അടിച്ചുമാറ്റൽ

HIGHLIGHTS
  • മെഡലുകളും ട്രോഫിയും ജഴ്സിയും നഷ്ടപ്പെട്ടവരുടെ കഥകൾ
kadhakkoottu-new-july18
SHARE

വിലപിടിപ്പുള്ള ഏതെങ്കിലുമൊരു സാധനം പൊതു ഇടത്തിൽനിന്നു കാണാതായാൽ പിറ്റേന്നുതന്നെ പത്രങ്ങളും സോഷ്യൽ മീഡിയയും ചാടി വീഴുന്ന കേരളത്തിൽ പോലും ഇതാണ് അനുഭവമെങ്കിൽ ഇനി ഏതെങ്കിലും കായികതാരം തന്റെ കളിജീവിതത്തെ ഓർമപ്പെടുത്തുന്ന എന്തെങ്കിലും പൊതു പ്രദർശനത്തിനു കൊടുക്കുമോ?

സച്ചിൻ തെൻഡുൽക്കർ അവസാന ടെസ്റ്റിൽ അണിഞ്ഞ ജഴ്സി, സച്ചിനു പുറമേ ധോണി, ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീമംഗങ്ങൾ എന്നിവർ ഒപ്പിട്ട ബാറ്റുകൾ, മറ്റു കായികോപകരണങ്ങൾ, ക്രിക്കറ്റിലെ അപൂർവ ചിത്രങ്ങൾ, സച്ചിന്റെ സെഞ്ചുറികളെ ഓർമിപ്പിച്ച് 100 പന്തുകളിൽ അവ രേഖപ്പെടുത്തിയ സ്മരണിക എന്നിവ കൊച്ചി കലൂരിലെ നെഹ്റുസ്റ്റേഡിയത്തിൽനിന്നു കാണാതാവുക മാത്രമല്ല, സച്ചിൻ പവിലിയൻ തന്നെ ഇല്ലാതാവുകയും ചെയ്തിട്ട് മൂന്നു വർഷമായപ്പോൾ മാത്രമാണ് അതു വിവാദമാകുന്നത്.

രാഷ്ട്രം ഭാരതരത്നം നൽകി ആദരിച്ച സച്ചിൻ തെൻഡുൽക്കർ മാത്രമല്ല ഇങ്ങനെ അപമാനിതനായിട്ടുള്ളത്.

രണ്ടാഴ്ചമുൻപ് ഈ പംക്തിയിൽ അവതരിപ്പിച്ച ബൽബീർ സിങ്തന്നെ ഇതിന്റെ ഇരയാണ്. രാജ്യാന്തര ഹോക്കി ഫെഡറേഷന്റെ ബഹുമതി നേടിയ ആദ്യഇന്ത്യക്കാരനായ അദ്ദേഹം  തനിക്കു ലഭിച്ച പ്രധാനപ്പെട്ട 36 മെഡലുകളും 1985 ൽ സ്പോർട്സ് അതോറിറ്റി ഓഫ്  ഇന്ത്യയുടെ മ്യൂസിയത്തിലേക്കു നൽകിയിരുന്നു. ലോകത്തിലെ മികച്ച 16 ഒളിംപ്യന്മാരെ ആദരിക്കുന്ന ലണ്ടനിലെ ചടങ്ങിലേക്ക് 2012 ൽ ക്ഷണം കിട്ടിയപ്പോൾ ആ മെഡലുകൾ  കുറച്ചുകാലത്തേക്കു തരാൻ ബൽബീർ അഭ്യർഥിച്ചു. എന്നാൽ അവ എവിടെയെന്ന് അറിയില്ലെന്നായിരുന്നു പട്യാലയിൽനിന്നുള്ള മറുപടി. അത് ആരാണ് അവിടെനിന്നു പൊക്കിയതെന്ന് അറിയാതെയായിരുന്നു കഴിഞ്ഞ മാസം 96–ാം വയസ്സിൽ ബൽബീർ കടന്നുപോയത്.

