ADVERTISEMENT
duck
വെട്ടിയ കുളത്തിനു മുകളിലെ താറാവിൻ കൂട് ( ഫയൽ ചിത്രം )

കുളം വെട്ടും മീൻ പിടിക്കലും ഓർമ വെച്ച കാലം മുതലേ നാട്ടിൻപുറങ്ങളിെല ആവേശക്കാഴ്ചയാണ്. ചൊരിമണൽ നിറഞ്ഞ കരപ്പുറത്ത് (ചേർത്തല )  കൃഷിക്ക് നനയ്ക്കാനായും കുളിക്കാനുമൊക്കെയാണ് കുളങ്ങൾ പ്രധാനമായും ഉപയോഗിച്ചിരുന്നത്. പല വീടുകളിലും 2 കുളങ്ങൾ സാധാരണയായിരുന്നു. വടക്കു കിഴക്കായി അടുക്കളയോട് ചേർന്നും തെക്ക് പടിഞ്ഞാറും ആയിരുന്നു കുളങ്ങളുടെ സ്ഥാനം. മകര മഞ്ഞ് പെയ്യുന്നതോടെ കുളം വെട്ട് തുടങ്ങി കുംഭം , മീനം പിന്നിട്ട് മേട മാസത്തോടെ അവസാനിക്കും . എന്നാലേ ഇടവപ്പാതി പെയ്തു തുടങ്ങുന്നതിനു മുൻപ് മഴയെ വരവേൽക്കാൻ കുളങ്ങൾ പുതു മോടിയോടെ ഒരുങ്ങി നിൽക്കൂ. 

alp-jcb-pond-26---04@-rus
പള്ളിപ്പുറം തിരുനെല്ലൂർ ചെറുവള്ളി വേണു പുരയിടത്തിൽ ജെസിബി ഉപയോഗിച്ച് കുളം കുഴിക്കുന്നു.

പെയ്ത്തു വെള്ളം സംഭരിച്ച് ചെറു ഡാമിന്റെ കരുതലാണ് ഓരോ പുരയിടത്തിനും കുളം നൽകിയിരുന്നത്. കുളത്തിന്റെ സ്ഥാനം കിണറുകളും കുഴൽ കിണറുകളും ഏറ്റെടുത്തതോടെ കുളങ്ങൾ നാട്ടിൻ പുറങ്ങളിൽ പോലും മായക്കാഴ്ചകളായി മാറുന്നു. പടവുകളും കുളപ്പുരയും കെട്ടി കുളങ്ങളെ പരിപാലിച്ചിരുന്നത് മുൻ തലമുറ ,ഇപ്പോൾ പ്രധാന ക്ഷേത്രങ്ങളോട് ചേർന്നു മാത്രമേ ഇതൊക്കെ കാണാനാകൂ.  ലോക്ഡൗൺ കാലത്ത് മത്സ്യ കൃഷിക്കായി നിലവിലെ കുളം നന്നാക്കുന്നതിനൊപ്പം പുതുതായി കുളം കുഴിക്കുന്ന സന്തോഷകരമായ കാഴ്ചകളും കാണാം. കൃഷിയിലേക്കുള്ള തിരിച്ചു വരവിനായി ലോക്ഡൗണിനെ മാറ്റിയെടുക്കുന്ന മനസുകൾക്കൊരു സലാം.  പള്ളിപ്പുറം തിരുനെല്ലൂർ ചെറുവള്ളി വേണു പുരയിടത്തിൽ ജെസിബി ഉപയോഗിച്ച് കുളം കുഴിക്കുകയാണ്. വീട്ടു മുറ്റത്തെ തോണി ആകൃതിയിലുള്ള ഫിഷ് ടാങ്കിലും മീനുകൾ വളരുന്നു.  

നന്നാക്കിയെടുത്ത എൻജിൻ 

കേടായിരുന്ന എൻജിൻ സർവീസ് ചെയ്ത് എടുക്കലായിരുന്നു കുളം വെട്ടിനു മുൻപത്തെ ആദ്യ പണി. കരി ഓയിൽ മാറ്റി പുതിയ ഓയിൽ നിറച്ചു . ഡീസലിന്റെയും ഓയിലിന്റെയും ഫിൽറ്റർ മാറി, എയർ ഫിൽറ്ററിന്റെ വാഷറും. ടാങ്കിലേക്ക് 4 ലീറ്റർ ഡീസലും വാങ്ങിയപ്പോൾ പണിക്കാശ് സഹിതം 2000 രൂപാ  മാറിക്കിട്ടി , 5 വർഷം മുൻപ് വാങ്ങിയ എൻജിൻ ആണന്ന് കഴിഞ്ഞ ആഴ്ച കുളം വെട്ടും മീനുകളുടെയും ചിത്രങ്ങൾ സഹിതം ഫേസ് ബുക് ഓർമിപ്പിച്ചു.  

പാടത്ത് നിറയുന്ന മഴ വെള്ളം വേമ്പനാട്ടു കായലിലേക്ക് ഒഴുക്കി കളഞ്ഞിരുന്ന തോടാകെ നികന്നു കിടക്കുകയാണ് , പലയിടത്തും കയ്യേറ്റവും റോഡ് ഒരുക്കലും ഒക്കെയായി തോട് ശോഷിച്ചു. പണ്ട് സ്കൂൾ പഠന കാലത്തൊക്കെ  കുളത്തിലെ മീൻ വല വീശിയാണ് പിടിച്ചിരുന്നത്. കുളം കുഴിച്ച ആദ്യ വർഷം കിട്ടിയ കുട്ടളം നിറയെ മീനുകൾ കണ്ട് വീശുകാരൻ പപ്പന് ആകെ മനപ്രയാസമായി. കൂലി കിട്ടിയെങ്കിലും ‘‘ എന്റെ വലയുടെ ഭാഗ്യം പോയി ’’ എന്നു പറഞ്ഞ് അദ്ദേഹം വഷമിച്ചത് മീൻ പിടിക്കാൻ ഇറങ്ങുമ്പോൾ എപ്പോഴും ചിരിപൊട്ടുന്ന ഓർമയാണ്. പിന്നീട് നൗഷാദ്, സക്കീർ  എന്നിവരാണ് വീശിയിരുന്നത് .  മീനുകൾ കയറിക്കഴിഞ്ഞാൽ കുളത്തിൽ മാവിന്റെ ചില്ല വെട്ടിയിടും. രാത്രിയിൽ വീശാനെത്തുന്ന ചില വിരുതന്മാരുടെ വലയ്ക്ക് പണിയും കിട്ടിയിട്ടുണ്ട്. 

മീൻ പിടിക്കാൻ കുളത്തിലിറങ്ങിയപ്പോൾ കാരിയുടെ കുത്ത് കിട്ടിയ രാജൻ ‘‘ അമ്മച്ചീ എന്നെ കാരി കടിച്ചേ..  ’’ പറഞ്ഞ് കരഞ്ഞപ്പോൾ പഴുപ്പിച്ച പൊതി മടലിൽ നിർത്തി വേദന കുറച്ചത് അപ്പായുടെ ഉമ്മാ ആത്തിക്കാ ബീവി പകർന്ന നാട്ടറിവ്. 

payal-varal-
പായൽ നിറഞ്ഞ കുളം.

പ്രളയ ഭീതി കാരണം കഴിഞ്ഞ തവണ കുളത്തിൽ മീൻ കുഞ്ഞുങ്ങളെ ഇട്ടില്ല.  അതു കൊണ്ട് തന്നെ എൻജിൻ നന്നാക്കിയെടുത്താലും കറിക്കുള്ള വക തടയുമോ എന്ന ആശങ്ക കുളക്കരയിൽ നിർത്തി തന്നെ കൂട്ടുകാരായ സുനുവും പുത്തൻവെളി വിനുവും അനുജൻ റഫിയും മക്കളും ഒക്കെയായി ചെളിയിൽ ഇറങ്ങാൻ തന്നെ തീരുമാനിച്ചു.

kulam-vettal
കുളം വെട്ടുന്നു.

ട്രോളിയിൽ എൻജിനും ഹോസും പാടത്തേക്ക് എത്തിച്ചത് സുനുവും പർവേസും  ഇമയയും കൂടിയാണ്. ഫുട്ട് വാൽവുമായി വിനു ആദ്യമിറങ്ങി. ഹോസിൽ ഫുട്ട് വാൽവ് ഉറപ്പിച്ച് ബോർവെല്ലിൽ നിന്ന് വെള്ളം നിറച്ച് എൻജിൻ സെറ്റാക്കി. കുളത്തിൽ പായൽ തിങ്ങി വളർന്നിട്ടുണ്ട്. 15 മിനിറ്റ് കൊണ്ട് വെള്ളം ഒരടിയായി കുറഞ്ഞു. പായൽ ചീഞ്ഞ് ചെളിയായി മാറിയതിനാൽ വെള്ളം എടുക്കാതെ എൻജിൻ നിന്നു. അപ്പോഴേക്കും നേരം വൈകി , നാളെ രാവിലത്തേക്ക് ബാക്കി കാര്യങ്ങൾ എന്നു പറഞ്ഞ് കുളത്തിൽ നിന്നു കയറി.

ഉത്സാഹക്കമ്മറ്റി രാവിലെ റെഡി

രാവിലെ കൃത്യം എട്ടരക്ക് മെസഞ്ചറിൽ വിനുവിന്റെ ഓർമപ്പെടുത്തൽ , ‘‘എപ്പോഴോണ് ? ’’  കുളം വെട്ടും മീൻ പിടുത്തവും ഹരമാണിവന് , എത്ര മിനക്കെടാനും തയാർ . മോറിസ് ഗാരേജിന്റെ സെയിൽസ് മാനേജർ ആണ്.  പ്രാതലിനു ശേഷം എൻജിൻ സ്റ്റാർട്ട് ചെയ്തപ്പഴേക്കും ആൾ സ്കൂട്ടറുമായി കുളക്കരയിൽ ഹാജർ.

kulam-vettukar-
കുളം വെട്ടുകാർ ബാബുവും സംഘവും.

കൂളിങ് ഗ്ലാസും തലയിൽ തോർത്ത് കെട്ടുമായാണ് റഫി ചെളിയിലേക്ക് ഇറങ്ങിയത്. വെള്ളം കുറയുന്നതിനിടെ പായൽ കരയിലേക്ക് വാരി മാറ്റിക്കൊണ്ടിരുന്നു , വൈകിട്ട് ഇതെടുത്ത് ലോക്ഡൗണിന്റെ തുടക്കത്തിൽ നട്ടു പിടിപ്പിച്ച പയറിനും വെണ്ടയ്ക്കും ഒക്കെ ഇടണം. നല്ല ജൈവ വളമാണ് . വെള്ളം കുറവാണങ്കിലും ചെളി നിറഞ്ഞ് എൻജിൻ നിന്നു പോകുന്നു. ഒടുവിൽ അതിനും പരിഹാരം കണ്ടെത്തി.  വെള്ളം വലിച്ചു തുടങ്ങിയ ശേഷം ഫുട് വാൽവ് ഊരി മാറ്റി അടിച്ചു തുടങ്ങി . കറിച്ചട്ടിയിലേക്ക് പോകാൻ യോഗമില്ലാത്ത കാരിയും വരാലും അണ്ടികള്ളിയും ഒക്കെ മുറിഞ്ഞ്  ചെളി വെള്ളത്തിനൊപ്പം പുറത്തേക്ക് വന്നു കൊണ്ടിരുന്നു.  ഫുട് വാൽവ് തുറന്ന് ഹോസ് കൊണ്ട് അടിക്കുമ്പോൾ കുളത്തിന്റെ അടിത്തട്ടിലേക്ക് പരമാവധി ഹോസ് ചേർത്തു നിർത്തി വേണം ചെയ്യാൻ , അല്ലെങ്കിൽ മീനുകളൊക്കെ ഇംപില്ലറിലുടെ കറങ്ങി ചതഞ്ഞ് കരയിലെത്തും , അത് പിന്നെ കളയാനേ പറ്റൂ ! 

മുന്നാഴി വെള്ളത്തിൽ മുന്നു പേരെ പറ്റിക്കും

ചെളി കുറഞ്ഞതോടെ മീനുകൾ കിട്ടാൻ തുടങ്ങി. വരാലും കാരിയും അണ്ടികള്ളിയും ( കല്ലട മുട്ടി  , കറുപ്പ് , കൈത മുള്ളൻ ) എന്നിങ്ങനെ പല പേരുകളാണിവന് പല നാടുകളിൽ ,  മുഷിയുമാണ് കിട്ടിയത്. നല്ല കനത്തിൽ പായൽ‌ ഉണ്ടായിരുന്നത് കൊണ്ട് ചെളിയും കൂടുതൽ. കരയിലും കൂടുതൽ സമയം കഴിയാൻ കഴിവുള്ള മീനുകളാണിതൊക്കെ. പിടുത്തം തരാതെ മെയ് വഴക്കത്തോടെ വരാൽ തെന്നിക്കളിച്ചു കൊണ്ടിരുന്നു. ആരകൻ , പൂളാൻ , പരലുകൾ , ചില്ലാൻ , കോലാൻ , വയമ്പ് , പളളത്തി , കുറുവ എന്നീ മീനുകളും സുലഭമായിരുന്നു പണ്ടൊക്കെ. തോട്് വെട്ടിയാൽ പുതു വെള്ളത്തിൽ കൂട്ടമായി ഓരം ചേർന്ന് കയറി വന്നിരുന്നത് കുറുവ ആയിരുന്നു. വഴിയിൽ തന്നെ വട്ട വലയുമായി ആളുകൾ പലരുണ്ടാകും , കമ്പികൊണ്ട് വെട്ടിപ്പിടിക്കാനും ! ഇതിനെയെല്ലാം അതിജീവിച്ചാണ് മീനുകൾ പാടത്തേക്ക് എത്തിയിരുന്നത്.  പാടത്ത് മഴ വെള്ളം നിറഞ്ഞാൽ തോട് വെട്ടി വെള്ളം വേമ്പനാട്ട് കായലിലേക്ക് ഒഴുക്കിക്കളയുമായിരുന്നു . നെൽക്കൃഷി നിലച്ചതോടെ ആ പതിവും അവസാനിച്ചു. 

അര ബക്കറ്റ് മീനുമായി മടക്കം

kummayam-edal-
വെട്ടി വെള്ളം വറ്റിച്ച കുളത്തിൽ കുമ്മായം വിതറുന്നു.

രാവിലെ ഒൻപതരയ്ക്ക് തുടങ്ങിയതാണ്, വെയിൽ കനക്കുന്നു.  സമയം പതിനൊന്നരയോട് അടുക്കുന്നു. അര ബക്കറ്റോളം മീനുകൾ കിട്ടി , വരാൽ കണ്ണൻ ഉൾപ്പെടെയുള്ള ചെറുതുകളെ വീട്ടു വളപ്പിലെ കുളത്തിലേക്ക് ഇടണം. ബോർവെൽ മോട്ടോർ വെച്ച് ചെളി കഴുകിക്കളയാൻ  പർവേസുമായി ഒരു ചെറു കുളി. വലിയ കുളം പായൽ മൂടി തൊട്ടടുത്ത് തന്നെ കിടക്കുന്നു.  വെട്ടി വൃത്തിയാക്കിയെടുത്ത് വളർത്തു മീനുകളെ ഇടണം. അതിനായി പണിക്കാർ നാളെയെത്തും. കുളത്തിനു മുകളിൽ താറാവ് കുടൊരുക്കി മീനുകളെ വളർത്തിയ സംയോജിത കൃഷി രീതി പരീക്ഷിച്ചത് ഏതാനും വർഷം മുൻപാണ്. 

കുളം വെട്ട് 

pump-shifting
കുളം വറ്റിച്ച് മീൻ പിടിക്കാൻ മോട്ടോർ കൊണ്ടു പോകുന്നു.

ബാബുവിന്റെ നേതൃത്വത്തിൽ നാൽവർ സംഘം രാവിലെ 8 നു തന്നെ തൂമ്പായുമായി എത്തി. ‌ഒരാൾ കുളത്തിലിറങ്ങി പായൽ വാരി നീക്കാൻ ആരംഭിച്ചു. രണ്ട് പേർ കരയിലെ അനക്കമില്ലാതെ കിടക്കുന്ന കരിയിലകൾ വരണ്ടി മാറ്റി തേകാനും മറ്റും സൗകര്യമൊരുക്കുന്നു. ഇഴയുന്നത് വല്ലതും ഉണ്ടെങ്കിൽ മാറിയും കിട്ടും.  ഇതിനൊപ്പം എൻജിൻ സ്റ്റാർട്ട് ചെയ്ത് കുളത്തിലെ വെള്ളം പാടത്തേക്ക് അടിക്കാൻ തുടങ്ങി. വിനു മകളും അനിന്തരവളുമായി എത്തി , രംഗം ഉഷാറാക്കി. എയർ എടുത്ത് രണ്ട് തവണ എൻജിൻ നിന്നു പോയപ്പോഴും അതിന് പരിഹാരവും കണ്ടെത്തിയതോടെ ചെളിയും വെള്ളവും കരയിലെത്തി. 

തേക്ക് പാട്ടിന്റെ താളം

പണ്ട് തേക്ക് കൊട്ടകളായിരുന്നു കുളത്തിലെ ചെളി വെള്ളം കോരി കളഞ്ഞിരുന്നത് . 

പിന്നീടത് ത്രികോണാകൃതിയിലെ തേക്ക് പാട്ടയായി . ഇപ്പോൾ എണ്ണപ്പാട്ടയാണ് വെള്ളം തേകാനായി ഉപയോഗിക്കുന്നത്. പാട്ടയിൽ കെട്ടിയുറപ്പിച്ച കയർ ഇരു വശത്തുമായി നാലു പേർ ചേർന്നാണ് പിടിക്കുന്നത്. ഒരു പ്രത്യേക താളത്തിലാണ് പാട്ട വെള്ളത്തിലേക്കിറങ്ങി ചെളിയുമായി കരയിലേക്കുയരുന്നത്. 

ഇന്ന് തേകിയവർക്ക് മുൻപുള്ള തലമുറ പാട്ടു പാടിയാണ് തേകി കുളം വറ്റിക്കുന്ന ആയാസത്തെ ലഘൂകരിച്ചിരുന്നത്. തേക്ക് പാട്ടിന്റെ താളം നാട്ടു പാട്ടിന്റെ താളമായിരുന്നു. തേകുന്നവരും കരയിലുള്ളവരും ഏറ്റു പാടിയിരുന്ന താളം. പൂച്ചാക്കലെ തേനനും പാണാവള്ളിയിലെ വെളുത്താശാനും മുൻ തലമുറയിലെ കുളം വെട്ടുകാരും പാട്ടുകാരും.  താളത്തിനൊപ്പം അൽപം തെങ്ങിൻ കള്ളിന്റെ മധുരവും ചേർന്നാൽ തേക്ക് പാട്ട് നാട്ടു പാട്ടായി ഒഴുകും. 

റമസാനിലെ ആദ്യ നോമ്പിന്റെ ക്ഷീണമുണ്ട് , രാവിലെ മുതൽ വെയിലത്താണ്. തൊപ്പിക്കുടയുടെ മറയുണ്ടങ്കിലും മേട മാസത്തിലെ സൂര്യൻ ജ്വലിക്കുകയാണ്. 

ഷാഹിദും ഞാനും ചേർന്നാണ് ചെളി കലക്കിക്കൊടുത്തത്. ഒരു മണിക്കൂർ നേരത്തെ കൈ വഴക്കം കൊണ്ട് കുളത്തിലെ ചെളിയൊക്കെ പാട്ട കരയിലെത്തിച്ചു . ഒപ്പം മീനുകളും...! കരയിൽ ഒരാൾ മീൻ തിരയാൻ തന്നെ നിൽക്കേണ്ടതായിരുന്നു. കുറച്ച് മീനുകൾ ചെളിയിലും മണ്ണിലും മൂടിപ്പോയിക്കാണും.

പാചകക്കുറിപ്പ് 

അണ്ടികള്ളി വറുത്തത്

സാധാരണ കുള മീനായ അണ്ടികള്ളി അഥവാ കറൂപ്പ് പൊരിച്ചെടുക്കുന്നതാണ് രുചകരം. 

മുളകുപൊടി, മഞ്ഞൾപ്പൊടി, ഉപ്പ് എന്നിവ ചേർത്ത് അര മണിക്കൂർ പുരട്ടി വെച്ച് വെളിച്ചെണ്ണയിൽ പൊരിച്ചെടുത്ത് ചൂടോടെ കൊടുത്താൽ ചോറിനു പിന്നെ വേറൊന്നും വേണ്ട. 

English Summary : A short trip to the normal lives of Cherthala and shares food culture of the people. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com