ADVERTISEMENT

ഏറെ പ്രിയപ്പെട്ട ഒരാളുടെ കൈകൊണ്ട് വിളമ്പിക്കിട്ടിയ ഭക്ഷണം പോലെയാണ് ചില ഓർമകൾ. കൈപ്പുണ്യം കൊണ്ട് കൊതിപ്പിച്ച് ജീവിതാവസാനം വരെ അത് മനസ്സിന്റെ രസമുകുളങ്ങളിൽ പതിഞ്ഞുകിടക്കും. തന്റെ ജീവിതത്തിലെ പ്രിയപ്പെട്ട രുചികളെക്കുറിച്ചും ഫുഡ്ഡി ബഡ്ഡി എന്ന വ്ലോഗിലൂടെ വ്ലോഗർ എന്ന മേൽവിലാസം കൂടി കരിയറിൽ കൂട്ടിച്ചേർത്തതിനെക്കുറിച്ചും മനോരമ ഓൺലൈൻ വായനക്കാരോട് സംസാരിക്കുകയാണ് അഭിനേത്രിയും നർത്തകിയുമായ അഞ്ജു അരവിന്ദ്.

 

അഭിനേത്രി, നർത്തകി, ഇപ്പോളിതാ വ്ലോഗറും. ഫുഡി ബഡ്ഡി  എന്ന യുട്യൂബ് ചാനലിനെക്കുറിച്ച്?

ലോക്ഡൗൺ സമയത്താണ് ഫുഡി ബഡ്ഡി എന്ന യുട്യൂബ് ചാനൽ തുടങ്ങിയത്. എല്ലാത്തിരക്കുകളിൽ നിന്നും ഒഴിഞ്ഞ ആ  21 ദിവസങ്ങളിൽ വ്യത്യസ്തങ്ങളായ 21 വിഭവങ്ങൾ അവതരിപ്പിക്കാമെന്നു കരുതിയാണ് ചാനൽ ആരംഭിച്ചത്. ലോക്‌ഡൗൺ കഴിഞ്ഞ്  തിരക്കുകളിലേക്കു തിരികെപോകാമെന്നും വിചാരിച്ചു. പക്ഷേ ആ ഒരു മാസം കൊണ്ടുതന്നെ നല്ല പ്രതികരണങ്ങൾ ലഭിച്ചപ്പോൾ യുട്യൂബ് ചാനൽ നിർത്താതെ ആഴ്ചയിലൊരിക്കൽ ഒരു വിഭവം അവതരിപ്പിക്കാം എന്നു തീരുമാനിക്കുകയായിരുന്നു. ഇപ്പോഴും സമയം കിട്ടുന്നതിനനുസരിച്ച് ചാനലിൽ കണ്ടന്റ് അപ്‌ലോഡ് ചെയ്യാറുണ്ട്.

 

anju-aravind-2

കുട്ടിക്കാലം മുതൽ കുക്കിങ് ഇഷ്ടമായിരുന്നോ? 

അതെ. ഞാൻ അടുക്കളയിൽ കയറുമ്പോൾ എന്റെയൊപ്പം വേറാരും പാടില്ല എന്നൊരു നിർബന്ധമുണ്ടായിരുന്നു. എന്തെങ്കിലും തരത്തിൽ കുക്കിങ് പാളിപ്പോയാൽ അമ്മയേയും മറ്റും കുറ്റപ്പെടുത്തുന്ന സ്വഭാവം കുട്ടിക്കാലത്തുണ്ടായിരുന്നു. ‘അമ്മ അങ്ങനെ ചെയ്തതുകൊണ്ടല്ലേ വിഭവം കുളമായത്’ എന്നൊക്കെ ചോദിക്കുമായിരുന്നു. കുക്കിങ് ഗംഭീരമായാൽ എല്ലാ ക്രെഡിറ്റും എനിക്കു തന്നെ കിട്ടാൻ എല്ലാക്കാര്യങ്ങളും ഞാൻ തന്നെ ചെയ്യുമായിരുന്നു. അതിൽ മറ്റാരെയും ഇടപെടുത്താറില്ല. എന്റെ അമ്മയും അമ്മയുടെ അനിയത്തിയുമൊക്കെ അധ്യാപകരായിരുന്നു. പത്താം ക്ലാസ് കഴിഞ്ഞ് പ്രീഡിഗ്രിക്ക് ചേരാൻ കാത്തിരിക്കുന്ന സമയത്തൊക്കെ ഞാൻ നാലുമണിപ്പലഹാരങ്ങളൊക്കെ ഉണ്ടാക്കി കാത്തിരിക്കും സ്കൂളിൽനിന്നു മടങ്ങി വരുന്ന അമ്മയ്ക്കും അമ്മയുടെ അനിയത്തിക്കുമൊക്കെ അത് നൽകും. വനിത, മനോരമ ആഴ്ചപ്പതിപ്പ് തുടങ്ങിയ മാസികകളിൽ വരുന്ന പാചകക്കുറിപ്പുകൾ ഞാൻ സ്ഥിരമായി പരീക്ഷിക്കുമായിരുന്നു.

 

ഓർമയിലെ ഏറ്റവും പ്രിയപ്പെട്ട രുചി?

സ്വയം ഭക്ഷണമുണ്ടാക്കിക്കഴിക്കുന്നതിനേക്കാളും അച്ഛമ്മയും അമ്മമ്മയും അമ്മയുമൊക്കെ ഉണ്ടാക്കിത്തരുന്ന വിഭവങ്ങൾ കഴിക്കാനായിരുന്നു എനിക്കേറെയിഷ്ടം. അമ്മമ്മയും അച്ഛമ്മയും വയ്ക്കുന്ന കറികൾക്കൊക്കെ അസാധ്യ രുചിയാണ്. ഇരുവർക്കും നല്ല കൈപ്പുണ്യമുണ്ടായിരുന്നു. അച്ഛമ്മയുടെ കൈപ്പുണ്യം കുറച്ചൊക്കെ എനിക്ക് കിട്ടിയിട്ടുണ്ടെന്ന് അച്ഛനൊക്കെ ഇടയ്ക്ക് പറയാറുണ്ട്. അങ്ങനെയൊരു താൽപര്യമുള്ളതുകൊണ്ടും അറിയാവുന്ന വിഭവങ്ങൾ നല്ല രുചിയിലുണ്ടാക്കാൻ ഞാൻ ശ്രമിക്കാറുണ്ട്.

 

ഷൂട്ടിങ്ങിന്റെ ഭാഗമായി ഒരുപാട് യാത്രകളൊക്കെ ചെയ്തിട്ടില്ലേ. അത്തരം യാത്രകളിൽ കഴിച്ച ഏറ്റവും രുചികരമായ ഭക്ഷണം?

വിദേശരാജ്യങ്ങളിലൊക്കെ പോകുമ്പോൾ അവിടെ ലഭിക്കുന്ന വിഭവങ്ങളോട് അത്ര വലിയ താൽപര്യം തോന്നാറില്ല. ഉള്ളിന്റെയുള്ളിലൊരു നാട്ടിൻപുറത്തുകാരിയുള്ളതുകൊണ്ടാണോയെന്നും എനിക്കറിയില്ല. പ്രോഗ്രാംസിനൊക്കെ പോകുന്ന സമയത്ത് നാട്ടിലെ ഭക്ഷണം വല്ലാതെ മിസ് ചെയ്തിരുന്നു. ഒരു പ്രോഗ്രാമിനിടെ ഞങ്ങൾക്കു പൊതിച്ചോറു കൊണ്ടുത്തന്നിരുന്നു. ഇല തുറക്കുമ്പോഴുള്ള ഒരു മണമുണ്ടല്ലോ, അതിപ്പോഴും മൂക്കിൻതുമ്പിലുണ്ട്. ചമ്മന്തി, മീൻവറുത്തത്, മീൻകറി... ഇപ്പോഴും അത് പറയുമ്പോൾ നാവിൽ വെള്ളമൂറുന്നുണ്ട്. അതെനിക്കൊരുപാടിഷ്ടപ്പെട്ട ഒരു രുചിയോർമയാണ്. കാരണം നമ്മൾ  ഒരുപാട് ആഗ്രഹിച്ചിരുന്നു കിട്ടുമ്പോൾ അതിന് ഒരുപാട് മൂല്യമുണ്ടാവില്ലേ.

 

tornado-potato

പുതിയ രുചികൾ പരീക്ഷിക്കാറില്ലേ?

