സ്വരപേടകം

Kadhakkoottu1200-Oct10
പി. ജയചന്ദ്രൻ, കിശോരി അമോങ്കർ, സോമയാജുലു
SHARE

ഉപയോഗിക്കുംപോലെ തന്നെ ഉപയോഗിക്കാതിരിക്കുന്നതും ശബ്ദത്തെ സംബന്ധിച്ച് അങ്ങേയറ്റം പ്രാധാന്യമുള്ളതാണെന്ന് റസൂൽ പൂക്കുട്ടി ഓർമിപ്പിക്കാറുണ്ട്. ഒരു തലമുറക്കാലം ശബ്ദത്തെ ഉപാസിച്ച് ഓസ്കർ നേടിയ ആൾ ഇത് കൃത്യമായി അറിയുന്ന ആളാകണമല്ലോ.

  

ഉയർന്ന ഡെസിബലിൽ സംസാരിക്കുന്നതുപോലെ തന്നെ സ്വനപേടകത്തിനു സമ്മർദമുണ്ടാക്കുന്നതാണ് ഒരാളോട് ചെവിയിൽ പറയുന്നതുപോലെ ശബ്ദം തീരെ താഴ്ത്തി സംസാരിക്കുന്നതും എന്നു ഞാൻ അറിഞ്ഞത് ശബ്ദത്തിനു തകരാറുണ്ടായി ഒരു ഡോക്ടറുടെ അടുത്തു ചെന്നപ്പോഴാണ്.

ശബ്ദത്തിന് കുഴപ്പമുണ്ടായതായി നാം കേൾക്കുന്നവരിൽ ഭൂരിപക്ഷവും ശബ്ദം കൊണ്ടു ജീവിക്കുന്ന സംഗീതജ്ഞരാണ്. നമ്മുടെ സ്വരസംസ്കൃതിക്കേറ്റ പ്രഹരങ്ങളാണത്. ചെമ്പൈ വൈദ്യനാഥ ഭാഗവതർക്കും മിൻമിനിക്കും ശബ്ദം പോയതിനെപ്പറ്റി കഥക്കൂട്ടിൽ മുൻപു പറഞ്ഞിട്ടുണ്ട്.

കാതടപ്പിക്കുന്ന ശബ്ദം കേട്ടാൽ പിന്നെ കുറെ നേരത്തേക്കുണ്ടാകുന്ന ബധിരതയെപ്പറ്റി നമുക്കൊക്കെ അറിയാം. ഇൗ ബധിരത മൂലം ഒരിക്കൽ തലശ്ശേരിയിൽ ജീവൻ നഷ്ടപ്പെട്ടത് 28 പേർക്കാണ്. തലശ്ശേരി ജഗന്നാഥ ക്ഷേത്രത്തിലെ വെടിക്കെട്ടിൽ രസിച്ച് റെയിൽ പാളത്തിൽ നിൽക്കുകയായിരുന്നു അവർ.  കണ്ണൂർ–കൊച്ചി എക്സിക്യൂട്ടീവ് ട്രെയിൻ ചൂളം വിളിച്ചുവരുന്നത് അറിഞ്ഞില്ല. 

ഇന്ത്യാവിഷൻ ചാനലിന്റെ ഉദ്ഘാടനത്തിന് 2003 ജനുവരിയിൽ ഗായകൻ പി. ജയചന്ദ്രൻ കോഴിക്കോട്ടെത്തിയെങ്കിലും ശബ്ദം പൂർണമായി അടഞ്ഞ അവസ്ഥയിലാകയാൽ പരിപാടിയിൽ പങ്കെടുക്കാതെ മടങ്ങേണ്ടിവന്നു.

ഇതുപോലെ മുൻപൊരിക്കലും സംഭവിച്ചിരുന്നു. അന്ന് അമ്മ ഗുരുവായൂരപ്പന് പൊന്നോടക്കുഴൽ കാഴ്ചവച്ച് പ്രാർഥിച്ചു. തൃശൂരിലെ ഒരു ഇഎൻടി വിദഗ്ധൻ ചികിത്സിക്കുകയും ചെയ്തു. 

