സാക്ഷാൽ ശ്രീരാമൻ മുതൽ ഏതാനും പേരുകളിലൂടെ നമുക്കു കടന്നുപോകാം. എന്നിട്ട്, അവ തമ്മിൽ എങ്ങനെയാണു ബന്ധപ്പെട്ടിരിക്കുന്നതെന്നു നോക്കാം.
ശ്രീരാമൻ, വില്യം ഷേക്സ്പിയർ, ബ്രിട്ടിഷ് പ്രധാനമന്ത്രി മാർഗരറ്റ് താച്ചർ, ജൂലിയ റോബർട്സ്, ജനിഫർ ലോപസ്, ഏൻജലീന ജോളി, സാറാ ജസിക്ക പാർക്കർ, റോജർ ഫെഡറർ, ഇന്ത്യൻ പ്രധാനമന്ത്രി പി.വി. നരസിംഹറാവു, മുകേഷ് അംബാനി, എഴുത്തുകാരൻ ചേതൻ ഭഗത്ത്, അമർസിങ്, കെ.പി.എസ്. മേനോൻ സീനിയർ, നടൻ സഞ്ജയ് ദത്ത്, ശശി തരൂർ, ടി.പി. ശ്രീനിവാസന്റെ മകൻ ശ്രീശ്രീനിവാസൻ, നവോദയ അപ്പച്ചൻ, സത്യൻ അന്തിക്കാട്, രഞ്ജി പണിക്കർ, സംഗീതസംവിധായകൻ രവീന്ദ്രൻ, കൊച്ചിൻ ഹനീഫ, പാട്യം ഗോപാലൻ, ആര്യാടൻ ഷൗക്കത്ത്, മുൻ മന്ത്രി കെ.പി. മോഹനൻ, വെള്ളാപ്പള്ളി നടേശന്റെ പിതാവ് വെള്ളാപ്പള്ളി കേശവൻ മുതലാളി. ഇവരൊക്കെ തമ്മിൽ ചരടിണകൾ കൊണ്ടുള്ള ഒരു ബന്ധമുണ്ട്: ഇവർക്കെല്ലാവർക്കും ഇരട്ടക്കുട്ടികളുണ്ട്.
ഇവരിൽ കെ.പി.എസ്. മേനോന്റെ ഭാര്യ പാലാട്ട് സരസ്വതിയമ്മയും വെള്ളാപ്പള്ളി കേശവൻ മുതലാളിയുടെ ഭാര്യ ദേവകിയമ്മയും രണ്ടു തവണ വീതം ഇരട്ടപെറ്റിട്ടുണ്ട്. കണിച്ചുകുളങ്ങരയിലെ വീട്ടിലെ ഇരട്ടക്കുട്ടികളിലൊരാളാണ് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. അവർ മുഖപ്പൊരുത്തമുള്ള (ഐഡന്റിക്കൽ) ഇരട്ടകളല്ലാത്തതുകൊണ്ടാണ് കേരളം ഇക്കാര്യം വേണ്ടത്ര ശ്രദ്ധിക്കാതെ പോയത്. അവർ ഒരേപോലിരിക്കുന്ന ഇരട്ടകളായിരുന്നെങ്കിൽ ദൃശ്യ മാധ്യമങ്ങളിൽ നാം എന്തൊക്കെ കാണേണ്ടിവന്നേനെ! (വെള്ളാപ്പള്ളി നടേശന്റെ ഇരട്ട സഹോദരൻ ഏതാനും വർഷം മുൻപ് അന്തരിച്ചു)
ഇരട്ടകളിൽ ആരാണു ജ്യേഷ്ഠൻ? ആദ്യം പുറത്തുവരുന്നയാളെയാണു കേരളീയർ പൊതുവേ ജ്യേഷ്ഠനായി കരുതുന്നത്.
ബൈബിളിലും അങ്ങനെയാണു കാണുന്നത്. ഇസഹാക്കിനു റിബെക്കയിൽ ഇരട്ടകളുണ്ടായി എന്ന് ഉൽപത്തി പുസ്തകത്തിൽ പറയുന്നു. ഗർഭപാത്രത്തിൽനിന്ന് ആദ്യം പുറത്തുവന്നത് ഏശാവ്. തൊട്ടുപുറകെ യാക്കോബ്. ഏശാവിൽനിന്നു പിന്നീട് യാക്കോബ് ജ്യേഷ്ഠാവകാശം വിലയ്ക്കുവാങ്ങി എന്നു ബൈബിൾ പറയുന്നു.
