പഞ്ചസാര അലിഞ്ഞലിഞ്ഞു പൈനാപ്പിളിന്റെ നീരിനൊപ്പം ചേരുന്ന കിടു രൂചി, ചൂട് പൈനാപ്പിൾ ഹൽവയും അതിനു മുകളിൽ ഒരു സ്കൂപ്പ് വാനില ഐസ്ക്രീമും അതിനു മുകളിൽ ബദാം പരിപ്പും വിതറി അങ്ങു കഴിച്ചാലോ?
ചേരുവകൾ
പൈനാപ്പിൾ ചെറുതായി അരിഞ്ഞത് – വലുത് 3 എണ്ണം
നെയ്യ് – 300 മില്ലി
പഞ്ചസാര – 250 ഗ്രാം
മൈദ – 150 ഗ്രാം
പച്ച ഏലയ്ക്കാപൊടി – 5 ഗ്രാം
കശുവണ്ടി – 50 ഗ്രാം
ബദാം അരിഞ്ഞത് – 30 ഗ്രാം
തയാറാക്കുന്ന വിധം
ഹൽവ ഉണ്ടാക്കാനായി നന്നായി പഴുത്ത 2 പൈനാപ്പിളും ഒരൽപം പുളിയുള്ള ഒരു പച്ച പൈനാപ്പിളും തൊലി ചെത്തി മുള്ളു കളഞ്ഞ് പൊടി പൊടിയായി അരിയണം. അരിയുന്ന സമയത്ത് അതിന്റെ നീര് ഒലിച്ചു പോകാതെ ശ്രദ്ധിക്കണം.
ഹൽവയ്ക്കായി മൈദമാവ്, പഞ്ചസാര, ഏലയ്ക്ക, കശുവണ്ടി, ബദാം പരിപ്പ്, പശുവിൻ നെയ്യ് എന്നിവയാണ് വേണ്ടത്. അടി കട്ടിയുള്ള ഒരു പാത്ര (ഉരുളിയാണെങ്കിൽ ഉത്തമം) ത്തിൽ നെയ്യൊഴിച്ച് ചൂടാക്കി അണ്ടിപ്പരിപ്പു ചേർത്ത് ചെറുതായി ചുവക്കുന്നതു വരെ മൂപ്പിക്കണം. അതിലേക്ക് ചെറുതായി അരിഞ്ഞു വച്ചിരിക്കുന്ന പൈനാപ്പിളും അതിന്റെ നീരും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കണം. ചെറിയ ചൂടിൽ പൈനാപ്പിളിന്റെ നീരിറങ്ങി അതിൽ കഷണങ്ങൾ വെന്തടിഞ്ഞ് ജലാംശം വറ്റി വരുന്ന പരുവത്തിൽ പഞ്ചസാര ചേർത്തു കൊടുക്കണം. പഞ്ചസാര അലിഞ്ഞ് ലായനിയായി പൈനാപ്പിളിൽ ലയിച്ച് യോജിച്ചു ചേരും. നിങ്ങളുടെ മധുരത്തിന്റെ അളവിനനുസരിച്ച് പഞ്ചസാര ചേർത്തു കൊടുക്കാം. പൈനാപ്പിൾ നന്നായി വെന്ത് അലിഞ്ഞു ചേർന്നു വരുന്ന പരുവത്തിൽ ഏലയ്ക്ക പൊടിച്ച് േചർത്ത് കൊടുക്കണം. അതിലേക്ക് മൈദ കുറച്ചു കുറച്ചായി മെല്ലെ ചേർത്ത് തുടരത്തുടരെ ഇളക്കി നന്നായി യോജിപ്പിക്കണം. ഈ സമയം പൈനാപ്പിളും പഞ്ചസാരയും മൈദയും നന്നായി വെന്തു ചേർന്ന് യോജിച്ച് നല്ല ഹൽവയുടെ പരുവത്തിൽ എത്തും. തീ കുറച്ചതിനു ശേഷം ആവശ്യാനുസരണം നെയ്യ് ചേർത്ത് തുടരത്തുടരെ ഇളക്കി അടുപ്പിൽ നിന്നു മാറ്റിവയ്ക്കാവുന്നതാണ്.
ഒരു ബോളിൽ ചൂട് പൈനാപ്പിൾ ഹൽവയും അതിനു മുകളിൽ ഒരു സ്കൂപ്പ് വാനില ഐസ്ക്രീമും അതിനു മുകളിൽ ബദാം പരിപ്പും വിതറി സ്വാദോടെ കഴിക്കാം. പൈനാപ്പിൾ ഹൽവ ചൂടായിട്ടും തണുപ്പിച്ചും കഴിക്കാൻ വളരെ നല്ലതാണ്. ഇത് ഒരാഴ്ചയോളം ഫ്രിഡ്ജിൽ കേടുകൂടാതെ സൂക്ഷിക്കാം.
Content Summary : Pineapple Halwa Recipe by Chef Suresh Pillai