പുതുവർഷ പ്രാർഥനകൾ

HIGHLIGHTS
  • കാലചക്രം വീണ്ടും മുന്നോട്ടു നീങ്ങുന്നു; മറ്റൊരു പുതുവർഷം എത്തിച്ചേർന്നിരിക്കുന്നു
  • പുതുവർഷം ശാന്തിയും സന്തോഷവും നിറഞ്ഞ ഒന്നാകട്ടെ എന്നാശംസിക്കുന്നു
innathe-chintha-vishayam-new-year-resolution-article-image
Representative Image. Photo Credit : Fit Ztudio / Shutterstock.com
SHARE

ദുരിതപൂർണവും വിനാശകരവുമായ സംവത്സരത്തോടാണു നാം വിടപറയുന്നത്. മധുരസ്വപ്നങ്ങളും ശുഭപ്രതീക്ഷകളുമായാണ് 2020നെ നാം സ്വാഗതം ചെയ്തത്. പക്ഷേ, ഈ വർഷം വച്ചുനീട്ടിയത് അപ്രതീക്ഷിത അനുഭവങ്ങളായിരുന്നു. കാലചക്രം വീണ്ടും മുന്നോട്ടു നീങ്ങുന്നു; മറ്റൊരു പുതുവർഷം എത്തിച്ചേർന്നിരിക്കുന്നു. ആശങ്കകളും ഉത്കണ്ഠകളും സ്വാഭാവികമായി ഉയർന്നുവരുമെങ്കിലും അവയെ അതിജീവിക്കാൻ മതിയായ പ്രത്യാശയും ശുഭാപ്തിവിശ്വാസവും നമ്മെ ഭരിക്കട്ടെ.

പുതുവർഷത്തിലേക്കു പ്രവേശിക്കാൻ പോവുകയാണല്ലോ. ഏതു തൊഴിലിൽ ഏർപ്പെട്ടിരിക്കുന്നവർക്കും തങ്ങളുടെ ദൗത്യം തൃപ്തികരമായി നിർവഹിക്കുന്നതിനായുള്ള ദൈവകൃപയ്ക്കായി അപേക്ഷിക്കാം. ദൈവത്തിന്റെ ശ്രേഷ്ഠമായ വാഗ്ദാനം ശ്രദ്ധിക്കുക: ‘ശുഭകരമായി പ്രവർത്തിപ്പാൻ നിന്നെ അഭ്യസിപ്പിക്കയും നീ പോകേണ്ട വഴിയിൽ നിന്നെ നടത്തുകയും ചെയ്യുന്ന നിന്റെ ദൈവമായ കർത്താവ് ഞാനാകുന്നു.’ (യെശ. 48:17) ദൈവത്തിന്റെ ഈ വാഗ്ദാനം നിറവേറ്റിക്കിട്ടാൻ അനുയോജ്യമായ പ്രാർഥന നൽകട്ടെ:

(1) ഞാൻ ആരാണ്, എനിക്ക് എന്തൊക്കെ പ്രവർത്തിക്കാൻ കഴിയും, എന്തെനിക്കു കഴിവില്ല എന്നു ശരിയായി മനസ്സിലാക്കാനുള്ള തിരിച്ചറിവ് എനിക്കു തരണമേ.

(2) എന്റെ പ്രാപ്തി ഏറ്റവും നല്ല നിലയിൽ ഉപയോഗപ്പെടുത്താൻ കഴിവുള്ള മാർഗങ്ങൾ സ്വീകരിക്കാൻ തക്ക ബുദ്ധി എനിക്കുണ്ടാവട്ടെ.‌

(3) എന്റെ തെറ്റുകൾ സന്തോഷത്തോടെ സമ്മതിക്കാനുള്ള വിവേകവും അനുഭവങ്ങളിൽനിന്നു പാഠം പഠിക്കാനുള്ള സന്നദ്ധതയും എനിക്കുണ്ടാകണമേ.

(4) മറ്റുള്ളവരിൽ നിന്ന് – അവർ ആരോ ആയിക്കൊള്ളട്ടെ – നല്ല കാര്യങ്ങൾ കണ്ടു പഠിക്കാനുള്ള വിനയം എനിക്കുണ്ടാകട്ടെ.

(5) ആവശ്യം നേരിടുമ്പോൾ പെട്ടെന്നു തീരുമാനമെടുക്കാനുള്ള ധൈര്യം എനിക്കുണ്ടാകണമേ; അനാവശ്യമായ സാഹസത്തിന് ഒരുമ്പെടുന്ന ശീലം എന്നിൽ ഉണ്ടാകാതെയും ഇരിക്കട്ടെ.

(6) എന്തെങ്കിലും പ്രവൃത്തി ചെയ്യാൻ തുടങ്ങുമ്പോൾ അക്കാര്യത്തിൽ മറ്റുള്ളവരുടെ പ്രതികരണം എന്തായിരിക്കുമെന്ന് അറിഞ്ഞുകൊണ്ടു പ്രവൃത്തി നിയന്ത്രിക്കാനുള്ള വിവേകം എന്നിൽ വളർന്നുവരട്ടെ.

