കൊറോണാ കാലത്തെ പ്രണയം

penakathy
SHARE

ലീല അകത്തെവിടെയോ ആണ്.

നാലാമത്തെ മുറിയുടെ ജനാലവിരികൾ ഇളകുന്നുണ്ട്.

അജയ് മുറ്റത്തുചെന്ന് കള്ളനെപ്പോലെ ചുറ്റും നോക്കി. പിന്നെ പൊലീസിനെപ്പോലെ ബെല്ലടിച്ചു...

വാതിൽ തുറന്നത് ലീല അല്ല.  

മധ്യപ്രായദേശത്തിലെ ഒരു ചെറുപ്പക്കാരനാണ്. അയാൾ ലീലയുടെ ഭർത്താവാണെന്ന് അജയിനു മനസ്സിലായി. ടീഷർട്ടും നിക്കറുമാണ് വേഷം.

യൗവനം കടന്നവരിൽ ചിലർ നിക്കറിട്ടാൽ ബുദ്ധിവികസിച്ചിട്ടില്ലാത്ത വേഷത്തിൽ വന്ന ആമിർഖാനെ ഓർമ വരും. 

ഈ ആമിർഖാൻ ചോദിച്ചു.. ആരാ ?

അജയ് പറഞ്ഞു.. മേം ബംഗാളി ഹും..

ആമിർഖാൻ ചിരിച്ചു.. താൻ ബംഗാളി അല്ല.  ബംഗാളികൾ ഇങ്ങനെയല്ല സംസാരിക്കുന്നത്... 

അജയ് പറഞ്ഞു.. മേം സത്യം ബോൽതാ ഹും. മേം കേരളാ 12 വർഷം പഹലേ ആയാ. മലയാളം അത്യാവശ്യം ജാൻതാ ഹേ.. 

ആമിർഖാൻ പറഞ്ഞു.. എങ്കിൽ ഞാൻ പറയുന്ന മലയാളം താൻ ഹിന്ദിയിൽ പറയൂ. എങ്കിൽ ഞാൻ വിശ്വസിക്കാം. പശു വെളുത്ത പാൽ തരുന്നു. പക്ഷേ കറുത്ത ചാണകമിടുന്നു.

അജയ്പറഞ്ഞു.. ഗായ് സഫേദ് മിൽക് ദേതാ ഹൈ, ലേകിൻ ബ്ളാക്ക് ചാണക് ദേതി ഹേ.. 

ആമീർഖാൻ പറഞ്ഞു..   നാളെ കന്നുകാലിക്കൂട് വൃത്തിയാക്കാൻ ഒരു ബംഗാളി വരുന്നുണ്ട്. അവനോട് സംസാരം തുടങ്ങാൻ ഇത്രയും ഹിന്ദി മതി. ഇനി താൻ‍ വന്ന കാര്യം പറയ്..

അജയ് പറഞ്ഞു.. ഞാൻ ഈ കോളനിയിൽ സെക്യൂരിറ്റി ജോലി അന്വേഷിച്ചു വന്നതാണ്, സാർ.

ആമിർഖാൻ പറ‍ഞ്ഞു.. തന്നെ എവിടെയോ കണ്ടു പരിചയമുണ്ടല്ലോ.. മോഹൻലാൽ എന്നാണോ പേര്‌ ? പക്ഷേ ഈ കോളനിയുടെ പേര് ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ് എന്നല്ല..

അജയ് പറഞ്ഞു.. നഹി സാബ്. എന്റെ പേര് അജയ് മുഖർജി എന്നാണ്. എന്നാൽ ഞാൻ ജാതാ ഹും, പിന്നെ ആവൂംഗാ.

വേഗം തിരിച്ചു നടക്കുമ്പോൾ അജയ് സ്വയം പറഞ്ഞു.. ആദ്യത്തെ വരവ് ശരിയായില്ല. ഇയാൾ ഉള്ളപ്പോൾ വന്നാൽ കാര്യം നടക്കില്ല.

അജയ് പിറ്റേന്ന് രാവിലെ 11 മണിയോടെ അതേ വീട്ടിൽ വീണ്ടും എത്തി. ആ സമയത്ത് ലീലയുടെ ഭർത്താവ് ആമിർഖാൻ വീട്ടിൽ ഉണ്ടായിരുന്നില്ല. അയാൾ നഗരത്തിൽ ഇൻഷുറൻസ് കമ്പനിയുടെ മാനേജരാണ്. ഇൻഷുറൻസ് കമ്പനി അവിടത്തെ മാനേജർമാർക്കായി ഒരു പരിശീലന ക്ളാസ് ഏർപ്പാടു ചെയ്തിരുന്നു. അതിൽ പങ്കെടുക്കാൻ രാവിലത്തെ വിമാനത്തിൽ മദ്രാസിൽ പോയിരിക്കുകയായിരുന്നു.

ഒരാളെ കണ്ടാൽ അയാൾക്ക് എത്ര നാൾ കൂടി ആയുസ്സുണ്ടാകും എന്ന് കണക്കുകൂട്ടി കണ്ടുപിടിക്കാനുള്ള പരിശീലനമായിരുന്നു അത്.  ഇൻഷുറൻസ് കമ്പനിയുടെ നടത്തിപ്പിൽ അത് വളരെ പ്രധാന കാര്യമാണല്ലോ. ആ ക്ളാസിനു പോകാൻ ലീലയുടെ ഭർത്താവിന് സത്യത്തിൽ അത്ര മനസ്സുണ്ടായിരുന്നില്ല. കാരണം എവിടെയെങ്കിലും യാത്ര കഴിഞ്ഞു വന്നാൽ അയാൾ ആദ്യം തറവാട്ടിൽപ്പോയി അമ്മയെക്കണ്ട് ആപ്പിളിന്റെ ടോണിക്കും കുറച്ച് കശുവണ്ടിപ്പരിപ്പും കഴിക്കാൻ കൊടുക്കുക പതിവാണ്. ഇത്തവണ പരിശീലനമൊക്കെ കഴിഞ്ഞു വരുമ്പോൾ സ്വന്തം അമ്മയെ കണ്ടാൽ അവരുടെ ആയുസ്സിനെപ്പറ്റി അപകടം പിടിച്ച തോന്നൽ മനസ്സിൽ വന്നാലോ എന്നോർത്ത് അയാൾ പേടിച്ചു.  എങ്കിലും അയാൾക്കു പരിശീലനത്തിനായി മദ്രാസിനു പോകേണ്ടി വന്നു. 

അജയ് പതിവുപോലെ ലീലയുടെ വീട്ടിൽ വന്നു ബെല്ലടിച്ചു.

വാതിൽ തുറന്നത് ഒരു പെൺകുട്ടിയാണ്. പൊളിച്ച ഉള്ളിയുടെ നിറമായിരുന്നു അവൾക്ക്. ലീലയുടെ മകളാണെന്ന് അജയിനു നിറം കണ്ടപ്പോഴേ മനസ്സിലായി. 

പെൺകുട്ടി അയാളെ നോക്കാതെ  ഫോണുമായി എന്തോ ആശയവിനിമയത്തിലായിരുന്നു. ഫോണിൽ നോക്കിക്കൊണ്ടു തന്നെ മറ്റുള്ളവരുമായി സംസാരിക്കാനും ഇടപഴകാനും വളരെ എളുപ്പമാണെന്ന ആത്മവിശ്വാസത്തിലായിരുന്നു അവളുടെ പെരുമാറ്റം. 

അജയ് വിളിച്ചു.. മോളേ..

അവൾ ചോദിച്ചു.. ആരാ.. ?

അജയ് ചോദിച്ചു.. മോളിക്യൂലാർ ബയോളജി അല്ലേ പഠിക്കുന്നത്?

അല്ല, അത് ഞാൻ വെറുതെ വാട്സാപ്പിൽ സ്റ്റാറ്റസ് ഇട്ടതാ. നിങ്ങളത് എങ്ങനെ കണ്ടു.  ആരാ?

ഞാൻ റിസർച്ച് ചെയ്യുന്ന ആളാണ്. പഴയ ബുക്കുകൾ കൊടുക്കാനുണ്ടോ എന്നറിയാൻ വന്നതാ?

പെൺകുട്ടി ചിരിച്ചു.. പഴയ ബുക്കുകൾ ഇക്കാലത്ത് ആരെങ്കിലും കൊടുക്കുമോ? അതിലെ കോഡുകൾ ഒക്കെ പുറത്തറിയില്ലേ..

അജയ് ചിരിച്ചു.. ഇത് ഇന്ററസ്റ്റിങ് ആണല്ലോ. മോളുടെ ബുക്കിലെ ഒരു കോഡ് പറയൂ. അതിന്റെ അർഥം പറയാമോ എന്ന് ഞാൻ നോക്കട്ടേ..

പെൺകുട്ടി ചിരിച്ചു.. പറഞ്ഞാൽ കൊല്ലും ‍ഞാൻ.. 

ആ രീതിയിൽ ചാടിച്ചാടി സംസാരം മുന്നോട്ടു പോകുന്നതിൽ അജയിനു സന്തോഷം തോന്നി. അയാൾ പറഞ്ഞു.. ഞാൻ ആരോടും പറയില്ല കുട്ടീ.. കോഡ് പറയൂ..

പറഞ്ഞാൽ കൊല്ലും ഞാൻ..  അതാണ് കോഡ്. അതു പോലും മനസ്സിലായില്ല ! പിന്നെന്തു റിസർച്ച്..  ആ പെൺകുട്ടി കൂടുതൽ ഉറക്ക ചിരിച്ചു.

വിജയ നിമിഷത്തിന് തൊട്ടടുത്ത് എത്തുമ്പോൾ പെൺകുട്ടികൾ ചിരിക്കുന്ന ചിരിക്ക് ഒരു മാന്ത്രികതയുണ്ട്.  അത് കേൾക്കാൻ നല്ല രസവുമുണ്ട്. അതേ സമയം ആണുങ്ങൾ അങ്ങനെ ചിരിക്കുമ്പോൾ അഹങ്കാരത്തിന്റെ മുഴക്കമാണ് തോന്നാറുള്ളത്. അതു കേട്ടാൽ ഒരു തൊഴി കൊടുക്കാനാണ് അജയിനു തോന്നുക. 

അജയ് പറഞ്ഞു.. എനിക്ക് ആ കോ‍ഡ് മനസ്സിലായില്ല, കേട്ടോ... പഴയ നോട്ടുബുക്കുകൾക്കുള്ളിൽ വച്ചിരിക്കുന്ന വസ്തുക്കളാണ് എന്റെ റിസർച്ചിന്റെ ടോപ്പിക്. 

പെൺകുട്ടി ചോദിച്ചു.. റിസർച്ചിനിടെ ബുക്കിനുള്ളിൽ നിന്ന് എന്തെങ്കിലും കിട്ടിയോ?

പ്രോഗ്രസ് കാർഡ്, ഐഡി കാർഡ്, പഴയ നോട്ടുകൾ, കരിഞ്ഞ റോസാപ്പൂ ഇതളുകൾ, അമ്മയുടെ ഫോട്ടോ, സ്വർണ വില, തെറി ഇങ്ങനെ കുറെ കാര്യങ്ങൾ.  കൂട്ടുകാരികളുടെ പൊട്ടുകളും തൂവാലയും ചിലർ ഒളിപ്പിച്ചു വയ്ക്കാറുണ്ട്. ട്രാൻസ്ജെൻഡറുകളുടെ കാര്യത്തിൽ റിസർച്ച് നടക്കുന്നതേയുള്ളൂ.. 

പെൺകുട്ടി പറഞ്ഞു.. ഇവിടെ പഴയ ബുക്ക് ഒന്നും ഇരുപ്പില്ല.

അജയ് ചോദിച്ചു.. മോളുടെ ബുക്ക് ഇല്ലെങ്കിൽ അമ്മയുടെ ബുക്ക് ഉണ്ടാവില്ലേ..? അതു തരാമോ?

പെൺകുട്ടി പറഞ്ഞു.. അമ്മയുടെ ബുക്ക് കിട്ടാൻ ഒരു ഓപ്ഷനും ഇല്ല. അതൊക്കെ പ്ളാസ്റ്റിക് കവറിൽ റാപ്പ് ചെയ്ത് അലമാരിയിൽ വച്ചിരിക്കുകയാണ്. അത് ആരും കൈകൊണ്ടു തൊടുന്നതുപോലും അമ്മയ്ക്ക് ഇഷ്ടമല്ല.

അജയ് ചോദിച്ചു.. ആരും ?

പെൺകുട്ടി പറഞ്ഞു.. യേസ്, ആരും !

അതുകേട്ട് അജയ് നിന്നിടത്തു നിന്ന് മുമ്പോട്ട് ഒറ്റച്ചാട്ടം.. എങ്കിൽ ഞാൻ പോയിട്ടു പിന്നെ വരാം..

പെൺകുട്ടി സ്വയം പറഞ്ഞു.. ഒരോ വട്ടന്മാർ ! പഴയ കാലത്തു നിന്ന് ഇറങ്ങിയിരിക്കുകയാണ്...

അജയ് പിറ്റേന്ന് ചെല്ലുമ്പോൾ ലീലയുടെ വീട്ടിന്റെ പുറത്ത് ആരുമില്ല. തൊടിയിലെ മാവും പ്ളാവും തെങ്ങും പരസ്പരം തലപ്പുകൾ കൂട്ടിമുട്ടിച്ച് കളിക്കുന്നുണ്ട്.

നാലമത്തെ മുറിയിൽ ജനാലവിരി ഇളകുന്നു. 

അജയ് ബെല്ലടിച്ചു..

ലീലയാണ് വന്നു വാതിൽ തുറന്നത്. ചുവന്ന ടോപ്പിൽ വെള്ളപ്പൂക്കളും മഞ്ഞ ബോട്ടവുമായി നിറങ്ങളുടെ ലീല. 

ആരാ എന്നു ചോദിക്കാത്തതെന്താണ് !

ഒരു അത്ഭുതവും ഇല്ലാത്ത മട്ടിൽ നോക്കുന്നതെന്താണ് !

പ്രതീക്ഷിച്ച മട്ടിൽ നിൽക്കുന്നതെന്താണ് !

അജയ് പറഞ്ഞു.. ഞാൻ ഇന്നലെയും മിനിയാന്നും വന്നിരുന്നു. ഞാൻ ബംഗാളിയോ റിസർച്ച് ചെയ്യുന്ന ആളോ അല്ല.

ലീല പറഞ്ഞു.. എനിക്ക് അറിയാമായിരുന്നു.  ആരോടും പറഞ്ഞില്ലെന്നേയുള്ളൂ. ഞാൻ മാത്രമുള്ളപ്പോൾ വരുമല്ലോ എന്നു കരുതി കാത്തിരിക്കുകയായിരുന്നു.  

അജയ് പറഞ്ഞു.. നമ്മൾ ക്ളാസ് മേറ്റ്സാണ്. 

ലീല പറഞ്ഞു.. അതേ, പെരുമ്പാവൂർ ആവേ മരിയ സ്കൂളിൽ.

അജയ്.. ഏഴു മുതൽ പത്താം ക്ളാസ് വരെ. ലീലയ്ക്ക് അതൊക്കെ ഓർമയുണ്ടോ?

ലീല പറഞ്ഞു.. ഓർമയുണ്ട്. സാലിമോൾ ചാക്കോ, രാജശ്രീ പി.വി, അനു, വർഗീസ് ഫിലിപ്, ബിജു തോമസ് എല്ലാവരെയും ഓർമയുണ്ട്. എല്ലാവരും ഫെയ്സ്ബുക്കിലുണ്ട്. 

