ADVERTISEMENT

അങ്കമാലിയുടെ സദ്യവട്ടങ്ങളിലെ പ്രധാനപ്പെട്ടൊരു വിഭവമാണു മാങ്ങയിട്ട മീൻ കറി, ഈ കറിയും അതിനൊപ്പം തേങ്ങാപ്പാൽ ചേർത്തൊരു സ്പെഷൽ സർലാസും മാത്രം മതി ഊണു ഗംഭീരമാക്കാൻ. ഞെരടിയെടുക്കുന്ന സവാളയിലേക്കു പച്ചമുളകും കറിവേപ്പിലയും ചെറിയൊരു കഷ്ണം ഇഞ്ചിയും ആവശ്യത്തിന് ഉപ്പും ചേർത്തു നന്നായി യോജിപ്പിച്ച് എടുക്കും. ഇതിലേക്കു തേങ്ങാപ്പാൽ ചേർത്താണ് സർലാസ് ഒരുക്കുന്നത്. 

 

ഏഴാറ്റുമുഖം പുഴയിൽ നിന്നും പിടിച്ച മീൻ കൊണ്ടു നല്ല സൂപ്പർ ഡ്യൂപ്പർ മീൻ കറിയൊരുക്കുന്നത് ഷെഫ് സിനോയ് ജോണും ഷെഫ് രാഹുലും ചേർന്നാണ്. രുചിക്കൂട്ട് നോക്കാം...

 

ചേരുവകൾ

  • മീൻ (ചേറൻ/ വരാൽ) – 3/4 കിലോ
  • മാങ്ങ (മൂവാണ്ടൻ മാങ്ങ)– 3 എണ്ണം (700 ഗ്രാം)
  • സവാള – 200 ഗ്രാം
  • ഇഞ്ചി – 40 ഗ്രാം
  • പച്ചമുളക് – 40 ഗ്രാം
  • കറിവേപ്പില – 3 തണ്ട് 
  • പെരുംജീരകം – 1 സ്പൂൺ
  • വെളിച്ചെണ്ണ – 2 ടീസ്പൂൺ 
  • മഞ്ഞൾപൊടി – 1 ടീസ്പൂൺ 
  • മുളകുപൊടി – 1 ടീസ്പൂൺ 
  • മല്ലിപ്പൊടി – 2 ടീസ്പൂൺ
  • കള്ള് ചുറുക്ക (വിനാഗിരി) – അരക്കപ്പ്
  • ഉപ്പ് – 1 ടീസ്പൂൺ 
  • തേങ്ങാപ്പാൽ 

 

angamali-mango-fish-recipe

താളിയ്ക്കാൻ

 

  • വെളിച്ചെണ്ണ – ആവശ്യത്തിന്
  • കടുക് – 1/2  ടീസ്പൂൺ
  • ഉലുവ – 1/2  ടീസ്പൂൺ
  • കറിവേപ്പില – 2 തണ്ട്
  • ഉണക്കമുളക് – 4 എണ്ണം
  • ചെറിയുള്ളി – 20 ഗ്രാം
  • മുളകു പൊടി – 1/4  ടീസ്പൂൺ
  • കായപ്പൊടി – 1/4  ടീസ്പൂൺ
angamaly-fish-mango-curry

 

തയാറാക്കുന്ന വിധം

 

ഒരു പാത്രത്തിൽ അരിഞ്ഞ സവാള, ഇഞ്ചി, പച്ചമുളക്, കറിവേപ്പില, പെരുംജീരകം, വെളിച്ചെണ്ണ, ചുറുക്ക (വിനാഗിരി), മഞ്ഞൾപ്പൊടി, മുളകുപൊടി, മല്ലിപ്പൊടി, ഉപ്പ് എന്നിവ കൈകൊണ്ടു നന്നായി ഞെരടി യോജിപ്പിക്കുക. ഇതിലേക്കു തൊലി കളഞ്ഞു ചെറിയ കഷണങ്ങളാക്കിയ മൂവാണ്ടൻ മാങ്ങ കൂടി ഇട്ട് വീണ്ടും നന്നായി യോജിപ്പിച്ച് അര മണിക്കൂർ വയ്ക്കുക. ശേഷം ഇതിലേക്കു രണ്ടാം പാൽ ഒഴിച്ചു വേവിക്കുക. ആദ്യം നല്ല തീയിൽ ഇളക്കി വേവിക്കുക. നന്നായി തിളച്ചു വരുമ്പോൾ തീ കുറച്ചു കൊടുക്കുക. മാങ്ങ വെന്തതിനുശേഷം കഴുകി വൃത്തിയാക്കിയ മീൻ കഷണങ്ങൾ ചേർത്തു കൊടുക്കാം. മാങ്ങയുടെ പുളി ഇറങ്ങി  മീനും മാങ്ങയും പാകത്തിനു വെന്തു വരുമ്പോൾ ഒന്നാം പാൽ ഒഴിച്ച് പാത്രം ഒന്നു ചുറ്റിച്ച് തീ ഓഫ് ചെയ്യുക. മീൻ വേകാനായി 15 മിനിറ്റ് മതിയാകും. 

 

ഇതിലേക്കു താളിച്ച് ഒഴിക്കാനായി ഒരു പാനിൽ ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ചു കടുകും ഉലുവയും ഇട്ട് പൊട്ടിക്കഴിയുമ്പോൾ രണ്ടു തണ്ട് കറിവേപ്പിലയും നാല് ഉണക്കമുളകും 20 ഗ്രാം ചെറിയുള്ളിയും കൂടി ഇട്ട് ചെറിയുള്ളി നന്നായി മൊരിഞ്ഞു ഗോൾഡൻ കളറാകുമ്പോൾ തീ ഓഫ് ചെയ്ത് ഇതിലേക്കു കാൽ ടീസ്പൂൺ വീതം മുളകുപൊടിയും കായപ്പൊടിയും കൂടി ചേർത്ത് ഇളക്കി കൊടുക്കുക. ഇത് കറിയിലേക്ക് ഒഴിച്ചു കൊടുക്കുക. അങ്കമാലി മാങ്ങാക്കറി റെഡി.

 

Content Summary : Angamaly fish mango curry is typically served with rice or bread.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com