നാടൻ വെട്ടു കേക്ക് വിഡിയോയുമായി വോളീബോൾ താരം ; ടോം ജോസഫ്

SHARE

കേക്ക് എന്ന് കേൾക്കുമ്പോൾ മുൻ ഇന്ത്യൻ വോളിബോൾ താരം ടോം ജോസഫിന് ഓർമ വരിക െഎസിങ്ങിൽ പൊതിഞ്ഞ് ചെറിപ്പഴങ്ങൾ കൊണ്ട് അലങ്കരിച്ച കേക്കല്ല, കോഴിക്കോട്ടെ ഉൾനാടൻ ഗ്രാമമായ പൂതംപാറയിൽ പിതാവ് ജോസഫ് കുന്നപ്പള്ളി നടത്തിയിരുന്ന ചായക്കടയിലെ ചില്ലലമാരയിൽ യാതൊരു സാമൂഹികഅകലവും പാലിക്കാതെ തൊട്ടുരുമ്മിക്കിടക്കുന്ന നാടൻ വെട്ടു കേക്കാണ്. പൂതംപാറയിൽനിന്നു ചാത്തങ്കോട്ടുനട എ.ജെ. ജോൺ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിക്കുള്ള യാത്രയിൽ അപ്പന്റെ ചായക്കടയിൽ കയറി പെട്ടെന്നു പെറുക്കിയെടുത്ത് ഒാടാൻ പാകത്തിലുള്ള പലഹാരം വെട്ടുകേക്ക് മാത്രമായിരുന്നുവെന്ന് ടോം. ഫാദേഴ്സ് ഡേയിൽ ചാച്ചന്റെ ഇഷ്ട വിഭവത്തിന്റെ ചാചകക്കുറിപ്പ് മനോരമ ഒാൺലൈൻ വായനക്കാരുമായി പങ്കുവയ്ക്കുകയാണ് ടോം

joseph-kunnappally-tom-joseph

‘നാട്ടുപലഹാരങ്ങളോടാണ് എനിക്കിപ്പോഴും പ്രിയം. ചാച്ചന്റെ ചായക്കടയിൽ കയറിയാൽ ആദ്യം കണ്ണിൽ പെടുന്നത് പലഹാരം സൂക്ഷിക്കുന്ന ചില്ലലമാരയിലെ വെട്ടു കേക്കാണ്. ജീവിതത്തിൽ പല തരം ഭക്ഷണങ്ങൾ കഴിച്ചിട്ടുണ്ടെങ്കിലും കുഞ്ഞുന്നാളിൽ കഴിച്ച വെട്ടു കേക്കിന്റെ സ്വാദ് ഇപ്പോഴും നാവിൻതുമ്പിലുണ്ട്. വെട്ടു കേക്കിനൊപ്പം മടക്ക്, സുഖിയൻ, ബോണ്ട എന്നീ പലഹാരങ്ങളും ഞങ്ങളുടെ ചായക്കടയിലെ താരങ്ങളായിരുന്നു. പിള്ളേരു സെറ്റിന്റെ ആക്രമണം കൊണ്ടാവും, ഞങ്ങൾ പത്താം ക്ലാസ് ആയപ്പോൾ ചാച്ചൻ കച്ചവടം നിർത്തി. ലോക്ഡൗൺ കാലത്ത് വീണ്ടും ആ പഴയ രൂചിക്കൂട്ടുകൾ അടുക്കളയിൽ ഞാൻ പരീക്ഷിച്ചു. ഇൗ കോവിഡ് കാലത്ത് പുറത്തു നിന്നുള്ള ഭക്ഷണം കഴിക്കുന്നതിനേക്കാൾ വീട്ടിൽ പാകം ചെയ്യുന്ന വിഭവങ്ങളാണ് സുരക്ഷിതം. വെട്ടു കേക്ക് എന്നു കേൾക്കുമ്പോൾ അതെന്തു സാധനമെന്നു ചോദിച്ചവരും കുറവല്ല’ – ടോം പറയുന്നു.

ബിപിസിഎൽ കൊച്ചി റിഫൈനറിയിൽ ജോലി കിട്ടിയ ശേഷം തൃപ്പൂണിത്തുറ പുതിയകാവിലേക്ക് താമസം മാറ്റിയപ്പോഴും ടോം നാട്ടിൻപുറത്തെ ശീലങ്ങൾ മാറ്റിയില്ലെന്ന് ഭാര്യ ജാനറ്റ് സാക്ഷ്യപ്പെടുത്തുന്നു. വോളിബോൾ കോർട്ടിൽ യൂണിവേഴ്സൽ അറ്റാക്കർ അഥവാ ഒാൾറൗണ്ടറായ ടോം വീട്ടിലെ ‘അടുക്കള കോർട്ടി’ലും പാചകപരീക്ഷണങ്ങൾ നടത്താറുണ്ട്. ലോക്ഡൗൺ കാലത്ത് ടോം പരീക്ഷിച്ച വിഭവമായിരുന്നു ചക്കക്കുരു ഷേക്ക്.

‘ചക്കക്കുരു കൊണ്ട് എന്തു ഷേക്ക് എന്ന ചോദിച്ച പലരും ഇപ്പോൾ ചക്കക്കുരു ഷേക്കിന്റെ കട്ട ഫാൻസാണ്. ഷേക്ക് തയാറാക്കാൻ എളുപ്പമാണെന്നു പലർക്കും അറിയില്ലായിരുന്നു. ആവശ്യത്തിനു ചക്കക്കുരു എടുക്കുക. വെളുത്ത തൊലി കളയുക. ബ്രൗൺ തൊലി കളയരുത്. കുക്കറിൽ ഇട്ട് രണ്ടു വിസിൽ അടിച്ചശേഷം പുറത്തെടുത്തു തണുപ്പിക്കുക. തണുത്ത പാലും പഞ്ചസാരയും ചേർത്ത് മിക്സിയിൽ അടിക്കുക. ഷേക്ക് റെഡി’ ടോം ഷേക്കിന്റെ രുചിക്കൂട്ട് പങ്കുവയ്ക്കുന്നു.

