സേതുബന്ധനം

HIGHLIGHTS
  • മനസ്സിൽ സംശയം വളർന്നാൽ പിന്നെ എന്തെല്ലാം മാറ്റങ്ങൾ
Kadhakkoottu1200-Feb-06
കെ. ബാലചന്ദർ, കെ.പി. ബ്രഹ്മാനന്ദൻ, ഗദ്ദാഫി, സേതു
SHARE

ചില വിശ്വാസങ്ങൾ നമ്മെ പിടികൂടും. അവയിൽ ചിലത് അന്ധവിശ്വാസങ്ങളുമായിരിക്കും. 

കേരളത്തിൽ ചീഫ് സെക്രട്ടറിയും വൈസ് ചാൻസലറുമായിരുന്ന കെ. ജയകുമാറിന്റെ പിതാവ് ചലച്ചിത്ര സംവിധായകൻ എം. കൃഷ്ണൻ നായർ ലൈഫ് ഇൻഷുറൻസ് പോളിസിയെടുക്കാൻ വിസമ്മതിച്ചിരുന്നു. പോളിസിയെടുത്താൽ അതിന്റെ കാലാവധി പൂർത്തിയാകും മുൻപ് മരിച്ചുപോയേക്കുമെന്നായിരുന്നു ശങ്ക. 

‘വിശപ്പിന്റെ വിളി’ മുതൽ തന്റെ എല്ലാ സിനിമകളിലും സംവിധായകൻ കുഞ്ചാക്കോ അടൂർ പങ്കജത്തിന് ഒരു റോൾ നൽകുമായിരുന്നു. പങ്കജത്തിന്റെ ഷോട്ടോടെ തുടങ്ങിയാൽ ചിത്രം വിജയിക്കുമെന്നു കുഞ്ചാക്കോ വിശ്വസിച്ചിരുന്നു.

‘കള്ളിച്ചെല്ലമ്മ’ എന്ന ചിത്രത്തിൽ പി. ഭാസ്കരന്റെ ‘കരിമുകിൽകാട്ടിലെ’ എന്ന വിരഹഗാനമാണ് കെ.പി. ബ്രഹ്മാനന്ദനു പാടാൻ വച്ചിരുന്നത്. ‘യാത്രയായി’ എന്ന വാക്ക് പല്ലവിയിൽത്തന്നെയുള്ള ഈ ഗാനം ബ്രഹ്മാനന്ദന് അരങ്ങേറ്റത്തിൽത്തന്നെ നൽകുന്നതിനെപ്പറ്റി ചിത്രത്തിന്റെ ശിൽപികളിൽ പുനരാലോചനയുണ്ടായി. അങ്ങനെ ജയചന്ദ്രനുവേണ്ടി വച്ചിരുന്ന ‘മാനത്തെ കായലിൽ’ എന്ന പ്രണയഗാനം ബ്രഹ്മാനന്ദനു നൽകി. ജയചന്ദ്രന്റെ ശോകസാന്ദ്രമായ ഭാവഗീതങ്ങളിലൊന്നായി ‘കരിമുകിൽ’ ഇന്നും ഓർമിക്കപ്പെടുന്നു. കുറെക്കാലം തുടർന്നശേഷം ബ്രഹ്മാനന്ദൻ ചലച്ചിത്രവേദിയിൽനിന്നു യാത്രയാവുകയും ചെയ്തു.

ഇതിനൊക്കെ നേരെ വിപരീതമാണ് തമിഴ് സിനിമയിലെ പെരിയ സംവിധായകനായ കെ. ബാലചന്ദർ. 1965ൽ ആദ്യസിനിമ സംവിധാനം ചെയ്യുമ്പോൾ പേരിന്റെ കാര്യത്തിൽ അദ്ദേഹത്തിനു സംശയമേതുമില്ലായിരുന്നു: നീർക്കുമിഴി. നീർക്കുമിള എന്നർഥമുള്ള പേര് അറംപറ്റുമെന്നു പലരും പറഞ്ഞെങ്കിലും ബാലചന്ദർ പതറിയില്ല.

