നീട്ടിവയ്ക്കൽ വിനാശകരം

innathe-chintha-vishayam-dreadful-effects-of-procrastination-that-can-destroy-your-life
Representative Image. Photo Credit: TippaPatt / Shutterstock.com
SHARE

നമ്മിൽ പലരിലും കാണുന്ന ഒരു ദുശ്ശീലമാണ് ‘കാര്യങ്ങൾ നീട്ടിവയ്ക്കുക’ എന്നത്. യഥാസമയം ചെയ്യേണ്ട കർത്തവ്യം ഒരു കാരണവും കൂടാതെ മറ്റൊരവസരത്തിലേക്കു മാറ്റിവയ്ക്കുന്ന സ്വഭാവം. അങ്ങനെ ദിവസവും മാസവും കഴിഞ്ഞാലും കാര്യം നിർവഹിക്കാതെ തനിക്കും മറ്റുള്ളവർക്കും പ്രശ്നങ്ങൾ സൃഷ്ടിക്കുക. എത്ര മോശമായ സ്വഭാവമാണിത്.

ഒരു യുവാവ് തനിക്ക് അർഹതപ്പെട്ട സ്കോളർഷിപ്പിനായി ബന്ധപ്പെട്ട അധികാരികൾക്ക് അപേക്ഷ അയച്ചു കാത്തിരുന്നു. അപേക്ഷയ്ക്കും അത് ഓർമപ്പെടുത്തിക്കൊണ്ടുള്ള കത്തുകൾക്കും മറുപടിയൊന്നും ലഭിക്കാതെ വന്നപ്പോൾ ആ യുവാവ് ഒരു നേതാവിനോടു തന്റെ സങ്കടം അറിയിച്ചു. ബന്ധപ്പെട്ട ഉദ്യോഗസ്ഥരോടു ചോദിച്ചപ്പോൾ താമസം നേരിട്ടതിൽ ഖേദിക്കുന്നുവെന്നും ആവശ്യമായ പണം അനുവദിച്ചിട്ടുണ്ടെന്നും അറിയിച്ചു. അനുവദിച്ച സംഖ്യ ഏറെ കഴിഞ്ഞിട്ടും കിട്ടിയില്ല. അക്കാരണത്താൽ യുവാവിന്റെ പഠനമെല്ലാം താറുമാറായി. ഉദ്യോഗസ്ഥനോടു പിന്നെയും സങ്കടം ബോധിപ്പിച്ചു കാത്തിരുന്നു.

ഏതെങ്കിലുമൊരു ജീവനക്കാരന്റെ അലസതകൊണ്ടു സംഭവിക്കുന്ന ദുരന്തമായിരിക്കാം അത്; ഒരു കുട്ടിയുടെ ഭാവിയാകെ അപകടത്തിലാക്കുകയാണ്, ആ താമസം. എന്തു ശിക്ഷ കൊടുത്താലും അധികമാകാത്ത അപരാധമാണിത്. ഇത്തരം സംഭവങ്ങൾ ഒറ്റപ്പെട്ടതല്ല. എത്ര വേണമെങ്കിലും ദിവസേനയെന്നോണം നടക്കുന്നുണ്ട്. ആവലാതിപ്പെട്ടിട്ട് ഒരു പരിഹാരവും ഉണ്ടാകാത്ത അനീതികൾ!

‘‘എന്താണ് ഇത്ര തിരക്ക്? അതവിടെ കിടക്കട്ടെ. ഞാനൊന്ന് ഇരിക്കട്ടെ’’ എന്നാണ് ചിലരുടെയെങ്കിലും മനോഭാവം. ജീവിതത്തിൽ നേട്ടങ്ങൾ സ്വന്തമാക്കണമെന്നു വിചാരിക്കുന്ന ഒരാൾ ഇത്തരം പ്രവണത മാറ്റിയില്ലെങ്കിൽ അത് അയാളെ കഷ്ടത്തിലാക്കും. മറ്റുള്ളവരെയും ദുരിതത്തിലേക്കു വലിച്ചിടും. ഒരു കത്തു കിട്ടിയാൽ അതിനുള്ള മറുപടി കഴിയുന്നതും വേഗത്തിലയയ്ക്കണം. അതുപോലെ അന്നന്നു ചെയ്യേണ്ടത് അന്നന്നു ചെയ്യണം. അതു മറ്റുള്ളവർക്കു നിങ്ങളിലുള്ള വിശ്വാസം വർധിപ്പിക്കും. നിങ്ങളുടെ കാര്യശേഷിയിൽ നിങ്ങൾക്കുള്ള വിശ്വാസവും വർധിപ്പിക്കും.

തക്കസമയത്തു ചെയ്യേണ്ടതു ചെയ്തുതീർക്കുന്നതിനിടെ ചില അസൗകര്യങ്ങൾ നേരിട്ടേക്കാം. എന്നാൽ പോലും ചെയ്യേണ്ട കാര്യം നീട്ടിവയ്ക്കരുത്.

ഒരു ബിൽ കൊടുക്കാനുണ്ടെന്നു കരുതുക. അതു നീട്ടിവച്ചാൽ അടുത്തു മറ്റൊരു ബിൽ വരും. അതും അവിടെ കിടക്കും. അങ്ങനെ രണ്ടു പ്രാവശ്യം നീട്ടുമ്പോഴേക്കും അതൊരു സ്വഭാവമായിത്തീരും. ബില്ലുകൾ കൂടിവന്ന് എല്ലാം ഒന്നിച്ചു കൊടുക്കാൻ കഴിയാതെ നട്ടംതിരിഞ്ഞേക്കാം. നീട്ടിവയ്ക്കൽ ശീലിച്ചാൽ ജോലി ചെയ്യുന്നതുതന്നെ ശല്യമായിത്തീരും. അത്തരം അലസത ഒരാളിൽ കടന്നുകൂടിയാൽ പിന്നെ എന്തായിരിക്കും സ്ഥിതി? അയാൾക്കു സൗഖ്യമെവിടെ? സമാധാനം എവിടെ? ഭാവി എവിടെ?

