യാത്രകൾക്കു വേണം, ലക്ഷ്യബോധം

innathe-chintha-vishayam-column-results-life-purpose-article-image
Representative Image. Photo Credit : KieferPix / Shutterstock.com
SHARE

രാജ്യങ്ങൾ തമ്മിലുള്ള പോരാട്ടം ചരിത്രത്തിലെങ്ങും കാണാം. പ്രത്യേകിച്ച് രാജവാഴ്ച നിലനിന്ന കാലത്ത് അതിനൊരു കുറവുമില്ലായിരുന്നു. തിരുവായ്ക്ക് എതിർവായില്ലാത്ത അക്കാലങ്ങളിൽ രാജാവിന്റെ ഹുങ്കു വെളിപ്പെടുത്താൻ അയൽരാജ്യത്തിനെതിരായി പുറപ്പെടും. ഒരു രാജാവ് എന്തോ കാരണം പറഞ്ഞ് അയൽരാജ്യത്തിനെതിരെ പോരാട്ടത്തിനിറങ്ങി. തീവ്രമായ പോരാട്ടത്തിൽ അനേകരുടെ ജീവൻ പൊലിഞ്ഞു. അവസാനം യുദ്ധത്തിനു പുറപ്പെട്ട ആൾ തന്നെ ജയിച്ചു. പിന്നീട് രാജധാനിയിലേക്കു ജൈത്രയാത്രയാണ്; ആന, കുതിര മുതലായവയുടെ അകമ്പടിയോടെ. അതിനു പിന്നാലെ പട്ടാളക്കാരുടെ നിര. മറുപക്ഷത്തെ രാജാവിന്റെ മകനായ കൗമാരക്കാരനെ തടവുകാരനായി കിട്ടിയിരുന്നു. അവന് ആജ്ഞ ലഭിച്ചു, നഗ്നപാദനായി നടക്കണം. തല മുണ്ഡനം ചെയ്യും. രാജവീഥിയിൽ ജയഭേരി മുഴക്കിനിൽക്കുന്ന ജനങ്ങളുടെ മുൻപിൽ അവനെ‍ കാഴ്ചവസ്തുവാക്കുക എന്നതായിരുന്നു ലക്ഷ്യം. 

മിടുക്കനായ ആ കുമാരൻ ചോദിച്ചു: എന്നെ കാണുമ്പോൾ ചുറ്റും നിൽക്കുന്ന ജനം പരിഹസിക്കുകയും ഇളിക്കുകയും ഒക്കെ ചെയ്യില്ലേ? എങ്ങനെയാണ് ഞാനവരുടെ നടുവിലൂടെ പോകുന്നത്? അപ്പോൾ രാജാവ് കൽപിച്ചു: ‘‘നിന്റെ കയ്യിൽ ഒരു കപ്പു നിറയെ പാൽ തരും. അതു തുളുമ്പാതെയും ഒരു തുള്ളിപോലും പുറത്തുപോകാതെയും യാത്രയിൽ പങ്കുചേരണം. അഥവാ കപ്പിൽനിന്നു തുളുമ്പി പുറത്തുപോയാൽ യാത്രയുടെ അവസാനം നിന്റെ തല ഛേദിച്ചു കളയും.’’ ആരുടെയും ഹൃദയം നടുങ്ങിപ്പോകുന്ന പ്രഖ്യാപനമാണ്. 

യാത്ര ആരംഭിച്ചു. വാദ്യമേളങ്ങളും ജനങ്ങളുടെ ഹർഷാരവങ്ങളും അന്തരീക്ഷത്തെ മുഖരിതമാക്കി. വിജയലഹരിയുടെ ഉന്മാദം എല്ലാവരെയും പുളകിതരാക്കി. അവരുടെ നടുവിൽ നിറഞ്ഞ കപ്പുമായി നീങ്ങുന്ന രാജകുമാരന്റെ ഹൃദയമിടിപ്പും ഉയർന്നുപൊങ്ങി. ഘോഷയാത്രയുടെ അന്ത്യത്തിലെത്തി. രാജകുമാരന്റെ അവസ്ഥ എന്താകുമെന്നത് എല്ലാവരുടെയും ഉത്കണ്ഠയായിരുന്നു. 

രാജകുമാരൻ തികച്ചും വിജയിയായി ദൗത്യം പൂർത്തീകരിച്ചു. എല്ലാവർക്കും ആശ്ചര്യവും അതിശയവുമായി. രാജാവ് ആ കൗമാരക്കാരനോടു ചോദിച്ചു: ‘‘തല മുണ്ഡനം ചെയ്ത്, നഗ്നപാദനായി നടക്കുന്ന നിന്നെ കണ്ട ജനത്തിന്റെ മുഖം എങ്ങനെയായിരുന്നു? ആക്ഷേപവും പരിഹാസവും അവരുടെ മുഖത്തു പ്രകടമായിരുന്നോ?’’ അവന്റെ ഉത്തരം: Your  Majesty, I did not see their face. I saw only life which I held in my hands. പ്രഭോ, ഞാൻ ജനങ്ങളുടെ മുഖമൊന്നും കണ്ടില്ല. ഞാൻ എന്റെ കയ്യിലിരുന്ന എന്റെ ജീവിതം മാത്രമേ കണ്ടുള്ളൂ. 

അവൻ പറഞ്ഞത് എത്ര വലിയ സത്യമാണ്. അവന്റെ ശ്രദ്ധ മുഴുവൻ പാൽക്കപ്പിലാണ്. അതിൽനിന്നു തുളുമ്പാതെ ലക്ഷ്യത്തിലെത്തിച്ചേരുകയായിരുന്നു അവന്റെ ആവശ്യം. അതുകൊണ്ട് ചുറ്റിലുമുള്ള മറ്റു കാര്യങ്ങളൊന്നും അവൻ കണ്ടില്ല. മറ്റൊന്നിലേക്കു ശ്രദ്ധ പതിയാതെ ഒന്നിൽ മാത്രം ശ്രദ്ധ പൂർണമായി പതിച്ച് യാത്ര നടത്തുകയായിരുന്നു. ഏകാഗ്രതയും സൂക്ഷ്മചലനവുമാണ് അവനെ ലക്ഷ്യത്തിലെത്തിച്ചത്. ലക്ഷ്യബോധം അവനെ അതീവ ശ്രദ്ധാലുവാക്കിത്തീർക്കുന്നു. 

ഈ കഥയിൽനിന്നു പല ജീവിതമൂല്യങ്ങൾ കണ്ടെത്താൻ കഴിയും. 

(1) ലക്ഷ്യബോധമില്ലാതെ ജീവിതവിജയം സാധ്യമല്ല. ഓരോ വ്യക്തിയുടെയും ലക്ഷ്യം വ്യത്യസ്തമായിരിക്കും. അത് അവരുടെ തൊഴിലിനെയും സാഹചര്യത്തെയും ആശ്രയിച്ചിരിക്കുന്നു. ഏതു മണ്ഡലത്തിൽ വ്യാപരിക്കുന്ന വ്യക്തിയായാലും ജീവിതത്തിനു വ്യക്തമായ ലക്ഷ്യം ആവശ്യമാണ്. ഒരാൾ എഴുതി: ‘‘ജീവിതം അർഥപൂർണമാകുന്നത്, പ്രാപിക്കാൻ ഒരു ലക്ഷ്യവും പ്രവർത്തിക്കാൻ പദ്ധതിയുമുള്ളപ്പോഴാണ്.’’ ഒലിവർ ഹോംസ് എഴുതി: The great thing in this World, is not so much where we are, but in what direction we are moving. ഈ ലോകത്തിലെ മഹത്തായ അവസ്ഥ, നാം എവിടെ ആയിരിക്കുന്നു എന്നതിനെക്കാൾ നാം ഏതു ലക്ഷ്യത്തിലേക്കു പ്രയാണം ചെയ്യുന്നു എന്നതാണ്. വ്യക്തമായ ലക്ഷ്യബോധമുള്ളവർക്കു മാത്രമേ ജീവിതത്തിൽ നേട്ടങ്ങൾ വരിക്കാനാകൂ. 

(2) നമ്മുടെ ശ്രദ്ധയും താൽപര്യവും തെറ്റിക്കാൻ പല കാര്യങ്ങളും കാര്യക്കാരും കാണും. അത്തരം വെല്ലുവിളികൾ എല്ലാ ജീവിതത്തിലുമുണ്ട്. ആകർഷകമെന്നും ആസ്വാദ്യമെന്നും തോന്നുന്നവയായിരിക്കും പലതും. അവിടെയാണ് നിശ്ചയദാർഢ്യം ആവശ്യമായിരിക്കുന്നത്. ആ രാജകുമാരന്റെ ശ്രദ്ധയാകർഷിക്കാൻ ചുറ്റിലും എന്തെല്ലാം ഉണ്ടായിരുന്നു. പക്ഷേ, അവന്റെ ശ്രദ്ധ മുഴുവൻ ആ പാൽക്കപ്പിൽ ആയിരുന്നത്, അവന്റെ ജീവൻ അതിനെ ആശ്രയിച്ചിരിക്കുന്നു എന്നതുകൊണ്ടാണ്. 

ജീവിതവിജയത്തെക്കുറിച്ച് അമേരിക്കൻ പ്രസിഡന്റ് തിയഡോർ റൂസ്‌വെൽറ്റ് എഴുതി: രണ്ടു തരത്തിലുള്ള വിജയങ്ങളുണ്ട്. ഒന്ന്, അത്യപൂർവമായി മാത്രമുള്ളത്. അതായത് മറ്റാർക്കും നേടാൻ കഴിയാത്തവണ്ണം ആ വ്യക്തിക്കു മാത്രം സാധ്യമായത്. അതിനു പ്രതിഭ എന്നു പറയാം. രണ്ടാമത്തേത് സാധാരണക്കാരനായ ഒരുവന്റെ വിജയമാണ്. എല്ലാവർക്കുമുള്ളതു പോലുള്ള കഴിവുകളും സാഹചര്യങ്ങളുമുള്ളവൻ. തന്റെ കഴിവുകളെ മറ്റുള്ളവരെക്കാൾ കൂടുതൽ വികസിപ്പിക്കുകയും പ്രയോജനപ്പെടുത്തുകയും ചെയ്യുന്നവൻ. നിശ്ചയമായും നമുക്കു രണ്ടാമത്തെ ഗണത്തിൽപെട്ടവരുടെ വിജയം കൈവരിക്കാനാകും. ജീവിതം ഒരു ഭാരമല്ല, വിലപ്പെട്ട അവസരമായി കണ്ടു പ്രവർത്തിക്കാനാകും. 

English Summary : Innathe Chintha Vishayam - What does it mean to live a life of purpose?

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.