പക്ഷേ, ചൈനയിൽ ഇരട്ടകളിൽ ആദ്യം ജനിക്കുന്നവൻ ഇളയവനും രണ്ടാമതു പുറത്തുവരുന്നവൻ മൂത്തവനുമാണ്. ഗർഭപാത്രത്തിൽ ഏറ്റവും അകത്തു കിടക്കുന്നവൻ ഏതാനും സെക്കൻഡെങ്കിലും മുൻപു രൂപംകൊണ്ടവനാണെന്ന വിശ്വാസത്താലാണിത്.
കേരളത്തിൽ എല്ലാ വർഷവും ഇരട്ടകളുടെ ഏറ്റവും വലിയ സംഗമം നടക്കുന്നതു കോട്ടയം ജില്ലയിൽ പാലാ രൂപതയുടെ കീഴിലുള്ള കോതനല്ലൂർ കന്തീശങ്ങളുടെ പള്ളിയിലെ പ്രധാന തിരുനാളിനാണ്. ഇരട്ടകളായ വിശുദ്ധൻമാരുടെ പേരിലുള്ള ഇൗ പള്ളിയിൽ നൂറുക്കണക്കിന് ഇരട്ടക്കുഞ്ഞുങ്ങളാണ് അന്ന് എത്തുക. എല്ലാ പരിപാടികൾക്കും നേതൃത്വം നൽകുന്നത് ഇരട്ടകൾ.
കേരളത്തിൽ ഏറ്റവും കൂടുതൽ ഇരട്ടകളുള്ള ഗ്രാമം തിരൂരങ്ങാടിക്കടുത്ത കൊടിഞ്ഞിയാണ്. ഇൗ ഗ്രാമത്തിലെ ഇരുനൂറോളം വീടുകളിൽ മുന്നൂറോളം ഇരട്ടകളുണ്ടെന്ന് ഇൗ നൂറ്റാണ്ടിന്റെയാദ്യം വാർത്ത വന്നപ്പോൾ ലോകാരോഗ്യ സംഘടനയുടെയും യൂണിസെഫിന്റെയും പ്രതിനിധികളെത്തിയിരുന്നു.
ജയന്തി, ജനത എന്ന ഇരട്ടകളുടെ പേരിനു പിന്നിൽ ചൂളം വിളിച്ചെത്തുന്ന കഥയുണ്ട്. ആലപ്പുഴ മുതുകുളം സ്വദേശി മനോഹരൻ പിള്ള മുംബൈയിൽ ജോലി ചെയ്യുന്ന കാലത്ത് എട്ടുമാസം ഗർഭമുള്ള ഭാര്യ ഉഷയെ ജയന്തി ജനത ട്രെയിനിൽ നാട്ടിലേക്കയച്ചതാണ്. റെയ്ച്ചൂർ എത്തിയപ്പോഴേക്കു പ്രസവം നടന്നു. ഇരട്ട പെൺകുട്ടികൾക്കു ജയന്തി, ജനത എന്ന പേരും വീണു. പേരിനു ഭംഗി പോരെന്നു തോന്നി രമ്യ, രശ്മി എന്നു മാറ്റിയെങ്കിലും വിവാഹിതരായ അവർ ഇന്നും നാട്ടുകാർക്കു ജയന്തി ജനതയാണ്.
ഇരട്ടകളിൽ ഒരാൾ മൂന്നു വർഷം വൈകി മാത്രം ജനിച്ച ഒരു അപൂർവ സംഭവം 2008ൽ കൊൽക്കത്തയിലുണ്ടായി. മക്കളില്ലാത്ത ദേവയാൻ ചൗധരിയും ഭാര്യ റൂബയ് ചൗധരിയും ഒരു ഫെർട്ടിലിറ്റി ക്ലിനിക്കിലെത്തി. ഇത്തരം ക്ലിനിക്കുകൾ ദമ്പതികളിൽനിന്ന് അണ്ഡവും ബീജവും എടുത്തു ലബോറട്ടറിയിൽ അവയെ സംയോജിപ്പിച്ചശേഷം ഗർഭപാത്രത്തിൽ നിക്ഷേപിക്കുകയാണു ചെയ്യുന്നത്. തിരസ്കാരമുണ്ടായാലും ഒരു കുട്ടി ഉണ്ടാവാൻവേണ്ടി ഒന്നിലേറെ ഭ്രൂണങ്ങളുണ്ടാക്കി ഗർഭപാത്രത്തിൽ നിക്ഷേപിക്കും. കൊൽക്കത്തയിലെ ലാബിൽ ഇങ്ങനെ മൂന്ന് ഭ്രൂണങ്ങൾ തയാറാക്കിയെങ്കിലും തനിക്ക് ഇരട്ടകൾ വേണ്ടെന്നു റൂബയ് കട്ടായം പറഞ്ഞതുകൊണ്ട് ഒരു ഭ്രൂണം മാത്രമേ ഗർഭപാത്രത്തിൽ നിക്ഷേപിച്ചുള്ളൂ. ബാക്കി ലാബിലെ ഫ്രീസറിൽ സൂക്ഷിച്ചു.
രണ്ടു വർഷം കഴിഞ്ഞപ്പോൾ ഒരു കുട്ടി കൂടി വേണമെന്നു പറഞ്ഞ് ഈ ദമ്പതികൾ ഡോക്ടറെ വീണ്ടും സമീപിച്ചു. ഫ്രീസറിൽനിന്നു മറ്റൊരു ഭ്രൂണം എടുത്തുപയോഗിച്ചു. ആദ്യത്തേതു മകളായിരുന്നെങ്കിൽ ഇത്തവണത്തേതു മകൻ. ഒരേ ദിവസം ലാബിൽ രൂപംകൊണ്ട ഭ്രൂണങ്ങളിൽനിന്നു ജനിച്ചതിനാൽ ഇവരെ ഇരട്ടകളായി കണക്കാക്കുന്നു.
മൂന്നാമത്തെ ഭ്രൂണം എന്തുചെയ്യുമെന്ന് 2008ൽ പത്രലേഖകർ ചോദിച്ചപ്പോൾ കുട്ടികളില്ലാത്ത ദമ്പതികൾക്ക് അതു നൽകാനോ ഗവേഷണത്തിനു വിട്ടുകൊടുക്കാനോ തയാറാണെന്നായിരുന്നു റൂബയ് പറഞ്ഞത്.
കണ്ടാൽ ഒരുപോലിരിക്കുന്ന ഇരട്ടകളിലൊരാളായതുകൊണ്ട് തൂക്കുമരത്തിൽനിന്നു രക്ഷപ്പെട്ട കഥ മലേഷ്യയിൽനിന്നാണ്. ലഹരിമരുന്നു വിൽപനയ്ക്കു കടുത്ത ശിക്ഷയുള്ള മലേഷ്യയിൽ ഒരാളെ ഒട്ടേറെ ലഹരിമരുന്നുമായി 2003ൽ പിടികൂടി. അയാളെപ്പോലെതന്നെയിരിക്കുന്ന സഹോദരൻ അൽപം കഴിഞ്ഞു സംഭവസ്ഥലത്തെത്തി. അയാളെയും പൊലീസ് പിടിച്ചു. ഒടുവിൽ, ഇവരിൽ ആരാണു പ്രതിയെന്നു തിരിച്ചറിയാൻ വയ്യാത്ത അവസ്ഥ. താൻ നിരപരാധിയാണെന്ന് ഇരുപത്തേഴു വയസ്സുള്ള സതീശ് രാജും സബരീഷ് രാജും വാദിച്ചു. രണ്ടുപേരുടെയും ഡിഎൻഎ ഒന്നായിരിക്കുമെന്നതിനാൽ ഡിഎൻഎ ടെസ്റ്റ് കൊണ്ടും തെളിയിക്കാൻ വയ്യാത്ത കേസ്. തെറ്റു ചെയ്യാത്തയാൾ തൂക്കിലിടപ്പെടാൻ പാടില്ലെന്നു പറഞ്ഞ ജഡ്ജി 2009ൽ അവരെ വധശിക്ഷയിൽനിന്നു മോചിപ്പിച്ചു.
English Summary: ‘Kadhakoottu’ Column written by Thomas Jacob, Stories on celebrity twins