കപ്പയ്‌ക്കൊപ്പം തലക്കറിയും ഞണ്ടും പൊള്ളിച്ച കരിമീനും; ഇത് കുമരകത്തെ രുചിയേറും ഷാപ്പ്
Mail This Article
ഷാപ്പിലെ കറികൾ എന്നും എപ്പോഴും രുചിയുടെ അവസാനവാക്ക് തന്നെയാണ്. ഒന്ന് തൊട്ടു നാക്കിൽ വയ്ക്കുമ്പോഴേ സ്വാദിന്റെ തായമ്പക മേളം തീർക്കും ഓരോ വിഭവവും. ഒന്നോ രണ്ടോ അല്ല, ഒറ്റശ്വാസത്തിൽ എണ്ണിയെടുക്കാൻ കഴിയാത്തത്രയും വിഭവങ്ങൾ ഈ ഷാപ്പിന്റെ അടുക്കളയിലുണ്ട്. ആ രുചി തേടി അന്യദേശങ്ങളിൽ നിന്ന് പോലും ആളുകൾ എത്തുന്നുവെന്നു കേൾക്കുമ്പോൾ തന്നെ ഊഹിക്കാമല്ലോ, സ്വാദ് എങ്ങനെയാണു ഓരോരുത്തരെയും വശീകരിക്കുന്നതെന്ന്. ഇത് കിളിക്കൂട് കള്ള് ഷാപ്പ്. ഒരു കൂട്ടം വിഭവങ്ങൾ, അതിൽ തന്നെയും കുമരകത്തിന്റെ സ്വന്തം കരിമീൻ പൊള്ളിച്ചതുവരെ. ഇവിടുത്തെ അടുക്കളയിൽ ഓരോ വിഭവവും പാകമാകുന്ന കാഴ്ച കാണുമ്പോൾ തന്നെ കൊതിയുടെ കപ്പൽ നാവിൽ ഓട്ടം തുടങ്ങിയിട്ടുണ്ടാകും.
കോട്ടയം ജില്ലയിലെ കുമരകത്താണ് കിളിക്കൂട് ഷാപ്പ് സ്ഥിതി ചെയ്യുന്നത്. അടുക്കള നിറച്ചും വിഭവങ്ങളുമായാണ് ഈ ഷാപ്പ് അതിഥികളെ സ്വീകരിക്കുന്നത്. താറാവും ഞണ്ടും മുയലും പോത്തും പന്നിയും കോഴിയും തുടങ്ങിയവ കൂടാതെ വരാല് വറ്റിച്ചതും കൊഞ്ചും ചെമ്മീനും കക്കയിറച്ചിയും മീൻ തലക്കറിയും എന്നുവേണ്ട ഏതു കഴിക്കണമെന്ന ആശങ്ക ആരിലുമുണ്ടാക്കുന്നത്രയും രുചി കൂട്ടുകൾ. എങ്കിലും ഇതിനെല്ലാമപ്പുറം ഇവിടുത്ത താരരാജാവ് കരിമീൻ പൊള്ളിച്ചത് തന്നെയാണ്. വാഴയിലയിൽ മസാലകൾ ചേർത്ത് പൊള്ളിച്ചെടുക്കുന്ന കരിമീനിന്റെ രുചി ഒന്ന് വേറെ തന്നെയാണെന്നാണ് കിളിക്കൂട്ടിലെത്തുന്ന ഏതൊരു അതിഥിയും പറഞ്ഞുവയ്ക്കുന്നത്.
കരിമീൻ, വരാൽ, കാരി. കായലിന്റെ രുചിയുള്ള ഈ മൽസ്യങ്ങൾ വറ്റിച്ചും വറുത്തും മേശപ്പുറത്തെത്തും. കൂടെ കഴിക്കാൻ നാടൻ കപ്പയും അപ്പവും. അപ്പത്തിനൊപ്പം താറാവിൻ മപ്പാസ് കൂടി ചേരുമ്പോൾ പൊള്ളിച്ച കരിമീനിനോട് ഒന്നാം സ്ഥാനത്തിനു മത്സരിക്കാൻ ഈ കൂട്ടും റെഡിയാണ്. എന്നാൽ ഇവരെയെല്ലാം സൈഡ് ബെഞ്ചിലെ കാഴ്ചക്കാരാക്കി തലയുയർത്തി തന്നെ വരും കപ്പയ്‌ക്കൊപ്പം തലക്കറി. ഇങ്ങനെ നീളുന്നു കിളിക്കൂട് ഷാപ്പിലെ രുചി പട്ടിക. പൊറോട്ട പ്രേമികളും നിരാശരാകേണ്ട അതുമിവിടെ കിട്ടും.
കുട്ടനാടിന്റെ രുചിയറിയാൻ ധാരാളം പേർ ഈ ഷാപ്പിലെത്തുന്നുണ്ട്. എല്ലാവർക്കും ഇരുന്നു കഴിക്കാനായി ചെറു ഹട്ടുകളും ഇവിടെയുണ്ട്. ആദ്യകാലങ്ങളിൽ ആണിടങ്ങൾ മാത്രമായിരുന്ന ഷാപ്പുകൾ ഇന്ന് കുടുംബങ്ങൾ കയ്യടക്കിയതോടെ ഉച്ചനേരങ്ങളിൽ നല്ല തിരക്കാണ്. പക്ഷേ ആ തിരക്കിനെയതിജീവിക്കാൻ എന്നോണം കായൽ കാറ്റ് വീശും. ആ കാറ്റിന്റെ ചെറുമൂളക്കം കേട്ട്, ഷാപ്പിലെ രുചിക്കൂട്ടുകൾ ഓരോന്നായി ആസ്വദിക്കണം.
English Summary: Eatouts, Kilikkoodu Toddy Shop and family restaurant Kumarakom