ADVERTISEMENT

ഓണസദ്യയ്ക്ക് പ്രധാനമാണ് അവിയൽ, കേരളത്തിൽ പലയിടത്തും അവിയൽ തയാറാക്കുന്നത് പലതരത്തിലാണ്. പുളിക്കു വേണ്ടി മാങ്ങാ, വാളം പുളി, തൈര് എന്നീ ചേരുവകൾ ചേർക്കുന്നതിൽ ഓരോ നാട്ടിലും  വ്യത്യാസങ്ങൾ കാണാം.  സദ്യയ്ക്ക് വിളംമ്പുന്ന നാടൻ അവിയൽ രുചിയാണ് ലക്ഷ്മി നായർ ഇവിടെ ഒരുക്കുന്നത്. ഇവിടെ തയാറാക്കുന്ന അവിയൽ 12 പേർക്കു കഴിക്കാൻ പറ്റുന്നതാണ്.

ചേരുവകൾ

1. ചേന – 100 ഗ്രാം
2. സാമ്പാർ മുളക് (തൊണ്ടൻ മുളക്) – 5 എണ്ണം
3. മുരിങ്ങയ്ക്കാ വലുത് – 1 എണ്ണം
4. നേന്ത്രക്കായ വലുത് – 1 എണ്ണം
5. മാങ്ങ – 1 ചെറിയ കഷണം
6. കുമ്പളങ്ങ – 100 ഗ്രാം
7. പടവലങ്ങ – 100 ഗ്രാം
8. അച്ചിങ്ങ പയർ – 4 എണ്ണം
9. കാരറ്റ് ചെറുത് – 1 എണ്ണം
10. വഴുതനങ്ങ ചെറുത് – 1 എണ്ണം
11. തേങ്ങാ (ഇടത്തരം) ചിരകിയത് – 1 എണ്ണം
12. ജീരകം – 1 ½ ടീസ്പൂൺ
13. പച്ചമുളക് – 5–6 എണ്ണം
14. വെളിച്ചെണ്ണ – 1 ടേബിൾ സ്പൂൺ
15. വെള്ളം – 1 ½ കപ്പ്
16. മഞ്ഞൾപ്പൊടി – ¾ ടീസ്പൂൺ
17. കാശ്മീരി മുളകു പൊടി – 1 ടേബിൾസ്പൂൺ
18. ഉപ്പ് – ആവശ്യത്തിന്
19. മഞ്ഞൾപ്പൊടി (ആദ്യമെടുത്തത് കൂടാതെ) –1/4 ടീസ്പൂൺ
20. കറിവേപ്പില
21. വെളിച്ചെണ്ണ (ആദ്യമെടുത്തത് കൂടാതെ) – 1 ½ – 2 ടേബിൾ സ്പൂൺ

(പച്ചക്കറികളെല്ലാം ചതുരക്കഷണങ്ങളാക്കി മുറിക്കുക)

തയാറാക്കുന്ന വിധം

തൊലി കളഞ്ഞ ചേന വെള്ളത്തിൽ ഇട്ടു വയ്ക്കുക. ആദ്യമേ ചേന അരിയുക. അരിഞ്ഞിട്ട് വീണ്ടും വെള്ളത്തിൽ തന്നെ ഇട്ടു വയ്ക്കുക. അതിനുശേഷം തൊണ്ടൻ മുളക് കഴുകി അരിഞ്ഞു ഒരു പാത്രത്തിൽ വയ്ക്കുക. അതിന്റെ കൂടെ മുരിങ്ങയ്ക്ക അരിഞ്ഞതും കൂടി (കട്ടിയുള്ള മുരിങ്ങയ്ക്കയാണെങ്കിൽ നടുവെ രണ്ടായി മുറിച്ചിടാം ) ഒരു പാത്രത്തിൽ മാറ്റി വയ്ക്കാം.  അടുത്തതായി തൊലി കളഞ്ഞ് കഞ്ഞിവെള്ളത്തിൽ ഇട്ടു വച്ചിരിക്കുന്ന ഏത്തയ്ക്ക  മുറിച്ച് കഞ്ഞിവെള്ളത്തിൽ തന്നെ ഇട്ടു വയ്ക്കുക. ഇനി പച്ചമാങ്ങ നല്ല പുളിയുള്ളതാണെങ്കിൽ ചെറിയ ഒരു കഷണം മതി. പച്ചമാങ്ങയും അരിഞ്ഞ് തൊണ്ടൻ മുളകും മുരിങ്ങയ്ക്കയുടെ കൂടെ ഒരു മിച്ച് വയ്ക്കുക. അതിനുശേഷം കുമ്പളങ്ങ (തടിയൻ കായ) യും വെള്ളരി ക്കയും കൂടി അരിയുക. അതിനുശേഷം പടവലങ്ങ,  അച്ചിങ്ങപ്പയർ, കാരറ്റ്, വഴുതനങ്ങയും ഇവ എല്ലാം കൂടി അരിഞ്ഞ് എല്ലാ പച്ചക്കറികളും കൂടി കഴുകിയെടുക്കുക. 

ഒരു തേങ്ങ ചിരകിയതിൽ ഒന്നര ടീസ്പൂൺ ജീരകവും അഞ്ചോ ആറോ പച്ചമുളകും കുറച്ച് വെള്ളവും ഒഴിച്ച് മിക്സിയുടെ ചെറിയ ജാറിൽ അരച്ചെടുക്കുക. (തോരന് അരക്കുന്നതിനേക്കാള്‍ കുറച്ച് കൂടി അരയുന്നതാണ് പാകം) ഇതിന്റെ  കൂടെ മഞ്ഞൾപ്പൊടി ചേർത്തിട്ടില്ല കാരണം കഷണങ്ങളിൽ മഞ്ഞൾപ്പൊടി ചേർക്കുന്നുണ്ട്.

അവിയൽ വേവിച്ചെടുക്കാൻ ഉരുളി നല്ലതു പോലെ ചൂടായിക്കഴിഞ്ഞാൽ ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച്  അരിഞ്ഞു വച്ചിരിക്കുന്ന ചേന ഇട്ട് നന്നായി ഇളക്കുക. രണ്ട് മിനിറ്റ് ഇങ്ങനെ വഴറ്റുക. പച്ചക്കറികളുടെ കൂട്ടത്തിൽ വേവ് കൂടുതലുള്ളത് ചേനയ്ക്കാണ് ഇങ്ങനെ ചെയ്തു കഴിഞ്ഞാൽ ചേന നന്നായി വെന്തു കിട്ടും. രണ്ടു മിനിറ്റ് കഴിഞ്ഞ് ചേന വേകാന്‍ ആവശ്യമുള്ള വെള്ളം (ചേന മുങ്ങിക്കിടക്കാന്‍ ഉള്ള വെള്ളം) ഒഴിച്ചതിനുശേഷം ബാക്കി അരിഞ്ഞു വച്ചിരിക്കുന്ന പച്ചക്കറികൾ അതിലേക്ക് ഇടുക. ഇതിന് മുകളിലായി മുക്കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, ഒരു ടീസ്പൂൺ മുളകു പൊടി ഏറ്റവും മുകളിലായി കുറച്ച് ഉപ്പു പൊടിയും ഇടുക (ഇളക്കരുത്) ഇനി ഇത് അടച്ചു വച്ച്  വേവിക്കുക. അതിനുശേഷം അടപ്പു മാറ്റി ഒന്ന് ഇളക്കുക. ഇനി മറ്റൊരു പാത്രത്തിലേക്ക് പച്ചക്കറികൾ ഊറ്റി മാറ്റിവയ്ക്കുക. ഇനി അരിഞ്ഞു മാറ്റിവച്ചിരിക്കുന്ന തൊണ്ടൻ മുളകും മുരിങ്ങയ്ക്കയും പച്ചമാങ്ങയും ഉരുളിയിലേക്ക് ഇടുക ഇവയുടെ മുകളിലായി ഊറ്റി വച്ചിരിക്കുന്ന വെന്ത പച്ചക്കറി കൾ ഇടുക ഇതിനു മുകളിലായി അരപ്പിടുക. (വേണമെങ്കിൽ ഒരല്പം മഞ്ഞൾപ്പൊടി കൂടി കഷണങ്ങളുടെ മുകളിലായി ഇട്ടിട്ട് അതിനു മുകളിൽ അരപ്പ് ഇടുക ) നന്നായി ആവി വരുന്നതുവരെ അടച്ചു വയ്ക്കുക. നന്നായി ആവി കയറു മ്പോൾ അരപ്പിന്റെ പച്ചച്ചുവയൊക്കെ മാറും. ആവി വന്നതി നുശേഷം അടപ്പു മാറ്റി നന്നായി ഇളക്കി യോജിപ്പിക്കുക. അതിനുശേഷം കറിവേപ്പിലയും ഒന്നര ടേബിൾ സ്പൂൺ വെളിച്ചെണ്ണയും ഒഴിച്ച് തീ ഓഫ് ചെയ്യുക. അങ്ങനെ കുറച്ച് സമയം വയ്ക്കുക. അതിനുശേഷം ഇതൊന്നു ഇളക്കി മിക്സ് ചെയ്യുക. സദ്യ അവിയൽ റെഡി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com