അജയ് പറഞ്ഞു.. ഒരു പേര് മിസ്സിങ്ങാണ്. അജയ് കൃഷ്ണചന്ദ്രൻ !

ലീല പറഞ്ഞു.. ആ പേരു ഞാൻ ഒറ്റയ്ക്കു പറയാനിരിക്കുകയായിരുന്നു. ഇത്ര തിരക്കെന്തിനാ.. !

അജയ് ചോദിച്ചു.. ഞാൻ ലീലയ്ക്ക് പത്താം ക്ളാസിൽ വച്ചു തന്ന ആ കത്ത് ഇപ്പോഴും കൈയിലുണ്ടെന്ന് എനിക്കറിയാം. അത്എനിക്കു തിരിച്ചു തരാമോ?

ലീല.. എന്തിനാ, അക്ഷരത്തെറ്റുണ്ടോ എന്നു നോക്കാനാണോ? രണ്ടിടത്ത് രോമാഞ്ചം എന്നെഴുതിയിരിക്കുന്നത് തെറ്റിച്ചാണ്. വേറൊരിടത്ത് കോമാ ഇട്ടതും മാറിപ്പോയി.

അജയ് ഞെട്ടി.. കോമായിടാൻ എനിക്കു പണ്ടേ അറിയാൻ മേല. 

ലീല പറഞ്ഞു..  ഫുൾസ്റ്റോപ്പിടാനും തനിക്ക് അറിയാൻ വയ്യ..  താൻ ഡിവോഴ്സ് ആയിട്ട് എത്ര നാളായി ?

അജയ് ഞെട്ടിപ്പോയി.. രണ്ടു വർഷം. എങ്ങനെ മനസ്സിലായി ?

ലീല പറഞ്ഞു.. പെട്ടെന്ന് പിടികിട്ടും. പ്രത്യേകിച്ച് പെണ്ണുങ്ങൾക്ക്. എന്തായാലും ആ കത്ത് ഞാൻ തിരിച്ചു തരില്ല. 

അജയ് പറഞ്ഞു.. പ്ളീസ്, ഞാനാ കോമാ മാറ്റിയിട്ട ശേഷം തിരിച്ചു തരാം. 

ലീല പറഞ്ഞു..  ഒരു കത്തും തിരിച്ചു കൊടുക്കാനുള്ളതല്ല. തിരിച്ചു കൊടുത്താൽ അത് കത്ത് അല്ലാതാകും. താൻ വേഗം പോകാൻ നോക്ക്. എന്റെ മകൾ ഇപ്പോൾ കരാട്ടേ കഴിഞ്ഞു വരും !

അജയ് മടിച്ചു മടിച്ചു നടന്ന് മാവിൻ ചുവട്ടിലെത്തി തിരിഞ്ഞു നിന്നു.... ഒരു സംശയം ചോദിച്ചോട്ടെ, അന്നെന്താ എന്റെ കത്തിന് മറുപടി തരാഞ്ഞെ.. 

ലീല പറഞ്ഞു..  കത്തു തന്നതിന്റെ പിറ്റേന്ന് നമ്മൾ കണ്ടപ്പോൾ എന്റെ മുഖത്തുണ്ടായിരുന്നല്ലോ അതിനുള്ള മറുപടി. താനെന്താ അതു കാണാഞ്ഞെ.. 

ഭാര്യ മായാറാണിയുടെ മുഖം അജയ് ഓർമിച്ചു. ഒരു മുഖത്തു നിന്നും ഒന്നും വായിക്കാൻ തനിക്കു കഴിഞ്ഞിട്ടില്ലല്ലോ എന്ന് ഓർത്ത് അജയ് ഒന്നും മിണ്ടാതെ, മെല്ലെ പുറത്തേക്കു നടന്നു.

English Summary : Love At Corona Time 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