ADVERTISEMENT

ചോറിനും കപ്പയ്ക്കുമൊപ്പം കോംബിനേഷനായൊരുക്കാം രസികൻ മീൻകറി. തേങ്ങയരച്ചു തയാറാക്കുന്ന ഈ മീൻകറിക്ക് സ്വാദും കൊഴുപ്പും കൂട്ടാൻ ചില പൊടിക്കൈകൾ പ്രയോഗിക്കണമെന്നുമാത്രം. ദശക്കട്ടിയുള്ള മീൻ തന്നെ കറിവയ്ക്കാനായി തിരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഉണ്ടാക്കി നോക്കിയാലോ നാവിൽ കപ്പലോടും രുചിയിലൊരുക്കാം കിടിലൻ മീൻകറി.

മലബാറിലെ തേങ്ങയരച്ച മീൻകറി 

ചേരുവകൾ

നെയ്മീൻ/ വറ്റ, ചൂര, പാര ഇവയിൽ ഏതെങ്കിലും ഒന്ന് – 1 കിലോ

വെളിച്ചെണ്ണ – 50 മില്ലി

ഉലുവ– 8 ഗ്രാം

ഇഞ്ചി നീളത്തിൽ അരിഞ്ഞത് – 20 ഗ്രാം

ചെറിയുള്ളി അരിഞ്ഞത് – 10 എണ്ണം 

കറിവേപ്പില – കുറച്ച്

പച്ചമുളക് – 3 എണ്ണം

തക്കാളി അരിഞ്ഞത് – 4 എണ്ണം

കല്ലുപ്പ് – രുചിക്കനുസരിച്ച്

കാശ്മീരി മുളകുപൊടി – 20 ഗ്രാം 

എരിവുള്ള മുളകു പൊടി – 15 ഗ്രാം

മഞ്ഞൾപൊടി – 10 ഗ്രാം

പുളി– നാരങ്ങ വലിപ്പം

മീൻ തലയും മുള്ളും േചർത്ത് തിളപ്പിച്ച് അരിച്ച വെള്ളം – ഗ്രേവിക്ക് ആവശ്യത്തിന് 

തേങ്ങ അരച്ചത് – പകുതി തേങ്ങ

കുരുമുളക് പൊടി – 8 ഗ്രാം

പെരുംജീരകം പൊടി– 8 ഗ്രാം

കറി താളിക്കാൻ

വെളിച്ചെണ്ണ – 20 മില്ലി 

ചെറിയുള്ളി അരിഞ്ഞത് 

കറിവേപ്പില

കശ്മീരി മുളകുപൊടി – 5 ഗ്രാം

തയാറാക്കുന്ന വിധം

ഒരു മൺചട്ടിയെടുത്ത് അതിലേക്ക് ഉലുവയിട്ട് നന്നായി മൂപ്പിച്ചെടുക്കുക. ഇതിൽ ഇഞ്ചിയും കറിവേപ്പിലയും ഇട്ട് നന്നായി വഴറ്റണം. അതിലേക്കു ചുവന്നുള്ളിയും തക്കാളിയും പച്ചമുളകും ആവശ്യത്തിന് കല്ലുപ്പും ചേർത്ത് തക്കാളി നന്നായി അലിയുന്നതു വരെ വഴറ്റിയെടുക്കണം. തക്കാളി നന്നായി വാടിയതിനുശേഷം തീ കുറച്ച് അതിലേക്ക് ഒന്നര സ്പൂൺ കശ്മീരി മുളകുപൊടിയും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. അതിലേക്ക് അര സ്പൂൺ മഞ്ഞൾപൊടിയും ചേർത്തിളക്കി പിഴിഞ്ഞു വച്ചിരിക്കുന്ന പുളി ചേർത്ത് നന്നായി ഇളക്കണം. 

കൂടുതൽ രുചിക്കായി മീനിന്റെ തലയും മുള്ളും മഞ്ഞൾപ്പൊടിയിട്ട് നന്നായി തിളപ്പിച്ച് അരിച്ചെടുത്ത വെള്ളമാണ് ചാറിനായി ഉപയോഗിക്കുന്നത്. ഈ വെള്ളം മസാലയിലേക്ക് ഒഴിക്കുക. ഈ ചേരുവകൾ നന്നായി വെട്ടിത്തിളയ്ക്കുമ്പോൾ കഴുകി വൃത്തിയാക്കിയ മീൻ ചേർത്തു കൊടുക്കണം. നല്ല ദശ കട്ടിയുള്ള നെയ്മീനും ചൂരയും വറ്റയും പാരയും വച്ചു ഈ കറി ഉണ്ടാക്കാം. പക്ഷേ, കറിയുടെ രുചി തേങ്ങ നന്നായി അരയുന്നതിലാണ്. ചെറിയ ചൂടിൽ മീൻ നന്നായി വെന്തുവരുന്ന പരുവത്തിൽ മഷി പോലെ അരച്ച തേങ്ങ ചേർത്ത്, മീൻ ഉടയാത്ത പരുവത്തിൽ ഇളക്കിക്കൊടുക്കുക. അതിലേക്ക് കുറച്ചു കുരുമുളകുപൊടിയും പെരുംജീരകപ്പൊടിയും ചേർത്ത് തീ അണയ്ക്കണം. 

ഒരു പാനിൽ വെളിച്ചെണ്ണയൊഴിച്ച് ചെറുതായരിഞ്ഞ ചുവന്നുള്ളി ചേർത്ത് അതിലേക്ക് കറിവേപ്പിലയിട്ടു നന്നായി വഴറ്റി ഉള്ളി മൂത്തു വരുന്ന പരുവത്തിൽ മീൻ കറിയിലേക്ക് താളിച്ചു കൊടുക്കണം. മീൻ കറിയുടെ ഉപ്പും പുളിയും നോക്കി ചട്ടി നന്നായി ചുറ്റിച്ച് കുറഞ്ഞത് ഒരു മണിക്കൂർ തണുക്കാനായി വയ്ക്കണം. 

Content Summary : Malabar Fish Curry Recipe by Chef Suresh Pillai

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com