ADVERTISEMENT

ചൈനീസ് വിഭവങ്ങളുടെ രുചി മലയാളനാട്ടിൽ ഏറെ സ്വീകരിക്കപ്പെട്ട ഒന്നാണ്. സോസും സെലറി കാപ്സിക്കം എല്ലാം ചേർത്തുള്ള രുചി കുട്ടികൾക്കും മുതിർന്നവർക്കും ഏറെ ഇഷ്ടമാണ്. വളരെ കുറച്ച് ചേരുവകൾ കൊണ്ട് എളുപ്പത്തിലൊരു ചില്ലി ചിക്കൻ എങ്ങനെ തയാറാക്കാമെന്നാണ് പാചക വിദഗ്ധ ലക്ഷ്മി നായർ ഇവിടെ പരിചയപ്പെടുത്തുന്നത്. ചില്ലി ചിക്കൻ പലരും പല രീതിയിലാണ് തയാറക്കുന്നത്, തിരുവനന്തപുരത്തെ ഓപ്പൺ ഹൗസ് എന്ന റസ്റ്ററന്റിലെ ചില്ലിചിക്കൻ രുചിച്ചിട്ടുള്ളവർ ആ സ്വാദ് ഒരിക്കലും മറക്കില്ല. ആ റെസ്റ്ററന്റ് സ്റ്റൈലിലാണ് ഇവിടെ ചില്ലിചിക്കൻ തയാറാക്കുന്നത്. ശ്രദ്ധിക്കേണ്ട പ്രധാന കാര്യം പാചകത്തിന് വെളിച്ചെണ്ണ ഉപയോഗിക്കരുത്, ഏതെങ്കിലും റിഫൈൻഡ് ഓയിൽ മാത്രമേ ഉപയോഗിക്കാവു.

ചേരുവകൾ

  • ചിക്കൻ (എല്ലോടുകൂടിയത്) – 1 ½ കിലോ (ചെറിയ കഷണങ്ങളാക്കിയത്)
  • റിഫൈൻഡ് ഓയിൽ – 2–3 ടേബിൾ സ്പൂൺ
  • സോയ സോസ് – 6 ടേബിൾ സ്പൂൺ
  • ചില്ലി സോസ് – 4 ടേബിൾ സ്പൂൺ
  • റ്റുമാറ്റോ സോസ് – 4 ടേബിൾ സ്പൂൺ
  • ഇഞ്ചി (ചെറുതായി അരിഞ്ഞത്) – 2 ടേബിൾ സ്പൂൺ
  • വെളുത്തുള്ളി (ചെറുതായി അരിഞ്ഞത്) – 2 ടേബിള്‍ സ്പൂൺ
  • സവാള (കട്ടിയായി അരിഞ്ഞത്) –4 എണ്ണം
  • പച്ചമുളക് (മുറിച്ചത്) – 14 എണ്ണം (ചെറുത്)
  • വെള്ളം – 1 കപ്പ്
  • ഉപ്പ് – ആവശ്യത്തിന്
  • കുരുമുളക് പൗഡർ – 1 ½ – 2 ടേബിൾ സ്പൂൺ


തയാറാക്കുന്ന വിധം

ഒരു ഫ്രൈപാനിൽ രണ്ടോ മൂന്നോ ടേബിൾ സ്പൂൺ റിഫൈൻഡ് ഓയിൽ ഒഴിച്ച് ചൂടാക്കുക. അതിലേക്ക് കഴുകി വൃത്തിയാക്കി വച്ചിരിക്കുന്ന ചിക്കൻ കഷണങ്ങൾ ഇടുക. ഈ എണ്ണയിൽ കിടന്ന് ചിക്കൻ നന്നായൊന്നു വെന്ത് കിട്ടണം. ചിക്കനിൽ നിന്നുള്ള വെള്ളം ഇറങ്ങി അത് വറ്റി വരണം. ഇടയ്ക്കിടയ്ക്ക് ചിക്കൻ ഒന്നു ഇളക്കി കൊടു ക്കണം. ചിക്കൻ വെന്ത് വെള്ളമൊക്കെ വറ്റിക്കഴിഞ്ഞതിനു ശേഷം തയാറാക്കി വച്ചിരിക്കുന്ന സോസുകൾ ചേർക്കാം. ആറ് ടേബിൾ സ്പൂൺ സോയാ സോസ്, നാല് ടേബിൾ സ്പൂൺ ചില്ലി സോസ് (ഇവിടെ ഉപയോഗിച്ചത് ചുവന്ന കളറിലുള്ള സോസാണ് പച്ച നിറത്തിലുള്ളതായാലും മതി)നാല് ടേബിൾ സ്പൂൺ റ്റുമാറ്റോ സോസ് ഇവയെല്ലാം ഇട്ട് നന്നായി ഇളക്കുക.

മൂന്ന് മിനിറ്റ് നേരം ഇങ്ങനെ ഇളക്കിക്കൊണ്ടിരിക്കുക. അതിനു ശേഷം രണ്ട് ടേബിൾ സ്പൂൺ വീതം ഇ‍ഞ്ചിയും വെളുത്തുള്ളിയും ചേർത്ത് അഞ്ച് മിനിറ്റ് നേരം ഇളക്കുക. അതിനുശേഷം രണ്ടായി മുറിച്ച പച്ചമുളകും (പതിനാല് എണ്ണം) മുറിച്ച സവാളയും ചേർത്ത് വീണ്ടും ഇളക്കിക്കൊടുക്കുക. അഞ്ച് മിനിറ്റ് നേരം വീണ്ടും ഇളക്കുക. അതിനുശേഷം ഒരു കപ്പ് വെള്ളം ഒഴിച്ചു കൊടുക്കുക. സവാള നല്ല കുഴഞ്ഞ പരുവമാകണം. ഉപ്പ് ആവശ്യമുണ്ടെങ്കിൽ ചേർക്കുക. വെള്ളം പറ്റി സവാള വെന്ത് കുഴഞ്ഞു കഴിയുമ്പോൾ ഇതിലേക്ക് ഒന്നര ടേബിൾ സ്പൂൺ കുരുമുളക് പൊടി (ഓരോരുത്തരുടെയും ആവശ്യം അനുസരിച്ച്) ചേർക്കുക. അങ്ങനെ ഈസി ചില്ലി ചിക്കൻ റെഡിയായിക്കഴിഞ്ഞു. എല്ലാവരും ട്രൈ ചെയ്തു നോക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com