ഇഷ്ടമില്ലാത്തത് ആദ്യം ചെയ്യാനാവണം നാം ശ്രമിക്കേണ്ടത്. അത് ആരംഭത്തിൽ കുറെ പ്രയാസമായി തോന്നിയേക്കാം. എന്നാൽ, അതിൽ ഉറച്ചുനിന്നാൽ അങ്ങനെ ചെയ്യുന്നതു നമ്മുടെ ശീലമായിത്തീരും. പ്രയാസമുള്ളത് ആദ്യം ചെയ്താൽ പ്രയാസമില്ലാത്തതു ചെയ്യുന്നത് എളുപ്പം മാത്രമല്ല സന്തോഷകരമായ അനുഭവംകൂടിയായി തോന്നും. ഈ നല്ല ശീലം വളർത്തിയെടുക്കുന്നത് നമുക്കും മറ്റുള്ളവർക്കും എന്തൊരനുഗ്രഹമായിരിക്കും.

തീരുമാനങ്ങൾ ചിലപ്പോൾ തെറ്റായിത്തീർന്നുവെന്നു വരാം. അതുകൊണ്ടു തരക്കേടില്ല. തെറ്റ് ആർക്കും സംഭവിക്കുന്നതാണല്ലോ. എന്നാൽ, തീരുമാനങ്ങളെടുക്കാതെ കാര്യങ്ങൾ നീട്ടിക്കൊണ്ടു പോകുന്ന വ്യക്തിയെ മറ്റുള്ളവർ വെറുക്കും. അയാളെ ആരും വിശ്വസിക്കുകയുമില്ല. പ്രവൃത്തി ചെയ്യുന്നതിനു ചില ചിട്ടകളും ക്രമങ്ങളും ഉണ്ടായിരിക്കണം. നീട്ടിവയ്ക്കുന്ന ആളുകളുടെ സ്വഭാവം നേരെ മറിച്ചാണ്. കടലാസുകളും മറ്റും വാരിവലിച്ചിടുന്ന ചിലരുണ്ട്. ജോലി കാര്യക്ഷമമായി ചെയ്യുന്നതിന് എന്തൊരു തടസ്സമായിരിക്കും അത്?

ചെലവാക്കുന്ന പണത്തിന് അന്നന്നു കൃത്യമായി കണക്കെഴുതിവയ്ക്കുക; കിട്ടുന്ന കത്തുകൾക്ക് അപ്പപ്പോൾ മറുപടി അയയ്ക്കുക. കാണാൻ നിശ്ചയിച്ച ആളുകളെ കൃത്യസമയത്തു കാണുക. ഏറ്റ കാര്യങ്ങൾ തക്കസമയത്തു നിറവേറ്റുക – അങ്ങനെയുള്ള ഒരാൾ ക്രമേണ ഔന്നത്യത്തിൽ എത്താതിരിക്കില്ല. സ്ഥാനമാനങ്ങൾ കൈവന്നിട്ടില്ലെങ്കിൽകൂടി സമൂഹത്തിൽ ആ വ്യക്തിക്ക് അംഗീകാരവും സ്വാധീനശക്തിയും ഉണ്ടാകും.

മറ്റുള്ളവരോട് ദയയും ദാക്ഷിണ്യവുമുണ്ടായിരിക്കണം. അങ്ങനെയുള്ള ഒരാൾ കൃത്യനിർവഹണം നീട്ടിവയ്ക്കില്ല. എന്തെന്നാൽ അതു മറ്റുള്ളവർക്കു ക്ലേശവും പ്രയാസവുമുണ്ടാക്കുമെന്ന് അയാൾക്കറിയാം. കൃത്യനിഷ്ഠയിൽ മനസ്സുവച്ചാൽ മറ്റെല്ലാം ശരിക്കു ചെയ്യാനുള്ള സ്വഭാവം തനിയേ നമുക്കുണ്ടാകും. ചെറുപ്പത്തിൽത്തന്നെ വളർത്തിക്കൊണ്ടു വരേണ്ടതാണത്. പ്രായം ചെന്നവരും പരിശ്രമിക്കേണ്ടതാണ്.

പൗലോസ് അപ്പോസ്തലൻ ഓർമപ്പെടുത്തുന്നു: ‘‘അതുകൊണ്ടു ജീവിക്കുന്നത് എങ്ങനെയാണ് എന്നുള്ളതിനെപ്പറ്റി നിങ്ങൾ ശ്രദ്ധയുള്ളവരായിരിക്കണം. അജ്ഞാനികളെപ്പോലെയല്ല, ജ്ഞാനികളെപ്പോലെ നിങ്ങൾ ജീവിക്കുക. നിങ്ങൾക്കു ലഭിക്കുന്ന എല്ലാ അവസരങ്ങളും യഥായോഗ്യം പ്രയോജനപ്പെടുത്തുക; എന്തെന്നാൽ ഇതു ദുഷ്കാലമാണ്. നിങ്ങൾ ബുദ്ധിശൂന്യരാകാതെ നിങ്ങൾ ചെയ്യണമെന്നു കർത്താവ് ഇച്ഛിക്കുന്നത് എന്താണെന്നു കണ്ടുപിടിക്കുക’’ (എഫേ. 5: 15–17).

English Summary : Innathe Chintha Vishayam - Dreadful effects of procrastination that can destroy your life

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA