വന്നുവല്ലോ... ഇന്നലെ നീ...

penakathy-001
SHARE

ശ്രീലക്ഷ്മി ആർ പണിക്കർ നീലാംബരിയുടെ പടികടന്നെത്തുമ്പോൾ ജിഷ്ണുവിന്റെ അമ്മ അടുക്കളയി ലാണ്. ഇഞ്ചിക്കറി പാകമാകുന്നതിന്റെ ലഹരിയിൽ കടുകുമണികൾ സ്വയം മറന്ന് തുള്ളിച്ചാടുന്ന ഉച്ച.  വിശന്ന വെയിൽ മരങ്ങളുടെ തണൽ തിന്നുന്നു. 

ശ്രീലക്ഷ്മിയെ മുറ്റത്തെ ചാമ്പയുടെ ചുവട്ടിൽ നിർത്തിയിട്ട് ജിഷ്ണു ശബ്ദമുണ്ടാക്കാതെ അടുക്കളയിലേക്ക് ചെന്നു. സരസുപ്പൂച്ചയെപ്പോലെ.. !

ഉച്ച നേരത്ത് കോളജിൽ നിന്ന് സമയം തെറ്റിയുള്ള വരവാണ്.  

അടുപ്പിൽ നിന്നു കണ്ണെടുക്കാതെ അമ്മ ചോദിച്ചു.. എന്താടാ ? ഇന്നും സമരമാണോ ?

അല്ലമ്മേ..  അമ്മയെ കാണാൻ ഒരാളു വന്നിട്ടുണ്ട്.

ആരാ ? തേങ്ങായിടുന്ന കുഞ്ഞുമോനാണോ? ആദ്യം അടയ്ക്കാ പറിക്കാൻ പറയെടാ.. എന്നിട്ടു മതി തേങ്ങാ. 

അയ്യേ, അയാളൊന്നും അല്ലമ്മേ. ഇത് വേറൊരാളാ. മുൻവശത്തേക്കൊന്നു വന്നേയമ്മേ എന്നു പറഞ്ഞ്  ജിഷ്ണു സ്നേഹത്തിന്റെ ബലം ചേർത്ത് അമ്മയുടെ കൈയിൽ പിടിച്ചു വലിക്കുന്നു. ആ പിടുത്തത്തിൽ സ്വർണ വളകൾ പരിഭവിക്കുന്നു. കൈയിൽ നിന്ന് ഇഞ്ചിക്കറി മണക്കുന്നു. 

കൈ വിടെടാ ചെറുക്കാ, ആരാ ഇത്ര വലിയ വിഐപി എന്നൊക്കെ പറഞ്ഞ് അമ്മ സാരിത്തുമ്പ് ഒന്നൂടെ കുത്തി മുഖത്തേക്കു വീണ മുടിയിഴകൾ വിരൽ കൊണ്ടൊന്നു വകഞ്ഞ് വാഷ്ബേസിന് ഐശ്വര്യമായി നിൽക്കുന്ന കണ്ണാടിയിൽ ഒന്നു പാളി നോക്കി തിണ്ണയിലേക്ക്.. 

ജിഷ്ണു പറഞ്ഞു.. ശ്രീലക്ഷ്മി. എന്റെ കൂടെ പഠിക്കുന്ന കുട്ടിയാണ്. അവൾക്ക് അമ്മയെ കാണണമെന്ന്..

എന്നെയോ ? എന്നിട്ടെവിടെ.. എന്നു പറഞ്ഞ് അമ്മ ഉമ്മറത്തേക്ക് എത്തുന്നു. മുറ്റത്ത് ചാമ്പയുടെ ചുവട്ടിൽ അന്നേരം കൊണ്ടു വച്ച നന്ത്യാർവട്ട ചെടി പോലെ ചുറ്റുപാടും തൊടാതെ നിൽക്കുന്ന ആ പെൺകുട്ടിയെ ശ്രദ്ധാപൂർവം നോക്കി.  

മറ്റൊരമ്മയെ ആദ്യം കാണുന്നതുപോലെ അവളും നോക്കി. 

അമ്മ ജിഷ്ണുവിനോടു പറഞ്ഞു.. പാലു തീർന്നു. നീ പോയി രണ്ടു പാക്കറ്റ് വാങ്ങിക്കൊണ്ടു വാടാ.. 

ശ്രീലക്ഷ്മി ചായ കുടിക്കില്ലമ്മേ.. എന്ന് പെട്ടെന്നു പറഞ്ഞു പോയി ജിഷ്ണു.  ആ ഡയലോഗ് വേണ്ടായിരുന്നു എന്നു തോന്നി ശ്രീലക്ഷ്മിക്ക്. 

