ADVERTISEMENT

1889 ലാണ്. ഇറ്റലിയിലെ രാജാവ് ഉംബർട്ടോ ഒന്നാമനും രാജ്ഞി മാർഗരീത്തയും നേപ്പിൾസ് സന്ദർശിക്കാനെത്തി. എന്നും വിഭവസമൃദ്ധമായ ഭക്ഷണം കഴിച്ചു മടുത്തിരുന്നതിനാൽ, വ്യത്യസ്തമായി എന്തെങ്കിലും കഴിക്കാമെന്നായി രാജാവും രാജ്ഞിയും. അപ്പോഴാണ് രാജ്ഞിക്കൊരു ഉൾ‌വിളി: പീത്‌സ കഴിക്കണം. പരന്ന ബ്രഡിനു മേൽ അൽപം വെളുത്തുള്ളിയും പന്നിക്കൊഴുപ്പും ഉപ്പും വിതറിയ അക്കാല പീത്‌സ അന്നു പരമദരിദ്രരുടെ ഭക്ഷണമാണ്. (രാജ്ഞിക്കു പാവങ്ങളോടു പെട്ടെന്നു സ്നേഹം തോന്നിയതല്ലെന്നും ജനകീയ പ്രതിച്ഛായയുണ്ടാക്കാനുള്ള ഒരു ‘സൈക്കളോജിക്കൽ മൂവ്’ ആയിരുന്നു അതെന്നും ചില ചരിത്രകാരന്മാർ പിന്നീടു പറഞ്ഞിട്ടുണ്ട്).

 

അതെന്തായാലും, അക്കാലത്തു നേപ്പിൾസിലെ അറിയപ്പെടുന്ന പീത്‍സ പാചകക്കാരനായ റഫാൽ എസ്പോസിറ്റോയ്ക്ക് ഉടൻ ഉത്തരവു പോയി– രാജ്ഞിക്കുവേണ്ടി പീത്‌സയുണ്ടാക്കണം. അതും സാധാരണക്കാർ കഴിക്കുന്നതു പോരാ, വിശേഷപ്പെട്ടതു തന്നെ വേണം. രാജാവും രാജ്ഞിയും താമസിച്ചിരുന്ന കപോഡിമോൺടെ കൊട്ടാരത്തിൽ ഹാജരായ എസ്പോസിറ്റോ മൂന്നു വ്യത്യസ്ത പീത്‌സകൾ ഉണ്ടാക്കി. ഒന്ന്, പന്നിക്കൊഴുപ്പും ചെമ്മരിയാടിന്റെ പാലിൽനിന്നുണ്ടാക്കുന്ന കാച്യോകവാലോ എന്ന ചീസും ബേസിൽ ഇലകളും ടോപ്പിങ് ആയി ചേർത്തത്. രണ്ട്, ഒരുതരം ചെറിയ കൊഴുവ മീൻ ടോപിങ് ആക്കിയത്. മൂന്ന്, തക്കാളിയും മൊസറെല്ല ചീസും ബേസിൽ ഇലകളും ടോപിങ് ആക്കിയത്. രാജ്ഞി മൂന്നും രുചിച്ചു, മൂന്നാമത്തേതിനു കയ്യടിച്ചു. തക്കാളിയുടെ ചുവപ്പും ചീസിന്റെ വെളുപ്പും ബേസിൽ ഇലയുടെ പച്ചയും ചേർന്ന് ഇറ്റലിയുടെ കൊടിയുടെ നിറത്തെ ഓർമിപ്പിക്കുന്നതായിരുന്നു മൂന്നാമത്തെ പീത്‌സ. 

 

തന്റെ പീത്‌സയെപ്പറ്റി നല്ലതു പറഞ്ഞ രാജ്ഞിയോടുള്ള ആദരസൂചകമായി എസ്പോസിറ്റോ അതിനെ പീത്‌‌സ മാർഗരീത്ത എന്നു വിളിച്ചു. ആ നിമിഷം മുതൽ പീത്‌സയുടെ ജാതകം തന്നെ മാറി. പട്ടിണിപ്പാവങ്ങളുടെ വിശപ്പടക്കിയിരുന്ന അത് പുതിയ രൂപങ്ങളിലും സ്വാദുകളിലും സമ്പന്നരുടെയും പ്രഭുക്കന്മാരുടെയും തീൻമേശകളിലെ വിശിഷ്ട വിഭവമായി അവതരിച്ചു. അതോടെ, റഫാൽ എസ്പോസിറ്റോ ‘ആധുനിക പീത്‌സ’യുടെ പിതാവ് എന്നു വിളിക്കപ്പെട്ടു. പീത്‌‌സ മാർഗരീത്തയുടെ ജനനവും പീത്‍‌സ എന്ന ജനപ്രിയ വിഭവത്തിന്റെ ആധുനിക ഘട്ടത്തിന്റെ തുടക്കവും അവിടെയാണെന്നാണു കഥ.

 

‌ഈ കഥ പൂർണമായും ശരിയല്ലെന്നും രാജ്ഞിയും രാജാവും നേപ്പിൾസ് സന്ദർശിക്കുന്നതിനു മുമ്പുതന്നെ പീത്‌സ മാർഗരീത്ത നിലവിലുണ്ടായിരുന്നു എന്നും വാദിക്കുന്നവരുണ്ട്. എന്തായാലും അതോടെ പീത്‌സ തീൻമേശകളുടെ രാജ്ഞിയായി. പതിയെപ്പതിയെ ലോകമെങ്ങും അതിന് ആരാധകരുമായി.

 

643604302
Image Credit : V. Matthiesen /Shutterstock

ജനനം

 

പീത്‍സയുടെ ആരംഭകാലം കൃത്യമായി പറയാനാവില്ല. പുരാതന ഗ്രീക്കുകാരും റോമാക്കാരും മറ്റും വട്ടത്തിലുള്ള പരന്ന മാവുറൊട്ടിക്കു മേൽ പച്ചക്കറികളും പലതരം ഇലകളും മാംസവും മറ്റും വച്ച് കഴിച്ചിരുന്നതായി പറയപ്പെടുന്നു. ഇതാണത്രേ പീത്‌സയുടെ പൂർവരൂപം. പാത്രം വാങ്ങാൻ പണമില്ലാത്തവരും യാത്രയ്ക്കിടയിലും മറ്റും തിരക്കിട്ടു ഭക്ഷണം കഴിക്കുന്നവരും ഇത്തരം റൊട്ടിപ്പാത്രങ്ങൾ ഉപയോഗിച്ചിരുന്നു. അവയും കഴിക്കാം എന്നതും സൗകര്യമായിരുന്നു. പൗരാണിക ഗ്രീക്കുകാർ ഇത്തരം പരന്ന ബ്രഡിനെ പ്ലാക്കസ് എന്നാണു വിളിച്ചിരുന്നത്. കളിമൺ അടുപ്പുകളിൽ ബേക്ക് ചെയ്തെടുത്ത അവയിൽ ഒലിവെണ്ണയും ചീസും പച്ചിലകളും ഉള്ളിയുമൊക്കൊയിരുന്നു ടോപിങ്. ഗ്രീക്കുകാരിൽനിന്നാണ് റോമക്കാർ ഈ വിഭവമുണ്ടാക്കാൻ പഠിച്ചതെന്നും അവർ ടോപിങ്ങിൽ മാറ്റങ്ങൾ വരുത്തിയെന്നും ചില ഭക്ഷണഗവേഷകർ പറയുന്നു. (പരന്ന റൊട്ടിയിൽ ടോപിങ് വച്ച പാനിസ് ഫൊക്കാഷ്യസ് എന്നൊരു വിഭവമുണ്ടായിരുന്നു റോമാക്കാർക്ക്. അതിന്റെ ഇറ്റാലിയൻ വകഭേദമാണ് ഫൊക്കാച്ചി എന്ന ഇറ്റാലിയൻ വിഭവം. പീത്‌സയെ ഓർ‌മിപ്പിക്കുന്ന ആകൃതിയും പാചകരീതിയും രുചിയുമൊക്കെയുള്ള ഇതിനെ ഇറ്റലിയുടെ ചില പ്രദേശങ്ങളിൽ പീത്‌സ ബിയൻക എന്നു വിളിക്കാറുണ്ട്).

 

പുരാതന റോമൻ മഹാകവി വിർജിലിന്റെ ഈനിഡ് എന്ന മഹാകാവ്യത്തിൽ, ട്രോജൻ യുദ്ധവീരനായ ഏനിസും അദ്ദേഹത്തിന്റെ സൈനികരും ദീർഘയാത്രയ്ക്കിടെ മാവു പരത്തി ചുട്ടെടുത്ത റൊട്ടിക്കു മേൽ വച്ച് ഭക്ഷണം കഴിച്ചിരുന്നതായി പറയുന്നുണ്ട്. ബിസി ആറാം നൂറ്റാണ്ടിൽ പേർഷ്യൻ പടയാളികൾ മാവുപരത്തി പരിചയ്ക്കുമേൽ വച്ച് വേവിച്ചെടുത്ത് അതിൽ പാൽ‌ക്കട്ടിയും ഈന്തപ്പഴവും വച്ചു കഴിച്ചിരുന്നത്രേ. ആ വിഭവവും പീത്‌സയുടെ പൂർവികനാണെന്നു പറയാം.

 

1141005035
Image Credit : Pixel-Shot /Shutterstock

ലാറ്റിനാണോ, അതോ ലൊംബാർദിക്കോ?

 

മധ്യ ഇറ്റലിയിലെ തീരദേശപട്ടണമായ ഗെയ്റ്റയിൽനിന്നു ലഭിച്ച, എഡി 997 ൽ എഴുതപ്പെട്ട ഒരു രേഖയിലാണ് പീത്‌സ എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചതെന്ന് ചില ഭക്ഷണചരിത്രകാരന്മാർ പറയുന്നു. അന്ന് ഗെയ്റ്റ ബൈസാന്റൈൻ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു. ഗെയ്റ്റയിലെ ബിഷപ്പിന് എല്ലാ ക്രിസ്മസിനും ഈസ്റ്ററിനും പന്ത്രണ്ടു പീത്‌സ വീതം നൽകുമെന്ന് ഒരു പ്രാദേശിക പ്രഭുവിന്റെ മകൻ വാഗ്ദാനം നൽകുന്നതാണ് ആ രേഖ.

 

Mushroom Pizza

പീത്‌സ എന്ന വാക്കിന്റെ ഉൽപത്തിയെപ്പറ്റി പല വാദങ്ങളുമുണ്ട്. അതിൽ ഏറ്റവും ശക്തം, പിൻസരെ എന്ന ലാറ്റിൻ വാക്കിന്റെ ഇറ്റാലിയൻ രൂപമായ പിൻസയിൽനിന്നാണ് പീത്‌സ ഉണ്ടായത് എന്നതാണ്. അതേസമ‌യം, ലൊംബാർദിക് ഭാഷയിലെ ബിസോ എന്ന വാക്കിൽനിന്നാണ് പീത്‌സയുടെ ഉൽപത്തി എന്നും പറയപ്പെടുന്നു. (ആറാം നൂറ്റാണ്ടിൽ മധ്യഇറ്റലി ഭരിച്ചിരുന്ന ലൊംബാർദുകളുടെ ഭാഷയാണ് ലൊംബാർദിക്.)

 

pizza-cafe-merakle

തെരുവിൽനിന്ന് കൊട്ടാരങ്ങളിലേക്ക്

 

pachakam-soul-kitchen-co-style-classic-margherita-pizza

പതിനെട്ടാം നൂറ്റാണ്ടിൽ ഇറ്റലിയിലെ നേപ്പിൾ‌സിലാണ് പീത്‌സ ജനകീയമായത്. ബോർബൻ രാജാക്കന്മാരുടെ ഭരണകാലത്ത് നേപ്പിൾസ് യൂറോപ്പിലെ പ്രധാന നഗരങ്ങളിലൊന്നായി മാറി. യൂറോപ്പിന്റെ പല ഭാഗത്തുനിന്നും കച്ചവടക്കാരും തൊഴിലാളികളും കൂലിവേലക്കാരുമൊക്കെയുൾപ്പെടെ നേപ്പിൾസിലേക്കു ജനമൊഴുകി. അതിലേറെയും ദരിദ്രരായിരുന്നു. ലാസറോണി എന്നായിരുന്നു അവർ അറിയപ്പെട്ടിരുന്നത്. നഗരത്തിൽ പല തൊഴിലുകൾ ചെയ്തു ജീവിച്ച അവരുടെ പ്രധാന ഭക്ഷണമായിരുന്നു പീത്‌സ. വിലക്കുറവായിരുന്നു കാരണം. പുളിപ്പിച്ച ഗോതമ്പുമാവ് വട്ടത്തിൽ പരത്തി ബേക്ക് ചെയ്തതിനു മുകളിൽ വെളുത്തുള്ളിയും പന്നിക്കൊഴുപ്പുമൊക്കെ വച്ചായിരുന്നു അതുണ്ടാക്കിയിരുന്നത്. കുറഞ്ഞ വിലയും കഴിക്കാൻ എളുപ്പമായിരുന്നതും മൂലം അതിനു പാവപ്പെട്ടവർക്കിടയിൽ വലിയ പ്രചാരം കിട്ടി. പക്ഷേ സമ്പന്നരും പ്രഭുക്കന്മാരും മറ്റും അതിനെ നികൃഷ്ടമായ ഭക്ഷണമായാണു കണക്കാക്കിയിരുന്നത്. 