പക്ഷേ, ഇത്തവണ ഇഎൻടി ഡോക്ടറെ കണ്ടപ്പോൾ  ഒരുമാസത്തെ പൂർണമായ ശബ്ദവിശ്രമമാണ് ഏറ്റവും ഫലപ്രദമായ ചികിത്സയെന്ന് പറഞ്ഞു. കൂട്ടുകാരനായ ഒരു ഹോമിയോ ഡോക്ടറുടെ മരുന്നു കഴിച്ചു മുപ്പതു ദിവസം ഒരു വാക്കുപോലും പറയാതെ കഴിച്ചുകൂട്ടിയ നിശ്ചയദാർഢ്യത്തിനു മുന്നിൽ അസുഖം കീഴടങ്ങി.

ഇന്ത്യയിലെ വലിയ സംഗീതജ്ഞയായിരുന്ന കിശോരി അമോങ്കർക്ക് ഇരുപത്തഞ്ചാം വയസ്സിൽ ശബ്ദം നഷ്ടപ്പെട്ടു. അലോപ്പതി മരുന്നുകൾക്കോ ശാരീരിക നിയന്ത്രണങ്ങൾക്കോ അവരെ രക്ഷിക്കാനായില്ല. പുണെയിൽനിന്നുള്ള ഒരു ‘വിശുദ്ധനെ’ കണ്ടുമുട്ടിയതാണ് വഴിത്തിരിവായത്. ആയുർവേദത്തിലൂടെ ശബ്ദം തിരിച്ചു തരാമെന്ന് സർ ദേശ്മുഖ് മഹാരാജ് ഉറപ്പു പറഞ്ഞു. രണ്ടു വർഷമെടുത്തു. പക്ഷേ, കിശോരിക്കു ശബ്ദം തിരിച്ചുകിട്ടി. 

എഴുപത്തഞ്ചാം പിറന്നാൾ 2017ൽ ആഘോഷിച്ച ശാസ്ത്രീയ സംഗീതജ്ഞ ലളിത് ജെ. റാവുവിന് ഒരിക്കൽ അവരുടെ ശബ്ദം നഷ്ടമായി. പിന്നീട് വർഷങ്ങൾ വേണ്ടിവന്നു അവർക്ക് സ്വനപേടകത്തിന്റെ ശക്തി വീണ്ടെടുക്കാൻ. എന്നാൽ സംഗീതത്തിലെ പഴയ പ്രതാപത്തിലേക്കു തിരിച്ചുവരാൻ അവർക്കായില്ല. എൻജിനീയറിങ്ങിൽ ഉന്നത ബിരുദമുള്ള അവർ അതോടെ യുവ സംഗീതജ്ഞരെ പരിശീലിപ്പിക്കുന്നതിലേക്കു തിരിഞ്ഞു.

തിരുവനന്തപുരത്തെ സ്വാതി തിരുനാൾ സംഗീത വിദ്യാലയത്തിൽ 1969 വരെ പ്രിൻസിപ്പലായിരുന്ന കെ.ആർ. കുമാരസ്വാമിക്ക് 1950ൽ സ്വരപേടകത്തിൽ വന്ന സ്തംഭനം മൂലം ശബ്ദം നിലച്ചു. ചികിത്സയിൽ ശബ്ദം തിരിച്ചു കിട്ടിയെങ്കിലും അത് പൂർണമായി വീണ്ടെടുക്കാൻ കഴിഞ്ഞില്ല.

ആകാശവാണിയിലെ പ്രക്ഷേപണകലയിൽനിന്ന് സംപ്രേക്ഷണ കലയിലേക്കു വന്ന ഫ്ലവേഴ്സ് ചാനലിലെ ആർ. ശ്രീകണ്ഠൻ നായർക്കും ഒരിക്കൽ ശബ്ദം പോയി. തുടർച്ചയായി ശബ്ദമുയർത്തി ഇടപെടുന്നതു കാരണം വോക്കൽ കോർഡിനു തകരാർ സംഭവിച്ചതോടെ ചില വാക്കുകൾ ഉച്ചരിക്കാൻ കഴിയാതായി.

