ബ്രേക്ഫാസ്റ്റിനൊപ്പം ഇത്രയും വിഭവങ്ങളോ? മൊരിഞ്ഞ പൊറോട്ടയും മീൻ മുളകിട്ടതും ചെമ്മീനും ചിക്കൻ കൊണ്ടാട്ടവും
Mail This Article
ഇഡ്‌ലിയും ദോശയും ഇടിയപ്പവും പുട്ടുമല്ലാതെ മറ്റെന്താണ് പ്രഭാത ഭക്ഷണമായി കഴിക്കുക? ചോദ്യം കോഴിക്കോട്ടുകാരോടാണെങ്കിൽ അവര് പറയും നല്ല മൊരിഞ്ഞ പൊറോട്ടയും കൂടെ നല്ല മീൻ മുളകിട്ടതുമെന്ന്. ഈ ചോദ്യം കോഴിക്കോട് നിന്ന് കുറച്ചു മാറി മാവൂർ-മുക്കം ഭാഗത്തുള്ളവരോടാണെങ്കിൽ പൊറോട്ടയ്‌ക്കൊപ്പം മീൻ മുളകിട്ടത് മാത്രമല്ല, ചെമ്മീനും കൂന്തലും ചിക്കനും കാടയും ബീഫും പിന്നെ താറാവും മുയലുമൊക്കെ കിട്ടുമെന്ന മറുപടി കേൾക്കാം. ബ്രേക്ക്ഫാസ്റ്റിനൊപ്പം ഇത്രയും വിഭവങ്ങളോ എന്ന് ചോദിച്ചു കണ്ണുമിഴിക്കണ്ട, ഇതെല്ലാം കോഴിക്കോട് പാഴൂരുള്ള നാരങ്ങാളി റസ്റ്ററന്റിൽ കിട്ടും.
മുക്കം - മാവൂർ റോഡിൽ പാഴൂർ എന്ന സ്ഥലത്തുള്ള നാരങ്ങാളി റസ്റ്ററന്റ് പ്രശസ്തമാകുന്നത് അവിടെ വിളമ്പുന്ന പ്രഭാത ഭക്ഷണത്തിന്റെ പേരിലാണ്. വിവിധ തരത്തിൽ, നാവിൽ കൊതിയൂറുന്ന രുചിയിൽ മൽസ്യ-മാംസ രുചികൾ ആസ്വദിക്കാം എന്നതു തന്നെയാണ് ഈ ഭക്ഷണശാലയുടെ ഏറ്റവും വലിയ പ്രത്യേകത. ചില റസ്റ്റോറന്റുകൾ ചെയ്യുന്നത് പോലെ ഒരേ ഗ്രേവി തയാറാക്കിവച്ചു പല കറികളാക്കി തരുന്ന രീതി ഇവിടെയില്ലെന്നു ഓരോ കറികളും അവയുടെ വ്യത്യസ്ത രുചികളുമറിയുമ്പോൾ തന്നെ മനസിലാകും. ഓരോ കറികൾക്കും വ്യത്യസ്ത മസാലകളും വേറിട്ട രുചികളുമാണ് നാരങ്ങാളി റസ്റോറന്റിന്റെ പ്രത്യേകത.
ചെമ്മീനും കൂന്തലും റോസ്‌റ്റ് ചെയ്തതും നല്ല ചൂടുള്ള അടിച്ച പൊറോട്ടയും കൂടി വിളമ്പി മുന്നിൽ വയ്ക്കുമ്പോഴേ നാവിൽ രസമുകുളങ്ങൾ ആനന്ദനൃത്തം ചവിട്ടി തുടങ്ങും. കൂന്തലിലും ചെമ്മീനിലുമൊന്നും തൃപ്തിപ്പെടാത്തവർക്കു ചിക്കൻ കോക്കനട്ടും ചിക്കൻ കൊണ്ടാട്ടവുമുണ്ട്. കൂടെ വേണമെങ്കിൽ ഒരു കുഞ്ഞിക്കോഴി പൊരിച്ചതോ കാടയോ പറയാം. പിന്നെ പൊറോട്ടയുടെ ഏറ്റവും ബെസ്റ്റ് ജോഡിയായ ബീഫും നല്ല കുറുകിയ ഗ്രേവിയോടെ ഇവിടെ കിട്ടും. അതുകൂടിയായാൽ സംഗതി ജോറായി എന്ന് തന്നെ പറയാം. ഞായറാഴ്ചയാണ് വരുന്നതെങ്കിൽ മുയലും താറാവും പൊറോട്ടയുടെ കൂട്ടുകാരായി വരും.
എല്ലാ കറികളും പൊറോട്ടയും മറ്റെങ്ങും ലഭിക്കാത്ത സ്വാദിൽ കിട്ടുമെന്നത് കൊണ്ടുതന്നെ ഇവിടെ തിരക്കൊഴിഞ്ഞ നേരമില്ല. കാലത്തു 7 മണിക്കാണ് കട തുറക്കുന്നത്. അപ്പോൾ മുതൽ തന്നെ ഈ വിഭവങ്ങളെല്ലാം തയാറായിരിക്കുമെന്നു മാത്രമല്ല, ആവശ്യക്കാർക്ക് നല്ല ചൂടോടെ വാങ്ങി കഴിക്കുകയും ചെയ്യാം. ഉച്ചയ്ക്ക് 12 വരെയാണ് ഇവിടെ നിന്നും ഭക്ഷണം ലഭിക്കുക. നല്ല തിരക്കായതു കൊണ്ടുതന്നെ സീറ്റ് ലഭിക്കാൻ കുറച്ചു സമയം കാത്തിരിക്കേണ്ടി വന്നേക്കാം. ഞായറാഴ്ചകളിൽ വിഭവങ്ങൾ കൂടുതലുണ്ട് എന്നതു പോലെ തന്നെ തിരക്കും കൂടുതലായിരിക്കും. നേരത്തെ എത്തിയാൽ സംതൃപ്തിയോടെ കഴിച്ചു മടങ്ങാം.
English Summary: Eatouts Tast Food From Narangali Restaurant