 

ലാസറോണികൾ കഴിച്ചിരുന്ന പീത്‌സ ഭക്ഷണശാലകളിൽ കിട്ടുമായിരുന്നില്ല. തെരുവുകച്ചവടക്കാരായിരുന്നു അതു വിറ്റിരുന്നത്. ടോപ്പിങ്ങായി തക്കാളിയും പലതരം ചീസുകളുമൊക്കെ വച്ച പീത്‌സകൾ സത്രങ്ങളിലും ചെറിയ ഭക്ഷണക്കടകളിലും ലഭിക്കുമായിരുന്നു. അത്തരമൊരു സത്രത്തിന്റെ നടത്തിപ്പുകാരനായിരുന്നു മാർഗരീത്ത രാജ്ഞിക്കു വേണ്ടി പീത്‌സയുണ്ടാക്കിയ റഫാൽ എസ്പോസിറ്റോ. പീത്‌സക്കടകൾ പീത്‍സറീയ എന്നും പീത്‌സയുണ്ടാക്കുന്നവർ പീത്‌സയോളോ എന്നുമാണ് അറിയപ്പെട്ടിരുന്നത്. അന്ന് നേപ്പിൾസിലെ അറിയപ്പെടുന്ന പീത്‌സയോളോ ആയിരുന്നു എസ്പോസിറ്റോ. പീത്‍സറീയ ഡി പിയത്രോ ഇ ബാസ്റ്റ കോസി എന്നായിരുന്നു അയാളുടെ പീത്‍സറീയയുടെ പേര്. മാർഗരീത്ത രാജ്ഞിയുടെ അനുമോദനത്തിനു പിന്നാലെ, പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാന ദശകത്തിൽ, ആദ്യം നേപ്പിൾസിലെയും പിന്നീട് ഇറ്റലിയിലാകെയും ഉന്നത കുലജാതരുടെയും പ്രഭുക്കന്മാരുടെയും തീൻമേശകളിൽ പലതരം പീത്‌സകൾ ഇടംപിടിച്ചു.

 

പത്തൊൻപതാം നൂറ്റാണ്ടിന്റെ ആരംഭത്തോടെ പീത്‌സയ്ക്ക് ഇറ്റലിയുടെ തനത് ആഢ്യവിഭവമെന്ന നിലയിൽ മറ്റു രാജ്യങ്ങളിലും പ്രചാരം ലഭിച്ചുതുടങ്ങി. ഇറ്റലിയിലേക്കെത്തിയ വിദേശ കച്ചവടക്കാരും സഞ്ചാരികളും മറ്റു രാജ്യങ്ങളിലേക്കു സഞ്ചരിച്ച ഇറ്റലിക്കാരുമാണ് ‘ഇറ്റാലിയൻ പീത്‌സ’യെ ലോകത്തിനു പരിചയപ്പെടുത്തിയത്.

 

പീത്‌സ നാപ്പൊളിറ്റാന

 