പുതിയ വിഭവങ്ങൾ കാര്യമായി പരീക്ഷിക്കാറില്ല. റെസിപ്പീസൊക്കെ ചോദിച്ചു മനസ്സിലാക്കാറുണ്ട്. ഇന്ന റെസിപ്പി കിട്ടിയേ പറ്റൂ എന്ന വാശിയുമായി ഏതെങ്കിലും രുചികൾക്കു പിന്നാലെ പോകാറില്ല. പിന്നെ ഒരു റെസിപ്പി കിട്ടിയാലുടൻ അത് അതേപടി പരീക്ഷിച്ചു നോക്കുന്ന പതിവുമില്ല. നമ്മുടേതായ എന്തെങ്കിലും കോൺട്രിബ്യൂഷൻ നടത്താൻ പറ്റുമോ എന്നു നോക്കിയിട്ട് ആ വിഭവമുണ്ടാക്കും. എനിക്ക് പൂർണ്ണ സംതൃപ്തി കിട്ടിയെങ്കിൽ മാത്രമേ ചാനലിലൂടെ അവതരിപ്പിക്കൂ.

 

ഡാൻസ് ക്ലാസ്, വ്ലോഗിങ്. എങ്ങനെ രണ്ട് പ്രഫഷനും ഒരുപോലെ കൊണ്ടു പോകുന്നു?

രണ്ടു കാര്യങ്ങളും ഒരുമിച്ചു മുന്നോട്ടു കൊണ്ടുപോകുന്നതിന്റെ തിരക്കുകളുണ്ട്. പക്ഷേ ഇപ്പോൾ കൊറോണയൊക്കെയായതിനാൽ ഷൂട്ടിനായി അധികം പോകാറില്ല. ഒരുപാട് വർക്കുകൾ വന്നിരുന്നു. ചെന്നൈയിലൊക്കെ പോയുള്ള ഷൂട്ടിങ്ങുകളായതിനാൽ പരമാവധി യാത്രകളൊഴിവാക്കാൻ ഷൂട്ടിങ് അധികം കമ്മിറ്റ് ചെയ്യാറില്ല. അതുകൊണ്ടു തന്നെ ഓൺലൈൻ ക്ലാസുകളുടെ സമയം കൂട്ടുകയും ചെയ്തു. സാധാരണ ക്ലാസെടുക്കുന്ന കുട്ടികൾക്കു കൂടാതെ കുവൈത്ത്, യുഎസ്, ലണ്ടൻ എന്നിവിടങ്ങളിൽ നിന്നുള്ള കുട്ടികൾക്കുവേണ്ടിയും ഓൺലൈൻ ഡാൻസ്ക്ലാസെടുക്കാൻ തുടങ്ങി. ഓൺലൈനിൽക്കൂടി നൃത്തം പഠിപ്പിക്കുന്നത് വിജയകരമാണെന്ന് ബോധ്യപ്പെട്ടു. ആദ്യമൊക്കെ അത് അസാധ്യമാണെന്നായിരുന്നു ‍ഞാൻ കരുതിയിരുന്നത്. പിന്നെ വീട്ടിലിരുന്ന് പഠിപ്പിക്കുന്നതുകൊണ്ടു തന്നെ ഏറെ സമയം നൃത്തപരിശീലനത്തിനു മാറ്റിവയ്ക്കാൻ സാധിക്കുന്നതും നല്ല കാര്യമായിത്തോന്നി. രാവിലത്തെ സമയം പൂർണമായും വീട്ടിലെ കാര്യങ്ങൾക്കും യുട്യൂബ് ചാനലിനാവശ്യമായ കണ്ടന്റ് ക്രിയേഷനുമൊക്കെ ഉപയോഗിക്കും. പിന്നെ ഫുഡ്ഡി ബഡ്ഡിയുടെ ഷൂട്ട് എല്ലാ ദിവസവും ഇല്ലല്ലോ. രണ്ടാഴ്ചയിലൊരിക്കലൊക്കെയാണ് പുതിയ കണ്ടന്റുകൾ അപ്‌ലോഡ് ചെയ്യുന്നത്.

 

അമ്പലപ്പുഴ പാൽപായസം മുതൽ മലയാളികൾക്ക് അത്ര പരിചിതമല്ലാത്ത നോൺവെജ് ഐറ്റംസ് വരെ ഫുഡ്ഡി ബഡ്ഡിയിൽ അവതരിപ്പിക്കുന്നുണ്ട്. എന്താണ് വിഭവങ്ങൾ തിരഞ്ഞെടുക്കാനുള്ള മാനദണ്ഡം?

വളരെ ചെലവേറിയതെന്നും സങ്കീർണ്ണമെന്നും നമ്മൾ കരുതുന്ന വിഭവങ്ങൾ വളരെ ലളിതമായി എല്ലാവർക്കും എങ്ങനെ വീട്ടിലുണ്ടാക്കാം എന്ന് കാണിച്ചുകൊടുക്കണമെന്ന ആഗ്രഹം മാത്രമേ വിഭവങ്ങൾ തിരഞ്ഞെടുക്കുമ്പോൾ മനസ്സിലുള്ളൂ. ഉദാഹരണത്തിന് ടൊർണാഡോ. അതിന് നാട്ടിൽ ഭയങ്കര വിലയാണ്. ഉരുളക്കിഴങ്ങിനെ ഒരു പ്രത്യേകരീതിയിൽ മുറിച്ചെടുത്ത്  അതിലേക്കൊരു ബാറ്ററൊഴിച്ചിട്ട് ഫ്രൈ ചെയ്തെടുക്കുന്നതാണ്. അത് ചാനലിലൂടെ അവതരിപ്പിച്ചപ്പോഴാണ് പലർക്കും അതിത്ര ലളിതമായി തയാറാക്കാൻ കഴിയുന്ന വിഭവമാണെന്ന് മനസ്സിലായത്. അത് കണ്ട് ഒരുപാടുപേർ മെസേജ് അയച്ച് അഭിനന്ദനമറിയിച്ചിരുന്നു. ആ വ്ലോഗ് നന്നായിത്തന്നെ സ്വീകരിക്കപ്പെട്ടു. വിഡിയോ കാണാം

 

അഞ്ജു എന്ന അമ്മയുണ്ടാക്കുന്ന ഏത് വിഭവമാണ് മകൾക്കേറെയിഷ്ടം?

ഞാനുണ്ടാക്കുന്ന എല്ലാ സ്നാക്സ് വെറൈറ്റീസും മോൾക്കു ഭയങ്കരയിഷ്ടമാണ്. ഫാസ്റ്റ്ഫുഡ് അങ്ങനെ വാങ്ങിച്ചു കൊടുക്കാത്തതുകൊണ്ട് അതിനോടും ഇഷ്ടമുണ്ട്. 12 വയസ്സേയുള്ളൂവെങ്കിലും അവൾക്കും കുക്കിങ്ങിനോടൊക്കെ നല്ല താൽപര്യമുണ്ട്. നമ്മൾ വളരെ ചെലവേറിയതെന്നു കരുതുന്ന നുട്രെല്ല (nutrela) പോലെയുള്ള കാര്യങ്ങൾ അവൾ തന്നെ ഇടയ്ക്ക് ഉണ്ടാക്കിക്കാണിക്കാറുണ്ട്. കുക്കിങ്ങിൽ അവൾക്കും നല്ല അഭിരുചിയുണ്ടെന്നു മനസ്സിലായപ്പോൾ വളരെ സന്തോഷം തോന്നി.

 

∙ രുചികളുടെ പുറകേ സഞ്ചാരിക്കാറുണ്ടോ?

ഞാൻ അത്ര ഫുഡിയായ ഒരാളല്ല. എനിക്ക് വിഭവങ്ങളുണ്ടാക്കി വിളമ്പാനാണ് ഏറെയിഷ്ടം. വീട്ടിലുള്ളവർക്കും അതിഥികൾക്കും ഇഷ്ടമുള്ളതൊക്കെ ഉണ്ടാക്കിക്കൊടുക്കാനും അവർ കഴിക്കുന്നത് കാണുമ്പോഴുള്ള സംതൃപ്തി അനുഭവിക്കാനുമിഷ്ടമാണ്. പക്ഷേ യാത്രകൾക്കിടയിൽ കഴിക്കുന്ന ആഹാരം ഇഷ്ടപ്പെട്ടാൽ തീർച്ചയായും അതിന്റെ റെസിപ്പി ചോദിച്ചു മനസ്സിലാക്കാറുണ്ട്. ഒരു ആർട്ടിസ്റ്റ് ആയതിന്റെ ഗുണം ആ സമയത്തൊക്കെയാണ് അനുഗ്രഹമായി തോന്നിയിട്ടുള്ളത്. ഇഷ്ടപ്പെട്ട ആഹാരത്തിന്റെ റെസിപ്പീസ് ചോദിച്ചാൽ അവർ മടികൂടാതെ പറഞ്ഞു തരാറുണ്ട്. ഇപ്പോൾപ്പിന്നെ യാത്രകളൊന്നും അധികമില്ലല്ലോ.

English Summary : Talk with Foodie Buddy Anju Aravind

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com