50–ാം വയസ്സിൽ പാചക ക്ലാസ്സിൽ; രുചിയുടെ ഊട്ടുപുരയൊരുക്കിയ ‘തലശ്ശേരി ഗേൾ’

HIGHLIGHTS
  • രുചിയുടെ വേറിട്ട സ്വപ്നത്തിലേക്കു മധുരം പകർന്നതു മകളാണ്.
  • പാചകം ഏറെ രസകരമാണെന്നും അതിലൊരു ആത്മീയതയുണ്ടെന്നും മറീന തിരിച്ചറിഞ്ഞ നാളുകളായിരുന്നു 'ഗാ'യിലേത്
marina
SHARE

പ്രായം 50 കഴിഞ്ഞപ്പോൾ നിങ്ങളെന്തു ചെയ്തുവെന്നാണു ചോദ്യം! ചിലർ ജോലിയിൽനിന്നു വിരമിക്കാൻ തയാറെടുക്കുന്നു. ചിലർ സ്വന്തം ബിസിനസ് സംരംഭങ്ങൾ മക്കൾക്കു വിട്ടു നൽകി സ്വസ്ഥജീവിതം നയിക്കുന്നു. മറീന ബാലകൃഷ്ണൻ എന്ന ‘തലശ്ശേരി ഗേൾ’ പക്ഷേ ചെയ്‌തത് ഇനിപ്പറയുന്ന കാര്യങ്ങളാണ്...

‌1) യുഎസിൽ പാചക സ്കൂളിൽ പഠിക്കുന്നു
2) പഠനം പൂർത്തിയാക്കി തിരിച്ചെത്തിയ ശേഷം പാചക പരീക്ഷണങ്ങൾ
3) ബാങ്കോക്കിലെ പ്രശസ്തമായ മിഷേലിൻ സ്റ്റാർ ഹോട്ടലിൽ ജോലി ചെയ്യുന്നു
4) തിരികെ മടങ്ങിയെത്തി ലോക്ഡൗൺ കാലത്ത് ‘ഊട്ടുപുര’ ആരംഭിക്കുന്നു
5) ഇന്നു ഇന്ത്യൻ രുചിലോകത്തെ പുതിയ സെൻസേഷനെന്നു വോഗ്, സിഎൻ ട്രാവലർ ഉൾപ്പെടെയുള്ളവർ കുറിക്കുന്നു. 

നമ്മുടെ പ്രിയപ്പെട്ട അവിയലും തോരനും സാമ്പാറും ഇഞ്ചിപ്പുളിയുമെല്ലാം വിളമ്പിയാണു മറീന ബാലകൃഷ്ണൻ ഈ നേട്ടങ്ങളെല്ലാം സ്വന്തമാക്കിയതെന്നു പറയുമ്പോൾ പലരും അദ്ഭുതപ്പെടും. രുചിയുടെ പ്രചോദനം നാവിൽ തൊട്ടുനൽകിയ അമ്മയും വല്യമ്മയുമെല്ലാം ഇതു തന്നെയാണു പറയുന്നതെന്ന് വ്യക്തമാക്കുമ്പോൾ മറീനയും പൊട്ടിച്ചിരിക്കും. ഇതിനെല്ലാം പ്രചോദനമായതു മകൾ അദിതി റാവുവെന്നു പറയുമ്പോൾ കണ്ണു നിറയും. 

തലശ്ശേരി സ്വദേശിയാണു മറീന. സ്കൂൾ പഠനത്തിനു ശേഷം ഉപരിപഠനം നടത്തിയത് ഇംഗ്ലിഷ് സാഹിത്യത്തിൽ. വിവാഹത്തിനു ശേഷം മുംബൈയിലെത്തി. അന്നും ഇന്നും നല്ല രസികൻ വെജിറ്റേറിയനാണു മറീന‍ ബാലകൃഷ്ണൻ. അമ്മയിൽനിന്നും വല്യമ്മയിൽനിന്നും പകർന്നു കിട്ടിയ കൈപ്പുണ്യം തന്റെ അടുക്കളയിൽ മറീന പതിവായി പരീക്ഷിച്ചു പോന്നു. കുടുംബാംഗങ്ങൾക്കും തന്റെയും മകൾ അദിതി റാവുവിന്റെയും സുഹൃത്തുക്കൾക്കുമായി രുചികരമായ കേരള വിഭവങ്ങൾ വിളമ്പി. എല്ലാവരും നല്ലതു പറഞ്ഞപ്പോൾ ഇടയ്ക്കു ചില പാചക ക്ലാസുകൾ, ഇടവേളകളിൽ ചെറിയ പാചക സംരംഭങ്ങൾ...

രുചിയുടെ വേറിട്ട സ്വപ്നത്തിലേക്കു മധുരം പകർന്നതു മകളും അഭിഭാഷകയുമായ അദിതി റാവുവാണ്. അമ്മയുടെ കഴിവു തിരിച്ചറിഞ്ഞിരുന്ന മകൾ പലപ്പോഴും പാചകം കരിയറായി തിരഞ്ഞെടുക്കാൻ ഉപദേശിച്ചിരുന്നു. യുഎസിൽ എൽഎൽഎം പഠനം നടത്തുമ്പോൾ അദിതി തന്റെ ആവശ്യം അൽപം മുറുകെപ്പിടിച്ചു. ഇക്കുറി അമ്മയും തീരുമാനത്തിലെത്തി. അങ്ങനെ 2017ൽ ന്യൂയോർക്കിലെ പ്രശസ്തമായ നാച്ചുറൽ ഗോമെ ഇൻസ്റ്റിറ്റ്യൂട്ടിൽ പഠനം ആരംഭിക്കുന്നു. 

oottupura-by-the-thalassery-girl

മറീനയ്ക്ക് അന്നു പ്രായം 52. ഒപ്പം പഠിക്കുന്നവർ ഇരുപതുകളിൽ. ന്യൂയോർക്ക് പോലൊരു നഗരത്തിൽ ഒറ്റയ്ക്കു താമസിക്കുന്നത് ആദ്യം. വീട്ടിലെ ചെറിയ അടുപ്പിലും പാത്രങ്ങളിലും പാചകം ചെയ്തിരുന്ന മറീനയ്ക്കു പുതിയൊരു ലോകമായിരുന്നു അത്. വീണ്ടും അസൈൻമെന്റുകൾ. പാചകത്തിന്റെ പുതിയ ടെക്നിക്കുകൾ... എല്ലാം ഒന്നിൽനിന്നു തുടങ്ങി. രാത്രി വൈകിയും കിച്ചണിൽ പരീക്ഷണങ്ങളുമായി കൂടി മറീന. അസൈൻമെന്റുകൾ, പരീക്ഷ, യാത്ര, താമസം എന്നിവയെല്ലാം ഒറ്റയ്ക്ക്. എന്നാൽ തനിക്ക് ഏറെ ആത്മവിശ്വാസം നൽകിയതു ആ സമയമായിരുന്നുവെന്നു മറീന പറയും. 

യുഎസിലെ അതിപ്രശ്സതമായ മെർസെർ കിച്ചൺ ഉൾപ്പെടെയുള്ള റസ്റ്ററന്റുകളിൽ ഇന്റേൺഷിപ്. രാജ്യാന്തര പ്രശസ്തരായ സ്റ്റെഫൈൻ സാക്സ്, മാർട്ടി വൂൾഫ്സൺ എന്നിവർക്കൊപ്പം ജോലി. പഠനത്തിനു പിന്നാലെ വീസ കാലാവധി തീർന്നതോടെ വീണ്ടും മുംബൈയിലേക്ക്. ഇനിയെന്ത് എന്നതായി അടുത്ത ചോദ്യം. 7–8 മാസങ്ങൾ ഉത്തരമില്ലാതെ അലഞ്ഞു. ഒടുവിൽ രണ്ടും കൽപിച്ചു ഗരിമാ അറോറയ്ക്ക് ഇ–മെയിൽ അയച്ചു. മിഷെലിൻ സ്റ്റാർ നേടി ‘ഗാ’ എന്ന റസ്റ്ററന്റും ഗരിമയും  തിളങ്ങി നിൽക്കുന്ന സമയം. മറീനയുടെ പ്രായമുൾപ്പെടെയുള്ള  വിഷയങ്ങൾ ഗരിമയ്ക്കും ഗായ്ക്കും തടസമായില്ല. അങ്ങനെ ബാങ്കോക്കിലേക്ക്. 

പാചകം ഏറെ രസകരമാണെന്നും അതിലൊരു ആത്മീയതയുണ്ടെന്നും മറീന തിരിച്ചറിഞ്ഞ നാളുകളായിരുന്നു ‘ഗാ’യിലേത്. എല്ലാ ആഴ്ചകളിലുമുള്ള സ്റ്റാഫ് ഡിന്നറിൽ രുചികരമായ കേരള വിഭവങ്ങൾ മറീന‍ തയാറാക്കി. അവിയലും പച്ചടിയും തോരനുമെല്ലാം അവിടെ ഹിറ്റായതോടെ  മറീന തീരുമാനിച്ചു തന്റെ വഴിയെന്താകണമെന്ന്. ഗായിൽ ഒരു വർഷത്തോളം പ്രവർത്തിച്ച ശേഷം വീണ്ടും തിരികെ മുംബൈയിലേക്ക്. റസ്റ്ററന്റ് ആരംഭിക്കുകയായിരുന്നു ലക്ഷ്യം. അതിനു വേണ്ടിയുള്ള തയാറെടുപ്പുകൾ നടക്കുന്നതിനിടെയാണു കോവിഡും ലോക്ഡൗണുമെത്തുന്നത്. പക്ഷേ, അതൊന്നും മറീനയ്ക്കു തടസമായില്ല. ‘ഊട്ടുപുര ബൈ ദ് തലശ്ശേരി ഗേൾ’ എന്ന ക്ലൗഡ് കിച്ചൺ സംരംഭം ആരംഭിക്കുന്നത് അങ്ങനെയാണ്. 

