ADVERTISEMENT

വെള്ളരിക്ക കിച്ചടി, ബീറ്റ് റൂട്ട് കിച്ചടി, പൈനാപ്പിൾ മധുര പച്ചടി ഓണസദ്യയ്ക്ക് കിച്ചടി– പച്ചടി രുചികൾ എളുപ്പത്തിൽ തയാറാക്കുന്നതെങ്ങനെയെന്ന് പാചക വിദഗ്ധ ലക്ഷ്മി നായർ പരിചയപ്പെടുത്തുന്നു.

വെള്ളരിക്ക കിച്ചടി

1. വെള്ളരിക്ക ചെറുതായി അരിഞ്ഞത് – 1 കപ്പ്
2. ഉപ്പ് – പാകത്തിന്
3. തേങ്ങാ ചിരകിയത് – 1 കപ്പ്
4. പച്ചമുളക് വലുത് – 2 എണ്ണം
5. മല്ലിയില െചറുതായി അരിഞ്ഞത് – 1 ടേബിൾ സ്പൂൺ
6. തൈര് – 1 കപ്പ്

താളിക്കാൻ ആവശ്യമായ ചേരുവകൾ

1. വെളിച്ചെണ്ണ – 4 ടേബിൾ സ്പൂൺ
2. കടുക് – 3 ടീസ്പൂൺ
3. വറ്റൽ മുളക് – 8 എണ്ണം
4. കറിവേപ്പില

തയാറാക്കുന്ന വിധം
വെള്ളരിക്ക തൊലി കളഞ്ഞ് നന്നായി കഴുകിയശേഷം വളരെ ചെറുതായി കനം കുറച്ച് അരിയുക (ഒരു കപ്പ്). അരിഞ്ഞു വച്ചിരിക്കുന്ന വെള്ളരിക്കയിലേക്ക് കുറച്ച് ഉപ്പിട്ട് നന്നായി തിരുമ്മി ഒരു പാത്രം കൊണ്ട് മൂടി വയ്ക്കുക. വെള്ളം പോകാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. അതിനു ശേഷം അരപ്പ് തയാറാക്കാനുള്ള തേങ്ങ ഒരു കപ്പ് എടുത്ത് അതിൽ 3 പച്ചമുളക് മുറിച്ചിട്ട് പേസ്റ്റ് പോലെ അരച്ചെടുക്കുക. ഇനി ഉപ്പ് പുരട്ടി വച്ച് വെള്ളരിക്ക പിഴിഞ്ഞ് എടുക്കുക ഇതിലേക്ക് അരച്ചുവച്ചിരിക്കുന്ന അരപ്പ് ഇട്ട് കുറച്ച് മല്ലിയില ചെറുതായി അരിഞ്ഞത് ചേർക്കുക. ഇനി ഇതിലേക്ക് അധികം പുളിയില്ലാത്ത കട്ടത്തൈര് ഉടച്ച് (ഒന്നര കപ്പ്) ഈ അരപ്പിട്ട് വച്ചിരി ക്കുന്ന വെള്ളരിക്കയിലേക്ക് ചേർക്കുക. ഉപ്പ് നോക്കി ആവശ്യമെങ്കിൽ ചേർക്കുക.

ഇനി താളിക്കുക. ഒരു ചീനച്ചട്ടിയിൽ കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിച്ച് വറ്റൽ മുളകും കറിവേപ്പിലയും ചേർത്ത് മൂപ്പിച്ച് കറിയിലേക്ക് കോരി ഒഴിച്ച് നന്നായി ഇളക്കുക. വെള്ളരിയ്ക്ക കിച്ചടി റെഡി.


ബീറ്റ് റൂട്ട് കിച്ചടി
ചേരുവകൾ

1 ബീറ്റ് റൂട്ട് – 1 എണ്ണം
2 പച്ചമുളക് – 3 എണ്ണം
3 തേങ്ങ ചിരകിയത് – 1 കപ്പ്
4 തൈര് – 1 ½ കപ്പ്
5 മല്ലിയില െചറുതായി അരിഞ്ഞത് – 1 ടേബിൾ സ്പൂൺ

താളിക്കാൻ ആവശ്യമായ ചേരുവകൾ

1. വെളിച്ചെണ്ണ – 4 ടേബിൾ സ്പൂൺ
2. കടുക് – 3 ടീസ്പൂൺ
3. വറ്റൽ മുളക് – 8 എണ്ണം
4. കറിവേപ്പില

തയാറാക്കുന്ന വിധം
ഒരു പാത്രത്തിൽ ബീറ്റ് റൂട്ട് എടുത്ത് കുറച്ച് വെള്ളം ഒഴിച്ച് വേവിക്കുക. ബീറ്റ് റൂട്ട് വെന്തതിനുശേഷം തണുക്കാൻ വയ്ക്കുക. തണുത്തതിനുശേഷം ചെറുതായി അരിഞ്ഞെടുക്കുക (ഒരു കപ്പ്). അതിനു ശേഷം അരപ്പ് തയാറാക്കാനുള്ള തേങ്ങ ഒരു കപ്പ് എടുത്ത് അതിൽ 3 പച്ചമുളക് മുറിച്ചിട്ട് പേസ്റ്റ് പോലെ അരച്ചെടുക്കുക (ചെറിയ പച്ചമുളകാണെങ്കിൽ നാലും വലിയ പച്ചമുളകാണെങ്കിൽ മൂന്നെണ്ണവും ഇട്ട് അരയ്ക്കുക). ഈ അരപ്പ് അരിഞ്ഞു വച്ചിരിക്കുന്ന ബീറ്റ് റൂട്ടിലേക്ക് ചേർക്കുന്നു. ഉപ്പും ചേർക്കുക. ഇനി ഒന്നരക്കപ്പ് തൈര് ഉടച്ചതും കൂടി ബീറ്റ് റൂട്ടിലേക്ക് േചർക്കുന്നു. ഇതിലേക്ക് 1 ടേബിൾ സ്പൂൺ മല്ലിയിലയും പൊടിയായി അരിഞ്ഞത് ചേർത്ത് ഇളക്കുക. അതിനുശേഷം താളിക്കുക. അതിനായി ഒരു ചീനച്ചട്ടിയിൽ കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിച്ച് വറ്റൽ മുളകും കറിവേപ്പിലയും ചേർത്ത് മൂപ്പിച്ച് കറിയിലേക്ക് കോരി ഒഴിച്ച് നന്നായി ഇളക്കുക. ബീറ്റ് റൂട്ട് കിച്ചടി റെഡി.

പൈനാപ്പിൾ പച്ചടി
ചേരുവകൾ

1 പൈനാപ്പിൾ (ചെറുതായി അരിഞ്ഞത്) – 1 കപ്പ്
2 വെള്ളം – 1 കപ്പ്
3 മഞ്ഞൾപ്പൊടി – ¼ – ½ ടീ സ്പൂൺ
4 തേങ്ങ ചിരകിയത് – ¾ കപ്പ്
5 പച്ചമുളക് – 3 എണ്ണം
6 ജീരകം – ¾ ടീസ്പൂൺ
7 പഞ്ചസാര – ½ കപ്പ്
8 ഉപ്പ് – പാകത്തിന്

താളിക്കാൻ ആവശ്യമായ ചേരുവകൾ

1. വെളിച്ചെണ്ണ – 4 ടേബിൾ സ്പൂൺ
2. കടുക് – 3 ടീസ്പൂൺ
3. വറ്റൽ മുളക് – 8 എണ്ണം
4. കറിവേപ്പില

തയാറാക്കുന്ന വിധം
പൈനാപ്പിൾ അരിഞ്ഞെടുക്കുക (1 കപ്പ്).  ഒരു പാത്രത്തിലേക്ക് ഇട്ട് വേകാനാവശ്യമുള്ള വെള്ളവും ഒഴിച്ച് ഒരല്പം മഞ്ഞൾപ്പൊടിയും ചേർത്ത് പാത്രം അടച്ചു വച്ച് വേവിക്കുക. ഈ സമയം അരപ്പ് തയാറാക്കുക. ചിരകിയ തേങ്ങ മുക്കാൽ കപ്പും മുക്കാൽ ടീസ്പൂൺ ജീരകവും മൂന്നോ നാലോ പച്ചമുളകും ചേർത്ത് പേസ്റ്റ് പോലെ അരച്ചെടുക്കുക. പൈനാപ്പിൾ വെന്തശേഷം അരക്കപ്പ് പഞ്ചസാര ചേർത്ത് വേവിക്കുക. ഇതൊന്നു കുറുകി വരുമ്പോൾ അരച്ചുവച്ചിരിക്കുന്ന അരപ്പ് ചേർത്ത് വറ്റിക്കുക (ബ്രൗൺ കളർ വേണമെങ്കിൽ ശർക്കര േചർത്താൽ മതി) കുറച്ച് ഉപ്പു കൂടി ചേർത്തിളക്കുക. ഇത് തിളച്ച് നന്നായൊന്നു വറ്റണം.

ഇനി ഒരു ചീനച്ചട്ടിയിൽ കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിച്ച് വറ്റൽ മുളകും കറിവേപ്പിലയും ചേർത്ത് മൂപ്പിച്ച് കറിയിലേക്ക് കോരി ഒഴിച്ച് നന്നായി ഇളക്കുക. നല്ല മഞ്ഞക്കളറിലുള്ള പൈനാപ്പിൾ പച്ചടി (മധുരക്കറി) റെഡി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com