sections
MORE

രമണിയമ്മ ഇന്നില്ല, എണർ ഉരുക്കിയതും

p-v-shaji-kumar
പി.വി. ഷാജികുമാർ (എഴുത്തുകാരൻ)
SHARE

രുചിയുമായുള്ള സ്മൃതികൾ അത്രമേൽ സജീവവും സുവ്യക്തവുമായ സമയം എന്നെ സംബന്ധിച്ചിടത്തോളം കുട്ടിക്കാലമാണ്. ഇല്ലായ്മയുടെയും വല്ലായ്മയുടെയും കാലമായിരുന്നു അത്. പല തരം രുചിഭേദങ്ങൾക്കായി അതിതായി ആഗ്രഹിച്ചിരുന്നു. അന്ന് ഒന്നും കിട്ടാത്തത് കൊണ്ടാവാം ഇപ്പോൾ എല്ലാവർക്കും നാവിൽ കപ്പൽ ഇറക്കേണ്ട കടലുണ്ടാക്കുന്ന ആഹാരങ്ങൾ എന്നെ ആകർഷിക്കാറില്ല.

 ഭക്ഷണം ഇഷ്ടപ്പെടുന്നവർ ജീവിതത്തെ സ്‌നേഹിക്കുന്നു എന്നു പറയാറുണ്ട്. ജീവിതം നിസംഗതയുടെ അലസനടത്തമായി ശീലിക്കപ്പെട്ടത് കൊണ്ടാവും നാവ് സ്വാദ് തേടി യാത്ര പോവാത്തത്. എന്നാലും കുട്ടിയായിരുന്ന കാലത്ത് മനസ് പിടിച്ചെടുത്ത കറികളും കൂട്ടുകളും ഇപ്പോഴും ഉള്ളിൽ ആഗ്രഹമുണർത്തുന്നു. താളിന്റെ ഇലക്കറി, ചീരയുടെ പുളിശേരി, പച്ചക്കൊരട്ട (മുളച്ച കശുവണ്ടി വറുത്തുണ്ടാക്കുന്ന വെജിറ്റബിൾ 'ചിക്കൻ' കറി), മഴക്കാലത്ത് ഇടിയിൽ മുളച്ച് വരുന്ന കൂണുകൾ പറിച്ചെടുത്തുണ്ടാക്കുന്ന കറി, ചക്കപ്പായസം, തുവരപ്പായസം, തുവരക്കറിയും ഉണക്കമീൻ ചുട്ടതും (കണ്ണൂർ-കാസർകോട് മേഖലകളിൽ ലഭ്യമാകുന്ന ഒരുതരം പരിപ്പാണ് തുവര. തുവരക്കറിയും ഉണക്കമീൻ ചുട്ടതുമുണ്ടെങ്കിൽ ഒരു പറ ചോറുണ്ണാമെന്നാണ് ശാസ്ത്രം.), കക്കിരിക്ക പച്ചടി, പേരയ്ക്ക പച്ചടി, പൂരച്ചോറും ചെരങ്ങാക്കറിയും (പൂരക്കാലങ്ങളിൽ വടക്കേമലബാറിലെ വീടുകളിലും അമ്പലങ്ങളിലും ഉണ്ടാക്കപ്പെടുന്നത്) അങ്ങനെയങ്ങനെ രുചിവഴികൾ ഏറെ. 

എല്ലാറ്റിനും മുകളിലാണ് മഴക്കാലങ്ങളിൽ വല്ല്യമ്മയുടെ (അമ്മമ്മ) അനിയത്തി രമണിയമ്മ ഉണ്ടാക്കിത്തരാറുള്ള എണർ ഉരുക്കിയത്.  ചെറിയ കൂട്ടുകൾ മതി എണരുരുക്കാൻ. മത്തിയുടെ തലകളും അതിന്റെ എണരും (കരളും മുട്ടകളും) കഴുകിവൃത്തിയാക്കി ഉപ്പുവെള്ളത്തിലിട്ട് പുഴുങ്ങും. പച്ചരിയിൽ മഞ്ഞള് പൊടിച്ചത് ഇട്ട് ചട്ടിയിൽ വേവിക്കും. വേവ് മുക്കാലിലെത്തുമ്പോൾ പുഴുങ്ങിയ മത്തിത്തലകളും എണരും മഞ്ഞച്ചോറിന്റെ ഭാഗമാകും. അൽപ‌ം എണ്ണയൊഴിച്ച് കടുക് വറുത്തിട്ട് മഞ്ഞച്ചോറും മത്തിത്തലകളും എണരും കൂട്ടിയിളക്കും. Thats All..! 

രമണിയമ്മ ഇന്നില്ല, എണർ ഉരുക്കിയതും. 

മഴയും നോക്കി, എണരുരുക്കിയത് കഴിച്ചത് ഓർമിക്കുമ്പോൾ മാത്രം എന്റെ വായിൽ വെള്ളം നിറഞ്ഞ് കപ്പലിനെ വിളിക്കും ഇപ്പോഴും...!

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA