ലാമായി എന്നു മിക്ക മാതാപിതാക്കളും കരുതുന്നു. മുൻകാലങ്ങളിൽ ഓരോ വീട്ടിലും അഞ്ചോ അതിലേറെയോ മക്കളുണ്ടായിരുന്നു. എന്നാൽ, ഇന്നത് ഒന്നോ രണ്ടോ ആയി ചുരുങ്ങി. അതുകൊണ്ട് കൂടുതൽ ശ്രദ്ധയും പരിചരണവും കുട്ടികൾക്കു ലഭിക്കുന്നു; ലോഭമില്ലാതെ ചെലവാക്കുന്നു.

വിവരസാങ്കേതിക രംഗത്തെ പുരോഗതി ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരുത്തിയിരിക്കുന്നു. വളരെ ചെറുപ്പത്തിൽത്തന്നെ ലാപ്ടോപ്പും സ്മാർട് ഫോണും സമൂഹമാധ്യമങ്ങളുമെല്ലാം കൈയിലെത്തുന്നു. ഇവയൊക്കെയും ഒട്ടേറെ നേട്ടങ്ങൾ നൽകുന്നുണ്ട്. പക്ഷേ, ചില കുഞ്ഞുങ്ങളെയെങ്കിലും അടിമത്തത്തിലേക്കു നയിക്കുകയും ചെയ്യുന്നു. സ്വന്തം കർത്തവ്യങ്ങൾ പോലും മറന്ന് ഇവയിൽ മുഴുകുന്നു. ഇത്തരം നവസങ്കേതങ്ങൾ വിജ്ഞാന വിനിമയത്തിന് ഏറെ സഹായകരമാണെന്നു തീർച്ച. എന്നാൽ, ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യതകളേറെ. ഒന്നു പിഴച്ചാൽ, കാത്തിരിക്കുന്നത് പലതരം കെണികൾ! 

മാതാപിതാക്കളുടെ ശ്രദ്ധയും ജാഗ്രതയും കൂടുതലായി ആവശ്യപ്പെടുന്ന സാഹചര്യമാണിത്. പക്ഷേ, ഒരു പരിമിതി എന്തെന്നാൽ, ഒട്ടേറെ മാതാപിതാക്കൾക്ക് ഇത്തരം ആധുനിക സംവിധാനങ്ങളിൽ പരിചയമോ അറിവോ ഇല്ലാത്ത സ്ഥിതിയുണ്ട്. കുഞ്ഞുങ്ങൾ ഫോണും സമൂഹമാധ്യമങ്ങളുമൊക്കെ എത്തരത്തിൽ ദുരുപയോഗം ചെയ്യുന്നുവെന്ന് മനസ്സിലാക്കാൻ കഴിയാറുമില്ല. വിദ്യാലയങ്ങളിലും ദേവാലയങ്ങളിലുമൊക്കെ മൊബൈൽ, സമൂഹമാധ്യമ ഉപയോഗത്തെപ്പറ്റി ശരിയായ ബോധവൽക്കരണം ഉണ്ടാകണം. 

കുഞ്ഞുമനസ്സ് മെഴുകുപോലെയാണ്. ചെറുപ്പകാലത്തു മനസ്സിൽ പതിയുന്ന കാര്യങ്ങൾ ജീവിതാന്ത്യം വരെ നിലനിൽ‌ക്കും. അത് ഓരോരുത്തരുടെയും സ്വഭാവത്തിന്റെയും വ്യക്തിത്വത്തിന്റെയും അംശമായിത്തീരും. അതിനാൽ, മക്കളുടെ ജീവിതത്തെ ശരിയായ മാർഗത്തിലേക്കു തിരിച്ചുവിടാൻ മാതാപിതാക്കൾ സമയം കണ്ടെത്തിയേ തീരൂ. മാതാപിതാക്കൾ നല്ല മാതൃകകളാവുക എന്നതും സുപ്രധാന ഘടകമാണ്. ഭൗതിക വി‍ജ്ഞാനത്തിനൊപ്പം കുട്ടികൾക്ക് ആധ്യാത്മിക ചൈതന്യവും പ്രദാനം ചെയ്യാനുള്ള തീവ്രമായ അഭിലാഷം മാതാപിതാക്കൾക്ക് ഉണ്ടായിരിക്കണം. 

ഫ്രെഡറിക് ദ് ഗ്രേറ്റ് എന്ന ചക്രവർത്തി ബ്രാൻഡൻസ്ബർഗ് നഗരത്തിലെ ഒരു വിദ്യാലയത്തിലെത്തി. ഭൂമിശാസ്ത്രം പഠിപ്പിക്കുന്ന ക്ലാസിൽ കയറി. ചക്രവർത്തി ഒരു കുട്ടിയോടു ചോദിച്ചു: ‘‘ബ്രാൻഡൻസ്ബർഗ് നഗരം ഏതു രാജ്യത്തിലാണ്?’’ 

‘‘ജർമനിയിൽ’’ – കുട്ടി പറഞ്ഞു. ‘‘ജർമനി എവിടെയാണ്?’’

‘‘യൂറോപ്പിൽ.’’ ‘‘യൂറോപ്പ് എവിടെയാണ്?’’ ‘‘ലോകത്തിൽ.’’ ഇത്രയും കുട്ടി പറഞ്ഞപ്പോൾ ചക്രവർത്തി വീണ്ടും ചോദിച്ചു: ‘‘ലോകം എവിടെയാണ്?’’ ഒട്ടും സംശയിക്കാതെ മിടുക്കനായ ആ കുട്ടി പറഞ്ഞു: ‘‘ലോകം ദൈവത്തിന്റെ കരങ്ങളിലാണ്.’’ ദൈവത്തിന്റെ പരിപാലനത്തെക്കുറിച്ച് അവന് അശേഷം സന്ദേഹമില്ല. കുടുംബത്തിൽ നിന്നു ലഭിച്ച പരിശീലനവും പരിജ്ഞാനവുമാണ് ചക്രവർത്തിയുടെ ചോദ്യങ്ങൾക്ക് ഉടനുത്തരം നൽകാൻ അവനെ പ്രാപ്തനാക്കിയത്. 

യേശുക്രിസ്തു കുഞ്ഞുങ്ങൾക്കു വലിയ പ്രാധാന്യം നൽകി. അവിടുന്നു കൽപിച്ചു: ‘‘പൈതങ്ങളെ എന്റെ അടുക്കൽ വരുവാൻ വിടുവിൻ.’’ ഒരു പൈതലിനെ കരങ്ങളിൽ ഉയർത്തിക്കൊണ്ടു പറഞ്ഞത് ‘‘സ്വർഗരാജ്യം ഇങ്ങനെയുള്ളവരുടേത്’’ എന്നാണ്. അങ്ങനെയുള്ള പൈതങ്ങൾക്ക് നേർവഴിയിലൂടെ ചരിക്കാനും ഉന്നതമൂല്യങ്ങൾ പിന്തുടരാനുമുള്ള പരിശീലനമാണു നൽകേണ്ടത്. 

വിശുദ്ധ പൗലോസ് നിർദേശിക്കുന്നു: ‘‘നിങ്ങൾ കുട്ടികളിൽ കോപം ഉളവാക്കരുത്. അവരെ കർത്താവിന്റെ ശിക്ഷണത്തിലും ഉപദേശത്തിലും പോറ്റിവളർത്തുവിൻ.’’ (എഫേ.6:4)

English Summary : Innathe Chintha Vishayam - Being a role model for your child

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.