ADVERTISEMENT

ലോക്ഡൗണായതു കൊണ്ട് മാത്രം കഴിക്കാൻ യോഗമുണ്ടായതാണീ ഞണ്ട് റോസ്റ്റ്. കോഴിക്കോട് നിന്നും ഒന്നര മാസം കൂടി നാട്ടിലെത്തിയതിന്റെ അടുത്ത ദിവസം രാവിലെ ആലപ്പുഴയിലെ പൂച്ചാക്കൽ ചന്തയിൽ മീൻ വാങ്ങാൻ പോയി. വളർത്ത് തിലോപ്പിയ വാങ്ങി മടങ്ങുമ്പോഴാണ് പാലത്തിനു വടക്കേക്കരയിൽ മഡ് ക്രാബ് എന്നു കയറ്റു മതി വിപണിയിലെ താരമായ  പച്ച ഞണ്ടിനെ കണ്ടത്.

കിലോക്ക് 1500 രൂപയ്ക്ക് മേൽ വിലയുള്ള കായൽപ്പൊന്നാണിത് . മടിച്ചാണ് വില ചോദിച്ചത്. നമുക്ക് താങ്ങാനുള്ള പാങ്ങില്ലാത്തവനാണ്. വില പറഞ്ഞപ്പോൾ കൊക്കിൽ ഒരുങ്ങുന്നവനാണ് , 250 രുപയാണ് ചോദിച്ചത്. തൂക്കം നോക്കിയപ്പോൾ 800 ഗ്രാമിന് അടുത്തുണ്ട്. വേമ്പനാട്ട് കാലയിൽ പൂച്ചാക്കൽ ശ്രീകണ്ഠേശ്വരം ഭാഗത്തു നിന്നു പിടിച്ചതാണന്ന് വിൽപനക്കാൻ. മത്സ്യത്തൊഴിലാഴിലാളികൾ തന്നെയാണ് വിൽക്കുവാനും വന്നിരിക്കുന്നത്. 

കടൽ കടക്കേണ്ട കായൽപ്പൊന്നിന് ചെമ്പിന്റെ വില പോലും കിട്ടാത്ത കാലമെന്ന് അവരുടെ ഭാവം. അതു കൊണ്ട് മാത്രം ഇതിനെ കണി കാണാൻ കിട്ടിയെന്ന ഭാവം എനിക്കും. ആ ആനുകൂല്യത്തിൽ 50 രൂപ കുറച്ച് പറഞ്ഞുനോക്കിയെങ്കിലും പിന്നെ അവർ പറഞ്ഞ വിലക്ക് തന്നെ വാങ്ങി. പുറത്തെ ചളുക്ക് കണ്ട് പഞ്ഞിയാണോ എന്നറിയാൻ ഞൊട്ടി നോക്കിയെങ്കിലും ആൾ കരുത്തൻ തന്നെ. 

 കെട്ടഴിച്ചാൽ വളരെ അപകടകാരിയാണ് ഇവൻ. കത്രികയെക്കാൾ മാരകമായ മൂർച്ചയോടെ കടിച്ചു മുറിക്കും. വലിയ ഞണ്ടിനെ കിട്ടിയാൽ ഉടൻ തന്നെ വഞ്ചിയിൽ കരുതിയിരിക്കുന്ന പ്ലാസ്റ്റിക് വള്ളി കൊണ്ട് കാലുകൾ രണ്ടും ശ്രദ്ധാപൂർവം മടക്കി ശരീരത്തോട് ചേർത്ത് കെട്ടും. ഒരു കിലോക്ക് മേൽ തൂക്കമുള്ളതാണങ്കിൽ അപ്പോൾ തന്നെ അതിനെ വിൽപന കേന്ദ്രത്തിൽ എത്തിക്കും. കൂടയിൽ കിടക്കുന്ന ഞണ്ടുകൾ പോരടിച്ച് കാലുകൾ അടർന്നു പോയാൽ തീർന്നു കഥ . കിലോ വില 1500ൽ നിന്ന് 300ലേക്ക് കൂപ്പു കുത്തും. അതു കൊണ്ടാണ് അതീവ ജാഗ്രതയോടെ കൂടയിലാക്കുന്നത്. കൊച്ചിയിൽ നിന്നും ചെന്നെയിൽ നിന്നും സിംഗപ്പൂർ , മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലേക്കാണ് ഇവർ പറക്കുന്നത്.

 നക്ഷത്ര ഹോട്ടലുകളിലെ ചില്ലൂ കൂടിലും മറ്റും നീന്തി നടക്കുന്ന ഞണ്ടിനെ കാണിച്ചു കൊടുക്കുന്ന മാത്രയിൽ പൊക്കിയെടുത്ത് തീൻ മേശയിലേക്ക് എത്തുന്ന കക്ഷികളാണ് . മരുന്ന് നിർമാണത്തിനും പച്ച ഞണ്ടിന്റെ മാംസം ഉപയോഗിക്കാറുണ്ട്. ഞണ്ടിന്റെ പങ്കായക്കാലിൽ പിടിച്ച് മുൻ കാലിലെ കെട്ട് അഴിച്ച് മക്കളുമായി ഒരു ലോക് ഡൗൺ് സെൽഫി. 

ഇനി കാര്യത്തിലേക്ക് കടക്കാം

കാൽ വേർപെടുത്തിയ ശേഷ പുറം തോട് സ്ക്രബർ കൊണ്ട് നന്നായി ഉരച്ച് കഴുകിയ ശേഷം കറിച്ചട്ടിയിൽ ഞണ്ട് ഇട്ട ശേഷം മുക്കാൽ ഭാഗത്തോളം വെള്ളമൊഴിച്ച് തിളപ്പിക്കണം. തിളച്ചു വരുന്നതിനൊപ്പം ഞണ്ട് ചുവന്നു വരും.  ഞണ്ട് വലുത് ആയതു കൊണ്ട് മറച്ചിടണം. 10 മിനിറ്റിനു ശേഷം തീ കെടുത്താം.

 

തണുത്ത ശേഷം ഞണ്ടിന്റെ പുറം തോട് അടർത്തി അകത്തെ പൂവ് മാറ്റിയ ശേഷം 

Crab-curry

തൊണ്ടിന് അകത്തുള്ളതൊക്കെ പാത്രത്തിലേക്ക് മാറ്റാം. പുറം തോട് മാറ്റിയ ഭാഗം മുറിച്ച് ചെറുതാക്കാം. കട്ടിയുള്ള വലിയ കാൽ അഗ്രം കൂർത്ത കത്തി കൊണ്ട് ചെറുതായി പൊട്ടിച്ച് കൊടുക്കാം , ഉള്ളിലെ കട്ടിയുള്ള മാംസത്തിലേക്ക് ഉപ്പും മുളകുമൊക്കെ പിടിക്കാനായി. 

 

ചേരുവകൾ

 

  • പച്ച ഞണ്ട് – 1 ( 750 ഗ്രാം )
  • ഉള്ളി – 100  ഗ്രാം
  • സവാള – വലുത് 4
  • ചതച്ച കാശ്മീരി  മുളക് – 3 വലിയ സ്പൂൺ
  • വെളുത്തുള്ളി – 10 അല്ലി
  • ഇഞ്ചി – ഒരു കഷണം
  • കറിവേപ്പില – 5 തണ്ട് 
  • വെളിച്ചെണ്ണ – പാകത്തിന്
  • ഉപ്പ് – പാകത്തിന്

 

പാകം ചെയ്യുന്ന വിധം

വെളുത്തുള്ളിയും ഇഞ്ചിയും  ഉള്ളിയും ചതച്ചതും സവാള അരിഞ്ഞതും തവയിൽ വഴറ്റണം. ഇത് വഴന്നു ബ്രൗൺ നിറത്തിലേക്ക്  വരുമ്പോൾ ചതച്ച ചുവന്ന കശ്മീരി  മുളകും കറിവേപ്പിലയും ചേർത്ത് നന്നായി ഇളക്കണം. ശേഷം ഞണ്ട് ചേർത്ത് ഇളക്കി മസാല കൊണ്ട് മൂടി അടച്ചു വെയ്ക്കണം. 10 മിനിറ്റ് തിളച്ച ശേഷം തീ കെടുത്തി ആറിയ ശേഷം വിളമ്പാം. ഞണ്ട് റോസ്റ്റിന്റെ രുചി അത് അനുഭവിച്ചു തന്നെ അറിയേണ്ടതാണ്. ഉച്ചയ്ക്ക് ചോറിനൊപ്പം കിടിലൻ ഐറ്റമാണിത്.

English Summary: Mud Crab Recipe

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com