(7) എനിക്ക് ഇടപഴകേണ്ടി വരുന്ന ഓരോ വ്യക്തിയുടെയും യോഗ്യത അറിഞ്ഞ്, അതനുസരിച്ച് അവരോടു പെരുമാറാനുള്ള സന്നദ്ധത എന്നിലുണ്ടാവട്ടെ. അവരുടെ വളർച്ച തടസ്സപ്പെടുത്താനോ അവരെ ഇകഴ്ത്തി എന്റെ നില മെച്ചപ്പെടുത്താനോ ഉള്ള ദുർമോഹം എന്നിലുണ്ടാകാതെയുമിരിക്കട്ടെ.

(8) എന്റെ കടമകൾ നിർവഹിക്കുന്നതിനു മറ്റുള്ളവരുടെയും സഹായം ആവശ്യമാണെന്ന് അറിഞ്ഞുകൊണ്ട് അത്തരം സഹായം അവരിൽനിന്നു വേണ്ടപോലെ ലഭിക്കത്തക്കവണ്ണം അവരോടു പെരുമാറാൻ എനിക്കു കഴിയണമേ.

(9) എന്റെ സഹപ്രവർത്തകരിൽനിന്ന് അറിയാതെ വല്ല തെറ്റും പറ്റിപ്പോയാൽ അവ ശരിയായി മനസ്സിലാക്കാനുള്ള സഹിഷ്ണുത എനിക്കുണ്ടാകട്ടെ. അത്തരം തെറ്റുകൾകൊണ്ടു വന്നുപോവുന്ന ഭവിഷ്യത്തുകളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാനുള്ള മനക്കരുത്ത് എനിക്കു നൽകണമേ.

(10) തൽക്കാല ആവശ്യത്തിനായി അപ്പപ്പോൾ തോന്നുന്ന പോലെ എന്തെങ്കിലും ചെയ്യാതെ, ജീവിതത്തെ സമഗ്രമായി കാണാനും അതിനെ വേണ്ടവിധം ഉപയോഗപ്പെടുത്താനും പര്യാപ്തമായ തത്വശാസ്ത്രം സ്വന്തമായി വളർത്തിക്കൊണ്ടു വരാനുള്ള കഴിവ് എനിക്കുണ്ടാകട്ടെ.

(11) പരിതസ്ഥിതികൾക്കനുസരിച്ചു ജീവിതം നയിക്കാനുള്ള അച്ചടക്കം എന്നിൽ വളർന്നുവരേണമേ. പെട്ടെന്നു വലിയ മാറ്റങ്ങൾ വരുത്താതെ സൂക്ഷ്മതയോടെ മുന്നോട്ടു പോകുന്നതിന് നിരന്തരം പരിശ്രമിക്കാനുള്ള ഉത്സാഹം എന്നെ കൈവിടാതെയുമിരിക്കട്ടെ.

(12) അവശർക്കു സഹായമായി തീരത്തക്കനിലയിലും അക്രമത്തോടും അനീതിയോടും പൊരുതാനുള്ള നെഞ്ചുറപ്പോടും അനന്തശക്തിയിലുള്ള എന്റെ വിശ്വാസത്തിന് അണുപോലും ക്ഷയം പറ്റാതെയും ജീവിതം നയിക്കുമാറാകുന്നതിന് എന്നെ അനുഗ്രഹിക്കണമേ.

പ്രാർഥനയോടൊപ്പം, നമ്മുടെ മൂന്നു ബന്ധങ്ങളും ഭദ്രമാക്കാൻ പുതുവർഷത്തിൽ തീരുമാനിക്കുകയും അതിനായി പരിശ്രമിക്കുകയും ചെയ്യുക – ദൈവത്തോടുള്ള ബന്ധം അന്യൂനം പാലിക്കപ്പെടട്ടെ. ആ ബന്ധമാണ് നമുക്ക് ഊർജം പകരുന്നതും ജീവിതം അർഥപൂർണമാക്കുന്നതും. രണ്ടാമത്, മറ്റുള്ളവരോടുള്ള ബന്ധമാണ്. വ്യാപകമായ അളവ് അതിനുണ്ടാകും. പ്രാഥമികമായി, കുടുംബത്തിലും അടുത്തു വർത്തിക്കുന്ന സമൂഹത്തിലുമുള്ളത്. സ്നേഹത്തിന്റെയും കരുതലിന്റെയും ക്ഷമയുടെയും വികാരങ്ങൾ ഏറെ പ്രകടമാകേണ്ടതുണ്ട്. മൂന്നാമത്തെ ബന്ധം നമ്മോടു തന്നെയുള്ളതാണ്. അവിടെ സംയമനത്തിന്റെയും കൃത്യനിഷ്ഠയുടെയും ഭാവങ്ങൾ ഉയരേണ്ടതുണ്ട്. പുതുവർഷം എല്ലാ ബന്ധങ്ങളും ഭദ്രമാക്കി, ശാന്തിയും സന്തോഷവും നിറഞ്ഞ ഒന്നാകട്ടെ എന്നാശംസിക്കുന്നു.

English Summary : Innathe Chintha Vishayam - What are some good prayers to say?

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA