ADVERTISEMENT

രുചികരമായ വിഭവങ്ങൾ മാത്രമല്ല, അഴകാർന്ന കാഴ്ചകളും സ്വന്തമായുണ്ട് ഈ കള്ളുഷാപ്പിന്. വിഭവങ്ങളാണോ കാഴ്ചകളാണോ സുന്ദരമെന്നു ചോദിച്ചാൽ അതിഥികൾ ആശയക്കുഴപ്പത്തിലാകും. അത്രയേറെ പറയാനുണ്ട് നാടൻ മീനുകൾ നാവിൽ പകരുന്ന സ്വാദിനെക്കുറിച്ച്. കായൽ കാറ്റേറ്റ്, കാഴ്ചകളും ആസ്വദിച്ച് വിഭവങ്ങൾ രുചിക്കുമ്പോൾ ഓരോന്നിന്റെയും രുചി ഇരട്ടിക്കും.

tasty-food

കായൽ മൽസ്യങ്ങൾ വേണ്ടുവോളം ലഭിക്കുന്ന കാവാലത്താണ് രാജപുരം ഷാപ്പ്. പമ്പയാറിന്റെ കൈവഴിയായ കാവാലം ആറിന്റെയും ഏക്കറുകളോളം പരന്നൊഴുകുന്ന രാജപുരം കായലിന്റെയും മധ്യത്തിലാണ് ഷാപ്പ്. രുചി ഒഴുകുന്ന വിഭവങ്ങൾ തന്നെയാണ് ഷാപ്പിലെ പ്രധാനാകർഷണം. പല തരത്തിൽ തയാറാക്കുന്ന നാടൻ മൽസ്യ വിഭവങ്ങൾ ഇവിടെ ആസ്വദിക്കാം. മൽസ്യങ്ങളിലെ താരങ്ങൾ വരാലും കരിമീനും കാരിയും കൂരിയുമൊക്കെയാണ്. വറുത്തും പൊള്ളിച്ചും കറിയായുമൊക്ക ഇവ തീൻമേശയിലെത്തുമ്പോൾ ഏതൊരു ഭക്ഷണപ്രേമിയുടെയും നാവിൽ കപ്പലോടിക്കാനുള്ള വെള്ളം നിറയും.   

food-rajapuram

നാവിൽ രുചിമേളം തീർക്കും

കാച്ചിലും ചേമ്പും ചേനയുമൊക്കെ പുഴുങ്ങിയത് രാജപുരം ഷാപ്പിൽ ലഭിക്കും. കൂടെ ഏതു ഷാപ്പിലെയും പ്രധാനിയായ കപ്പയും. തീർന്നില്ല, നല്ല കള്ളപ്പവും പാലപ്പവും പൊറോട്ടയും പോലുള്ള വിഭവങ്ങളുമുണ്ട്. ഒപ്പം കറികളുടെ നീണ്ട നിര തന്നെയുണ്ട്. ഫ്രഷ് മീനുകൾ കൊണ്ട് തയാറാക്കുന്നവയാണ് ഏറെയും. അതുകൊണ്ടു തന്നെ രുചി ഇരട്ടിക്കും.

തലക്കറി, മഞ്ഞക്കൂരിക്കറി, വാളക്കറി, ചെമ്മീൻ റോസ്റ്റ്, ചെമ്മീൻ ഫ്രൈ, കൊഞ്ച് റോസ്റ്റും ഫ്രൈയും, കൂന്തൽ റോസ്റ്റ്, പൊള്ളിച്ച കരിമീൻ, വരാൽ വറുത്തതും പൊള്ളിച്ചതും, കാരി പൊള്ളിച്ചത്, പള്ളത്തി, കൊഴുവ എന്നിവ ഫ്രൈ ചെയ്തത്, മുരശ്, ഞണ്ട്, നങ്ക്, കരിമീൻ വാട്ടി വറ്റിച്ചത് എന്നിങ്ങനെ നീളുകയാണ് മീൻ വിഭവങ്ങൾ. നാടൻ കോഴിക്കറിയും കോഴി വറുത്തതും താറാവ് റോസ്റ്റും മപ്പാസും മുയലിറച്ചിയും ബീഫ് റോസ്റ്റും പോർക്കും പോലുള്ള വിഭവങ്ങൾ വേറെയുമുണ്ട്.

