കുത്തരി കഞ്ഞിയും ഇടിച്ചക്ക തോരനും ചേർന്നുള്ള നാടൻ സ്വാദ്, അൽപം മാങ്ങാ അച്ചാറും ചേർത്താൽ പിന്നെ പറയാനില്ല.
ചേരുവകൾ
- നെല്ലു കുത്തരി – 2 കപ്പ്
- വെളിച്ചെണ്ണ – 1 ടീസ്പൂൺ
- തേങ്ങ ചിരകിയത്
- വെള്ളം
- ഉപ്പ്
ഇടിച്ചക്ക
- മുളകുപൊടി – 1 ടീസ്പൂൺ
- ചെറിയ ഉള്ളി – 6 എണ്ണം
- വെളുത്തുള്ളി – 4 എണ്ണം
- പച്ചമുളക് – 5 എണ്ണം
- മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ
- തേങ്ങാ ചിരകിയത്
- കറിവേപ്പില
- വെളിച്ചെണ്ണ
- കടുക്
- ഉഴുന്ന പരിപ്പ്
തയാറാക്കുന്ന വിധം
ഒരു പ്രഷർ കുക്കറിലേക്ക് നന്നായി കഴുകി വൃത്തിയാക്കിയ രണ്ടു കപ്പ് കുത്തരിയും ആവശ്യത്തിന് വെള്ളവും ചേർത്ത് രണ്ടു വിസിൽ വരെ വേവിക്കുക.
കഞ്ഞി വേകുന്ന സമയം കൊണ്ട് ഇടിച്ചക്ക തോരൻ റെഡിയാക്കാം. ഇടിച്ചക്കയുടെ പുറമെയുള്ള തൊലി ചെത്തി വൃത്തിയാക്കിയതിനു ശേഷം അരിഞ്ഞു ആവശ്യത്തിന് ഉപ്പും അര കപ്പ് വെള്ളവും ചേർത്ത് ആവി കയറ്റുക. പ്രഷർ കുക്കറിൽ ഒരു വിസിൽ വരെ വേവിക്കുകയോ ചെയ്യാം. ഇതിലേക്ക് തേങ്ങാ ചിരകിയത് ചേര്‍ക്കാം. ഒരു തേങ്ങ ചിരകിയതിന്റെ പകുതി കഞ്ഞിയിലും ബാക്കി പകുതി ചക്കയിലും ചേർക്കാം.
വെന്ത കഞ്ഞിയിലേക്ക് ചിരകിയ തേങ്ങയും കുറച്ചു വെള്ളവും ആവശ്യത്തിന് ഉപ്പും ചേർത്ത് കഞ്ഞി ഒന്നു തിളപ്പിക്കുക. കഞ്ഞി തിളച്ച ശേഷം അല്പം വെളിച്ചെണ്ണ കഞ്ഞിയുടെ മുകളിലായി ഒഴിച്ചു കൊടുക്കുക. അതിനുശേഷം സ്റ്റൗ ഓഫ് ചെയ്ത് കഞ്ഞി അടച്ചു വയ്ക്കുക.
ഇനി ഇടിച്ചക്ക റെഡിയാക്കാം. വെന്ത ഇടിച്ചക്ക കുക്കറിൽ നിന്ന് മറ്റൊരു പാത്രത്തിലേക്ക് മാറ്റി കുറച്ചു മുളകു പൊടി തൂവി നന്നായി ഉടച്ചെടുക്കുക. തേങ്ങ ചിരകിയതിലേക്ക് ചെറിയ ഉള്ളി, വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില, അര ടീസ്പൂൺ മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് അമ്മക്കല്ലിൽ ചതച്ചെടുക്കുക. ഇനി സ്റ്റൗ കത്തിച്ച് ഒരു ഫ്രൈയിങ് പാൻ വച്ച് അതിേലക്ക് വെളിച്ചെണ്ണ ഒഴിച്ച് ചൂടായ ശേഷം കുറച്ചു കടുകും കുറച്ച് ഉഴുന്നും കൂടി ഇട്ട് പൊട്ടിയതിനുശേഷം അരപ്പ് ചേർത്ത് വെള്ളം വറ്റി ഒന്നു വഴന്നു വരുമ്പോൾ ഇടിച്ചു വച്ചിരിക്കുന്ന ചക്ക അതിലേക്ക് ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഇടിച്ചക്ക തോരൻ റെഡി.
English Summary : Kerala Style Kanji and Idichakka Thoran video by Actress Anila Sreekumar.