ഭാഗധേയം, ഭാര്യാഭർതൃബന്ധം എന്നീ വാക്കുകൾ നിരന്തരം പറയണമെന്ന് ഡോക്ടർ പറഞ്ഞു. പിന്നീടെപ്പോഴോ ശബ്ദം തിരിച്ചെത്തി.

പലരും സ്വയം വിരമിക്കലിനെപ്പറ്റി ആലോചിക്കുന്ന അൻപത്തൊന്നാം വയസ്സിലാണ് ജോന്നാലാഗദ്ദ വെങ്കട സോമയാജുലു ഒരു ചലച്ചിത്ര നടനായത്. സംവിധായകൻ കെ. വിശ്വനാഥിന്റെ ‘ശങ്കരാഭരണ’ത്തിലെ ശങ്കര ശാസ്ത്രിയെന്ന നിലയിൽ അദ്ദേഹം ലോകമാകെ അറിയപ്പെട്ടു. ശങ്കരശാസ്ത്രിക്കുവേണ്ടി മുഴക്കമുള്ള സ്വരത്തിൽ സംസാരിച്ച സോമയാജുലുവിന് ഷൂട്ടിങ്ങിനും ഡബ്ബിങ്ങിനും ശേഷം ആറുമാസത്തേക്ക് ശബ്ദം നഷ്ടപ്പെട്ടുവെന്നത് പലർക്കും അറിയില്ല.

ശബ്ദംകൊണ്ട് ആറാട്ട് നടത്തുന്നവർക്കു മാത്രമല്ല ശബ്ദം നഷ്ടപ്പെടുന്നത്. മകൻ പി. പത്മരാജന്റെ മരണത്തെയൊക്കെ ശാന്തമായി നേരിട്ട അമ്മ ‍ഞവരയ്ക്കൽ ദേവകിയമ്മയ്ക്ക് അതിന് ഒന്നര വർഷത്തിനുശേഷം ശബ്ദം നഷ്ടപ്പെട്ടതിനെപ്പറ്റി പത്മരാജന്റെ മകൻ അനന്തപത്മനാഭൻ എഴുതിയിട്ടുണ്ട്.

‘‘ഉള്ളിൽ എല്ലാം അറിയുന്നുണ്ട്. പക്ഷേ, പുറത്തേക്കു വരുന്നില്ല. ആയിടെ എന്റെ അമ്മയുടെ അമ്മ മരിച്ചു. അവിടെപ്പോയി മടങ്ങവെ, അമ്മയുടെ അവിവാഹിതയായ ചെറിയമ്മയെ ഞങ്ങൾ തിരുവനന്തപുരത്തേക്കു കൊണ്ടുപോന്നു. യാത്രാമധ്യേ അമ്മൂമ്മയെ കാണാൻ മുതുകുളത്ത് ഇറങ്ങി. ചെറിയമ്മയെ കണ്ടതും അമ്മൂമ്മ വല്ലാതെ കരഞ്ഞു. 

തേങ്ങലുകൾക്കിടയിൽനിന്ന് ചെറിയമ്മയെ നോക്കി അമ്മൂമ്മ പറഞ്ഞ രണ്ടു വാക്കുകൾ ഞാൻ വ്യക്തമായി കേട്ടു: ‘പാവം, പാവം’.

പിന്നെ അമ്മൂമ്മ സംസാരിക്കുന്നത് പ്രിയപ്പെട്ട പേരമകൻ രാജി കാലിൽ നമസ്കരിച്ചപ്പോഴാണ്. അപ്പോൾ വ്യക്തമായി അമ്മൂമ്മ പറഞ്ഞു: ‘നന്നായി വരും, നന്നായി വരും.’ അതായിരുന്നു അവസാന വാക്കുകൾ.’’

English Summary : ‘Kadhakoottu’ Column written by Thomas Jacob, Loss of voice

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.