സെല്ലോടേപ്പ് ഒട്ടിക്കാത്ത വിവാഹ സമ്മാനം

HIGHLIGHTS
  • അതേ അളവിലും തൂക്കത്തിലും തിരിച്ചു കൊടുക്കേണ്ടത് എങ്ങനെ സമ്മാനം ആകും?
  • കടം എന്ന വാക്കാണ് കൂടുതൽ ചേരുക.
Pavithra
SHARE

അതിഥികളൊഴിഞ്ഞ വിവാഹ വീട്, ഒഴിഞ്ഞ സമ്മാനക്കവർ പോലെ ശൂന്യമായി തോന്നി. തിരക്കൊഴിഞ്ഞതോടെ വിവാഹ വസ്ത്രങ്ങളുടെ ഉറയൂരി കുളി കഴിഞ്ഞ് പവിത്ര സ്വസ്ഥയായി. അതിരാവിലെ ബ്രൈഡ‍ൽ മേക്കപ്പ് കഴിഞ്ഞപ്പോൾ തന്റെ ഉടൽ മെഴുകു പുരട്ടി മിനുക്കിയ ഫോറിൻ ആപ്പിൾ പോലെയാണെന്ന് അവൾക്കു തോന്നിയിരുന്നു. ഇപ്പോൾ ജലസമൃദ്ധമായ കുളി കഴിഞ്ഞതോടെ ഉടൽ വീണ്ടും മഴ തോർന്ന തൊടിയിലെ നാടൻ പേരയ്ക്ക പോലെ... വധുവിന്റെ ഉടൽ ഒരു പ്രഖ്യാപനമായി മാറുന്ന ആചാരമാണ് വിവാഹം. 

നവവധുവായി ആ വീട്ടിലേക്ക് പവിത്ര വന്ന ദിവസമാണ്.  

വരന്റെ വീട്ടിലെ മുറികളിലൂടെ അവൾ വെറുതെ കറങ്ങി നടന്നു. തന്റെ വീട്ടിൽ നിന്ന് വ്യത്യസ്തമായി ഇവിടെ എന്തൊക്കെയുണ്ടെന്ന് നോക്കിക്കാണുകയായിരുന്നു. ആകെ ഒരു അടുക്കും ചിട്ടയുമുണ്ട്. മുറികളിൽ ധാരാളം വെളിച്ചമുണ്ട്.  വീട്ടിനുള്ളിൽ എല്ലാവരും ചെരിപ്പിട്ടു നടക്കുന്നു. കുളിമുറികൾക്കു മുന്നിൽ വിരലിടകളിൽ നിന്ന് ഈർപ്പം വൃത്തിയായി വലിച്ചെടുക്കുന്ന ഉണങ്ങിയ ചവിട്ടികളുണ്ട്. 

ജനാലകൾക്കരികിൽ നിന്ന് പവിത്ര പുറത്തേക്കു നോക്കി.  വിവാഹ അലങ്കാരത്തിനായി മരങ്ങളിലും ചെടികളിലും തൂക്കിയ മിന്നുംബൾബുകൾ ആലസ്യത്തോടെ മിഴിയുകയും അണയുകയും ചെയ്തുകൊണ്ടിരുന്നു. ഓരോ തവണയും മിന്നി അണയുന്നതിനിടയിലെ സമയക്കണക്കുകൾ കൂട്ടാൻ രണ്ടോ മൂന്നോ തവണ ശ്രമിച്ച് നോക്കി. ചിലപ്പോൾ ഒറ്റയക്കങ്ങൾ, ചിലപ്പോൾ ഇരട്ട.. ഫിസിക്സിലെ ഏതു തിയറിയാണ് ഇവിടെ പ്രയോഗിക്കപ്പെടുക എന്നറിയാതെ പവിത്ര ആശയക്കുഴപ്പത്തിലായി.

അല്ലെങ്കിൽത്തന്നെ വിവാഹവും ഫിസിക്സും തമ്മിൽ എന്തു ബന്ധം ! പുരുഷന് രസതന്ത്രവും സ്ത്രീക്കു ബയോളജിയും !  അങ്ങനെയാണ് ചില വനിതാ സുഹൃത്തുക്കൾ വിവാഹത്തെ നിർവചിക്കുന്നതു കേട്ടിട്ടുള്ളത്. 

ചെറിയൊരു ചിരി അവളുടെ ചുണ്ടിൽ വിരിഞ്ഞു. അതൊരു പൂമ്പാറ്റയായി മുറിയിലൂടെ പറന്നു. 

പവിത്രാ എന്നാരോ വിളിക്കുന്നു. 

അവൾ മെല്ലെ സ്വീകരണ മുറിയിലേക്കു നടന്നു.

അവിടെ എല്ലാവരും കൂടിയിട്ടുണ്ട്. പവിത്രയുടെ ഭർത്താവ് സുസ്മേഷ്, അമ്മ, അച്ഛൻ, മൂത്ത സഹോദരിയുടെ മകൾ നീലിമ. 

എല്ലാവരും അവളെ കാത്തിരിക്കുകയായിരുന്നു. നീലിമ അരികിലേക്കു വന്ന് പവിത്രയുടെ തോളിൽപ്പിടിച്ചു. 

സുസ്മേഷ് പറഞ്ഞു... ഞങ്ങൾ പവിത്രയെ കാത്തിരിക്കുകയായിരുന്നു. ഒരു പ്രധാന ചടങ്ങിന്. പാലും പഴവും കഴിക്കൽ പോലെ മറ്റെന്തെങ്കിലും ആചാരമാണോ?! അവൾ സുസ്മേഷിന്റെ അമ്മയുടെ മുഖത്തേക്കു നോക്കി.

ലെഫ്റ്റ് ഹാൻഡറായിരുന്നു പവിത്ര. വിവാഹം കഴി‍ഞ്ഞ് വരന്റെ വീട്ടിലേക്ക് ആദ്യമായി കയറുമ്പോൾ വലതുകാൽ വച്ചു വേണമെന്ന് സ്വയം ഓർമിപ്പിച്ചു. ശ്രദ്ധിച്ചില്ലെങ്കിൽ ഇടതുകാൽ പണി പറ്റിക്കും. നടക്കുമ്പോൾപ്പോലും വലതുകാലിന്റെ മുന്നിൽ കയറാനാണ് ഇടതു കാലിന്റെ ശ്രമം !

അമ്മ പറഞ്ഞു.. ഇതെല്ലാം നിങ്ങൾക്കു കിട്ടിയ വിവാഹ സമ്മാനങ്ങളാണ്. കവറൊക്കെ ഒന്നു പൊട്ടിച്ചു നോക്കണം. മോളു വരാൻ കാത്തിരിക്കുകയായിരുന്നു ഞങ്ങൾ..

സ്വീകരണ മുറിയിലെ മേശയിലും നാലഞ്ചു കസേരകളിലും സോഫയിലുമായി ഒരുപാടു പൊതികൾ അവളെ നോക്കി ചിരിച്ചു. പല നിറങ്ങൾ, പല ആകൃതികൾ. ചുവപ്പിനും നീലയ്ക്കും പച്ചയ്ക്കും ഇടയിൽ സ്വർണ നിറക്കടലാസിൽ പൊതിഞ്ഞ ഒരു കുഞ്ഞു കവർ അവളുടെ കണ്ണിൽപ്പെട്ടു.  

നീലിമയുടെ ശ്രദ്ധയും ആ കവറിൽത്തന്നെയാണ്. 

അതിനുള്ളിൽ എന്തായിരിക്കും ?!  അറിയാനൊരു ആകാംക്ഷ.  ചുവന്ന നിറമുള്ള ഒരു കുഞ്ഞിക്കരടിയുടെ പാവയായിരിക്കും ! കവർ തുറക്കുമ്പോൾ അവൻ ചാടി വരും ! തൊട്ടാലുടൻ അതൊരു ചോക്കലേറ്റായി മാറും ! അതിനെ ഞാൻ കടിച്ചു മുറിച്ചു തിന്നും..  ഇങ്ങനെ വിചാരിച്ച് പവിത്ര ആ കവർ എടുത്ത് സാവധാനം തുറക്കാൻ തുടങ്ങി. ചുവന്ന പട്ടുനൂൽ കൊണ്ട് ഭംഗിയുള്ള ഒരു അരപ്പട്ട കെട്ടിയിട്ടുണ്ട്. നൂലിന്റെ കെട്ടുകൾ പെട്ടെന്ന് കണ്ടെത്താൻ അവൾക്കു കഴി​ഞ്ഞില്ല. 

സുസ്മേഷ് സഹായത്തിനെത്തി... പവിത്രാ, ഇങ്ങു തരൂ, ഞാൻ തുറന്നു തരാം.

അയാൾ അതു വാങ്ങി ചുവന്ന പട്ടുനൂൽ വലിച്ചു പൊട്ടിച്ചപ്പോൾത്തന്നെ വർണക്കടലാസിന് മുറിവേറ്റു. ഇനി എളുപ്പമായല്ലോ എന്ന മട്ടിൽ അയാൾ അതിനുള്ളിലേക്ക് വിരൽ കടത്തി കടലാസ് നാലു വശത്തേക്കും കീറിയിട്ട് ബോക്സ് പുറത്തെടുത്തു... ഗോൾഡാണെന്നു തോന്നുന്നു.  

അങ്ങനെ വേണ്ടായിരുന്നു എന്നു പവിത്രയ്ക്ക് തോന്നി. ഭംഗിയുള്ള കടലാസായിരുന്നു. ഇങ്ങനെ കീറിക്കളയേണ്ടായിരുന്നു. ഉള്ളിലെ കുഞ്ഞിക്കരടി പേടിച്ച് ഓടിക്കാണും.

ബോക്സിനുള്ളിൽ ഒരു സ്വർ‍ണ മോതിരമായിരുന്നു. 

ആരു തന്നതാ?.. സുസ്മേഷിന്റെ അമ്മ ചോദിക്കുന്നു.

സരസ്വതിച്ചിറ്റ എന്ന് നീലിമയുടെ മറുപടി. പേര് മലയാളത്തിലും ഇംഗ്ളീഷിലും എഴുതിയിട്ടുണ്ട്. 

സമ്മാനങ്ങൾ തന്നവരുടെ പേര് ഒരു ഡയറിയിൽ  കുറിച്ചു വയ്ക്കണമെന്ന് അച്ഛൻ ഓർമിപ്പിക്കുന്നു. ഒക്കെ ഓരോ അവസരം വരുമ്പോൾ തിരിച്ചു കൊടുക്കേണ്ടതാണ്.

പവിത്ര അത്ഭുതത്തോടെ നോക്കി നിന്നു. സമ്മാനങ്ങൾ കിട്ടുമ്പോൾ ഒരുമ്മ തിരിച്ചു കൊടുക്കുന്നതായിരുന്നു അവളുടെ പതിവ്. അതേ അളവിലും തൂക്കത്തിലും തിരിച്ചു കൊടുക്കേണ്ടതാണെങ്കിൽ അതിനെ സമ്മാനം എന്നു വിളിക്കുന്നതെങ്ങനെ ! കടം എന്ന വാക്കാണ് കൂടുതൽ ചേരുക. 

സുസ്മേഷ് സമ്മാനപ്പൊതികൾ ഓരോന്നായി തുറക്കാൻ തുടങ്ങി. ബോക്സുകൾ കൈയിലെടുക്കുന്നു. പൊതിഞ്ഞ വർണക്കടലാസുകൾ വലിച്ചു കീറി താഴേക്ക് എറിയുന്നു. സെല്ലോ ടേപ്പുകൾ വിരലിൽ ഒട്ടുമ്പോൾ വല്ലാത്ത ഈർഷ്യയോടെ ചുരുട്ടിക്കളയുന്നു.

സെല്ലോ ടേപ്പുകളോട് പവിത്രയ്ക്കും ദേഷ്യമാണ്. സമ്മാനങ്ങളുടെ രസം കളയാൻ പിറന്നതാണ് സെല്ലോ ടേപ്പുകൾ. സമ്മാനം തന്റേതാണെന്ന മട്ടിൽ അവയുടെ നെഞ്ചിൽ ഇത്തിക്കണ്ണികളെപ്പോലെ ഒട്ടിപ്പിടിച്ചിരിക്കുന്നു. 

തറവാട്ടു പറമ്പിൽ പറിച്ചു കൂട്ടിയിട്ടിരിക്കുന്ന തേങ്ങയ്ക്കു നടുവിൽ നിൽക്കുന്ന പണിക്കാരൻ വേലായുധനെ പവിത്രയ്ക്ക് ഓർമ വന്നു. ഒന്ന്, രണ്ട് എന്ന് ഉറക്കെ എണ്ണം പറഞ്ഞു കൊണ്ട് അയാൾ ഓരോ തേങ്ങയും പെറുക്കിയെടുക്കുന്നു. കുത്തിനിർത്തിയ കൂർത്ത കമ്പിയിലേക്ക് ഒറ്റക്കുത്തിന് ആഴ്ത്തിയിറക്കിയിട്ട് തൊണ്ടുകൾ രണ്ടായി പിളർത്തി ദൂരേക്ക് വലിച്ചെറിയുന്നു !  പിന്നെയും പിന്നെയും തേങ്ങകൾ പെറുക്കിയെടുക്കുന്നു.

ആണുങ്ങൾക്ക് എന്താണിത്ര ധൃതി ?  വാട്സാപ്പ് അയച്ചാലുടൻ മറുപടി വേണം, നനച്ചാലുടൻ ജീൻസ് ഉണങ്ങണം, ഇലയിട്ടാൽ ഉടൻ വിളമ്പണം.. മെല്ലെ എന്നൊന്നില്ല.

പവിത്ര ഒരു ബൈക്കിന്റെ പിന്നിൽ കയറി ഓർമകളിലൂടെ പിന്നിലേക്ക് ഓടിച്ചുപോയി. 

പ്രണയം ഇന്ധനമാക്കിയ ഒരു ബൈക്ക് ഇരുളിനെ രണ്ടായി കീറി പാഞ്ഞു പോകുന്നു. അതിൽ രണ്ടു പേർ ചേർന്നിരിക്കുന്നു – അലക്സും പവിത്രയും. അവളുടെ 22–ാം പിറന്നാളാണ്. അലക്സിനൊപ്പം അവൾ യാത്ര ചെയ്യുകയാണ്. രാത്രിയാണ്. എവിടേക്കാണ് യാത്ര എന്ന് അവൻ പറയുന്നില്ല. അവൾ ചോദിച്ചതുമില്ല. എവിടേയ്ക്കായാലും അവൻ കൂടെയുണ്ടെങ്കിൽ സേഫ് ആണെന്ന് അവൾ വിശ്വസിക്കുന്നുണ്ട്. 

വലിയൊരു പാലത്തിന്റെ നടുവിൽ ബൈക്ക് നിർത്തി. 

ഇതാണ് ചിത്രപ്പുഴ പാലം.  ഇവിടെ വച്ച് നമ്മൾ‍ പിറന്നാൾ‍ ആഘോഷിക്കാൻ പോകുന്നു. 

അലക്സ് കൊടുത്ത സമ്മാനപ്പൊതി പവിത്ര ആകാംക്ഷയോടെ തുറന്നു. ബോക്സിനുള്ളിൽ മറ്റൊരു ബോക്സ്. അതിനുള്ളിൽ വേറൊന്ന്. തുറന്നു തുറന്ന് ഉള്ളിൽ ചെല്ലാൻ 22 ബോക്സുകൾ തുറക്കേണ്ടി വന്നു. 

അവസാനത്തെ ബോക്സിനുള്ളിൽ ഒരു സെൻ ബുദ്ധൻ ! ആ ബുദ്ധൻ അവളെ നോക്കി ചിരിച്ചുകൊണ്ടു പറയുന്നു: ആദ്യത്തെ പെട്ടിയിലായിരുന്നു നിനക്കുള്ള സമ്മാനം !  

സുസ്മേഷ് എല്ലാ സമ്മാനപ്പൊതികളും തുറന്നു നോക്കിക്കഴിഞ്ഞിരുന്നു. വൈൻ ഗ്ളാസുകൾ, ഡിന്നർ സെറ്റുകൾ, നിലവിളക്കുകൾ, സ്വർണാഭരണങ്ങൾ, പ്രതിമകൾ.. എല്ലാം മേശമേൽ നിരന്നിരിക്കുന്നു. 

ഇവയിൽ സുസ്മേഷിന് ഏറ്റവും ഇഷ്ടപ്പെട്ടത് എന്തായിരിക്കും ? പവിത്ര ആലോചിച്ചു. ചോദിക്കാൻ മടി തോന്നി

രാത്രി വൈകി. ശബ്ദങ്ങൾ വിളക്കണച്ച് ഉറങ്ങാൻ കിടന്നു. വെളിച്ചമണയാത്ത ഒരു മുറിയിലേക്കു മാത്രം കൗതുകത്തോടെ നോക്കി മറ്റു മുറികൾ ഇരുട്ടിൽ പതുങ്ങിയിരുന്നു. 

നീയാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സമ്മാനം എന്നു പറഞ്ഞ് സുസ്മേഷ് അരികിലേക്കു വരുന്നതു കണ്ട് പവിത്ര ചെറുതായൊന്നു ഭയന്നു.

പിന്നെ തന്റെ വല്ലാത്ത ആലോചനകളെക്കുറിച്ച് ഓർത്ത് ഗൂഢമായി ചിരിച്ചു.

English Summary: Penakathy column, The most precious wedding gift

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.