ADVERTISEMENT

കാടിനു കാടിന്റെ നിയമമാണ്. കാടിന്റെ മനസ്സറിഞ്ഞ ഗോത്രമക്കൾക്ക് കഴിക്കാനുള്ളതെല്ലാം ഒരുക്കിവച്ച അമ്മയാണ് കാട്. എന്നാൽ കാട്ടിലുള്ളവർ വനവിഭവങ്ങൾ നശിപ്പിച്ചാൽ പരിസ്ഥിതി തകിടം മറയുമെന്നാണ്് നാട്ടിലുള്ള ചിലരുടെ പേടി.

സംസ്കാരസമ്പന്നരാണെന്ന് അഭിനയിക്കുന്ന നമ്മളാണ് പ്രകൃതിയെ നശിപ്പിക്കുന്നത്. ആദിമഗോത്ര വിഭാഗങ്ങൾ തങ്ങളുടെ ആവാസവ്യവസ്ഥിതിയെ മനംനിറയെ സ്നേഹിക്കുക മാത്രമേ ചെയ്യുന്നുള്ളു.

മാവിലർ എന്ന വിഭാഗക്കാരുടെ പ്രത്യേകതകളിലൊന്നാണ് ഉറുമ്പിന്റെ മുട്ട ഭക്ഷിക്കുക എന്നത്. മരത്തിന്റെ ഉണക്കിലയിൽ കൂടുകൂട്ടുന്ന ചുവന്ന ഉറുമ്പിനെ കണ്ടിട്ടില്ലേ? ചോണനുറുമ്പ്, നീറ്, പുളിയുറുമ്പ് തുടങ്ങി  പലതരം ഉറുമ്പുകൾ. ഇവയുടെ മുട്ടയാണ് മാവിലരുടെ രുചിക്കൂട്ടുകളിൽ വ്യത്യസ്തമായ ഒരിനം.

ഉറുമ്പിന്റെ കൂടിളക്കി മുട്ടയും പ്യൂപ്പയും ശേഖരിക്കും. അപ്പോൾ‍ കൈനിറയെ ഉറുമ്പു കടിക്കും. 

മാവിലരുടെയും മലവേട്ടുവരുടെയും  ഇഷ്ടവിഭവങ്ങളിൽ ഒന്നാണ് പുളിയുറുമ്പിന്റെ മുട്ട അഥവാ നീറ്മുട്ട. കൊട്ടില എന്നാണ് ഉറുമ്പുകൂടിനെ മാവിലർ വിളിക്കാറുള്ളത്.  ഉറുമ്പുകൂടിൽനിന്ന് മുട്ടയും പ്യൂപ്പയും എടുക്കുന്നു. ഉറുക്കിട്ട അരി എന്നാണ് മുട്ടയെ വിളിക്കുന്നത്. 

വെള്ള അരിയോട് സമാനത ഉള്ളതിനാലാവും ഉറുമ്പിട്ട അരി എന്ന അർഥത്തിൽ ഈ പേരു വീണത്. ഉറുമ്പിന്റെ അരി പാളയിൽ നിരത്തി വൃത്തിയാക്കും. ഇതു പാത്രത്തിലിട്ടു ചൂടാക്കും. കാന്താരി മുളക് ചതച്ചതും ചേർക്കും. ചൂടുപനി എന്ന അസുഖമുള്ളവർക്ക്് മരുന്നായും ഇതുകഴിക്കാറുണ്ടത്രേ.

പുതിയ സംസ്കാരവും ജീവിതരീതികളും മാവിലരെയും മാറ്റിമറിക്കുകയാണ്. ആദിവാസി ഊരുകളിൽ പലർക്കും ഇപ്പോഴുണ്ടാക്കാൻ അറിയുന്ന കറി തക്കാളിയും ഉള്ളിയും മാത്രമാണ്.  വികസനത്തിന്റെ പേരിൽ തനത് രീതികൾ മറന്നുപോവുകയാണ് ജനസഞ്ചയങ്ങൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com