ADVERTISEMENT

നല്ല പൂപോലത്തെ ഇഡ്​ഡലിയും മൊരിഞ്ഞ ദോശയും തയാറാക്കാൻ മാവ് തയാറാക്കുമ്പോൾ ചില പൊടിക്കൈകളുണ്ട്. ഈ ചേരുവകൾ ചേർത്ത് മാവ് തയാറാക്കിയാൽ ഇഡിഡലിക്കും ദോശയ്ക്കും ഉപയോഗിക്കാം.

ചേരുവകൾ

  • ഇ‍ഡ്ഡലി അരി (ഡൊപ്പി അരി ) – 2 കപ്പ്
  • ഉഴുന്ന് – 1 കപ്പ്
  • ചൗവ്വരി – ½ കപ്പ്
  • ഉലുവ – 2 ടീസ്പൂൺ
  • ഉപ്പ് – ആവശ്യത്തിന്
  • അവൽ – 1 കപ്പ്
  • ഉഴുന്ന് കുതിർത്ത വെള്ളം – 2 കപ്പ്

തയാറാക്കുന്ന വിധം

കഴുകി വൃത്തിയാക്കിയ അരി, ഉഴുന്ന്, ചൗവരി, ഉലുവ ഇവയെല്ലാം വ്യത്യസ്ത പാത്രത്തിലാക്കി ആവശ്യത്തിന് വെള്ളം ഒഴിച്ച് കുതിരാൻ വയ്ക്കുക. ആറ് മണിക്കൂർ വയ്ക്കണം. 

കുതിർന്നു കഴിഞ്ഞാൽ ഉഴുന്ന് കുതിർന്ന വെള്ളം എടുത്ത് മാറ്റി വയ്ക്കുക. ആ വെള്ളത്തിൽ വേണം ഇതെല്ലാം അരയ്ക്കാൻ. ഇതാണ് ദോശയുടെ രുചി നിർണയിക്കുന്ന പ്രധാന കാര്യം.

ആറ് മണിക്കൂറിനു ശേഷം മിക്സിയിൽ ആദ്യം ഉഴുന്ന് അരയ്ക്കുക. മിക്സിയുടെ ജാറിൽ ഉഴുന്നെടുത്ത് ഉഴുന്നിന്റെ വെള്ളം ആദ്യം ഒരു കപ്പ് ഒഴിച്ച് അരയ്ക്കുക വീണ്ടും അരകപ്പ് വെള്ളം കൂടി ചേർത്ത് നന്നായി അരയ്ക്കുക (5–7 മിനിട്ട് നേരം അരയ്ക്കുക). ഒരുപാട് അയഞ്ഞു പോകരുത്. ഈ അരച്ച ഉഴുന്ന് ഒരു പാത്രത്തിലേക്ക് ഒഴിച്ചു വയ്ക്കുക. ഇനി കഴുകി അരിച്ച് വച്ചിരിക്കുന്ന അരിയും മിക്സിയുടെ ജാറിൽ ആദ്യം വെള്ളം ഒഴിക്കാതെ അരയ്ക്കുക. അതിനുശേഷം ഉഴുന്നിന്റെ വെള്ളം ഒരു കപ്പ് ചേർത്ത് അരയ്ക്കുക (10 മിനിറ്റ് ). വെള്ളം ഒഴിക്കുമ്പോൾ ആദ്യം തന്നെ ഒരു കപ്പ് മുഴുവനായും ഒഴിക്കാതെ കുറച്ച് കുറച്ച് ഒഴിച്ച് അരയ്ക്കുക. ഒരുവിധം നന്നായി അരഞ്ഞു കഴിയുമ്പോൾ അരിച്ചു വച്ച ചൗവ്വരി പകുതി എടുത്ത് അരിയുടെ കൂടെ ഇട്ട് അരയ്ക്കുക. ഈ മാവ്  അരച്ചു വച്ചിരിക്കുന്ന ഉഴുന്നിനൊപ്പം ചേർക്കുക. 

ബാക്കിയുള്ള ചൗവ്വരിയും കുതിർന്ന ഉലുവയും കൂടി ഒരുമിച്ച് നന്നായി പതഞ്ഞു വരുന്ന രീതിയിൽ  അരയ്ക്കുക. ഇനി ചേർക്കാനുള്ളത് വെളുത്ത അവൽ ആണ്. ഒരു കപ്പ് വെളുത്ത അവൽ ഒരു പാത്രത്തിൽ (ഉഴുന്നിന്റെ വെള്ളം– 1 കപ്പ്)  വെള്ളമൊഴിച്ച് കുതിരാൻ വയ്ക്കുന്നു. അഞ്ച് മിനിറ്റ് കഴിയുമ്പോൾ ഈ അവലും കൂടി നന്നായി പേസ്റ്റ് പോലെ അരച്ചെടുത്ത് അരച്ചു വച്ചിരിക്കുന്ന മാവിലേക്ക് ചേർക്കുക. ഇതിലേക്ക് കുറച്ച് ഉപ്പും ചേർത്ത് കൈകൊണ്ട് നന്നായി ഞെരടി യോജിപ്പിക്കുക. രണ്ടു മൂന്നു മിനിറ്റ് കൈകൊണ്ട് നന്നായി മിക്സ് ചെയ്യുക. പാത്രത്തിന്റെ വശങ്ങളിൽ പറ്റിയിരിക്കുന്ന മാവ് വെള്ളം കൊണ്ട് നന്നായി തുടയ്ക്കുക. അതിനുശേഷം ഒരു അടപ്പു കൊണ്ട് മൂടി മാവ് പൊങ്ങാൻ വയ്ക്കുക. പാത്രം അടയ്ക്കുമ്പോൾ ഒരു കാര്യം ശ്രദ്ധിക്കുക. അടപ്പുകൊണ്ട് മുഴുവനായും അടയ്ക്കാതെ കുറച്ച് തുറന്ന് വയ്ക്കുക. നന്നായി പുളിച്ച് പൊങ്ങിവരാൻ വേണ്ടിയാണിത്. ഇത് 8–10 മണിക്കൂർ വരെയാണ് ഇത് പൊങ്ങിവരാൻ വേണ്ട സമയം. ഈഅളവിൽ ഏകദേശം 30–40 ഇഡ്ഡലി വരെ ഉണ്ടാക്കാം. ഇതേ മാവ് അല്പം വെള്ളം ഒഴിച്ച് നീട്ടിക്കഴിഞ്ഞാൽ ദോശ തയാറാക്കാനും ഉപയോഗിക്കാം. (ഗ്രൈൻഡറിൽ അരയ്ക്കുമ്പോൾ രണ്ടു കപ്പ് അരിക്ക് അരകപ്പും അല്പം കൂടി ഉഴുന്നും ചേർത്താൽ മതി അര കിലോ അരിക്ക് 150 ഗ്രാം ഉഴുന്ന് എന്നാണ് ഗ്രൈൻഡർ കണക്ക്, പക്ഷേ മിക്സിയിൽ നന്നായി പതഞ്ഞ് വരണമെങ്കിൽ ഉഴുന്നിന്റെ അളവ് കൂടുതൽ ചേർക്കണം. മിക്സിയിൽ 2 കപ്പ് അരിക്ക് 1 കപ്പ് ഉഴുന്നു ചേർക്കണം )

ടിപ്സ്

∙ മിക്സി ചൂടാകാതിരിക്കാൻ ഉഴുന്നും അരിയും ആറ് മണിക്കൂർ കുതിരാൻ വച്ചു കഴിഞ്ഞ് ഫ്രിഡ്ജിൽ കുറച്ചു സമയം വച്ചിട്ട് അരച്ചെടുത്താൽ മിക്സി വേഗം ചൂടാകില്ല.

∙ ഉഴുന്ന് നന്നായി അരഞ്ഞതാണോ എന്നറിയാൻ ഒരു കപ്പിൽ കുറച്ച് ഉഴുന്ന് മാവ് എടുത്ത് വെള്ളത്തിൽ ഇടുക, അത് പൊങ്ങിക്കിടന്നാൽ നന്നായി അര‍ഞ്ഞു എന്ന് മനസിലാക്കാം. 

∙ ഉലുവ ചേർക്കുന്നത് – ദോശ ചുടുമ്പോൾ നല്ല മൊരിഞ്ഞ് ഗോൾഡൻ കളർ കിട്ടുന്നതിനു വേണ്ടിയാണ്.

∙ അവൽ ചേർക്കുന്നത് നല്ല വെളുത്ത നിറം കിട്ടാൻ വേണ്ടി

∙ ചൗവ്വരി– നല്ല മാർദ്ദവം കിട്ടാൻ വേണ്ടി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com