അമ്മ വിട്ടില്ല.. എങ്കിൽ ഒരു പാക്കറ്റ് പപ്പടം വാങ്ങിക്കൊണ്ടു വാ..   

ഇവൾ പപ്പടം കഴിക്കില്ലമ്മേ എന്ന് പറയല്ലേയെന്ന അപേക്ഷയോടെ ശ്രീലക്ഷ്മി ജിഷ്ണുവിനെ നോക്കി. പിന്നെ സ്വന്തം കവിളിലും ചൊടിയുടെ താഴ് വരകളിലും ഒറ്റയ്ക്കു വിടർന്ന ഇളംചോപ്പു പൂമൊട്ടുകളെ വിരൽ കൊണ്ടൊന്നു തൊട്ടു. 

ജിഷ്ണു ഒന്നു മടിച്ചു നിന്നിട്ട് ആരാധികേ എന്ന പാട്ടും പാടി ബൈക്കെടുത്ത് പുറത്തേക്കു പോയി.

പുറത്തു കൊളുത്തി വച്ച നിലവിളക്ക് അകത്തേക്ക് എടുത്തു കൊണ്ടു പോകുന്ന കരുതലോടെ ശ്രീലക്ഷ്മിയെയും കൂട്ടി അമ്മ അകത്തേക്കു പോയി.

ജിഷ്ണു പാലും പപ്പടവും വാങ്ങി തിരിച്ചു വരുമ്പോൾ ശ്രീലക്ഷ്മി സ്വീകരണ മുറിയിലുണ്ട്. കൈയിലൊരു മാസിക. അതിന്റെ ആദ്യ പേജിൽ മോഹൻലാലിന്റെ അഭിമുഖം. കാലങ്ങൾ ചിറകുവച്ച സ്വപ്നങ്ങൾ, ഞാനതിൽ പറക്കുന്ന ചിത്രശലഭം എന്ന മട്ടിൽ ലാൽ എന്തൊക്കെയോ പറയുന്നുണ്ട്. അവളതു വായിക്കുകയാണ്.

അവൾ ചോദിച്ചു : ഈ ലാലേട്ടനെന്താ എപ്പോഴും ഒരേ ഭാഷയിൽ സംസാരിക്കുന്നത് ?

ജിഷ്ണു പറഞ്ഞു.. ഈ യേശുദാസെന്താ എപ്പോഴും ഒരേ ശബ്ദത്തിൽ പാടുന്നത്. അതുപോലെ തന്നെ മോഹൻലാലും..

ജിഷ്ണു ചോദിച്ചു.. അമ്മ എന്തെങ്കിലും ചോദിച്ചോ ?

ഇല്ല. പക്ഷേ അമ്മയ്ക്ക് എല്ലാം മനസ്സിലായി.

അവനൊന്നു ഞെട്ടി.. എന്ത് ?

നീ മൊത്തത്തിൽ ഉഡായ്പാണെന്ന്. 

അകത്തെ മുറിയിൽ അമ്മ കുളി കഴിഞ്ഞ് വേഷം മാറുകയായിരുന്നു.  അമ്മ സാരിയുടുക്കുമ്പോൾ ജിഷ്ണു പതിവു പോലെ കാൽച്ചുവട്ടിൽ ഇരുന്നു. പ്ളീറ്റ്സിന്റെ ഞൊറിയെടുക്കാൻ കൂടി. 

അമ്മ ചോദിച്ചു. നീയെന്തിനാ കള്ളം പറഞ്ഞത് ആ കുട്ടിക്ക് അച്ഛനില്ലെന്ന്..? 

അവൾക്ക് അച്ഛനില്ലമ്മേ,  ഡാഡിയാണ്. പുള്ളി ഗൾഫിൽ എൻജിനീയറാണ്.

അമ്മയും ഒരു നിമിഷം കൺഫ്യൂഷനിലായി. ശരിയായിരിക്കും. അതോ.. !

ജിഷ്ണു ചോദിച്ചു... അവൾ എന്തിനാ വന്നതെന്ന് അമ്മയോടു പറഞ്ഞോ ?

ഇഞ്ചിക്കറി ഉണ്ടാക്കാൻ പഠിപ്പിക്കണമെന്നു പറഞ്ഞു. 

അതു സത്യമാണമ്മേ.. അവളുടെ ടിഫിൻ ബോക്സിന്റെ അടപ്പ്  ഒരു ദിവസം തുറന്നാണ് ഇരുന്നത്. ഉറുമ്പു കേറി മുട്ട ഓംലെറ്റ് മുഴുവൻ തിന്നു. അന്ന് അമ്മയുണ്ടാക്കിയ ഇഞ്ചിക്കറി ഞാൻ കൊടുത്തു. അന്നു പറയാൻ തുടങ്ങിയതാ, അമ്മയെ കാണണമെന്ന്..

അമ്മ പറഞ്ഞു.. ആടിനെ കറക്കുന്നതു കാണണം, അമ്പലക്കുളത്തിൽ കുളിക്കണം എന്നൊക്കെ അവൾ പറഞ്ഞു. ചാണകം വാരാൻ നീ പഠിപ്പിക്കുമെന്നും ഞാൻ പറ‍ഞ്ഞിട്ടുണ്ട്. 

വളരെ നന്നായി. അമ്മ എന്നെയങ്ങു കൊല്ല് എന്നു പറഞ്ഞ് ജിഷ്ണു വേഗം മുറിവിട്ടു.

മോഹൻലാലിനെ വിട്ട് ശ്രീലക്ഷ്മി  പുറത്ത് ഇറങ്ങിയിരുന്നു. മുറ്റത്തെ ഇലഞ്ഞി മരത്തിന്റെ കൊമ്പു പിടിച്ചു കുലുക്കുകയായിരുന്നു അവൾ. തലയിൽ നിറയെ വെളുത്ത പൂക്കൾ. അവനു ചിരി വന്നു.. നീയെന്താ മോഹൻലാലിന്റെ സിനിമേല് അഭിനയിക്കുകാ.. ?

ശ്രീലക്ഷ്മി പറഞ്ഞു.. നമ്മുടെ കോളജിലെ ഒരു സാർ ഇഷ്ടമുള്ള കുട്ടികളെ വീട്ടിൽ കൊണ്ടു പോയി ഇങ്ങനെ ക്ളാസെടുക്കാറുണ്ട്. ഇലഞ്ഞി മരത്തിന്റെ ചുവട്ടിൽ നിർത്തിയിട്ട് പൂക്കൾ പെയ്യുന്നതെങ്ങനെ എന്നു പഠിപ്പിക്കും. മഴ തോരുന്ന നേരത്ത് കൂവളത്തിന്റെ ചോട്ടിൽ നിർത്തും. മഴ നനയുന്നത് എങ്ങനെയെന്നു പഠിപ്പിക്കാൻ.

അവൻ ചോദിച്ചു.. സത്യമാണോ !

അല്ല കള്ളം. നിന്റമ്മ എനിക്ക് അമ്പലത്തിലെ പായസം തന്നു. 

ജിഷ്ണു പറഞ്ഞു.. അതു തിങ്കളാഴ്ച ശിവന്റമ്പലത്തിൽ നേദിക്കുന്ന പായസമാണ്.  കഴി‍ച്ചാൽ പെട്ടെന്നു കല്യാണം നടക്കും. കെട്ടുന്നവൻ ഒരിക്കലും വിട്ടുപോകത്തുമില്ല. 

ശ്രീലക്ഷ്മി പറഞ്ഞു.. എല്ലാ ആഴ്ചയും പായസം കഴിച്ചിട്ടും നിന്റെ കല്യാണം ഇതു വരെ നടക്കാത്തതെന്താ ?

അതിന് ഞാനൊരു പെൺകുട്ടിയുടെയും പിന്നാലെ നടക്കാറില്ലല്ലോ..

അവർ നിന്റെ മുന്നിലാണല്ലോ നടക്കുന്നത് എന്ന് ശ്രീലക്ഷ്മി കളിയാക്കിപ്പറഞ്ഞപ്പോഴേക്കും അമ്മ വന്നു... നിന്റെ വീട്ടിൽ സിംഹങ്ങളുണ്ടെന്ന് ഇവൻ പറഞ്ഞത് നേരാണോ കുട്ടീ.. ?

വീടിന്റെ ഗേറ്റിൽ  രണ്ടു പ്രതിമകളുണ്ടെന്നായി ശ്രീലക്ഷ്മി.

ജിഷ്ണു അതേറ്റു പിടിച്ചു...  പെരുമ്പാവൂരിലെ വലിയ തറവാടാണമ്മേ.. ശ്രീലകം എന്നാണ് വീട്ടുപേര്. ഗേറ്റിന്റെ ഇരുവശത്തും കാവലിന് രണ്ടു സിംഹങ്ങൾ. നമ്മുടെ മുറ്റത്ത് അരിയും പയറുമൊക്കെ ഉണങ്ങാനിട്ടാൽ ഉടനെ കിളികളൊക്കെ വരില്ലേ.. ഇത് കാക്കയും കുരുവിയുമൊന്നും സിംഹത്തെ പേടിച്ച് ഗേറ്റിന്റെ അടുത്തുപോലും വരില്ല. ഒരു ദിവസം ഒരു ചിത്രശലഭം പറന്നു വന്ന് ഒരു സിംഹത്തിന്റെ ചെവിയിൽ‌ വന്നിരുന്നു. മഞ്ഞയും ചുവപ്പും നിറമുള്ള ആ ചിത്രശലഭം കണ്ണിന്റെ ഇമകൾ ഇളക്കുന്നതുപോലെ മെല്ലെ മെല്ലെ ചിറകടിച്ചു. 

അമ്മ ചോദിച്ചു.. അതോടെ ചില പൂവൻ കോഴികളൊക്കെ അതുവഴി വരാൻ തുടങ്ങിയല്ലേ മോളേ.. ?

ശ്രീലക്ഷ്മി ചിരിച്ചു. പിന്നെ വൈകാതെ വൈകുന്നേരമായി. ശ്രീലക്ഷ്മി തിരിച്ചു പോകാനിറങ്ങി. പടി കടന്നിട്ടും കൂടെ നടക്കാൻ തുടങ്ങിയ ജിഷ്ണുവിനെ അവൾ തന്നെ തിരിച്ചു പറഞ്ഞയച്ചു.  

പിരിയാൻ നേരം ജിഷ്ണു ചോദിച്ചു.. അമ്മ നിന്നോട് എന്തെങ്കിലും ചോദിച്ചോ ?

ശ്രീലക്ഷ്മി പറഞ്ഞു.. ഇഷ്ടപ്പെട്ടോന്നു ചോദിച്ചു. 

അവന് ആവേശമായി... എന്നിട്ട്.. നീയെന്തു പറഞ്ഞു..?

ഇഷ്ടപ്പെട്ടു. ഇനി വരുമ്പോൾ ഉണ്ടാക്കിക്കൊണ്ടു വരാമെന്നു പറഞ്ഞു.

എന്ത് ?

ഇഞ്ചിക്കറി ! ആദ്യമൊക്കെ പാകം ചെയ്യുമ്പോൾ ശർക്കര ചേർക്കുന്നതിനെക്കാൾ പഞ്ചസാരയാണ് നല്ലതെന്നും അമ്മ പറഞ്ഞു. 

അവൻ ഇഞ്ചി കടിച്ചതുപോലെ തിരിച്ചു നടന്നു. ഈ സ്ത്രീകളൊക്കെ എന്താ ഇങ്ങനെ..? വേണ്ട കാര്യം വേണ്ട സമയത്ത് ചോദിക്കുന്നേയില്ല. 

വീട്ടിൽ വന്നപ്പോൾ അമ്മ അച്ഛനെ ഫോൺ വിളിക്കുകയാണ്.  വിളിച്ചു തീരുന്നതു വരെ അവൻ കാത്തു നിന്നു. 

ആകാംക്ഷ തീരുന്നേയില്ല: അച്ഛനോട് അമ്മ എന്തെങ്കിലും പറഞ്ഞോ?

അമ്മയ്ക്കാവട്ടെ നെറ്റിയിലെ ചന്ദനക്കുറിയുടെ നിസ്സംഗത. അമ്മ പറയാൻ തുടങ്ങി..  പുതിയ ചിട്ടി തുടങ്ങുന്ന കാര്യം ചോദിച്ചു. നിനക്കു പ്രായപൂർത്തിയായതുകൊണ്ട് നിന്റെ പേരിൽ തുടങ്ങിയാൽ മതിയെന്നും പറഞ്ഞു. 

ശ്രീചക്രം ചിട്ടി ഫണ്ട്സ്, ശ്രീമഹാഭാഗവതം, ശ്രീ ശ്രീ രവിശങ്കർ, ശ്രീ എം... ഇങ്ങനെ എല്ലാം പറയുന്നുണ്ട്. ശ്രീലക്ഷ്മി  മാത്രമില്ല. എന്തിനാണ് അവളെ വീട്ടിലേക്കു കൊണ്ടു വന്നതെന്ന് തന്നോടു മാത്രം ചോദിക്കുന്നില്ല. ജിഷ്ണുവിനു ദേഷ്യവും സങ്കടവും വന്നു.

അവൻ പറഞ്ഞുപോയി.. എത്ര തവണകളായി ഞാൻ നടക്കുന്നു. ഈ ചിട്ടി അടിക്കണേ എന്നു പ്രാർഥിക്കൂ എന്റമ്മേ... ! 

English Summary : Love, Homecoming

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