കുട്ടിക്കാലത്തു ഗുരുവായൂർ ക്ഷേത്രത്തിലേക്കുള്ള യാത്രയാണു ഊട്ടുപുര എന്ന പേരിന്റെ പ്രചോദനം. ക്ഷേത്രത്തിനു സമീപത്തെ ഊട്ടുപുരയിലെ സദ്യയില്ലാതെ ആ യാത്രകളൊന്നും പൂർത്തിയായിട്ടില്ല. ഒരു പരിചയവുമില്ലാത്ത ആളുകൾ രുചിയുടെ മുന്നിൽ ഒത്തുകൂടുന്ന ഇടം. തലശ്ശേരിക്കാരുടെ രുചിയാണ് ഊട്ടുപുരയിൽ വിളമ്പുന്നത്. വെബ്സൈറ്റിലൂടെ ആദ്യ ഓർഡർ സ്വീകരിച്ചു. രുചിയറിഞ്ഞവർ പതിവുകാരായി. മറീനയും തലശ്ശേരി ഗേളും ഊട്ടുപുരയും ഇന്ത്യൻ രുചിലോകത്തു പുതിയ തരംഗമായി. 

വെജിറ്റേറിയൻ വിഭവങ്ങളാണ് മറീന വിളമ്പുന്നത്. മെനുവിൽ ഒട്ടും പ്രത്യേകതയില്ല. തോരനും അച്ചാറും പായസവുമെല്ലാം ഉൾപ്പെടുന്ന കേരള മീൽസ്. തന്റെ വല്യമ്മയും അമ്മയും പിന്തുടർന്ന രീതി തന്നെയാണ് പിന്തുടരുന്നതെന്നു മറീന പറയുന്നു. പുതിയ പരീക്ഷണങ്ങളും രുചിവൈവിധ്യവും വിളമ്പുന്ന ഡൽഹിയിലെയും മുംബൈയിലെയും സ്റ്റാർ ഷെഫുമാരുടെ ലോകത്താണ് മറീന പാരമ്പര്യ രീതികളുമായി മത്സരിക്കുന്നതെന്നോർക്കുക. എന്നാൽ അതുതന്നെയാണ് തന്റെ മികവെന്നും ഇവർ പറയുന്നു. ഇത്ര രുചിയോടെ ഒരിക്കലും ഇതു കഴിച്ചിട്ടില്ലെന്നു ആസ്വാദകർ പറയുന്നു. അടുക്കളയിൽ മറീന തന്നെയാണ് രുചികൾ തയാറാക്കുന്നത്. 

marina-2021

പക്ഷേ, ഓരോ വിഭവത്തിനും മണിക്കൂറുകളുടെ പിന്നാമ്പുറമുണ്ട്. രുചിയിലും ജോലിയിലുമൊരു ആത്മീയത കൊണ്ടുവരാൻ ശ്രമിക്കാറുണ്ടെന്നാണ് മറീനയുടെ വാക്ക്. അരിയും പച്ചക്കറികളും തിരഞ്ഞെടുക്കുന്നതിൽ ഉൾപ്പെടെ ഇതുണ്ട്. പാലക്കാടു നിന്നുള്ള മട്ടയും മട്ടന്നൂർ ശർക്കരയുമെല്ലാമാണു വിഭവങ്ങൾ തയാറാക്കാൻ ഉപയോഗിക്കുന്നത്. ഊട്ടുപുരയുടെ പ്രശസ്തമായ ഇഞ്ചിപ്പുളി തയാറാക്കാൻ 2 വർഷമെടുത്തുവെന്നു മറീന പറയുമ്പോൾ വ്യക്തമാകും രുചിയുടെ മികവ്. ഊട്ടുപുരയുടെ വെബ്സൈറ്റ്, പായ്ക്കറ്റ് എന്നിവയെല്ലാം ഡിസൈൻ ചെയ്തതും മറീന തന്നെ. അതുതന്നെയാകും ഈ വിഭവങ്ങളെ വ്യത്യസ്‌തമാക്കുന്നതും. ഊട്ടുപുരയിലെ വിഭവങ്ങൾ മിനിറ്റുകൾക്കുള്ളിൽ തീരുന്നു. രാജ്യാന്തര മാസികകളിൽ മറീനയും ഊട്ടുപുരയും ഇടം പിടിച്ചു കഴിഞ്ഞു. റസ്റ്ററന്റ് എന്ന സ്വപ്നത്തിലേക്കുള്ള യാത്രയിലാണു മറീന ഇപ്പോൾ. ഊട്ടുപുരയും തലശേരി ഗേളും പുതിയ സ്വപ്നങ്ങൾ കാണുകയാണ്. 

English Summary: Story of Marina Balakrishnan and 'Oottupura by the Thalassery Girl'

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CHEFS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അടച്ചുപൂട്ടുമോ ഒമിക്രോൺ? ആശങ്ക– എക്സ്പ്ലെയ്നർ

MORE VIDEOS
FROM ONMANORAMA