‘മീൻകറിയും ബീഫ് ഉലർത്തിയതുമായിരുന്നു അമ്മച്ചിയുടെ മാസ്റ്റർ പീസ് വിഭവങ്ങൾ. നാലു വർഷം മുൻപ് എന്നേക്കുമായി ഞങ്ങളെ വിട്ടുപിരിയുന്നതു വരെ പുതുരുചികൾ അടുക്കളയിൽ പരീക്ഷിക്കുമായിരുന്നു. മുൻപൊക്കെ വിശേഷദിവസങ്ങളിൽ ചാച്ചനും അമ്മച്ചിയും അടുക്കളയിൽ കയറിയാൽഎന്താവും ഇന്നത്തെ സ്പെഷൽ എന്ന ആകാംക്ഷയാണ് എനിക്കും സഹോദരങ്ങൾക്കും. ചാച്ചൻ പുതിയകാവിലെ വീട്ടിൽ വരുമ്പോഴെല്ലാം എന്റെ മക്കൾക്ക് കുശാലാണ്. ഒരു മാസത്തേക്കുള്ള പലഹാരങ്ങൾ തയാറാക്കി വച്ചിട്ടാവും നാട്ടിലേക്കു മടങ്ങുന്നത്’ – ടോം പറയുന്നു.

‘എപ്പോഴും ഒരേ വിഭവങ്ങൾ കൊടുത്താൽ മൂവർ സംഘം പ്രതിഷേധിക്കും, അങ്ങനെയാണ് ടോമിന്റെ ചാച്ചൻ വെട്ടു കേക്കിന്റെ റെസിപ്പി പറഞ്ഞ് തന്നത്. പാചകം ചെയ്യാൻ ബുദ്ധിമുട്ടാണെന്ന് കരുതിയ വിഭവം രണ്ടു വട്ടം പരീക്ഷിച്ചപ്പോൾ വളരെ എളുപ്പമായി തോന്നി. മക്കളായ റിയ, സ്റ്റുവർ‌ട്ട്, ജൂവൽ റോസ് എന്നിവരുടെ ഇഷ്ടവിഭവങ്ങളുടെ പട്ടികയിൽ വെട്ടു കേക്ക് അങ്ങനെ പെട്ടെന്ന് സ്ഥാനം നേടി’ – ജാനറ്റ് പറയുന്നു.

vetu-cake-kerala-native-food

വെട്ട് കേക്ക് തയാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം

  • മൈദ – 1 കിലോഗ്രാം
  • പഞ്ചസാര – 400 ഗ്രാം
  • റവ – 250 ഗ്രാം
  • മുട്ട – 4 എണ്ണം
  • പെരുംജീരകം – 1 സ്പൂൺ
  • ഏലയ്ക്ക – 6 എണ്ണം
  • അപ്പക്കാരം – 1/4 സ്പൂൺ
  • വെളിച്ചെണ്ണ – 50 മില്ലി ലിറ്റർ
  • വെള്ളം – ആവശ്യത്തിന്
  • വെളിച്ചെണ്ണ – രണ്ട് ലിറ്റർ (വറുത്തെടുക്കാൻ ആവശ്യത്തിന്)

തയാറാക്കുന്ന വിധം

ഒരു ബൗളിൽ മുട്ട പൊട്ടിച്ചൊഴിച്ച് സ്പൂൺ ഉപയോഗിച്ച് നന്നായി കലക്കുക. അതിൽ അപ്പക്കാരം, ഏലയ്ക്ക, പെരുംജീരകം പൊടിച്ചത്, അൽപം വെളിച്ചെണ്ണ എന്നിവ ഒഴിക്കുക. ശേഷം നന്നായി യോജിപ്പിക്കുക. റവയും പഞ്ചസാരയും ഇതിലേക്ക് ചേർക്കാം. ശേഷം മൈദയും ചേർത്ത് നന്നായി യോജിപ്പിക്കുക. മൈദ ചേർക്കുന്ന സമയത്ത് ആവശ്യത്തിന് വെള്ളവും ചേർത്ത് കൊടുക്കണം (വെള്ളം കൂടിപോകരുത്). ഇത് അഞ്ച് മിനിറ്റ് വച്ചതിന് ശേഷം രണ്ടിഞ്ച് കനത്തിൽ പരത്തി, എട്ട് സെന്റീമീറ്റർ വീതിയിൽ മുറിക്കുക. ശേഷം ഡയമണ്ട് ആകൃതിയിൽ കഷ്ണങ്ങളായി മുറിക്കുക. ഇത് നടുവേ പകുതി കീറി വയ്ക്കുക. എണ്ണ നന്നായി തിളച്ച് ശേഷം മുറിച്ചുവെച്ച കഷ്ണങ്ങൾ മുകളിൽ വരുന്നതുപോലെ എണ്ണയിൽ ഇടുക. തിരിച്ചും മറിച്ചും ഇട്ടുകൊടുക്കുക. ചെറിയ ബ്രൗൺ നിറമാകുമ്പോൾ കോരിയെടുക്കാം.

English Summary: Vettu Cake Traditional Kerala Snack, Cooking Video by Vollyball Star Tom Joseph

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CHEFS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA