ADVERTISEMENT

ഉഗ്രൻ സ്വാദിൽ ചിക്കൻ ബിരിയാണി തയാറാക്കുന്നത് എങ്ങനെയന്നു നോക്കാം.


ചേരുവകൾ

  • ചിക്കൻ – 1 കിലോഗ്രാം
  • സവാള (ഫ്രൈ ചെയ്തത്) – 4 എണ്ണം 
  • സൺഫ്ലവർ ഓയിൽ
  • നെയ്യ്
  • ഏലയ്ക്ക 
  • ഗ്രാമ്പൂ
  • തക്കാളി – 4 എണ്ണം
  • വെളുത്തുള്ളി ചതച്ചത് – 8–10 അല്ലി
  • ഇഞ്ചി ചതച്ചത് – ഒരു കഷ്ണം
  • പച്ചമുളക്  ചതച്ചത് – 10–12
  • ഉപ്പ് – ആവശ്യത്തിന്
  • നാരങ്ങാ നീര് – 1 നാരങ്ങയുടേത്
  • തൈര് – 1 ചെറിയ കപ്പ്
  • ഗരംമസാല പൗഡർ – 1 1/2 ടീസ്പൂൺ
  • മല്ലിയില – ഒരു പിടി

തയാറാക്കുന്ന വിധം

ആദ്യം സ്റ്റൗ കത്തിച്ച് ഒരു ബിരിയാണി പോട്ട് വയ്ക്കുക. ഇതിലേക്ക് ആവശ്യത്തിന് സൺഫ്ലവർ ഓയിലും (40 ml) നെയ്യും (70 ml) ഒഴിച്ച് ചൂടായി വരുമ്പോൾ നല്ല നൈസായി അരിഞ്ഞ സവാള ഇട്ട് ഫ്രൈ ചെയ്തെടുക്കുക. ഓയിൽ ഉള്ളിയുടെ അതേ ലെവലിൽ ഉണ്ടായിരിക്കാൻ ശ്രദ്ധിക്കണം. ഓയിൽ കൂടാനോ കുറയാനോ പാടില്ല. ഇതിലേക്കു മൂന്ന് ഏലയ്ക്ക ചതച്ചത് ഇട്ടു കൊടുക്കുക. ഉള്ളി ഫ്രൈ ആയി വരുന്നതിനു തൊട്ടു മുൻപായി ഒരു ടീ സ്പൂൺ പഞ്ചസാര വിതറി കൊടുക്കുക. സവാള ഫ്രൈ ആയി കഴിയുമ്പോൾ മറ്റൊരു പ്ലേറ്റിലേക്ക് മാറ്റുക. അതിനു ശേഷം അതേ എണ്ണയിലേക്ക് നാലു തക്കാളി അരിഞ്ഞത് ചേർത്തു കൊടുക്കുക. 

രണ്ടു മിനിറ്റിനു ശേഷം  തക്കാളിയുടെ അതേ ലെവലിൽ വരത്തക്ക രീതിയിൽ വെള്ളം ചേർത്തു കൊടുക്കുക. ഇതിലേക്ക് വെളുത്തുള്ളി (12 അല്ലി) ചതച്ചതും വെളുത്തുളളിയുടെ നേർ പകുതി അളവിൽ ഇഞ്ചി ചതച്ചതും പച്ചമുളക് (12 എണ്ണം) ചതച്ചതും ചേർത്ത് 20 മിനിറ്റ് നേരം വേവിക്കുക. ഇതിലേക്ക് ചിക്കൻ കഷ്ണങ്ങളാക്കിയത് ചേർത്തു കൊടുക്കുക. കൂടെ ആവശ്യത്തിന് ഉപ്പും ചേർത്ത് ചിക്കൻ പകുതി വേവാകുന്നതു വരെ കുക്ക് ചെയ്യുക. ചിക്കൻ പകുതി കുക്കായ ശേഷം ഇതിലേക്ക് ഒരു നാരങ്ങാ പിഴിഞ്ഞതും ഒന്നര ടീസ്പൂൺ ഗരംമസാല പൊടിയും ചേർക്കുക. 

kannur-biryani
Image Credit : Dennis Devadas

അതിനു ശേഷം അരക്കപ്പ് തൈര് ചേർത്ത് ഇതെല്ലാം കൂടി ഒന്നു മിക്സ് ചെയ്ത് ഇതിനു മുകളിലായി കുറച്ചു മല്ലിയില അരിഞ്ഞതും ഫ്രൈ ചെയ്തു വച്ചിരിക്കുന്ന സവാളയും കൂടി ചേർത്തു വീണ്ടും നന്നായി യോജിപ്പിക്കുക. അതിനു േശഷം 3 മിനിറ്റു നേരം കുക്ക് ചെയ്യുക. വെള്ളം കൂടുതൽ വറ്റാതെ ശ്രദ്ധിക്കണം. ഇനി തീ ഓഫാക്കിയ ശേഷം റൈസ് കുക്ക് ചെയ്യാം. 

റൈസ് 

ചേരുവകൾ

  • ജീരകശാല റൈസ് – 3 കപ്പ്
  • നെയ്യ് 
  • ഏലയ്ക്ക
  • ഗ്രാമ്പൂ
  • അണ്ടിപ്പരിപ്പ്
  • വെള്ളം – 4 1/2 കപ്പ്
  • ഉപ്പ് – ആവശ്യത്തിന് 

തയാറാക്കുന്ന വിധം

ഒരു സ്റ്റൗ കത്തിച്ച് ഒരു ബിരിയാണി പോട്ട് വച്ച് അതിലേക്ക് 50 ml നെയ്യ് ഒഴിച്ച് ചൂടായ ശേഷം ഗ്രാമ്പൂ, ഏലയ്ക്ക, കശുവണ്ടി എന്നിവയിട്ട് നാലര ഗ്ലാസ് വെള്ളം ഒഴിച്ച് തിളച്ചു വരുമ്പോൾ ആവശ്യത്തിന് ഉപ്പ് ചേർക്കുക. അതിനു ശേഷം അരി ഇട്ടു കൊടുക്കുക. മൂന്ന് ഗ്ലാസ് ജീരകശാല റൈസാണ് എടുത്തിരിക്കുന്നത് മൂന്ന് ഗ്ലാസ് അരിക്ക് നാലര ഗ്ലാസ് വെള്ളം എന്ന അളവിലാണ് എടുക്കേണ്ടത്. (ഒരു ഗ്ലാസ് അരിക്ക് ഒന്നര ഗ്ലാസ് വെള്ളം) വെള്ളം നന്നായി വറ്റി വരുമ്പോൾ തീ കുറച്ച് ഒന്നിളക്കിയ ശേഷം പാത്രം അടച്ചു വയ്ക്കുക. റൈസ് പാകത്തിനു വേവായ ശേഷം ചിക്കനിലേക്ക് ഇട്ട് ദം ചെയ്തെടുക്കുക.

ദം ചെയ്യുന്നതിനായി സ്റ്റൗവിനു മുകളിലായ ഒരു ഓട് വയ്ക്കുക. അതിനു മുകളിലായി മസാല കുക്ക് ചെയ്ത പാത്രം വച്ച് കൊടുക്കുക. അതിനു േശഷം ഇതിലേക്കു റൈസ് ഇട്ടു കൊടുക്കുക. റൈസ് ഇട്ട ശേഷം റൈസ് ചെറുതായി ഒന്നിളക്കി നിരത്തി ഇട്ടുകൊടുക്കുക. ലെയറൊന്നുമില്ലാതെ ഒറ്റ ദമ്മിലാണ് ഇത് ചെയ്യുന്നത്. മുഴുവൻ റൈസും ഇട്ടു കൊടുത്ത ശേഷം കുറച്ച് നെയ്യ് അതിനു മുകളിലായി ഒഴിച്ചു കൊടുക്കുക. അതിനു മുകളിലായി അല്പം ഗരം മസാല വിതറി കൊടുക്കാം. മുകളിലായി കുറച്ചു മല്ലിയില അരിഞ്ഞതും അതിനു മുകളിലായി ഫ്രൈ ചെയ്തു വച്ച സവാളയും കൂടി ഇട്ട് അര മണിക്കൂർ ഇങ്ങനെ ചെറിയ തീയിൽ ദം വയ്ക്കണം. 

അര മണിക്കൂറിനു ശേഷം ദം പൊട്ടിക്കുക. ആദ്യം റൈസ് എടുത്ത് വേറെ ചെമ്പിലേക്ക് മാറ്റുക. അതിന്റെ കൂടെത്തന്നെ കുറച്ചു റൈസോടു കൂടിയ മസാലയും എടുത്ത് റൈസും മസാലയും കൂടി ഒന്നു മിക്സ് ചെയ്യാം. ഇങ്ങനെ മുഴുവൻ റൈസും മസാലയും എടുത്ത് ഫുൾ മിക്സ് ചെയ്യുക. ഇനി ഒരുപാത്രത്തിലേക്കു സെർവ് ചെയ്യാം. സെർവ് ചെയ്യുന്നത് വളരെ ശ്രദ്ധിക്കേണ്ട കാര്യമാണ്. പ്ലേറ്റിന്റെ സൈഡിലായി റൈസ്, ഒരു വശത്തു മസാലയും ചിക്കനും ഈ രീതിയിൽ വേണം വിളമ്പാൻ.

English Summary : Kannur marriage special chicken biriyani video by Chef Shameem.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com