sections
MORE

ആളുകൾ തേടിയെത്തുന്നു; 'പാചകമറിയാത്ത' നൂറിന്റെ കേമന്‍ തന്തൂരി ചായയ്ക്കായി

Tandoori Tea
നൂറുൽ ഈമാൻ
SHARE

എറണാകുളം മറൈൻഡ്രൈവിനടുത്ത് പാതയോരത്തുള്ള ഒരു തട്ടുകടയിൽ പനയോലയിൽ കുറിച്ചുവച്ച വാക്കുകൾ നമുക്ക് കാണാം. കേമൻ തന്തൂരിചായ, ചുട്ട പപ്പടം, പാച്ചി കട്​ലറ്റ്, പാ സമൂസ.. അടുത്തകാലം വരെ പാചകം വലിയ വശമില്ലാതിരുന്ന നൂറിന്റെ സൃഷ്ടികളാണിതെല്ലാം. കേമൻ തന്തൂരിചായയുടെ രുചിക്കൂട്ടുകൾ ആസ്വാദ്യകരമായ രീതിയിൽ തിളക്കുന്ന ചൂടോടെ മൺകോപ്പകളിൽ പകർന്നുനൽകി ചുരുങ്ങിയകാലംകൊണ്ട് നാവിൻതുമ്പിലൂടെ ജനഹൃദയങ്ങളിൽ സ്ഥാനം നേടിയ തൃശൂർ ജില്ലയിലെ പെരിങ്ങോട്ടുകരക്കാരൻ.

ചുട്ടുപഴുത്ത മൺകോപ്പകളിൽ തിളച്ചുമറിയുന്ന ചായക്കൊപ്പം നൽകുന്ന പുഞ്ചിരിയിൽ പ്രതിസന്ധികളാൽ ചുട്ടുപഴുത്ത ഒരു ഭൂതകാലവുമുണ്ട് നൂറുൽ ഈമാന്. സാമാന്യം ഭേദപ്പെട്ട സാമ്പത്തിക ഭദ്രതയുള്ള കുടുംബത്തിൽ ജനനം. പ്രവാസ ജീവിതത്തിനുശേഷം സ്വന്തമായൊരു ബിസിനസ് സംരഭത്തിലേക്ക് തിരിഞ്ഞു. ബിസിനസ് തകർച്ചയിലെത്തുകയും ചെയ്തു. വൻ ബാധ്യതയിലേക്കെത്തിയ നിമിഷം ബിസിനസിനൊപ്പം അത്രയും നാളത്തെ സമ്പാദ്യവും നഷ്ടമാകുന്ന അവസ്ഥയിലെത്തി.

കടം വാങ്ങി പല ബിസിനസുകൾ ചെയ്തെങ്കിലും അതെല്ലാം പരാജയപ്പെട്ടതോടെ കടബാധ്യത മാത്രം ബാക്കിയായി. വീടുവിട്ടിറങ്ങി. എറണാകുളം നഗരത്തിൽ എത്തിപ്പെട്ടു. അവിടെ താൽക്കാലികമായി ചെറിയ ജോലികൾ ചെയ്ത് പട്ടിണിമാറ്റി. ചെറിയൊരു റൂമിൽ താമസവുമായി. മഴ വന്നതോടെ ആ ജോലികളും ലഭിക്കാതെയായി. പണമില്ലാതായപ്പോൾ താമസവും ഒഴിയേണ്ടി വന്നു. വീണ്ടും പട്ടിണിയും അലച്ചിലും. നോർത്ത് റെയിൽവെസ്റ്റേഷനിലെ പാലത്തിനുതാഴെ കിടപ്പും. ബ്രിഡ്ജിനു അടുത്തുള്ള ഡോർമെട്രിയുടെ ഉടമ റഷീദ് പണം കിട്ടുമ്പോൾ തന്നാൽ മതിയെന്ന് പറഞ്ഞ് താമസസൗകര്യം നൽകി. 

ആ സമയമാണ് പ്രളയമുണ്ടാകുന്നത്. പിന്നീട് രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളിയാവുകയും ക്യാമ്പുകളിൽ സജീവ സാന്നിധ്യമാവുകയും ചെയ്തു. ആ സമയത്താണ് വഴിയരികിൽ ഒഴിഞ്ഞുകിടക്കുന്ന ഒരു പെട്ടിക്കട ശ്രദ്ധയിൽപെടുന്നത്. അതിന്റെ ആളുകളുമായി സംസാരിച്ചപ്പോൾ ഉപയോഗിക്കാനുള്ള അനുമതി ലഭിച്ചു...പിന്നീട് എന്തു ചെയ്യണമെന്നുള്ള ചിന്തയിലാണ് ചായ ഏറെ ഇഷ്ടപ്പെടുകയും, കുടിക്കുകയും ചെയ്യുന്ന ഒരാളെന്ന നിലയിൽ മനസ്സ് അതിൽത്തന്നെ ചുറ്റിത്തിരിഞ്ഞു നിന്നത്.

ഒരു ചായക്കുവേണ്ടിമാത്രം ആരും തന്നെത്തേടി വരില്ലെന്ന ചിന്തയാണ് വ്യത്യസ്ഥതകളിലേക്ക് ശ്രദ്ധതിരിച്ചുവിടാൻ കാരണമായത്, പലനാടുകളിലെ സഞ്ചാരങ്ങൾക്കിടയിൽ രുചിയറിഞ്ഞ മസാലചായകളെക്കുറിച്ചുള്ള ഓർമകൾക്കിടയിലാണ് ഇൻഡോനേഷ്യയിലെ ഒരു ചായയുടെ വീഡിയോ കാണുന്നത്. എന്നാൽ അതിൽ ചേർക്കുന്ന മസാലയെക്കുറിച്ചുള്ള വിശദികരണമൊന്നും ഉണ്ടായിരുന്നില്ല.

എന്തുതരം മസാലകൾ ആയിരിക്കും ഉപയോഗിക്കുകയെന്നുള്ള ചിന്തകൾക്കിടയിലേക്ക് കടന്നുവന്നത് ചെറുപ്പത്തിൽ വെല്ലുമ്മ മൺകലത്തിലുണ്ടാക്കിത്തരുന്ന മസാല ചായയാണ്. പരീക്ഷിച്ചു നോക്കാൻ ആഗ്രഹമുണ്ടെങ്കിലും അതിനുള്ള പണംപോലും കയ്യിലില്ലായിരുന്നു.  ആ സമയത്താണ് റസിയ മജു(ജഹാൻ മജീദ്) എന്നൊരു അകന്നബന്ധുവിന്റെ നിർബന്ധപ്രകാരം കനൽ സാഹിത്യകൂട്ടായ്മയിൽ അംഗമാവുന്നത്. 

കനൽ കൂട്ടായ്മയിലെ അംഗങ്ങളായ ജെയ്നിടീച്ചർ, ഷരീഫ്, മേഴ്സി, ഷൈമ, അജിത്ത്, റസിയ മജു, മഹാരാജാസ് കോളേജിലെ പ്രജ്നി ടീച്ചർ എന്നിവരുടെ സഹായത്തോടെ പുതിയ സംരഭമായ കേമൻ തന്തൂരി ചായക്കട ആരംഭിച്ചു. കൊച്ചി മറൈൻഡ്രൈവ് സെൻട്രൽ മറൈൻ ഫിഷറീസ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ എതിർവശത്താണ് കട. പത്തു തരം മസാല ചേർത്തുണ്ടാക്കിയ ചായയുടെ രുചി ഏറ്റെടുത്തതോടെ ആത്മവിശ്വാസം വർധിച്ചു. ചായക്കൊപ്പം കനലിൽ ചുട്ടെടുത്ത മസാല പപ്പടവും കൊടുത്തത് വൻഹിറ്റായി. ഈ സംരംഭം വിജയിച്ചതോടെ പറവൂർ നെടുമ്പാശ്ശേരി എയർപ്പോർട്ട് റോഡിൽ മാഞ്ഞാലിയിൽ റസിയ മജുവുമായി ചേർന്ന് പുതിയ തന്തൂരി ചായക്കടയും ആരംഭിച്ചു. 

കുറെ ചെറുപ്പക്കാർക്ക് നിത്യവരുമാനത്തിനുള്ള ഒരു തൊഴിൽ സഹായം കൂടി ആകാൻ അദ്ദേഹത്തിന്റെ ഈ സംരംഭത്തിന് കഴിഞ്ഞു. എഴുത്തുകാരനായും ഹ്രസ്വ ചിത്ര സംവിധായകനായും ചായക്കടക്കാരൻ ആയും നൂറിന്റെ ജീവിതം ഇന്ന് തിരക്കിലാണ്. കേമൻ തന്തൂരി ചായയെക്കുറിച്ചറിഞ്ഞ് ദൂരദേശങ്ങളിൽനിന്നുപോലും ആളുകൾ അന്വേഷിച്ചെത്തുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA