പേരിലാണെല്ലാം

HIGHLIGHTS
  • പുസ്തകങ്ങളുടെ പേരുമാറ്റത്തിന് പിന്നിലെ കഥകൾ
Kadhakkoottu1200-Feb13
പത്മന രാമചന്ദ്രൻ നായർ, പോഞ്ഞിക്കര റാഫി, കെ.ജി. ജോർജ്, ഡോ. എം. ലീലാവതി
SHARE

ജി.എൻ.എം. പിള്ള ബിഎ കഴിഞ്ഞ നൂറ്റാണ്ടിന്റെ അറുപതുകളിൽ എൻബിഎസ് ബുള്ളറ്റിനിൽ ഒരു ചെറുകഥയെഴുതി. പേര്: പുസ്തകങ്ങളുടെ പേരുകൾക്കൊണ്ട് ഒരു കഥ.

നാനൂറിലധികം മലയാള പുസ്തകങ്ങളുടെ പേരുകൾകൊണ്ടാണ് ഈ കഥ രചിച്ചിരിക്കുന്നത്. ഓരോ വാചകത്തിലും നാലും അഞ്ചും വീതം. ഒരു വാചകം ഇതാ: ‘ഓണപ്പാട്ടു’കാരായ ‘ഗ്രാമബാലിക’മാർ ‘കന്നിക്കൊയ്ത്തു’ കഴിഞ്ഞു ‘പുത്തൻകല’വും ‘അരിവാളു’മായി ‘കടത്തുവഞ്ചി’യാകുന്ന ‘കളിത്തോണി’കളിൽ കൂടി തുഴഞ്ഞ് ‘തിരഞ്ഞെടുത്ത കവിതകൾ’ ‘പാടുന്ന യക്ഷി’കളെപ്പോലെ പാടി രസിക്കുന്ന ‘വസന്തോത്സവ’മൊന്നും ആ മുഖത്തു ‘ഞാൻ’ കണ്ടില്ല.

തലമുറകളെ മോഹിപ്പിക്കുന്നതാണു പുസ്തകപ്പേരുകൾ. ഓരോ എഴുത്തുകാരനും എത്രകാലം ആലോചിച്ചിട്ടാണ് ഒരു നല്ല പേരിൽ എത്തിച്ചേരുക. ആദ്യം ഇട്ട പേരുതന്നെ പിന്നീടു മാറ്റിയതിന് എത്രയോ ഉദാഹരണങ്ങൾ.

കൊല്ലത്ത് എസ്.കെ. നായരുടെ മലയാളനാട് ഗ്രൂപ്പ് 1981ൽ മലയാളനാട് രാഷ്ട്രീയ വാരിക ആരംഭിച്ചപ്പോൾ ആദ്യലക്കം മുതൽ കൊടുത്ത തകഴിയുടെ തുടരൻ നോവൽ പരമ്പരയാണ് ‘തേടിപ്പോകുന്നു, കിട്ടുമോ?’ പുസ്തകമായതു ബലൂൺ എന്ന പേരിൽ. കൊല്ലത്തെ തന്നെ ‘നാന’യുടെ തിരക്കഥാ മത്സരത്തിൽ ഒന്നാം സമ്മാനം ലഭിച്ച ടി.വി. കൊച്ചുബാവയുടെ രചനയുടെ പേരും ‘ബലൂൺ’ എന്നുതന്നെയായിരുന്നു.

പോഞ്ഞിക്കര റാഫി ആദ്യ നോവലിനിട്ട പേര് ‘സൈമന്റെ ഓർമകൾ’ എന്നാണ്. നാലര വർഷംകൊണ്ട് പകുതിയെഴുതിയ നോവൽ ബോട്ട് യാത്രയിൽ കായലിൽ നഷ്ടപ്പെട്ടു. പിന്നെയത് ‘വധിക്കപ്പെട്ട സ്വർഗദൂതൻ’ എന്ന പേരിൽ വീണ്ടും എഴുതിത്തുടങ്ങി. പുറത്തുവന്നത് ‘സ്വർഗദൂതൻ’ എന്ന പേരിൽ.

തന്റെ കാലശേഷമേ പ്രസിദ്ധീകരിക്കാവൂ എന്ന വ്യവസ്ഥ വച്ചാണ് പ്രഫ.എം. ലീലാവതി ആത്മകഥ എഴുതിയത്. ‘കണ്ണീരിൽ വിരിഞ്ഞ മഴവില്ല്’ എന്ന പേരുമിട്ട് ആ ആത്മകഥ നാലഞ്ചു വർഷം പൂട്ടിവച്ചിരുന്നു. മരണാനന്തര പ്രസിദ്ധീകരണത്തിനായി പുതൂർ ഉണ്ണിക്കൃഷ്ണൻ മാറ്റിവച്ച ആത്മകഥ മരണാനന്തരം പുസ്തകമായപ്പോൾ ശ്രദ്ധിക്കപ്പെടാതെ പോയതുകൊണ്ടാവാം ‘മാതൃഭൂമി’യുടെ പ്രേരണയ്ക്കു വഴങ്ങി ടീച്ചർ അതു ഖണ്ഡശ്ശ പ്രസിദ്ധീകരിച്ചു തുടങ്ങി. പക്ഷേ, പേരൊന്നു മാറ്റി; ധ്വനിപ്രകാരം.

ആത്മകഥയുടെ പേര് മുൻകൂട്ടി പ്രഖ്യാപിച്ചയാളാണ് കവി അയ്യപ്പൻ. അതുമൊരു മഴവില്ലായിരുന്നു. ‘ഏഴെല്ലുകളുള്ള മഴവില്ല്’. അതു മഴവില്ലുപോലെതന്നെ എഴുതാതെ മാഞ്ഞുപോയി.

ജീവിതത്തിൽ സ്വാതന്ത്ര്യം ആഘോഷിച്ച പുനത്തിൽ കുഞ്ഞബ്ദുല്ലയുടെ ജീവചരിത്രാഖ്യായനം എഴുതാൻ താഹ മാടായി ഉദ്ദേശിച്ചിരുന്നു. ‘ജീവിതം ഒരു സ്വതന്ത്ര പരിഭാഷ’ എന്നു പേരിടാനും താഹ തീരുമാനിച്ചു. പേരു കേട്ടപ്പോൾ പുനത്തിൽ ഇടഞ്ഞു. മറ്റാരുടെയും വിവർത്തന ജീവിതമല്ല തന്റേതെന്നും ‘ജീവിതം ഒരു സ്വതന്ത്ര രചന’ എന്നു മതി പേരെന്നും പുനം പറഞ്ഞു. പക്ഷേ, പേരിനപ്പുറം പുസ്തകം നീങ്ങിയില്ല.

കെ.ടി. മുഹമ്മദിന്റെ നാടകത്തിനു ‘വെളിച്ചം വിളക്കന്വേഷിക്കുന്നു’ എന്ന മനോഹരമായ പേരു വന്നത് നാടകം അവതരിപ്പിച്ചു തുടങ്ങി ഏഴു വർഷം കഴിഞ്ഞാണ്. ‘ഊരും പേരും’ എന്നതായിരുന്നു ആദ്യ പേര്.

ലൂയി കാരൾ ‘ആലീസ് ഇൻ വണ്ടർലാൻഡ്’ എഴുതുന്നത് ആ പേരിലല്ല. കയ്യെഴുത്തു പ്രതിയിലെ പേര് ‘ആലീസസ് അഡ്വഞ്ചേഴ്സ് അണ്ടർഗ്രൗണ്ട്’ എന്നായിരുന്നു.

ഇന്ത്യാ വിഭജനത്തെപ്പറ്റി എഴുതിയ നോവലിന് ഖുശ്‌വന്ത് സിങ് ആദ്യമിട്ട പേര് ‘മനോ മജ്റ’ എന്നായിരുന്നു. പിന്നെ പേരു മാറ്റി ‘ട്രെയിൻ ടു പാക്കിസ്ഥാൻ’ ആക്കി.

പാലാ നാരായണൻ നായർ തന്റെ പ്രശസ്തമായ കവിതാ പരമ്പരയ്ക്ക് ‘അഭിമാനപൂരിതമാം കേരളം’ എന്നോ മറ്റോ ആണ് പേരിട്ടിരുന്നത്. അതു ‘കേരളം വളരുന്നു’ എന്നാക്കിയതു മഹാകവി ഉള്ളൂർ ആണ്.

കെ.ജി. ജോർജ് ആദ്യ സിനിമയെടുക്കുമ്പോൾ കണ്ടെത്തിയിരുന്ന പേര് ‘പലായനം’ ആണ്. കഥ കേട്ടു കഴിഞ്ഞപ്പോൾ അതിനു ‘സ്വപ്നാടനം’ എന്ന മനോഹരമായ പേരു നൽകിയത് പൊന്നാനിക്കാരായ രണ്ടു കുട്ടിക്കൃഷ്ണന്മാരാണ്. പി.സി.കുട്ടിക്കൃഷ്ണനും (ഉറൂബ്), കടവനാട് കുട്ടിക്കൃഷ്ണനും.

എം.ടി. വാസുദേവൻ നായരുടെ ‘സ്നേഹത്തിന്റെ മുഖങ്ങൾ’ സിനിമയായപ്പോൾ ‘മുറപ്പെണ്ണ്’ ആയി.

പത്മരാജന്റെ ‘ഉദകപ്പോള’ അദ്ദേഹം തന്നെ സിനിമയാക്കിയപ്പോൾ ‘തൂവാനത്തുമ്പികൾ’ ആയി.

ദിവാൻ സി.പി. രാമസ്വാമി അയ്യർ മനോരമ പത്രം പൂട്ടി മുദ്രവച്ചതോടെ പത്രത്തോടൊപ്പം പ്രസിദ്ധീകരണം നിലച്ചുപോയ മനോരമ ആഴ്ചപ്പതിപ്പ് രണ്ടാമത് ആരംഭിക്കുമ്പോൾ നീണ്ടകഥകൾക്കൊപ്പം കൊടുത്തിരുന്നത് ആർട്ടിസ്റ്റ് വരയ്ക്കുന്ന ചിത്രീകരണങ്ങളായിരുന്നില്ല. നോവലിലെ രംഗങ്ങൾ നടീനടന്മാരെക്കൊണ്ട് അഭിനയിപ്പിച്ചു ഫോട്ടോയെടുത്തു കൊടുക്കുകയായിരുന്നു. ഒരു നടൻകൂടിയായിരുന്ന സ്റ്റുഡിയോ ഫൊട്ടോഗ്രഫർ കെ.പി. കുര്യനായിരുന്നു ഈ ചിത്രങ്ങളെടുത്തിരുന്നത്. കാനം ഇ.ജെ.യുടെ നീണ്ടകഥയ്ക്കു ‘ഭാര്യ’ എന്നു പേരിട്ടതു കുര്യനാണ്. കാനം ഇട്ടിരുന്ന പേര് കണ്ണീർചഷകം എന്നായിരുന്നു. 

സ്കൂളിലെ മലയാളം അധ്യാപകനായ കാനത്തിനു ചഷകം എന്ന് ഉച്ചരിക്കാനൊന്നും പ്രയാസമില്ലെങ്കിലും സാധാരണക്കാർ, വിശേഷിച്ച് സ്ത്രീകൾ വിഷമിക്കുമെന്നായിരുന്നു കുര്യന്റെ ന്യായം. നീണ്ടകഥ പ്രസിദ്ധീകരിച്ച ശേഷം കുഞ്ചാക്കോ ചലച്ചിത്രമാക്കിയപ്പോഴും ഭാര്യ സൂപ്പർ ഹിറ്റ്.

പതിവായി തെറ്റിക്കുന്ന വ്യാകരണ നിയമങ്ങളെപ്പറ്റി പന്മന രാമചന്ദ്രൻ നായർ എഴുതിയ രസകരമായ പുസ്തകത്തിന് അദ്ദേഹമിട്ട പേര് ‘തെറ്റും ശരിയും’ എന്നായിരുന്നു. കയ്യെഴുത്തു പ്രതി കണ്ട സഹപ്രവർത്തകൻ പ്രഫ. എൻ. കൃഷ്ണപിള്ള ചോദിച്ചു: തെറ്റ് ശരിയാവുമോ?

പന്മന ഉടനെ തന്നെ പുസ്തകത്തിന്റെ പേര് ‘ശരിയും തെറ്റും’ എന്നാക്കി.

English Summary: ‘Kadhakoottu’ Column written by Thomas Jacob, Why many books had to change its titles

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.