rajapuram-prawn
Rajapuram Family Restaurant-Facebook Page

കുടുംബവുമൊത്ത് പോകാൻ പറ്റിയയിടം

ഉച്ചയൂണിന്റെ സമയത്താണ് ഷാപ്പിൽ കൂടുതൽ തിരക്കനുഭവപ്പെടുന്നത്. ദൂരദേശങ്ങളിൽ നിന്നുപോലും കുടുംബങ്ങൾ ഈ രുചിയാസ്വദിക്കാൻ എത്തുന്നുണ്ടെന്നും കുട്ടികളും സ്ത്രീകളും അടക്കമുള്ളവരാണ് വരുന്നതെന്നും ഷാപ്പ് നടത്തിപ്പുകാർ പറയുന്നു. അവധി ദിനങ്ങളിൽ ചിലപ്പോൾ കുറെയേറെ നേരം കാത്തിരുന്നാൽ മാത്രമേ ഇരിപ്പിടം ലഭിക്കുകയുള്ളൂ. 

ഷാപ്പിലെ വിഭവങ്ങളുടെ രുചി മാത്രമല്ല, ഇരുന്നു കഴിക്കാൻ സജ്ജമാക്കിയിട്ടുള്ള ഇരിപ്പിടങ്ങൾക്കുമുണ്ട് പ്രത്യേകത. ഇരുനിലകളുള്ള കെട്ടുവള്ളത്തിലാണ് അതിഥികൾക്ക് ഇരിപ്പിടങ്ങൾ. കായലോളങ്ങളിൽ കെട്ടുവെള്ളവും ചെറുതായി ഉലയും. രസകരമാണ് ആ അനുഭവം.

Representative Image-Image Credit: Santhosh Varghese/shutterstock
Representative Image-Image Credit: Santhosh Varghese/shutterstock

ഷാപ്പിലേക്കുള്ള യാത്രയും സന്ദർശകരെ ഏറെ ആകർഷിക്കും. കാവാലം ലിസ്യു പള്ളിയ്ക്ക് സമീപമുള്ള ബോട്ട് ജെട്ടിയിൽ ചെന്ന് അക്കരെ കടക്കണം ഷാപ്പിലേക്കെത്താൻ. പ്രകൃതിയുടെ മനോഹാരിതയും വഞ്ചിയിലുള്ള യാത്രയും രുചികരമായ വിഭവങ്ങളും ഷാപ്പിലെത്തുന്ന അതിഥികളുടെ മനസ്സുനിറയ്ക്കുന്ന ഒരനുഭവം തന്നെയാണ്.

കഴിഞ്ഞ ഇരുപതിലേറെ വർഷമായി തുടർന്നുപോരുന്ന രുചിക്ക് തെല്ലും കോട്ടമേറ്റിട്ടില്ല എന്നതാണ് രാജപുരം ഷാപ്പിന്റെ എടുത്തു പറയേണ്ട സവിശേഷതകളിലൊന്ന്. അന്നും ഇന്നും ഒരേ രുചി കാത്തു സൂക്ഷിക്കുന്നത് ഓമനക്കുട്ടൻ എന്ന  പാചകക്കാരന്റെ കൈപ്പുണ്യമാണ്.

കൂട്ടിനു സഹായികളുണ്ടെങ്കിലും വിഭവങ്ങൾ തയാറാക്കുന്നതിന്റെ മേൽനോട്ടവും ചുമതലയും ഓമനക്കുട്ടന്റെ കൈകളിൽ സുരക്ഷിതമാണ്. കലർപ്പുകൾ ഏതുമില്ല എന്നതും നാടൻ രീതിയിൽ തയാറാക്കുന്നു എന്നതും വിഭവങ്ങളുടെ രുചിക്കു പുറകിലെ രഹസ്യക്കൂട്ടാണ്‌. ഗുണമേന്മയുടെ കാര്യത്തിലും ഒട്ടും തന്നെയും വിട്ടുവീഴ്ചയില്ല. ന്യായ വില മാത്രമാണ് വിഭവങ്ങൾക്ക് ഈടാക്കുന്നത്.

kerala-kappa-SAM THOMAS A and Fish curry-vm2002/Shutterstock
kerala-kappa-SAM THOMAS A and Fish curry-vm2002/Shutterstock
English Summary:

Eatouts Rajapuram Family Restaurant Kuttanad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com