ഇംഗ്ലണ്ടിൽ ആദ്യമായി 1895 ൽ എഫ്എ കപ്പ് നേടിയ ആസ്റ്റൺവില്ല ടീമിന്റെ കൈയിൽനിന്ന് അധികം കഴിയും മുൻപ് ട്രോഫി നഷ്ടപ്പെട്ടു. അതു പിന്നീടു കണ്ടെത്തിയെങ്കിലും നാണയങ്ങളുണ്ടാക്കാനായി മോഷ്ടാക്കൾ അത് ഉരുക്കിക്കളഞ്ഞിരുന്നു.

ഒരു നൂറ്റാണ്ടുകഴിഞ്ഞ് 1982 ൽ ബയേൺമ്യൂണിക്കിനെ തോൽപിച്ച് ആസ്റ്റൺവില്ല നേടിയ യൂറോപ്യൻ കപ്പും പ്രദർശനത്തിനു വച്ചിടത്തുനിന്ന് മോഷണം പോവുകയുണ്ടായി. ഭാഗ്യത്തിന് ഷെഫീൽഡ് പൊലീസ് അതു വീണ്ടെടുത്തു.

ലോകകപ്പ് ഫുട്ബോൾ മത്സരത്തിലെ വിജയികൾക്കു സമ്മാനിക്കാറുള്ള ജൂൾസ് റിമെ കപ്പ്  1966 ൽ ഇംഗ്ലണ്ടിലെ ലോകകപ്പ് തുടങ്ങുന്നതിനു മാസങ്ങൾക്കു മുൻപു നഷ്ടപ്പെട്ടത് വളരെ ഒച്ചപ്പാടുണ്ടാക്കിയിരുന്നു. ഒടുവിൽ അത് വലിച്ചെറിയപ്പെട്ട നിലയിൽ ഒരു തോട്ടത്തിൽനിന്ന് പിക്കിൾസ് എന്ന പൊലീസ്നായ കണ്ടെടുക്കുകയായിരുന്നു. രണ്ടുകോടി ഡോളർ വിലയുള്ള ഈ സ്വർണക്കപ്പ് 1983 ൽ ബ്രസീലിലെ റിയോ ഡി ജനീറോയിൽ വീണ്ടും കളവു പോയി. ബുള്ളറ്റ് പ്രൂഫ് കെയ്സിൽ വച്ചിരുന്ന ട്രോഫിയുടെ മരത്തിൽ തീർത്ത അടിക്കട്ട മാത്രമാണു കണ്ടുകിട്ടിയത്.

ബ്രാഡ്ഫോഡിൽനിന്ന് 1970 ൽ റഗ്ബി ലീഗ് കപ്പ് മോഷണം പോയപ്പോൾ മറ്റൊരു  കപ്പുണ്ടാക്കിയാണ് ലോകകപ്പ് മത്സരം നടത്തിയത്. കേരളത്തിലും പകരം ട്രോഫി വച്ച് ഒരു ടൂർണമെന്റ് നടത്തിയ കഥ പുറകെ പറയാം.

ഏറെ പ്രയാസപ്പെട്ടു നേടിയ ലിപ്ടൺ ട്രോഫി ന്യൂസീലൻഡിലെ ഓക്‌‌ലൻഡ് ക്ലബ്ബിനു നഷ്ടപ്പെട്ടതും ആർജന്റീനയിൽ പ്രദർശനത്തിനുവച്ച ജക്കാർത്ത കപ്പ് കവർച്ച ചെയ്യപ്പെട്ട ശേഷം അതിൽ പതിച്ചിരുന്ന രത്നങ്ങൾ അടർത്തിമാറ്റിയ നിലയിൽ തിരിച്ചുകിട്ടിയതും അക്കാലത്ത് ചൂടുള്ള വാർത്തയായിരുന്നു.

കേരളത്തിലെ രണ്ടു ട്രോഫികൾക്കും പറയാനുണ്ട്, നഷ്ടപ്പെടലിന്റെ കഥകൾ.

കോട്ടയത്ത് അൻപതുകളിൽ ആരംഭിച്ച മാമ്മൻ മാപ്പിള ട്രോഫി ഫുട്ബോൾ ടൂർണമെന്റ് ഏതാനും വർഷത്തിനുശേഷം മുടങ്ങിപ്പോയിരുന്നു. എഴുപതുകളിൽ അതു പുനരാരംഭിക്കുമ്പോഴാണറിയുന്നത് മുൻജേതാക്കൾ ട്രോഫി തിരിച്ചു തന്നിട്ടില്ലെന്ന്. അവരോടു ചോദിച്ചപ്പോൾ ട്രോഫി കാണാനില്ലെന്ന ഒഴുക്കൻ മറുപടിയാണു കിട്ടിയത്. തനി വെള്ളിയിൽ തീർത്ത ആ ട്രോഫി അവസാനം മനോരമയുടെ സ്വാധീനങ്ങളെല്ലാം ഉപയോഗിച്ച് മുംബൈയിൽനിന്നു വീണ്ടെടുക്കുകയായിരുന്നു.

ഒരു കാലത്ത് കേരളത്തിന്റെ വികാരമായിരുന്ന സേട്ട് നാഗ്ജി ഫുട്ബോൾ ടൂർണമെന്റ് കോഴിക്കോട് ആരംഭിക്കുന്നത് 1952 ൽ ആണ്. 1981 ലെ  ജേതാക്കളായ മോഹൻബഗാൻ കൊൽക്കത്തയ്ക്കു കൊണ്ടുപോയ ട്രോഫി തിരിച്ചുകിട്ടിയില്ല. ക്ലബ്ബും സെക്രട്ടറിയും തമ്മിലുള്ള  തർക്കത്തിൽ ട്രോഫി കാണാതായ വിവരം പുറത്തറിയിക്കാതെ അതുപോലെ ഒരു ട്രോഫി വീണ്ടും ഉണ്ടാക്കി കോഴിക്കോട്ടെ സംഘാടകർ ടൂർണമെന്റ് തുടർന്നു നടത്തിയെങ്കിലും 1995 നു ശേഷം മത്സരങ്ങൾ നടക്കാതായി.

പതിനഞ്ചു വർഷത്തിനുശേഷമായിരുന്നു നാടകീയമായി യഥാർഥ ട്രോഫി തിരിച്ചുകിട്ടുന്നത്. ട്രോഫി മോഹൻബഗാൻ ക്ലബ്ബിൽനിന്ന് അടിച്ചുമാറ്റി വീട്ടിൽ ഒളിപ്പിച്ചിരുന്ന സെക്രട്ടറി മരണക്കിടക്കയിൽ ഭാര്യയോടു പറഞ്ഞ് ആ ട്രോഫി ക്ലബ്ബിനെ തിരികെയേൽപ്പിച്ചു. കോഴിക്കോട് എത്തിയ മോഹൻ ബഗാൻ ടീം 2010 ൽ ആ ട്രോഫി കോഴിക്കോട് ഫുട്ബോൾ അസോസിയേഷനെ തിരിച്ചേൽപ്പിച്ചു.

പക്ഷേ, വിധിയുടെ കളിനോക്കണേ, ടൂർണമെന്റിന്റെ പിന്നിലുണ്ടായിരുന്ന സേട്ട് നാഗ്ജി കമ്പനി തന്നെ അപ്പോഴേക്ക് കോഴിക്കോട്ട് ഇല്ലാതായിക്കഴിഞ്ഞിരുന്നു.

English Summary: Kadhakoottu Column by Thomas Jacob

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA