sections
MORE

കുഞ്ഞിനു കഴിക്കാൻ എന്തു കൊടുത്തുവിടും?

471209784
SHARE

സ്‌കൂളിൽപ്പോകുന്ന കുട്ടികൾക്ക് എന്ത് കൊടുത്തുവിടും?, തലപുകയ്ക്കാത്ത അമ്മമാർ കുറവ്... വളരുന്ന പ്രായത്തിൽ ഏറ്റവും അത്യാവശ്യമാണു പ്രോട്ടീൻ. പ്രോട്ടീൻസമൃദ്ധമായ ഭക്ഷണം കുട്ടികൾക്ക് ദിവസവും നൽകണം. പ്രോട്ടീൻ അടങ്ങിയ ഏതെങ്കിലുമൊരു വിഭവം ഓരോ നേരവും ഭക്ഷണത്തിലുൾപ്പെടുത്തണം. പാൽ, മുട്ട, മീൻ, ഇറച്ചി, നട്‌സ്, പയറുവർഗങ്ങൾ ഇവയിലെല്ലാം പ്രോട്ടീൻ ധാരാളമുണ്ട്. ഓരോ നേരവും ഭക്ഷണത്തിൽ ഇവയിലൊരെണ്ണം ഉറപ്പാക്കണം.

വളരുന്ന കുട്ടികൾക്ക് എല്ലിന്റെയും പല്ലിന്റെയും കരുത്തിനു കാൽസ്യം വളരെയേറെ വേണം. കാൽസ്യം അടങ്ങിയ ഭക്ഷണം കുട്ടികൾ കഴിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. പാലിൽ അടങ്ങിയിട്ടുള്ള കാൽസ്യമാണ് ഏറ്റവും എളുപ്പം ശരീരം ആഗിരണം ചെയ്യുന്നത്. ദിവസം കുറഞ്ഞത് ഒരു ഗ്ലാസ് പാലെങ്കിലും കുട്ടികൾക്ക് നൽകണം. പാൽ കഴിക്കാത്ത കുട്ടികൾക്കു ഷേക്ക് ആയോ നട്‌സും പാലും കൂടി ചേർത്തടിച്ചോ നൽകാം. തൈര്, മോര് എന്നിവയിലും കാൽസ്യം ഉണ്ട്.

എട്ടുമുതൽ 10 വരെ ക്ലാസുകളിലെ കുട്ടികൾക്ക് ഇരുമ്പിന്റെ അംശം ധാരാളം ആവശ്യമുണ്ട്. ദിവസവും ഒരുതരം ഇലക്കറിയെങ്കിലും ഇവർക്കു നൽകാൻ ശ്രദ്ധിക്കണം. മീൻ, ഇറച്ചി, മുട്ട, ശർക്കര ചേർന്ന വിഭവങ്ങൾ എന്നിവയിലും ഇരുമ്പ് ഉണ്ട്. വൈകുന്നേരങ്ങളിൽ ശർക്കര ചേർന്ന അടയോ റാഗി ശർക്കര ചേർത്തു കുറുക്കിയതോ ഒക്കെ നൽകാം.

ഒരു ദിവസം കിട്ടേണ്ട പോഷണത്തിന്റെ മൂന്നിലൊന്നു ഭാഗവും ഉച്ചഭക്ഷണത്തിൽനിന്നാണു ലഭിക്കുന്നത്. രാവിലത്തെ ഭക്ഷണത്തിന്റെ ബാക്കി ഒരിക്കലും ഉച്ചയ്‌ക്കു കൊടുത്തുവിടരുത്. പയറുവർഗങ്ങളിലൊന്ന് ഉച്ചഭക്ഷണത്തിൽ ഉറപ്പായും വേണം. അൽപം തൈര് നൽകുന്നതു ദഹനത്തിനു സഹായിക്കും. വെള്ളമിറങ്ങുന്ന കറികൾ ചോറിനൊപ്പം വയ്‌ക്കാതെ പ്രത്യേകം കുപ്പിയിലാക്കി നൽകണം. എന്നും ചോറും കറികളുമാക്കാതെ വല്ലപ്പോഴും വെജിറ്റബിൾ പുലാവ്, പച്ചക്കറികളോ ഉരുളക്കിഴങ്ങോ കൊണ്ട് സ്‌റ്റഫ് ചെയ്‌ത ചപ്പാത്തി എന്നിവയൊക്കെ നൽകാം. നൂഡിൽസ് കഴിവതും ഒഴിവാക്കണം. അഥവാ നൽകുകയാണെങ്കിൽ ധാരാളം പച്ചക്കറികൾ അരിഞ്ഞിട്ടോ മുട്ട ഉടച്ചുചേർത്തോ പോഷകപൂർണമാക്കാം. ബ്രഡ്, ജാം എന്നിവയും വേണ്ട. വെജിറ്റേറിയൻ കുട്ടികൾക്ക് ഇടയ്‌ക്ക് തൈരുസാദം നൽകാം.

പ്രഭാതഭക്ഷണത്തിന് പുളിപ്പിച്ച മാവുകൊണ്ടുള്ള എളുപ്പം ദഹിക്കുന്ന ആഹാരങ്ങളാണു നല്ലത്. ഏതെങ്കിലും ഒരു പഴവും ബ്രേക്‌ഫാസ്‌റ്റിനൊപ്പം നൽകാം. ഓട്‌സ്, കോൺഫ്ലേക്‌സ് എന്നിവ പ്രഭാതഭക്ഷണത്തിന് ഒഴിവാക്കുന്നതാണു നല്ലത്. സ്‌കൂളിലേക്കു പുറപ്പെടാനുള്ള ധൃതി തുടങ്ങുംമുൻപേ കുട്ടിയെ ബ്രേക് ഫാസ്‌റ്റ് കഴിപ്പിക്കണം. ധൃതിയിൽ കഴിപ്പിക്കുന്നതു കുട്ടിക്കു ഭക്ഷണത്തോടുതന്നെ വെറുപ്പുണ്ടാക്കും. ചെറിയ കുട്ടികൾക്ക് 11 മണിക്ക് കഴിക്കാൻ സ്‌നാക്‌സ് കൊടുത്തുവിടാം. നൂറുകൂട്ടം കറികൾ കൂട്ടി ഉണ്ണാനുള്ള ക്ഷമ തീരെച്ചെറിയ കുട്ടികൾക്ക് ഉണ്ടാവില്ല. പച്ചക്കറികൾ വേവിച്ച് ചോറും തൈരും ഒപ്പം ചേർത്ത് നൽകാം. ചോക്കലേറ്റ്, പേസ്‌ട്രി എന്നിവ ഒഴിവാക്കണം.

വൈകുന്നേരം വിശന്നായിരിക്കും കുട്ടികൾ സ്‌കൂളിൽനിന്നു വരുന്നത്. നല്ലൊരു ചായയും സ്‌നാക്‌സും നൽകാം. ഓട്‌സ് കാച്ചിയത്, അവൽ നനച്ചത്, റാഗി, ഊത്തപ്പം, മസാല ദോശ എന്നിവയൊക്കെ നൽകാം. പോഷകാഹാരക്കുറവല്ല, അമിതാഹാരമാണു പല സ്‌കൂൾ കുട്ടികളുടെയും പ്രശ്‌നം. വറുത്തതും പൊരിച്ചതുമായ ആഹാരങ്ങളും കൊഴുപ്പു കൂടിയ ഫാസ്‌റ്റ് ഫുഡുമൊക്കെയാണു വില്ലൻ. പുറമെനിന്നുള്ള ആഹാരം കഴിവതും കുറയ്‌ക്കണം. ഡീപ് ഫ്രൈ ചെയ്‌ത ഭക്ഷണം, ചോക്കലേറ്റ്, പേസ്‌ട്രി എന്നിവ ഒഴിവാക്കാം. കോളയ്‌ക്കു പകരം ഫ്രൂട്ട് ജ്യൂസ് നൽകാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CHEFS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA