ADVERTISEMENT

രസത്തരികൾ ഒളിപ്പിച്ചു വച്ചിരിക്കുന്ന കുഞ്ഞു ക്യൂട്ട് ജെല്ലികൾ. നാവിലിട്ടാൽ പെട്ടെന്ന് അലിയില്ല. അൽപം ച്യൂവി ആയിട്ടുള്ള ഈ ജെല്ലിപോലുള്ള ബോളുകൾ കോൾഡ് ടീയിലോ കോഫിയിലോ ഫിസ് ഡ്രിങ്കുകളിലോ ഇട്ടാൽ ഐസിനൊപ്പം അലിഞ്ഞില്ലാതായി ആ പാനീയങ്ങളിൽ രുചിയിരട്ടിക്കും. വെള്ളവും പഞ്ചസാരയും ഫ്രൂട്ട് ജ്യൂസുകളും അടങ്ങിയിട്ടുള്ള ഈ ജെല്ലി ബോളുകളാണ് സാധാരണ ഗ്രീൻ ടീയെയും ഷെയ്ക്കുകളെയും ബബിൾ ടീയും ബബിൾ ഷെയ്ക്കും ആക്കുന്നത്. 

ജെല്ലിയെക്കാൾ അൽപം കൂടി കട്ടിയുള്ള ഈ ബബിളുകൾ കടിച്ചുകൊണ്ട് ഡ്രിങ്ക് അൽപാൽപം സിപ് ചെയ്യണം. ഒറ്റവലിക്ക് കുടിച്ചുതീർത്താൽ ബബ്ൾസ് തണുപ്പിൽ അലിഞ്ഞുകിട്ടുന്ന ആ ത്രസിപ്പിക്കുന്ന രുചി അനുഭവിക്കാനാകില്ല.

ബബ്ൾ കഫേ എന്ന ആശയം തയ്‌വാനീസ് ആണ്. പല ഫ്ലേവറിലുള്ള ബബിൾസ് ലഭിക്കും. ഇവ തയ്‌വാനിൽ നിന്ന് ഇറക്കുമതി ചെയ്ത് കേരളത്തിൽ ബബിൾ പാനീയങ്ങളെത്തിച്ചിരിക്കുന്നത് ഇൻഫോപാർക്കിന് എതിർവശം ഗ്രാൻഡ് സെൻട്രൽ മാളിലുള്ള സ്മോക്കി ഐസ് കഫേ ആണ്. 

ടോപ്പിങ് ആയി ഉപയോഗിക്കുന്ന ബബിൾസിൽ പാല്, കപ്പ മിശ്രിതം, ഫ്രൂട്ട് ജ്യൂസുകൾ അഗർ ജെല്ലി, പുഡിങ്സ് എന്നിവയുടെ ബേസ് ആണുള്ളത് .

ബബ്ൾ ടീ എന്ന ആശയമാണ് ഏറെ വ്യത്യസ്തമെങ്കിലും ബബിൾ ഷെയ്ക്കുകൾക്കാണ് കൂടുതൽ ആവശ്യക്കാരുള്ളതെന്ന് ഉടമകൾ പറഞ്ഞു. വേനലിൽ ബബ്ൾ മാംഗോ ഷെയ്ക്കിനു പ്രിയമേറും. 

മറ്റൊരു ഫാസ്റ്റ് മൂവിങ് ഐറ്റം ബ്ലൂബെറി ഫിസ് ആണ്. ഇതിലുപയോഗിക്കുന്ന ബബിൾസ് ബ്ലൂബെറി ബോബോസ്, ടാപ്പിയോക്ക പേൾ, ബ്ലൂബെറി നറ്റാഡിക്കോ എന്നിവയാണ്. തേങ്ങാവെള്ളം പുളിപ്പിച്ചുണ്ടാക്കുന്ന ജെല്ലിയാണ് നറ്റാഡിക്കോ. 

രണ്ടോ മൂന്നോ കൂട്ടം ബബ്ൾസ് ഇടുന്നതു വഴി രുചിയുടെ കാര്യത്തിൽ അപൂർവമായ ഫ്യൂഷൻ ആണ് ഉണ്ടാക്കുന്നത്. ചോക്‌ലേറ്റിന്റെയും കോഫിയുടെയും രുചിയുള്ള ഇറ്റാലിയൻ ഡിസെർട് ആയ ടിറമിസുവിൽ ഫ്യൂഷൻ തീർക്കുന്ന ടിറമിസു ബബ്ൾസ് ആണ് ഏറ്റവും പുതിയ ഐറ്റം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com