ട്യൂണിങ്ങിൽ വീണാ മുകുന്ദൻ

ട്യൂണിങ്ങിൽ വീണാ മുകുന്ദൻ
SHARE

വൺ, ടു, ത്രീ, സംസാരിക്കൂ കുട്ടികളേ എന്നു തോമസുകുട്ടി സാർ പറഞ്ഞു. 

ഒരുത്തൻ വീണാ മുകുന്ദനോടു പറഞ്ഞു.. ഐ ലവ് യു..

ഫിസിക്സ് പാഠപുസ്തകത്തിലെ ട്യൂണിങ് ഫോർക്കും കമ്പനവും എന്ന പാഠം പഠിപ്പിക്കുമ്പോഴായിരുന്നു  സംഭവം.

തോമസുകുട്ടി സാർ ക്ളാസ് തുടങ്ങുന്നതിനു മുമ്പായി പറഞ്ഞു.. ഇന്നു നമ്മൾ പഠിക്കാൻ പോകുന്നത് ട്യൂണിങ് ഫോർക്കും കമ്പനവും.

എന്നിട്ട് പതിവായി ചെയ്യുന്നതുപോലെ കുട്ടികളോടു ചോദിച്ചു.. ട്യൂണിങ് ഫോർക്കും..? 

ബാക്കി കുട്ടികൾ പറയണം. അതാണ് സാറിന്റെ ചിട്ട. 

ചില ആൺകുട്ടികൾ ആരും കേൾക്കാതെ പൂരിപ്പിച്ചു.. ചുംബനവും !

ശബ്ദം സഞ്ചരിക്കുന്ന വഴികളെപ്പറ്റി വിശദമായി പഠിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു തോമസുകുട്ടി സാർ അന്ന്.

കുട്ടികളെ ക്ളാസ് മുറിയിൽ നിന്ന് സ്കൂൾ ഗ്രൗണ്ടിലേക്ക് കൊണ്ടുപോയി. എല്ലാ കുട്ടികളുടെയും കൈയിൽ തീപ്പെട്ടിയുടെ ഉള്ളിലെ പെട്ടിയും നൂലുമുണ്ട്. പെട്ടികൾ നൂലിന്റെ അറ്റങ്ങളിൽ കെട്ടും. ഒരെണ്ണം മൗത്ത്പീസാക്കും. അതിലൂടെ സംസാരിച്ചാൽ അപ്പുറത്തുള്ള ആൾക്കു കേൾക്കാം. ഇതാണ് പ്രാക്ടിക്കൽ ക്ളാസ്.  

ഇങ്ങനെ പല കുട്ടികൾ സംസാരിക്കുന്നതിനിടയിലാണ് ആരോ ഒരാൾ തീപ്പെട്ടിയിലൂടെ വീണാ മുകുന്ദനോട് ഐ ലവ് യു പറഞ്ഞത്. 

ശബ്ദം ആരും പ്രതീക്ഷിക്കാത്ത വഴികളിലൂടെ സഞ്ചരിക്കുമല്ലോ; പ്രണയവും. തോമസുകുട്ടി സാർ ഉൾപ്പെടെ കുറെ കുട്ടികൾ അതു കേട്ടു. 

ആരാണത് പറഞ്ഞതെന്ന് കണ്ടുപിടിക്കാൻ മാത്രം തോമസുകുട്ടി സാറിനു കഴി‍ഞ്ഞില്ല. കാരണം നൂലിലൂടെ കേൾമ്പോൾ എല്ലാ ആൺകുട്ടികളുടെയും ശബ്ദം ഒരുപോലെ..  പൊട്ടിയ മണി അടിക്കുന്നതുപോലെ !

ആളെ കണ്ടുപിടിക്കാനായി വീണയുടെ തീപ്പെട്ടി പിടിച്ചു വാങ്ങിയിട്ട് സാർ പറഞ്ഞു...  ഇപ്പോൾ പറഞ്ഞ ആ കാര്യം ഒന്നൂടെ തെളിച്ചു പറയൂ.. 

ആരും പറഞ്ഞില്ല. ആരെങ്കിലും പറയുമോ !

അതോടെ തോമസുകുട്ടി സാർ വീണാ മുകുന്ദനോടു ചോദിച്ചു.. നിനക്ക് ആരെയെങ്കിലും സംശയമുണ്ടോ ?

സഹപാഠികളായ നാലുപേർ അവൾക്കു കത്ത് കൊടുത്തിട്ടുണ്ട്.  രണ്ടുപേർ അവളുടെ ചിത്രം വരച്ച് കൊടുത്തിട്ടുണ്ട്. ചിലർ ഓട്ടോഗ്രാഫ് എഴുതിച്ചിട്ടുണ്ട്. വീട്ടിൽ വിളഞ്ഞ ചാമ്പയ്ക്ക കൊണ്ടുക്കൊടുത്തിട്ടുണ്ട്. ഇങ്ങനെ കുറെപ്പേരുണ്ട്. സനീഷ്, മനീഷ്, സുരേഷ് മുതൽ ബിജു കുര്യൻ വരെയുണ്ട്.  ഇവരിൽ ആരെങ്കിലും ആവാം. ആരായാലും അവൾക്ക് കുഴപ്പമില്ല. 

അവളെ ആർക്കും ഇഷ്ടപ്പെടാം. അതിൽ പ്രശ്നമൊന്നുമില്ല. അവൾ ആരെ ഇഷ്ടപ്പെടുന്നു എന്നതിലാണ് കാര്യം. അതാണ് വീണയുടെ എന്നത്തെയും ഫിലോസഫി.. 

ശബ്ദത്തിന്റെ ആ അപഥ സഞ്ചാരത്തോടെ തോമസുകുട്ടി സാർ ഗ്രൗണ്ടിലെ ക്ളാസ് അവസാനിപ്പിച്ചു. കുട്ടികളെ ക്ളാസ് മുറിയിലേക്കു തിരിച്ചു കൊണ്ടുപോയി. മെല്ലെ മാർച്ച് വന്നു, മാവൂ പൂത്തു. സ്കൂൾക്കാലം കൊഴിഞ്ഞു. വർഷങ്ങൾ കഴിഞ്ഞ് ഇപ്പോൾ കോവിഡ് കാലവുമായി. 

ഷൂട്ടിങ്ങിന്റെ തിരക്കൊന്നുമില്ലാതെ സ്വസ്ഥനായി മദ്രാസിലെ വീട്ടിൽ കഴിയുമ്പോൾ മോഹൻലാൽ ഒരു പുതിയ ഹോബി ആരംഭിച്ച കാര്യം എവിടെയോ വായിച്ചു. സിനിമയിലെ തന്റെ സഹപ്രവർത്തകരെയെല്ലാം ഫോണിൽ വിളിച്ച് സംസാരിക്കുക, വിശേഷങ്ങൾ തിരക്കുക, സൗഹൃദം പുതുക്കുക. അതോടെ ഞങ്ങളുടെ സ്കൂൾ ഗ്രൂപ്പും ആക്ടീവായി.

അങ്ങനെ വീണാ മുകുന്ദനെ കഴിഞ്ഞ ദിവസം ഫോണിൽ കണ്ടുകിട്ടി. 

ഓർമകളിൽ ഒരു തീപ്പെട്ടി കത്തി. അവളോടു വെറുതെ ചോദിച്ചു.. അന്ന് ഐ ലവ് യു പറഞ്ഞത് ആരാണെന്ന് വീണയ്ക്കു പിന്നീട് മനസ്സിലായോ ?

അവൾ ചിരിച്ചു.. എനിക്ക് അന്നേ ആളെ അറിയാമായിരുന്നു. 

എന്നിട്ടെന്താ അന്ന് പേരു പറയാതിരുന്നത് ?

അവൾ പറഞ്ഞു...  ‍ ആ പയ്യന്റെ പേര് ഞാൻപറഞ്ഞാൽ അവൻ ഹീറോ ആയേനെ.  പറയാതിരുന്നതുകൊണ്ട് ഞാനായില്ലേ താരം !

എങ്ങനെയുണ്ട് എന്റെ ബുദ്ധി എന്ന മട്ടിൽ വീണ ചിരിച്ചു. എല്ലാ പെൺകുട്ടികളും ഇങ്ങനെയാണോ ! 

