ADVERTISEMENT

യൂട്യൂബ് താരങ്ങളായ മക്കൾ എല്ലാവരും പാചകം വിഡിയോകളുമായി തിളങ്ങുമ്പോൾ അച്ഛൻ കൃഷ്ണകുമാറും പാചകത്തിൽ കൈ വച്ചിരിക്കുകയാണ്. ചെറുപ്പത്തിൽ അമ്മയുടെ കൂടെ പാചകത്തിൽ സഹായായിരുന്നു, വലുതായപ്പോൾ ഒന്നിനും സമയം കിട്ടിയില്ല. ഇപ്പോൾ മക്കൾ എല്ലാവരും വിവിധ രുചിക്കൂട്ടുകളുമായി വിഡിയോയുമായി തിളങ്ങുന്നു. ലോക്ഡൗൺ സമയത്ത് വീട്ടിലിരിക്കാൻ സമയം കിട്ടിയപ്പോൾ പരീക്ഷിച്ച് വിജയിച്ച ചാർക്കോൾ ഗ്രിൽഡ് പനീർ ടിക്കയും ഒപ്പം മിന്റ് ചട്ണിയുമാണ് കൃഷ്ണകുമാർ തയാറാക്കുന്നത്. ഇതോടൊപ്പം ഭക്ഷണത്തെക്കുറിച്ചുള്ള മനോഹരമായ ചില ചിന്തകളും അദ്ദേഹം പങ്കു വയ്ക്കുന്നുണ്ട്.

എന്ത് കഴിക്കുമ്പോഴും അത് കഴിക്കാൻ മാനസികമായി തയാറായിട്ടുവേണം കഴിക്കാൻ, പേടിച്ചും കുറ്റം പറഞ്ഞും കഴിക്കാൻ ശ്രമിക്കരുത്. ഇഷ്ടത്തോടെ കഴിക്കുമ്പോൾ  അത് ശരീരത്തിൽ പിടിച്ചു കൊള്ളും.

രണ്ടാമത്തെത് പ്രാർത്ഥനയെക്കുറിച്ചാണ്. ചിലർ ഭക്ഷണത്തിനു മുൻപിൽ ഇരുന്ന് കണ്ണച്ച് പ്രാർത്ഥിച്ചിട്ട് മാത്രമെ ഭക്ഷണം കഴിക്കാറുള്ളു. അതിന്റെ കാരണം ഭക്ഷണം എന്നത് നമ്മളുടെ മുൻപിലേക്ക് എത്തുന്നത് പലരുടെ അധ്വാനത്തിലൂടെയാണ്. വിളകൾ ഉത്പാദിപ്പിക്കുന്ന കർഷകർ മുതൽ ധാരാളം ആളുകൾ ഇതിനുവേണ്ടി 365 ദിവസവും പ്രവർത്തിക്കുകയാണ്. ഇതൊക്കെ ആരെങ്കിലും നടണം, വളർത്തണം, സംഭരിക്കണം... കുറേ അധികം ആളുകൾ ഈ പ്രവർത്തനത്തിൽ പങ്കാളികളാകുന്നുണ്ട്. ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവർക്കൊക്കെ നന്മ വരണെ എന്ന് മനസിൽ ഒരു നിമിഷം ചിന്തിക്കുന്നത് വളരെ നല്ലകാര്യമാണ്.

ഭക്ഷണം കഴിക്കുമ്പോൾ അതിൽ മാത്രം ശ്രദ്ധിക്കുക. ടിവി, മൊബൈൽ ഇതൊക്കെ മാറ്റി വയ്ക്കാൻ കുട്ടികളോട് പറയാറുണ്ട്. പലപ്പോഴും ഇത് നടക്കാറില്ലെങ്കിലും മക്കളോട് ഈ കാര്യങ്ങൾ പറഞ്ഞു കൊടുക്കണം. പറ്റുന്ന സമയങ്ങളിലൊക്കെ ഇങ്ങനെ ഒന്നു ശ്രമിച്ചു നോക്കൂ.

ചട്ണി തയാറാക്കാൻ

നിലക്കടല, ജീരകപ്പൊടി, പച്ചമുളക്, നാരങ്ങാനീര്, മല്ലിയില, പുതിനിയില, തൈര്, ഉപ്പ് എന്നിവ മിക്സിയുടെ ജാറിൽ അടിച്ച് എടുത്താൽ മിന്റ് ചട്ണി റെഡി. ഇത് ഫ്രിഡ്ജിൽ വയ്ക്കാം.

പനീർ ടിക്ക

പനീർ ചതുരകഷ്ണങ്ങളാക്കി മുറിക്കുക.

സവാള, കാപ്സിക്കം എന്നിവയും ചതുര കഷ്ണങ്ങളാക്കി മുറിക്കുക.

രണ്ട് ടേബിൾസ്പൂൺ കടലമാവ് പച്ചചുവ മാറാൻ വറുത്ത് എടുക്കണം. ഇതിലേക്ക് കുറച്ച് തൈര്, ഇഞ്ചിവെളുത്തുള്ളി പേസ്റ്റ്, വറുത്ത് പൊടിച്ച ജീരകം, ഒന്നര ടീസ്പൂൺ ഗരം മസാല, കുരുമുളകുപൊടി, കുറച്ച് നല്ലെണ്ണ, മഞ്ഞൾപ്പൊടി, രണ്ട് ടീസ്പൂൺ കാശ്മീരി ചില്ലിപൗഡർ, നാരങ്ങാനീര്, ജാതിക്കാ പൊടിച്ചത്, ഉപ്പ് എന്നിവ നന്നായി യോജിപ്പിച്ച് എടുക്കുക. ഇതിലേക്ക് പനീർ, സവാള, കാപ്സിക്കം കഷ്ണങ്ങൾ ചേർത്ത് നന്നായി യോജിപ്പിച്ച് എടുക്കണം. ഇത് രണ്ട് മണിക്കൂർ മാരിനേറ്റ് ചെയ്യാൻ വയ്ക്കണം.

ശേഷം സ്ക്യുവേഴ്സിൽ കോർത്ത്  കനലിൽ ഗ്രിൽ ചെയ്തെടുക്കാം. ഒപ്പം മിന്റ് ചട്ണിയും കൂട്ടാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com