മറ്റൊരു ചിത്രത്തിന്റെ പേര് ‘തപ്പുതാളങ്ങൾ’. താളപ്പിഴകൾ എന്നർഥം വരുന്ന പേരിട്ടതുകൊണ്ട് ഒരു ദോഷവും സംഭവിക്കില്ലെന്നു ബാലചന്ദർ തെളിയിച്ചു.

പതിമൂന്ന് ഒരു അശുഭസംഖ്യയാണെന്നു പലരും കരുതുന്നു. ക്രിസ്തുവിന്റെ അവസാനത്തെ അത്താഴത്തിൽ പങ്കെടുത്തവരുടെ എണ്ണം ചൂണ്ടിക്കാട്ടിയാണ് ഇവർ ആണയിടുന്നത്. പല ഹോട്ടലുകളിലും 12–ാമത്തെ മുറി കഴിഞ്ഞാൽ 14–ാമത്തെ മുറിയാണ്. പന്ത്രണ്ടാം നില കഴിഞ്ഞാൽ പതിനാലാം നിലയും.

പതിമൂന്നാം തീയതി ഒരു വെള്ളിയാഴ്ച കൂടിയാണെങ്കിൽ ആ ദിവസം ബ്രിട്ടിഷ് പ്രധാനമന്ത്രി വിൻസ്റ്റൺ ചർച്ചിൽ യാത്രചെയ്യില്ലായിരുന്നു. നെപ്പോളിയനും ഈ ദിവസം യാത്ര ഒഴിവാക്കുമായിരുന്നു.

താമസം വൻ കെട്ടിടങ്ങളിലാണെങ്കിൽ മുറി താഴത്തെ നിലയിലാകണമെന്നു ലിബിയൻ ഏകാധിപതി മു അമർ ഗദ്ദാഫിക്കു നിർബന്ധമുണ്ടായിരുന്നു. മുന്തിയ ഹോട്ടലുകളിൽ മിക്കതിന്റെയും താഴത്തെ നിലയിൽ താമസിക്കാൻ മുറികളുണ്ടാവില്ല. അവിടെയൊക്കെ ഷോറൂമുകളായി മാറ്റിയിട്ടുണ്ടാവും.

ഗദ്ദാഫി അതിനൊരു പരിഹാരം കണ്ടു. വിദേശയാത്രകളിൽ അദ്ദേഹം ടെന്റുകളടിച്ചു താമസിച്ചു. നമ്മൾ കണ്ടിട്ടുള്ള തരം ടെന്റല്ല, രാജകീയ സൗകര്യങ്ങളുള്ള ടെന്റ്.

ഏതെങ്കിലും വിദേശരാജ്യത്തു ഗദ്ദാഫി എത്തിയിട്ടുണ്ടോ എന്നറിയാൻ ലിബിയയുടെ സ്ഥാനപതി കാര്യാലയത്തിനു മുന്നിൽ ഒട്ടകത്തെ കെട്ടിയിട്ടുണ്ടോ എന്നു നോക്കിയാൽ മതിയെന്ന് ഒരു ചൊല്ലുണ്ടായിരുന്നു. ഒട്ടകപ്പാൽ കുടിച്ചാണു ഗദ്ദാഫിയുടെ ദിവസം ആരംഭിച്ചിരുന്നത്. ഗദ്ദാഫി പോകുന്നിടത്തൊക്കെ മറ്റൊരു വിമാനത്തിൽ ഒട്ടകങ്ങളെ മുൻകൂർ അയച്ചിരിക്കും.

ഇത്തരം അന്ധവിശ്വാസങ്ങളിൽപെടുത്തേണ്ടതല്ലെങ്കിലും വാസ്തു മൂലം പലരും കെട്ടിടങ്ങളുടെ രൂപഘടനയിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ബി.എസ്. യദിയൂരപ്പ 2008ൽ കർണാടകത്തിൽ ആദ്യമായി മുഖ്യമന്ത്രിയായപ്പോൾ, ഔദ്യോഗിക വസതിയായ ‘അനുഗ്രഹ’യിലേക്കു താമസം മാറ്റിയത് ഒരു വർഷം കഴിഞ്ഞാണ്. അതുവരെ വാസ്തു വിദഗ്ധൻ നിർദേശിച്ച മാറ്റങ്ങൾ വരുത്തുകയായിരുന്നു.

ചീഫ് സെക്രട്ടറിക്കു താമസിക്കാൻവേണ്ടി കവടിയാറിൽ സർക്കാർ ഉടമസ്ഥതയിലുള്ള കെട്ടിടം 2013ൽ നവീകരിച്ച് ‘സുമാനുഷം’ എന്നു പേരു നൽകിയെങ്കിലും ആദ്യം അവിടെ താമസിച്ച ചീഫ് സെക്രട്ടറി ജിജി തോംസനുശേഷം ചീഫ് സെക്രട്ടറിമാരായ പി. കെ. മൊഹന്തി, എസ്.എം. വിജയാനന്ദ്, നളിനി നെറ്റോ തുടങ്ങിയവരൊന്നും സുമാനുഷത്തിൽ താമസമാക്കിയില്ല. ഏതാനും മാസം കൂടിയേ സർവീസുള്ളൂ എന്നതാണ് ന്യായമായി പറഞ്ഞതെങ്കിലും സുമാനുഷം വാസ്തുവിൽ കുടുങ്ങിയതാണെന്ന് അന്നു പത്രറിപ്പോർട്ടുകളുണ്ടായിരുന്നു. ഇപ്പോഴത്തെ ചീഫ് സെക്രട്ടറി ബിശ്വാസ് മേത്ത ഏതായാലും ഇവിടെയാണു താമസം.

ചെന്നൈയിൽ ഒരു പൊതുമേഖലാ ബാങ്കിന്റെ വിദേശനാണയ വകുപ്പ് തലവനായെത്തിയപ്പോൾ തന്റെ മൂന്നു മുൻഗാമികൾക്കുണ്ടായ ദുര്യോഗങ്ങളെക്കുറിച്ചു പല കഥകൾ കേൾക്കാനിടയായതിനെപ്പറ്റി നോവലിസ്റ്റ് സേതു എഴുതിയിട്ടുണ്ട്. കുറെക്കാലം കഴിഞ്ഞു സേതുവിനു രോഗപീഡയുണ്ടായപ്പോൾ ഒരു വാസ്തുവിദഗ്ധനെ കാണണമെന്നു സഹപ്രവർത്തകർ നിർബന്ധിച്ചു. സേതു താൽപര്യം കാട്ടാഞ്ഞപ്പോൾ, എങ്കിൽ തങ്ങളെല്ലാം കൂടി പിരിവെടുത്തു വാസ്തു വിദഗ്ധനെ കൊണ്ടുവരുമെന്നു പറഞ്ഞതോടെ സേതുബന്ധനമായി. ഒാഫിസ് കെട്ടിടത്തിൽ ഇതിനകം വലിയൊരു അഗ്നിബാധ ഉണ്ടായില്ലെന്നത് അദ്ഭുതമാണെന്ന് വാസ്തുവിദഗ്ധൻ പറഞ്ഞു. കാരണം, വൈദ്യുതിബന്ധം പോയാലുടൻ പ്രവർത്തനക്ഷമമാവുന്ന (യുപിഎസ്) ബാറ്ററികൾ വച്ചിരിക്കുന്നത് അഗ്നികോണിലാണ്. അത് അവിടെനിന്നു മാറ്റുകയും സേതുവിന്റെ കാബിനിലേക്കു കയറുന്ന വാതിലിന്റെ ദിശ മാറ്റുകയും വേണമെന്നദ്ദേഹം പറഞ്ഞു. ഈ മാറ്റങ്ങൾക്കുശേഷം തനിക്കോ പിൻഗാമികൾക്കോ അവിടെ ഒരു കുഴപ്പവും നേരിട്ടിട്ടില്ലെന്നും സേതു എഴുതുന്നു.

English Summary: English Summary: ‘Kadhakoottu’ Column written by Thomas Jacob, Some habits, beliefs people blindly follow

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.