നേപ്പിൾസിന്റെ തനതു പീത്‍‌സയെ പീത്‌സ നാപ്പൊളിറ്റാന (നാപ്പൊളിറ്റൻ പീത്‌സ) എന്നാണു വിളിക്കുന്നത്. പീത്‌സ മാർഗരീത്തയാണ് ഇതിൽ പ്രധാനം. തക്കാളിയും മോസറെല്ല ചീസുമാണ് അതിന്റെ പ്രധാന ഘടകങ്ങൾ‌. തക്കാളി സാൻ മർസാനോയോ പൊമോഡോറിനോ വെസൂവിയാനോയോ ആകണം. വെസുവിയസ് അഗ്നിപർവത മേഖലകളിൽ വളരുന്ന ഒരിനം തക്കാളിയാണ് പൊമോഡോറിനോ വെസൂവിയാനോ. ദക്ഷിണ ഇറ്റലിയിലെ കംപാനിയയുടെ ചതുപ്പുപ്രദേശങ്ങളിൽനിന്നുള്ള എരുമപ്പാലിൽനിന്നുണ്ടാക്കുന്നതാണ് ഇതിനുപയോഗിക്കുന്ന മോസറെല്ല ചീസ്. വിറകുപയോഗിക്കുന്ന അവ്നിൽ 800 ഡിഗ്രി ചൂടിൽ 90 സെക്കൻഡ് വേവിച്ചാണ് പീത്‌സ നാപ്പൊളിറ്റാന ഉണ്ടാക്കുന്നത്. കനംകുറഞ്ഞതും മൃദുവുമാണിത്. ഇങ്ങനെ അസംസ്കൃത വസ്തുക്കളുടെയും പാചക രീതികളുടെയും കാര്യത്തിൽ കടുത്ത നിഷ്കർഷകളാണ് പീത്‌സ നാപ്പൊളിറ്റാനയ്ക്കുള്ളത്. മികച്ച പീത്‌സ നാപ്പൊളിറ്റാന പാചകം ചെയ്യുന്നത് ഒരു കലയാണെന്ന് നേപ്പിൾ‌സുകാർ വിശ്വസിക്കുന്നു. പീത്‌സ മാരിനാരയാണ് പീത്‌സ നാപ്പൊളിറ്റാനയുടെ മറ്റൊരു വകഭേദം.

 

പീത്‌സയ്ക്കായി സംഘടന

 

നാപ്പൊളിറ്റൻ പീത്‌സയുടെ തനിമയും പൈതൃകവും കാത്തുസൂക്ഷിക്കുക, അതു പ്രചരിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ സ്ഥാപിക്കപ്പെട്ട സംഘടനയാണ് ദ് ട്രൂ നാപ്പൊളിറ്റൻ പീത്‌സ അസോസിയേഷൻ (Associazione Verace Pizza napoletana, AVPN). നേപ്പിൾസിലെ പരമ്പരാഗത പീത്‌‍സ നിർമാതാക്കളുടെ കുടുംബങ്ങളുടെ പ്രതിനിധികൾ ചേർന്ന് 1984 ജൂണിലാണ് ഇതു സ്ഥാപിച്ചത്. നേപ്പിൾസിലെ പ്രശസ്തമായ പീത്‍സറീയകളുടെ പ്രതിനിധികളും അതിലുണ്ടായിരുന്നു. ലാഭേച്ഛയില്ലാതെ, തനതു നാപ്പൊളിറ്റൻ പീത്‌സയുടെ (വെരാ പീത്‌സ നാപ്പൊളിറ്റാന) പ്രചാരണം ലക്ഷ്യമിട്ടു പ്രവർത്തിക്കുന്ന ഈ സംഘടനയ്ക്കു പിന്നീട് ഇറ്റലിയിലെ സർക്കാരിന്റെ അംഗീകാരവും ലഭിച്ചു. നാപ്പൊളിറ്റൻ പീത്‌സയുടെ നിർമാണ, ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കുന്ന പീത്‌സ നിർ‌മാണ, വിൽ‌പന ശാലകൾക്ക് എവിപിഎൻ അംഗീകാരം നൽകും. കർശനമായ ഗുണനിലവാര പരിശോധനകൾക്കു ശേഷമാണ് ഇതു നൽകുക.

 

അമേരിക്കയുടെ പീത്‌സ ഹരം

 

1897 ൽ ഇറ്റലിയിൽനിന്ന് അമേരിക്കയിലേക്കു കുടിയേറിയ ജെന്നാരോ ലംബാർദി എന്ന ഇറ്റലിക്കാരനാണ് അവിടെ പീത്‌സയെ ജനപ്രിയമാക്കിയത്. ന്യൂയോർക്കിനു സമീപം ലിറ്റിൽ ഇറ്റലി എന്നു വിളിക്കപ്പെട്ടിരുന്ന പ്രദേശത്ത് ജെന്നാരോ ഒരു ഗ്രോസറി ഷോപ് തുടങ്ങി. മറ്റൊരു ഇറ്റലിക്കാരനായ അന്റോണിയോ ടൊറ്റാനോ പെറോ ആയിരുന്നു ജോലിക്കാരൻ. അവർ അവിടെ തക്കാളിയും ചീസും ടോപിങ് ആക്കിയ പീ‌ത്‌സ ഉണ്ടാക്കി വിറ്റിരുന്നു. കച്ചവടം പൊടിപൊടിച്ചതോടെ ലംബാർദിസ് എന്ന പേരിൽ ജെന്നാരോ 1905 ൽ ഒരു പീത്‌സറീയ തുടങ്ങി. അതാണ് യുഎസ്എയിലെ ആദ്യത്തെ പീത്‌സറീയ. ലംബാർദിസിലെ പീത്‌സ വളരെപ്പെട്ടെന്നു പേരെടുത്തു. 1924 ൽ അവിടെനിന്നു പിരിഞ്ഞ ടൊറ്റാനോ ബ്രൂക്‌ലിനിലെ കോണി ഐലൻഡിൽ ടൊറ്റാനോസ് എന്ന പേരിൽ സ്വന്തമായി പീത്‌സക്കട തുടങ്ങി. 

 

ലംബാർദിസും ടൊറ്റാനോസും പരിചയപ്പെടുത്തിയ പീ‌ത്‌സ രുചി അമേരിക്കക്കാർക്കു നന്നായി രസിച്ചു. പതിയെ പീത്‌സ അമേരിക്കൻ മെനുവിലെ പ്രധാന ഇനമായി. യുഎസ്എയിലെമ്പാടും പീ‍‌ത്‌സ വിൽപന ശാലകളുണ്ടായി. പീത്‌സ ഹട്ട്, ഡൊമിനോസ് പീത്‌സ, ലിറ്റിൽ സീസേഴ്സ്, പപ്പാ ജോൺസ്, പപ്പാ മർഫിസ് തുടങ്ങി ധാരാളം പീത്‌സ വിൽപന ശൃംഖലകൾ തുടങ്ങി. ദിനംപ്രതിയെന്നോണമാണ് ഇവർ വ്യത്യസ്ത ചേരുവകളും രുചിക്കൂട്ടുകളുമായി പുതിയ പീത്‌സകൾ അവതരിപ്പിക്കുന്നത്. പീത്‌സ ഹട്ട്, ഡൊമിനോസ് പീത്‌സ തുടങ്ങിയവ രാജ്യാന്തര ബ്രാൻഡുകളായി വളർന്നു. ഇന്ന് വർഷം തോറും അമേരിക്കയിൽ 300 കോടിയിലേറെ പീത്‌സയാണ് വിൽക്കുന്നതെന്നാണ് കണക്ക്.

 

ലോകത്തിന്റെ പ്രിയഭക്ഷണം

 

ഇന്ന് ലോകമെമ്പാടും ആരാധകരുള്ള വിഭവമാണ് പീത്‌സ. രാജ്യാന്തര പീത്‌സ നിർമാണ, വില്‍പന ശൃംഖലകളും പ്രാദേശിക പീത്‌സശാലകളും ഓരോ രാജ്യത്തിനും പ്രദേശങ്ങൾ‌ക്കുമനുസരിച്ച് ദിനംപ്രതിയെന്നോണം പുതിയ ചേരുവകളും പാചകരീതികളുമായി എണ്ണിയാലൊടുങ്ങാത്തത്ര പീത്‌സ രുചികൾ അവതരിപ്പിക്കുന്നുണ്ട്. പച്ചക്കറികളും പലതരം മാംസവും മീനുകളും പനീറുമൊക്കെ ടോപ്പിങ്ങിന് ഉപയോഗിക്കപ്പെടുന്നു. അപ്പോഴും, മിക്ക ഭക്ഷണപ്രേമികളും തിരഞ്ഞെടുക്കുന്നത് പീത്‍സ മാർഗരീത്ത അടക്കമുള്ള നാപ്പൊളിറ്റൻ പീത്‌സകളാണ്.

 

മാർഗരീത്തയും മാരിനാരയും കൂടാതെ പീത്‌സ കപ്രീച്യോസ, ഫാംഹൗസ് പീത്‌സ (ഇറ്റലി), പീത്‌സ പെപ്പറോണി (അമേരിക്ക), ഹവായിയൻ പീത്‌സ (കാനഡ), പനീർ പീത്‌സ (ഇന്ത്യ), ചീസ് പീത്‌സ, ബാർബിക്യു പീത്‌സ തുടങ്ങിയവയാണ് പ്രശസ്തമായ പീത്‌സ വകഭേദങ്ങൾ.

 

Content Summary : Pizza is considered to be the most favourite food because it tastes and smells fabulous. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com