അവൾ ചോദിച്ചു.. സിസ്റ്റർ എൽവിസ് മാഗിയെ ഓർമയുണ്ടോ?

ഹൈസ്കൂളിൽ ബയോളജിയുടെ മിസ്സായിരുന്നു ആ കന്യാസ്ത്രീ.  പരാഗണവും പ്രത്യുൽപാദനവും എന്ന അധ്യായം ഓർമ വരുന്നു. 

ആ അധ്യായം പഠിപ്പിക്കുന്ന അന്നു രാവിലെ മുതൽ നല്ല മഴയുണ്ടായിരുന്നു. സിസ്റ്റർ എൽവിസ് ക്ളാസിൽ വന്നിട്ട് ബ്ളാക്ക് ബോർഡിൽ ലെസൺ 14 പോളിനേഷൻ എന്ന് ഇംഗ്ളീഷിൽ എഴുതി അടിവരയുമിട്ടു. 

ആകാംക്ഷയോടെ ഇരിക്കുന്ന കുട്ടികളോട് പറഞ്ഞു.. ഈ പാഠം ഇതിനകം വായിച്ചിട്ടുള്ളവരും ഇതിൽ പറയുന്ന കാര്യങ്ങളെപ്പറ്റി അറിവുള്ളവരും കൈപൊക്കൂ..

ആൺകുട്ടികളെല്ലാം കൈപൊക്കി. പെൺകുട്ടികൾ കൈയനക്കിയില്ല. വളകൾ പോലും മിണ്ടിയില്ല. 

സിസ്റ്റർ പറഞ്ഞു..  അറിയാവുന്നവർ ഈ അധ്യായം കൂടുതൽ പഠിക്കണമെന്നില്ല. നമുക്ക് അടുത്ത പാഠത്തിലേക്കു കടക്കാം.  രോഗാണുക്കളും മരണവും.. 

വീണ പറഞ്ഞു.. അന്ന് ബോയ്സ് ആരും അറിയാതെ ഒരു കാര്യം സംഭവിച്ചു.  ലഞ്ച് സമയത്തെ ബ്രേക്കിന് ക്ളാസിലുള്ള എല്ലാ പെൺകുട്ടികളെയും സിസ്റ്റർ ടീച്ചേഴ്സ് റൂമിലേക്കു കൊണ്ടുപോയി. ചാർട്ടൊക്കെ വച്ച് ആ അധ്യായം നന്നായി പഠിപ്പിച്ചു ! 

ഒരു പെൺകുട്ടി പോലും ഇക്കാര്യം പുറത്തു പറഞ്ഞില്ല.

അന്ന് കൈപൊക്കിയതു നന്നായി എന്നു തോന്നി. കൊച്ചു കൊച്ചു കള്ളത്തരങ്ങൾ പിന്നീടറിയുമ്പോഴാണ് കൂടുതൽ ഭംഗി !

ഫോൺ വയ്ക്കുന്നതിനു മുമ്പ് വീണയോടു ചോദിച്ചു.. പണ്ടത്തെ പാട്ടും ഡാൻസും ഒക്കെ ഇപ്പോഴുമുണ്ടോ ?

മറുപടി ഒരു പാട്ടായി വന്നു. ഗോപികേ നിൻ വിരൽ.. മുഴുവൻ പാടാതെ അവൾ പാട്ടു നിർത്തി..

ശബ്ദം നൂലിലൂടെ കേൾക്കുന്നതുപോലെയല്ല. നല്ല സംഗീതമുണ്ട്. ഏറെ നാളിനു ശേഷം വീണ്ടും കേൾക്കുമ്പോൾ ഓർമകളും ഒപ്പംചേരുന്നതിന്റെ സംഗീതം !

ഓർമകളുടെ പെട്ടി തുറക്കാനും പഴയ അധ്യായങ്ങൾ തുറന്നുവായിക്കാനും ഏറ്റവും പറ്റിയ സമയമാണ് ലോക്ഡൗൺ...

English Summary : Tuning Forks Experiment Nostalgia 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN PENAKATHY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA